ജലജന്യ ജീവികളാണ് തുമ്പികൾ. അപൂർവ്വം ചില സ്പീഷീസുകളൊഴിച്ച് ബാക്കി എല്ലാ തുമ്പികളും ശുദ്ധജലാശയങ്ങളിലാണ് പ്രജനനം നടത്തുന്നത്. ശുദ്ധജലം എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് മാലിന്യമില്ലാത്ത ജലം എന്നല്ല മറിച്ച് ലവണാംശം ഇല്ലാത്ത വെള്ളം എന്ന് മാത്രമാണ് (അതേസമയം അഴുക്കുവെള്ളത്തിൽ മാത്രം മുട്ടയിടുന്ന തുമ്പികളും ഒട്ടും മാലിന്യം കലരാത്ത വെള്ളത്തെ മാത്രം ആശ്രയിക്കുന്ന തുമ്പികളും ഉണ്ട് എന്നുള്ളതും ശ്രദ്ധിക്കേണ്ടതാണ്). മഴപെയ്യുമ്പോൾ രൂപപ്പെടുന്ന താല്കാലിക വെള്ളക്കുഴികൾ (eg:- Pantala flavescens) തുടങ്ങി, സിമന്റ് ടാങ്കുകൾ (Bradinopyga geminata), കുളങ്ങൾ, കിണറുകൾ, അരുവികൾ, വെള്ളച്ചാട്ടങ്ങൾ, തടാകങ്ങൾ, ചതുപ്പു നിലങ്ങൾ എന്നു വേണ്ട കാടുകളിലെ വന്മരങ്ങളിലുള്ള പോടുകളിൽ കെട്ടിക്കിടക്കുന്ന വെള്ളം വരെ (Eg:- Lyriothemis tricolor) തുമ്പികളുടെ ആവാസവ്യവസ്ഥയാണ്.
പ്രധാനമായും രണ്ടു തരത്തിലാണ് തുമ്പികൾ മുട്ടയിടുന്നത്. ഭൂരിഭാഗം കല്ലൻതുമ്പികളും നേരിട്ട് വെള്ളത്തിലേക്ക് മുട്ടയിടുമ്പോൾ (exophytic oviposition), സൂചിത്തുമ്പികളും സൂചിവാലൻ കല്ലൻ തുമ്പികളും ജലസസ്യങ്ങളിലെ കാണ്ഡങ്ങളിലും മറ്റും സുഷിരങ്ങളുണ്ടാക്കി അതിൽ മുട്ടകൾ നിക്ഷേപിക്കുകയാണ് ചെയ്യുന്നത് (endophytic oviposition). Endophytic രീതിയിൽ മുട്ടയിടുന്ന തുമ്പികളുടെ മുട്ടകൾ സിലിണ്ടറിക്കൽ ആകൃതിയിലുള്ളവയാണ്. ഒറ്റത്തവണ 300 – ഓളം മുട്ടകൾ ഇങ്ങനെ ഇട്ടുവെക്കും. Exophytic രീതിയിൽ മുട്ടയിടുന്ന തുമ്പികൾ ഒരു തവണ 1500 വരെ മുട്ടകൾ ഇടാറുണ്ട്. ഇങ്ങനെയുള്ള മുട്ടകൾക്ക് ഗോളാകൃതിയാണുണ്ടാവുക. കിണറ്റിൽ മുട്ടയിടുന്ന കിണർത്തുമ്പി (Tetrathemis platyptera) പലപ്പോഴും കിണറിന്റെ ഭിത്തിയിൽ വളർന്ന് നിൽക്കുന്ന ചെടികളുടെ കമ്പുകളിലാണ് മുട്ടയിടാറുള്ളത്. പിന്നീട് മഴ പെയ്യുമ്പോൾ മുട്ടകൾ ഒഴുകി വെള്ളത്തിൽ വീഴുകയും അവ വിരിഞ്ഞ് ലാർവ്വ പുറത്തു വരികയും ചെയ്യുന്നു.
അരികുകളിൽ പുല്ലുകളും, ജലസസ്യങ്ങളും മറ്റും വളർന്ന് നിൽക്കുന്ന കുളങ്ങൾ തുമ്പികളുടെ ഒരു പ്രധാന ആവാസവ്യവസ്ഥയാണ്. ഏറ്റവും വലിയ തുമ്പി കുടുംബങ്ങളായ നീർമുത്തന്മാരിലെയും, നിലത്തന്മാരിലെയും ഭൂരിഭാഗം തുമ്പികളും ഇത്തരം കുളങ്ങളിലാണ് പ്രജനനം നടത്തുന്നത്. സീസൺ സമയങ്ങളിൽ (മെയ് മുതൽ ഒക്ടോബർ വരെയുള്ള മാസങ്ങളിലാണ് കേരളത്തിൽ തുമ്പികൾ ഏറ്റവും സജീവമാകുന്നത്) ഗ്രാമപ്രദേശങ്ങളിലുള്ള ഇത്തരം കുളങ്ങൾക്കരികിൽ 30-40 സ്പീഷീസുകളെ വരെ കാണാറുണ്ട്. തുമ്പികളുടെ ഇണചേരൽ, തുമ്പികൾ മുട്ടയിടുന്നത്, മറ്റ് തുമ്പികളെ തുരത്തിയോടിക്കുന്നത്, ആൺതുമ്പികൾ പരസ്പരം വഴക്കടിക്കുന്നത് തുടങ്ങി തുമ്പികളുടെ സാമൂഹിക സ്വഭാവങ്ങൾ വിശദമായിത്തന്നെ ഇത്തരം കുളങ്ങളിൽ നിരീക്ഷിക്കാം. വിദ്യാർത്ഥികൾക്ക് തുമ്പികളെക്കുറിച്ച് പറഞ്ഞു കൊടുക്കാൻ വളരെ അനുയോജ്യമായ സ്ഥലങ്ങളാണ് ഇത്തരം കുളങ്ങൾ.