കേരളത്തിലെ കാടുകളിലെ ആനകളിൽ ഏറ്റവും ശാന്തരായവർ ഏതാണെന്നു ചോദിച്ചാൽ അത് പറമ്പികുളത്തെ ആണെന്നെ ഞാൻ പറയൂ. അത്രേം മാന്യത വേറെ ഒരു കാട്ടിലെ ആനകളിലും ഞാൻ കണ്ടിട്ടില്ല. ഏറ്റവും കുഴപ്പക്കാർ ആറളം, വയനാട്, നിലംബൂർ കാടുകളിലും. കാരണം മനുഷ്യരുമായുള്ള ഇടപെടൽ തന്നെ. ഏറെ മനോഹരമായ കാടും പറമ്പിക്കുളം തന്നെ. ഇല്ലിക്കൂട്ടങ്ങൾ അതിരിട്ട കാട്ടുപാത, കുത്തനെയുള്ള ചുരം കേറുമ്പോൾ കാണുന്ന നിബിഡവനത്തിന്റെ സൗന്ദര്യം. ആനകളും കാട്ടുപോത്തുകളും പുള്ളിമാൻകൂട്ടങ്ങളും എപ്പോഴും കാണാവുന്ന പ്രദേശങ്ങൾ. അവിടെയാണ് കഴിഞ്ഞ ഓഗസ്റ്റ് ഒന്ന് മുതൽ മൂന്നു ദിവസം ഞങ്ങൾ പക്ഷികളുടെ കണക്കെടുത്തത്.
ജൂലൈ 31 നു വൈകുന്നേരം മലപ്പുറത്തുള്ള സുജീഷിന്റെ വീട്ടിൽ പോയി താമസിച്ച് അവിടെ നിന്നും പുലർച്ചെ ഇറങ്ങിയ ഞാനും സുജീഷും ഒൻപതു മണിയോടെ പാലക്കാട് എത്തി. പാലക്കാട് നിന്നും വനം വകുപ്പ് ഒരുക്കിയ വാനിലാണ് ഞങ്ങൾ 20 ഓളം പേര് പൊള്ളാച്ചി വഴി പറമ്പിക്കുളം വന്യമൃഗ സംരക്ഷണ കേന്ദ്രത്തിന്റെ പ്രധാന കേന്ദ്രമായ ആനപ്പാടി എത്തുന്നത്.
നല്ലൊരു ക്യാമ്പ്. മയിലുകളും കാട്ടുപന്നികളും കുരങ്ങുകളും മലയണ്ണാനും മനുഷ്യരെ പേടിയില്ലാതെ ഭക്ഷണം തേടി നടക്കുന്നുണ്ട്. ഇടയ്ക്കു റോഡിനപ്പുറത്തെ കാടുകളിൽ ആനയുടെ അലർച്ച കേൾക്കാം. ഞങ്ങൾ അവിടെയെല്ലാം ഒന്ന് ചുറ്റിയടിച്ചു രണ്ടു മൂന്നു ചെക്ക് ലിസ്റ്റ് ഇട്ടു. ഉച്ച ഭക്ഷണം കഴിഞ്ഞതോടെ ടീമുകൾ വാഹനങ്ങളിൽ അവരവരുടെ ക്യാമ്പിലേക്ക് യാത്രയായി. ഞാനും സുജീഷും നവനീതും പിന്നെ ഫോറെസ്റ്ററി കോളേജിലെ നാല് കുട്ടികൾ അടങ്ങിയ ടീമും പറമ്പിക്കുളം ക്യാമ്പിലായിരുന്നു. ആനപ്പാടി നിന്നും ഒരു മണിക്കൂറിൽ കൂടുതൽ യാത്ര, കാടിനുള്ളിലെ റോഡ്. മനോഹരമായ കാഴ്ചകൾ. ഇല്ലിക്കൂട്ടങ്ങൾ, കൊടും വളവുകൾ, വഴിനീളെ ആനപ്പിണ്ടം, ഒടിച്ചിട്ട മുള, മഴക്കാലം ആയതുകൊണ്ട് ആകെ പച്ചപുതഞ്ഞുകിടക്കുന്ന കാട്, ഒട്ടും മടുപ്പില്ലാതെ യാത്ര. പൊള്ളാച്ചിനിന്നും വളരെ കുറച്ചു ബസുകൾ അവിടേക്ക് ഉണ്ട്. കുറച്ചു വീടുകൾ,കടകൾ, പോലീസ് സ്റ്റേഷൻ, ബംഗ്ലാവ്, ഏകാധ്യാപക വിദ്യാലയം, കോവിൽ ഒക്കെ ആയി ചെറിയൊരു ടൌൺ. പോലീസ് സ്റ്റേഷനും ഫോറെസ്റ് ഓഫീസിനും ഇടയിൽ നല്ലൊരു കെട്ടിടമാണ് താമസത്തിനു കിട്ടിയത്. മയിലുകളും കാട്ടുപന്നികളുടെ വലിയൊരു കൂട്ടവും മനുഷ്യരുടെ ഇടയിലൂടെ നടക്കുന്നു. കടുവയെയും പുലിയെയും പേടിക്കാതെ കഴിയാനുള്ള പന്നികളുടെ സൂത്രം. പന്നിക്കുട്ടികളുടെ കുസൃതി കാണാൻ നല്ല രസം. റോഡിന്റെ ഒരുഭാഗം കാടാണ്. ട്രെഞ്ച് ഉണ്ടെങ്കിലും രാത്രിയായാൽ ആനകളും മറ്റും റോഡിലൂടെ വരും.
റൂമിലെത്തി ഒന്ന് ഫ്രഷ് ആയ ശേഷം ഞങ്ങൾ ഡാമിലേക്ക് പോകാനിറങ്ങി. അപ്പോഴാണ് സുജീഷിന്റെ നാട്ടുകാരായ രണ്ടുപേർ ജീപ്പുമായി കടുവ നിരീക്ഷണത്തിനായി എത്തിയത്. അവരുടെ കൂടെ ഞങ്ങൾ ഡാമിലേക്ക് പുറപ്പെട്ടു. ഏതാണ്ട് ഒരു കിലോമീറ്റർ ദൂരം. ഇല്ലിക്കാടുകൾ അതിരിട്ട ഉയർന്നും താഴ്ന്നും കിടക്കുന്ന കരയും നീലിമയാർന്ന റീസർവോയറും. നീലജലാശയത്തിൽ ഒരു ചങ്ങാടം ഉണ്ട്, സഞ്ചാരികൾക്കായി. ഇടയ്ക്കു ഒരു മുതലയുടെ തലയും കണ്ടു. കരയിൽ സ്ഥിരമായി കറങ്ങി നടക്കുന്ന വാല് മുറിഞ്ഞ ഒരു മോഴയാനയും അവിടത്തെ സ്ഥിരം കാഴ്ചയാണ്. മോഴ ഇടയ്ക്കു കുഴപ്പക്കാരനാകും. അന്ന് ഞങ്ങൾ കാണുമ്പൊൾ ഒരു ചെറിയ കൊമ്പനോടൊപ്പം ഒരു അല്ലലുമില്ലാതെ മേഞ്ഞു നടക്കുകയായിരുന്നു പുള്ളിക്കാരൻ.
അവിടുന്ന് മടങ്ങിയ ശേഷം ഒരു വാച്ചറോടൊപ്പം ഞങ്ങൾ ഐ ബി പരിസരത്തേക്ക് പോയി. റോഡ് ചുറ്റി കോവിലിന് സമീപം, സ്കൂൾ വരെ എത്തി അരയാൽ തറയിൽ കുറച്ചു നേരം വിശ്രമിച്ചു. ധാരാളം കിളികൾ, കോഴിവേഴാമ്പലുകളുടെ ഒരു വലിയ കൂട്ടം. മയിലുകൾ കുഞ്ഞുങ്ങളോടൊപ്പം പുൽ പരപ്പിൽ ഇരതേടുന്നുണ്ട്. സ്കൂളിന്റെ മൂന്നു വശവും കാടാണ്. ട്രെഞ്ച് ഉണ്ടെങ്കിലും ഇടയ്ക്കു ആനകൾ എത്താറുണ്ടെന്നു വാച്ചർ പറഞ്ഞു. ഇരുട്ടുവരെ അവിടെ ഇരുന്നു. ഫ്രോഗ് മൗത്ത്, ഓറിയന്റൽ സ്കോപ്സ് ഔൾ എന്നിവയുടെ ശബ്ദം ഉയർന്നു തുടങ്ങിയതോടെ മെല്ലെ റൂമിലേക്ക് വിട വാങ്ങി. ഇടയ്ക്കു ചെറു ചാറ്റലായി മഴയുണ്ടെങ്കിലും ബുദ്ധിമുട്ടിച്ചില്ല.
രാത്രി അല്പം അകലെയുള്ള ഫോറെസ്റ് ക്യാമ്പിലാണ് ഭക്ഷണം. റോഡിലൂടെ അല്പം നടക്കാനുണ്ട്. ആനയിറങ്ങാനുള്ള സാധ്യത കണ്ട് ഫോറെസ്റ് ജീപ്പിലാണ് അങ്ങോട്ട് പോയത്. റോഡിൽ നിന്നും ട്രെഞ്ച് ന്റെ പാലം കടന്നു ക്യാമ്പിലെത്തി. തൂണുകളിൽ പലക പാകി ഷീറ്റടിച്ചു ചുമരുകളാക്കി ഉണ്ടാക്കിയ ക്യാമ്പ് സുഖകരമായിരുന്നു. ഭക്ഷണ ശേഷം തിരികെയെത്തി പിറ്റേന്നുള്ള സെല്ലിനെ കുറിച്ചും കൂടെ വരാനുള്ള വാച്ചർമാരെ കുറിച്ചും സംസാരിച്ചു ധാരണയായി. 6. 30 നു ഇറങ്ങാൻ തീരുമാനിച്ചു കിടന്നു.
പുലർച്ചെ എത്തിയ ചാറ്റൽ മഴ യാത്ര അല്പം ദീർഘിപ്പിച്ചു. ഞങ്ങൾ മൂന്നു പേർക്ക് വയക്കാട് മുടിയാണ് എത്തേണ്ടത്. ഡാം റോഡ് തീരുന്നിടത്ത് ജീപ്പിൽ ചെന്നിറങ്ങി, ഡാമിന്റെ ടണൽ കടന്നു പുഴയിലെ ഉരുളൻ കല്ലുകൾ മറികടന്നു മുകളിലേക്ക് കയറി. ഇടതൂർന്ന കൂറ്റൻ മരങ്ങളുള്ള കാട്. സൂര്യരശ്മികൾ എത്താൻ മടിക്കുന്ന അല്പം ഇരുട്ടാർന്ന പ്രദേശം. കുറച്ചു മുന്നിൽ ആനകളുടെ കൂട്ടം. മനുഷ്യരുടെ ഇടപെടൽ ഇല്ലാതെ സ്വതന്ത്രരായി കാട്ടിൽ കൂട്ടമായി സഞ്ചരിക്കുമ്പോൾ ആനകൾ എപ്പോഴും പലതരം ശബ്ദങ്ങൾ ഉണ്ടാക്കിക്കൊണ്ടിരിക്കും. ഞങ്ങൾക്കും ആനകൾക്കും ഇടയിൽ ഒരു കൊല്ലി ഉണ്ട്. അവിടെ വരെ എത്തിയ ഞങ്ങളെ അവിടെ നിർത്തി ഒരു വാച്ചർ മുന്നേ പോയി, മനുഷ്യഗന്ധം അടിച്ചതോടെ അവ ഞങ്ങൾക്ക് വഴിയൊഴിഞ്ഞു. എത്ര ശാന്തരായ ആനക്കൂട്ടം ! കുറെ ദൂരം ഞങ്ങൾക്ക് പാരലൽ ആയി അവയും ഉണ്ടായിരുന്നു, യാതൊരു ശല്യവുമില്ലാതെ. ഞങ്ങൾ സെല്ലിലേക്കുള്ള വഴി നോക്കി ചെന്നെത്തിയത് ഒരു പാറപ്രദേശത്താണ്.ഡാമിന്റെ ഒരു വശം. ഉയർന്ന പാറയിൽ വലിഞ്ഞു കേറി ചുറ്റും നിരീക്ഷിച്ചു. മലമുഴക്കിയും കാക്കമരംകൊത്തിയും ചില പരുന്തുകളും അടക്കം പറവകൾ. താഴെ ഡാമിലൂടെ മന്ദമായി നീങ്ങുന്ന ഒരു മുതല. അല്പനേരത്തെ വിശ്രമം കഴിഞ്ഞു വീണ്ടും മുന്നോട്ടു. വഴി മോശമായിക്കൊണ്ടിരുന്നു. കൂറ്റൻ കല്ലിന്റെ വിടവിലൂടെയും പാറകളിൽ നാലുകാലിൽ ഇഴഞ്ഞു കേറിയും കുറേക്കൂടെ പോയി. സെല്ലിലെത്തി ഒരു മണിക്കൂർ ചിലവഴിച്ചു തിരികെ. പോയ വഴി അല്ല തിരിച്ചിറങ്ങിയത്. സ്വർഗത്തിലേക്കുള്ള പാതപോലെ തോന്നി വഴി. ഒരു ഭാഗം നല്ല ഉയരവും മറുഭാഗം ഇറക്കവും. കാലൊന്നു തെറ്റിയാൽ താഴെ കിടക്കും. ഇടയ്ക്കു ഒരാൾ വീണെങ്കിലും ഭാഗ്യത്തിന് ഒന്നും പറ്റിയില്ല ഒരു മരം തടഞ്ഞു.
കുത്തനെയുള്ള ഇറക്കം ഇറങ്ങി ഡാമിന്റെ ഓരത്തുകൂടെ ടണൽ വരെ എത്തി. അൽപനേരം അവിടെ റോഡിൽ കേറി ഇരുന്നു. കുറച്ചു തവിടൻ കത്രിക കിളികൾ ഇലക്ട്രിക്ക് ലൈനിൽ ഇരിപ്പുണ്ട്. അവിടെ നിന്നും ഞങ്ങൾ റോഡ് വഴി നടന്നു. ഏകദേശം മൂന്നു കിലോമീറ്റർ.കരടിയുടെ കാഷ്ടം കിടപ്പുണ്ട്. ആനകൾ പൊട്ടിച്ചിട്ട ഇല്ലിക്കൂട്ടവും. കുറെ നടന്ന ശേഷം റോഡ് ഒഴിഞ്ഞു വശത്തൂടെ ചതുപ്പിനു ചേർന്ന് കിടക്കുന്ന വഴിയിലേക്ക് കയറി. ചതുപ്പിൽ ചിലപ്പോൾ കാട്ടികൾ ഉണ്ടാവാം എന്ന് വാച്ചർ പറഞ്ഞിരുന്നെങ്കിലും ഒന്നിനെയും കണ്ടില്ല. ഏഴുമണി കഴിഞ്ഞിറങ്ങിയ യാത്ര ഉച്ചയോടെ തിരികെ. കുറച്ചു ബ്രെഡും ബിസ്കറ്റും മാത്രമായിരുന്നു അതുവരെ കഴിച്ചിരുന്നത്. തിരികെ എത്തി കുളികഴിഞ്ഞു ഉച്ചഭക്ഷണത്തിനായ് പഴയ ഫോറെസ്റ് ക്യാമ്പിലേക്ക് നടന്നു പോയി. ഇരു വശവും നോക്കി പക്ഷികളുടെ ലിസ്റ്റ് ഇട്ടുകൊണ്ട് റോഡിലൂടെയുള്ള യാത്ര രസകരമായിരുന്നു.
ഊണ് കഴിഞ്ഞു തിരികെ എത്തി അല്പ്പം വിശ്രമത്തിനു ശേഷം വീണ്ടും ഐ ബി പരിസരത്തേക്ക് പുറപ്പെട്ടു.വെളിച്ചം മങ്ങുന്നത് വരെ അവിടെയൊക്കെ കറങ്ങി നടന്നു. ഐ ബി ക്കു മുന്നിലൂടെ തിരിച്ചിറങ്ങുമ്പോഴാണ് ഒരു കാട്ടുമുയൽ കുറുകെ താഴേക്ക് ചാടിപ്പോയത്. ഓറിയന്റൽ സ്കോപ്സ് ഔൾ നെ കാണാൻ അല്പം ശ്രമിച്ചെങ്കിലും ആശാൻ ഒരുമിന്നായം പോലെ പറന്നു നടന്നു ഞങ്ങളെ കളിപ്പിച്ചു. ക്യാമ്പിലെത്തി കസേരയുമായി മുറ്റത്തിരുന്നു, നിശാചാരികളുടെ ശബ്ദം ശ്രദ്ധിച്ചു. മൂങ്ങകൾ മാത്രം. നാളെ ഞങ്ങൾക്ക് പോകാനുള്ള രണ്ടു സെല്ലുകൾ, ഒന്ന് ഡാം, അതിനോട് ചേർന്ന് തന്നെ മറ്റൊന്നും. ബോട്ടിലാണ് പോകേണ്ടത്. എല്ലാം തീരുമാനിച്ചു ഉറപ്പിച്ചു പഴയ ക്യാമ്പിലെത്തി അത്താഴം കഴിച്ചു പത്തുമണിയോടെ കിടന്നു.
രാവിലെ മഞ്ഞുപോലെ മഴയുണ്ടെങ്കിലും അതൊന്നും വക വെക്കാതെ ഞങ്ങൾ നടന്നു റിസെർവോയർന്റെ തീരത്ത് എത്തി. സ്ഥിരം കാണുന്ന മോഴ അല്പം അകലെയാണ്. ബോട്ടിൽ ഡ്രൈവർ അടക്കം ഞങ്ങൾ ആറുപേരുണ്ട്. ഒരു സെൽ ഡാം തന്നെയായതുകൊണ്ടു ബോട്ടിൽ ഇരുന്നു നിരീക്ഷിക്കാൻ എളുപ്പമായി. ഓരങ്ങളിലെല്ലാം ഇല്ലിക്കാടുകളാണ്. പുള്ളിമാൻകൂട്ടം കരയിൽ മേഞ്ഞുനടക്കുന്നത് ഇടയ്ക്കു കാണാം. ഒരിടത്ത് ഒരു ചെറിയകൂട്ടം കാട്ടുനായകൾ പുള്ളിമാനുകളെ പിന്തുടരുന്നതും കണ്ടു. അടുത്ത സെല്ലിലേക്ക് പോകാനും ആദ്യ സെല്ലിന്റെ അല്പഭാഗം കരയിലായതുകൊണ്ടും ഞങ്ങൾ ഒരു ഭാഗത്തു ഇറങ്ങി. ഡാമിൽ വെള്ളം കുറവാണ്, അതുകൊണ്ടു ഇല്ലിക്കൂട്ടം വരെയുള്ള ഭാഗത്തു നനുത്ത പുല്ലുകൾ വളർന്നു നിൽപ്പുണ്ട്. ആനപ്പിണ്ടവും കാൽപ്പാടുകളും ഇഷ്ടംപോലെ കാണാം. കരയിൽ ഇറങ്ങി ഇല്ലിക്കൂട്ടത്തിലേക്കുള്ള വഴിയിൽ ഞങ്ങൾ നടക്കുമ്പോൾ ഉള്ളിൽ നിന്നും കൊമ്പൊടിക്കുന്ന പോലൊരു ശബ്ദം. അതീവ ശ്രദ്ധയോടെആയി നടപ്പ്. ഇല്ലിക്കൂട്ടത്തിനു അടുത്തെത്തിയതും മുന്നിൽ ഒരു നാല്, അഞ്ചു മീറ്റർ അകലത്തിൽ ഒരു കൂട്ടം ആനകൾ. സുജീഷ് കയ്യിലെ കാമറ ഉയർത്തിയെങ്കിലും ഒരു വശത്തെ ആന തുമ്പി ഉയർത്തിയത് കണ്ടതോടെ ഞങ്ങൾ നേരെ തിരിച്ചിറങ്ങി. ശാന്തരായ ആനകൾ, ഒരു അലർച്ച പോലും ഉണ്ടാക്കി ഞങ്ങളെ പേടിപ്പിച്ചില്ല. തിരികെ ബോട്ടിൽ കേറി കുറച്ചുനേരം കാത്തിരുന്നു. അവ ഇല്ലിക്കൂമ്പ് പൊട്ടിച്ചു തിന്നുകൊണ്ടു താഴേക്കിറങ്ങി. ഒരു ലക്ഷണമൊത്ത കൊമ്പൻ. ഒരു കുഞ്ഞും. കൂടെ വേറെയും. അവ സാവധാനം തിന്നുകൊണ്ടു നിൽക്കുകയാണ്. ഞങ്ങൾ ഡാമിലൂടെ തന്നെ പോകാൻ തീരുമാനിച്ചു. കുറച്ചുകൂടെ പോകാനുണ്ട്.
അടുത്ത സെൽ ഏറെ സുന്ദരമായിരുന്നു. ഒരു വെള്ളച്ചാട്ടം താഴെ ഡാമിലേക്ക് പതിക്കുന്നിടത്ത് ഇറങ്ങി. ഡോളർ ബേർഡ് ഉയർന്ന ഒരു മരത്തിന്റെ തലപ്പത്തു ഇരിപ്പുണ്ട്. ഡാമിൽ ചങ്ങാടത്തിൽ അടുത്തുള്ള കോളനിയിലെ ഒരാൾ മീൻ പിടിക്കാൻ ഇറങ്ങിയിട്ടുണ്ട്. ഒരു മണിക്കൂർ ചിലവഴിച്ചു കണക്കെടുത്തു. ബോട്ടിൽ തിരികെ വരുമ്പോൾ പഴയ ആനക്കൂട്ടം തീരത്തു പുല്ലുമേയുന്നുണ്ട്. എട്ട് ആനകൾ, ഒരു ചെറിയ കുഞ്ഞും അല്പം വലുതും രണ്ടു കൊമ്പനുമടക്കം. അടുത്ത ചരിവിലും കണ്ടു കുറച്ചു ആനകളെ. ശാന്തരായ ആനകൾ.
ഉച്ചയോടെ തിരികെ എത്തി കുളി കഴിയുമ്പോഴേക്കും ഞങ്ങളുടെ അടുത്ത ടീമും എത്തിയിരുന്നു. നിരഞ്ജനയും അഭിനും അഷ്ഫാക്കും ആരോമലും ഞങ്ങളും തലേന്ന് ഫോറെസ്റ് ഓഫീസിനു തൊട്ടുള്ള റെസ്റ്റോറന്റിൽ ഉച്ചക്ക് ബിരിയാണി ഓർഡർ ചെയ്തിരുന്നു. അവിടെ പോയി ബിരിയാണിയും കഴിച്ചു റൂമിൽ അൽപ്പം വിശ്രമിച്ചു വീണ്ടും ഇറങ്ങി. ഇത്തവണ പഴയ ഫോറെസ്റ് ക്യാമ്പിന് സമീപത്തേക്കായിരുന്നു നടത്തം. ഇരുട്ടും മുന്നേ മടങ്ങി. രാവിലെ എട്ടുമണിക്കുള്ള ആദ്യ ബസിൽ തിരികെ പോകാം എന്ന് ഞങ്ങൾ തീരുമാനിച്ചു.
രാവിലെ എഴുന്നേറ്റതുതന്നെ മഴയുടെ അകമ്പടിയോടെയാണ്. എങ്കിലും ഞങ്ങൾ മൂന്നുപേർ പോകാൻ പുറപ്പെട്ടു. മറ്റുള്ളവർ ആനപാടി റിപ്പോർട്ട് ചെയ്തിട്ടേ പോകുന്നുള്ളൂ. ഞാനും സജീഷും നവനീതിനെയും കൊണ്ട് ബസ് സ്റ്റോപ്പിലെത്തി കുറച്ചു നേരം കാത്തിരുന്നു. എട്ടു മണി കഴിഞ്ഞു പിന്നേം അരമണിക്കൂറെടുത്തു ബസ് വരാൻ. അധികം തിരക്കില്ല. കാനനപാതയിലൂടെ ബസിലുള്ള യാത്ര, ജീപ്പുയാത്രയേക്കാൾ രസകരമാണ്. പൊള്ളാച്ചി ഇറങ്ങി അവിടെ നിന്നും വീണ്ടും ബസിൽ പാലക്കാട്ടേക്ക്. അവിടുന്ന് ഭക്ഷണം കഴിച്ചു വിനീതിനെ റെയിൽവേ സ്റ്റേഷനിലേക്ക് ഓട്ടോയിൽ കയറ്റി വിട്ട ശേഷം ഞങ്ങൾകോഴിക്കോട് ബസിൽ കേറി, സുജീഷ് മലപ്പുറം ഇറങ്ങി. ഞാൻ കോഴിക്കോട് ഇറങ്ങി അവിടുന്ന് തലശ്ശേരിക്കും. പറമ്പികുളത്തെ പക്ഷികളേക്കാൾ ആനകളോടാണ് ഇഷ്ടം തോന്നിയത്. വനനിഗൂഢത ഒരു ലഹരിയാണ്, പോസിറ്റീവ് എനർജി തരുന്നു ഓരോ യാത്രയും.