സീ പോർട്ട് എയർപോർട്ട്റോഡ് (SPAP road ), കളമശ്ശേരി മെഡിക്കൽ കോളേജ് റോഡിൽ ചെന്നു ചേരുന്ന പോയിന്റിൽ നിന്നു നോക്കിയാൽ കാണുന്ന സ്ഥലം ആണ് ചിത്രത്തിൽ. ദൂരെ കാണുന്ന താഴ്ന്ന ഭാഗങ്ങളിൽ പഴയ പാടശേഖരങ്ങളിൽ കൂടി SPAP road കടന്നു പോകുന്ന ഭാഗം നിർമ്മാണത്തിന്റെ പല ഘട്ടങ്ങളിലാണ്. നാടിന്റെ വികസന സ്വപ്നപദ്ധതികളിൽ ഒന്നായ അതിങ്ങനെ ഇഴഞ്ഞു നീങ്ങുകയാണ്…
പറഞ്ഞുവരുന്നത് മറ്റൊന്നാണ്. ചിത്രത്തിൽ ലോറികൾ പാർക്ക് ചെയ്തിരിക്കുന്ന ഭാഗം മുതൽ മെഡിക്കൽ കോളേജ് റോഡിനരികിലെ HMT സ്കൂൾ വരെയും അവിടെ നിന്ന് 500 മീ വടക്കോട്ടും തുടർന്ന് പടിഞ്ഞാറു ഭാഗത്തേക്ക് SPAP road വരെയും ഏതാണ്ട് 50 ഹെക്ടർ സ്ഥലത്തിന്റെ പകുതി ഭാഗം (സ്കൂൾ, വീടുകൾ, സ്വകാര്യഭൂമികൾ ഒഴികെ) HMT യുടെ അധീനതയിൽ ഒഴിഞ്ഞു കിടക്കുകയാണ്. കാടും ഉപയോഗിക്കാത്ത വയലും തുറസ്സായ പ്രദേശവും ചേർന്ന് പക്ഷികൾക്ക് ചേർന്ന ആവാസവ്യവസ്ഥയായി തീർന്നിരിക്കുകയാണ്, ഏറെക്കാലമായി.
കേരളത്തിൽ വളരെയധികം കാണപ്പെടാത്ത, തദ്ദേശീയരും വിരുന്നുകാരുമായ നിരവധിയിനം പക്ഷികൾക്ക് ഇവിടം ഇഷ്ടതാവളം ആണ്. നഗരത്തിനടുത്ത് വൃക്ഷസമൃദ്ധമായ ഇത്തരമൊരു സ്ഥലം നഗരത്തിന്റെ ശ്വാസകോശം ആയി പ്രവർത്തിക്കുന്നു.
എറണാകുളത്തെ മംഗളവനത്തിൽ 85 തരം പക്ഷികളെ കണ്ടതായി രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. കളമശേരിയിലെ ഈ HMT എസ്റ്റേറ്റിൽ 172 തരം പക്ഷികളെയും പക്ഷിനിരീക്ഷകർ രേഖപ്പെടുത്തിയിട്ടുണ്ട്.മറ്റു ജില്ലകളിൽ കാണാത്ത പലയിനം പക്ഷികളും ഇവിടെ കാണപ്പെടുന്നുണ്ട്. താരതമ്യം ഇല്ലാത്ത പക്ഷിസമൃദ്ധി !
ഈ പ്രദേശം പക്ഷേ ഭാവിയിലെ പല പ്രോജക്റ്റുകൾക്കുമായി സംശയമെന്യേ ഉപയോഗിക്കപ്പെട്ടു പോയേക്കാം.
ഇതിന്റെ ഉടമകളായ HMT യ്ക്ക് മറ്റ് ആവശ്യങ്ങൾക്ക് ഈ സ്ഥലം വിട്ടു കൊടുക്കുകയോ വിൽക്കുകയോ ചെയ്യാൻ കഴിയുമോ എന്ന് അറിയില്ല. പക്ഷേ സാമൂഹിക പ്രതിബധ്ധതയുടെ പേരിൽ വലിയ സാമ്പത്തിക ബാധ്യത ഇല്ലാതെ നാമമാത്രസംരക്ഷണം നൽകി ഈ സ്ഥലം ഒരു പക്ഷി സങ്കേതം ആയി നിലനിർത്താവുന്നതേയുള്ളൂ. സമീപപ്രദേശങ്ങളിലെ വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കും ഒരു വനയാത്രയുടെ ചെലവും അപകടസാധ്യതയും ഇല്ലാതെ തന്നെ ഒരു വനം കണ്ട പ്രതീതി അനുഭവിക്കാനും കഴിയും.അങ്ങനെ അവർ വനസംരക്ഷണത്തിന്റെ ബാലപാഠങ്ങൾ പഠിക്കട്ടെ .
(കവർ ചിത്രം കടപ്പാട് : മലയാള മനോരമ.)