പാമ്പുപിടുത്തക്കാരുടെ കേരളം

പാമ്പുപിടുത്തക്കാരുടെ കേരളം

പാമ്പുകൾ പൊതുവേ പലർക്കും പേടിയുള്ള ഒരു ജീവിയാണ് – വിഷമുണ്ടായാലും ഇല്ലെങ്കിലും – ഈ ഭയം മനുഷ്യ ചരിത്രത്തോളം പഴക്കമുള്ളതാണ് – പാമ്പ് ഭയത്തിൽ മതങ്ങളും പുരാണകഥകളും കൊടും വിഷം കലർത്തി കടുപ്പിച്ചിട്ടുള്ളതിനാൽ അത്ര വേഗം അത് മാറുകയും ഇല്ല. ഈ ഭയമാണ് പാമ്പാട്ടികളോടും പാമ്പുപിടുത്തക്കാരോടും പൊതുജനത്തിന് ഭയം പൊതിഞ്ഞ വീരാരാധന ഉണ്ടാക്കുന്നത്. ഈ ആരാധനയും താരപരിവേഷവും ഉണ്ടാക്കിയ അമിത ആത്മവിശ്വാസത്തിൽ നമ്മുടെ നാട്ടിലെ ചില പാമ്പ് സ്നേഹികളായ പാമ്പ്പിടുത്തക്കാരും അബദ്ധങ്ങൾ ചെയ്യുകയാണ്. ഇവർ ചെയ്യുന്നത് വലിയ ഒരു സാമൂഹിക സഹായ കർമമായി കരുതി പലരും ഇത്തരം മണ്ടത്തരങ്ങളെ അംഗീകരിക്കുകയും ചെയ്യുന്നുണ്ട്- നിരവധി പേരുടെ ജീവൻ നഷ്ടപ്പെടാൻ ഇത് കാരണമായിട്ടുണ്ട് – അതു കൊണ്ട് തന്നെ പാമ്പുകളെ പിടികൂടി രക്ഷിച്ച് സുരക്ഷിത സ്ഥലങ്ങളിലേക്ക് വിടുന്നതിനുള്ള ശാസ്ത്രീയ രീതികളും ചട്ടങ്ങളും നടപ്പിലാകേണ്ടി ഇരിക്കുന്നു അതിനായുള്ള ചില കരട് നിർദ്ദേശങ്ങളും പ്രോട്ടോക്കോളും ചർച്ചക്കായി അവതരിപ്പിക്കുകയാണ് പാമ്പുകളെ പിടികൂടി രക്ഷിക്കുന്ന (Snake rescuers) ഭൂരിഭാഗം യുവാക്കളും പാമ്പിനെ പിടിക്കുന്നതിനും രക്ഷിക്കുന്നതിനുമുള്ള കൃത്യമായ രീതികളെക്കുറിച്ചും അതിന്റെ മാനദണ്ഡങ്ങളെക്കുറിച്ചും വലിയ ധാരണകളോ അറിവോ പരിചയ മോ ഇല്ലാത്തവരാണ്. എന്നാൽ അവർ പാമ്പുകളെ പിടികൂടിക്കഴിയുമ്പോൾ അവിടത്തെ ” താരമായി ” മാറുകയും , ആളുകളെ സന്തോഷിപ്പിക്കാനും സ്വന്തം ധീരത പൊലിപ്പിച്ച് കാണിക്കാനും അനാവശ്യമായി പാമ്പുകളെ വെച്ച് ചില പ്രകടനങ്ങൾ നടത്തുന്നത് പതിവായിട്ടുണ്ട്. വെറും കൈ കൊണ്ട് പിടിക്കുക ,വിഷപ്പാമ്പിന് ഉമ്മ കൊടുക്കുക, കൂടെ നിന്ന് സെൽഫി എടുക്കുക, കഴുത്തിൽ ചുറ്റി കാണിക്കുക, തലയിൽ പിടിച്ച് വിഷപ്പല്ലുകൾ കാട്ടികൊടുക്കുക, കൈയിൽ പിടിച്ച് ക്ലാസുകൾ എടുക്കുക തുടങ്ങിയവ. ഇത്തരം ബുദ്ധിശൂന്യ പ്രവർത്തികൾ മൂലം ഇന്ത്യയിൽ അങ്ങോളമിങ്ങോളം നിരവധി നല്ല മനുഷ്യരായ “പാമ്പു സ്നേഹി”കളാണ് ഓരോ വർഷവും മരിച്ച് പോയിട്ടുള്ളത്. പാമ്പുകളെപ്പറ്റിയുള്ള തെറ്റായ അറിവുകളും ധാരണകളും ഭയവും അറപ്പും ഉള്ള കാലത്തോളം സാധാരണ ജനത്തിന് ഇത്തരം ജീവിയെ കൈകാര്യം ചെയ്യുന്നവരോട് മതിപ്പും ആരാധനയും ഉണ്ടാവും – ഇത്തരക്കാരെ മഹത്തുക്കളായി കൊണ്ടാടും – പിന്തുണ നൽകും – അതുകൊണ്ട് തന്നെ ഇത്തരം ആളുകളെ നിയന്ത്രിക്കുന്നതിനും കർശനമായി നിയമപരമായി നടപടികൾ എടുക്കുന്നതിനും വനം വന്യജീവി സംരക്ഷണ വകുപ്പിന് പരിമിതികൾ ഉണ്ട്. 1972 ലെ വന്യ ജീവിസംരക്ഷണ നിയമപ്രകാരം ഇത്തരം കോപ്രായങ്ങൾ ശിക്ഷാർഹമായ കുറ്റമാണ്. വിഷപ്പാമ്പുകൾ – ചിലപ്പോൾ വിഷമില്ലാത്ത പാമ്പുകളും സാധാരണ ജനത്തിന്റെ സൈര്യ ജീവിതത്തിന് പ്രശ്നങ്ങൾ സൃഷ്ടിക്കുന്ന അവസ്ഥകൾ ഉണ്ടാവാറുണ്ട്. ഈ അവസ്ഥകളിൽ ജനങ്ങളുടെ ജീവരക്ഷയ്ക്കു വേണ്ടി പാമ്പുകളെ പിടികൂടി സുരക്ഷിത സ്ഥലങ്ങളിൽ കൊണ്ട് വിടേണ്ട ആവശ്യത്തിലേക്കായി വനം വന്യജീവി വകുപ്പ് ഇത്തരം ആളുകളുടെ സേവനം ഉപയോഗിക്കാറുണ്ട് – കാരണം വകുപ്പ് ജീവനക്കാരിൽ പാമ്പുകളെ കൈകാര്യം ചെയ്യുന്നതിന് ആവശ്യമായ പരിശീലനവും വൈദഗ്ധ്യവും ലഭിച്ചവർ വളരേ കുറവേ ഉള്ളു എന്നതാണ്. ഇത്തരം അനാവശ്യ പ്രകടനങ്ങളിൽ പാമ്പുപിടിക്കുന്നവർക്കും കണ്ടു നിൽക്കുന്ന ജനത്തിനും അബദ്ധത്തിൽ കടിയേൽക്കുകയും അപകടം സംഭവിക്കുകയും ചെയ്യുന്നുണ്ട്- പാമ്പുകൾക്ക് പരിക്ക് സംഭവിക്കുകയോ മരിച്ച് പോവുകയോ ചെയ്യുന്നുണ്ട് – ഇവയ്ക്ക് പരിഹാരമായി പാമ്പുകളെ പിടികൂടി രക്ഷപ്പെടുത്തുന്നതിന് കൃത്യമായൊരു പ്രോട്ടോകോൾ ഉണ്ടാകേണ്ടി ഇരിക്കുന്നു. സാദ്ധ്യമായ ചില നിർദ്ദേശങ്ങൾ ഇവയൊക്കെയാണ്.

  1. ഇത്തരം ഘട്ടങ്ങളിൽ പാമ്പുകളെ പിടികൂടി രക്ഷപ്പെടുത്തുന്നതിനുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിച്ച് നടത്തേണ്ട ഉത്തരവാദിത്വം അതാത് പ്രദേശത്തെ വനം വന്യജീവി വകുപ്പ് ഓഫീസ് നേതൃത്വത്തിലായിരിക്കണം . അതിനായി പ്രാദേശികമായി ഇത്തരം ഘട്ടങ്ങളിൽ മുൻകാലങ്ങളിൽ സഹായിച്ചിട്ടുള്ള “പാമ്പു സ്നേഹികളായ ” പാമ്പു പിടുത്തക്കാരുടെ വിവരങ്ങൾ ശേഖരിച്ച് ഒരു നെറ്റ്വർക്ക് രൂപീകരിക്കണം. കൃത്യമായ മേൽനോട്ടത്തിൽ മാത്രം ഇവരെ ഉപയോഗിച്ച് പാമ്പുകളെ പിടികൂടി രക്ഷിക്കുക – ഇത്തരം ആളുകളെ ഡിപ്പാർട്ട്മെന്റിന്റെ ഭാഗമാക്കി മാറ്റി ജോലി നൽകുന്നത് പരിഗണിക്കണം
  2. വിഷമുള്ള പാമ്പുകളെയും വിഷമില്ലാത്ത പാമ്പുകളെയും അതിന്റെ സ്വാഭാവിക ആവാസവ്യവസ്ഥയിലേക്ക് വിട്ടയയ്ക്കുന്നതിന് കൃത്യമായ ഒരു പോളിസി ഉണ്ടാക്കണം.

കരട് മാർഗ്ഗനിർദ്ദേശങ്ങൾ:

വനം വന്യജീവി വകുപ്പ്., പാമ്പുസംരക്ഷണത്തിൽ തത്പരരായ ആളുകളുടെയും , പാമ്പു പിടിക്കുന്നവരുടെയും വിവരങ്ങൾ ശേഖരിക്കണം. താത്പര്യമുള്ളവർക്ക് ചീഫ് കൺസർവേറ്ററുടെ നേതൃത്വത്തിൽ പ്രാദേശിക കേന്ദ്രങ്ങളിൽ പാമ്പുകളെ കുറിച്ചുള്ള ശാസ്ത്രീയ അറിവുകൾ ലഭ്യമാകുന്നതിനുള്ള മികച്ച പരിശീലനം ലഭ്യമാക്കണം (പൂന സ്നേക്ക് പാർക്കിൽ വർഷാവർഷം ഇത്തരം പരിശീലകർക്കുള്ള പരിശീലനം നടക്കുന്നത് മാതൃകയായി എടുക്കാം). ഇത്തരം പരിശീലനം ലഭിച്ചവർക്ക് രജിസ്ട്രേഷനും നിശ്ചിത കാല സാധുതയുള്ളതുമായ ‘honorary Snake rescuer card’ നൽകുകയും ചെയ്യുക. അവ നിശ്ചിത കാലയളവിൽ DFO ഓഫീസിൽ നിന്ന് പുതുക്കുകയും ആവശ്യമായ തുടർ പരിശീലനങ്ങൾ നൽകുകയും ചെയ്യുക.

A : പാമ്പിനെ പിടികൂടുമ്പോൾ -എന്തൊക്കെ ചെയ്യാം – ചെയ്യരുത്:

  1. പാമ്പ് അപകടം ഉണ്ടാക്കാൻ പോകുന്നു എന്ന വിവരം ഫോൺ വഴി ലഭിച്ചാൽ സത്യാവസ്ഥ വിശദമായി അന്വേഷിക്കുക. പ്രാദേശിക സാഹചര്യത്തെപ്പറ്റി പഠിക്കുകയും അവിടെ യഥാർത്ഥ രക്ഷാപ്രവർത്തനത്തിന്റെ ആവശ്യമുണ്ടോ എന്നും ഉറപ്പ് വരുത്തുക. പലപ്പോഴും തെറ്റായ വിവരങ്ങളും അനാവശ്യ പാമ്പ് പേടിയും ആയിരിക്കും ഇത്തരം . “പാമ്പ്ഭീഷണി ” വിളികളുടെ പിന്നിൽ. പാമ്പുണ്ടെന്ന തോന്നൽ പോലും ജനങ്ങളിൽ ഭീതിയുളവാക്കുകയും ആളുകളെ വിളിച്ച് കുട്ടുകയും ചെയ്യാറുണ്ട്.
  2. ഹുക്കുകൾ , സഞ്ചികൾ, നീളൻ കുഴലുകൾ, പൈപ്പുകൾ തുടങ്ങിയ അത്യാവശ്യ സാധനങ്ങൾ നിർബന്ധമായും കൈയിൽ കരുതണം – മുറിവേറ്റതോ വയറ്റിൽ മുട്ടയുള്ളതോ ആയ പാമ്പിനെ രക്ഷപ്പെടുത്തുമ്പോൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ് . ഇത്തരം അവസ്ഥകളിൽ പ്രധാനമായി ഒരു കറുത്ത തുണിയും പൈപ്പും ഉപയോഗിച്ച് പിടികൂടി രക്ഷപ്പെടുത്തുക എന്നതാണ് പിൻതുടരേണ്ട രീതി..
  3. വായുസഞ്ചാരമുള്ള പെട്ടിയിലോ , ചാക്കിലോ ആണ് ചാക്കിലോ ആണ് പാമ്പിനെ പിടിച്ചിടേണ്ടത്. പെട്ടിയിലാണെങ്കിൽ ചൂട് കൂടുതലാവാതെ നോക്കണം. ചൂടുള്ള സമയങ്ങളിൽ പെട്ടിയും സഞ്ചിയും തണലത്ത് സൂക്ഷിക്കുക. പാമ്പിനെ ഇടുന്ന ചാക്ക്, സഞ്ചി എന്നിവ നനഞ്ഞതാവരുത്. നനഞ്ഞിരുന്നാൽ പാമ്പുകൾക്ക് ശ്വാസം കഴിക്കുന്നതിന് തടസം അനുഭവപ്പെടും. ഒരു ബാഗിൽ ഒരു സമയം ഒരു പാമ്പിനെ മാത്രമേ ഇടാവൂ.
  4. പാമ്പിനെ പിടിക്കുന്ന സമയത്തും വിട്ടയയ്ക്കുമ്പോഴും രണ്ടുപേർ ഉണ്ടായിരിക്കണം. ഇത് ജോലി എളുപ്പമാക്കും. – പാമ്പിനു മുറിവേറ്റിട്ടുണ്ടെങ്കിൽ വനം വകുപ്പിനെ അറിയിക്കുകയും ശുശ്രൂഷിക്കാൻ ഒരു വെറ്റിനറി ഡോക്ടറുടെ ഉപദേശം സ്വീകരിക്കുകയും വേണം.
  5. പാമ്പിനെ പിടികൂടി നാൽപ്പത്തി എട്ട് മണിക്കൂറിനുള്ളിൽ വനം വകുപ്പിന്റെ നിർദേശങ്ങൾ അനുസരിച്ച് അതിനെ സ്വാഭാവിക ആവാസസ്ഥലത്ത് വിടണം’ – അതിന് മുമ്പ് പാമ്പിനെ കുറിച്ചുള്ള മുഴുവൻ വിവരങ്ങളും കൃത്യമായി രേഖപ്പെടുത്തി വെക്കേണ്ടതാണ്.
  6. പാമ്പിനെ പിടിക്കുമ്പോൾ അതിന്റെ വീഡിയോ എടുക്കുന്നത്, ഫോൺ ചെയ്യുന്നത്, ഉച്ചത്തിൽ സംസാരിക്കുന്നത്.. എന്നിവ ഒഴിവാക്കുക.
  7. പാമ്പിനെ പിടിക്കുന്നത് കാണാൻ കൂടി നിൽക്കുന്ന ജനങ്ങൾ സുരക്ഷിത അകലത്തിലാണ് ഉള്ളത് എന്ന് ഉറപ്പ് വരുത്തണം. – പാമ്പിനെ പിടിച്ച് സഞ്ചിയിലോ പെട്ടിയിലോ ആക്കിയ ശേഷം – വളരെ കുറഞ്ഞ സമയം ജനത്തിന്റെ ആകാംക്ഷകളും ആവേശവും ഗുണ പരമായി ഉപയോഗിക്കാനായി പാമ്പുകളെ കുറിച്ചുള്ള ശരിയായ അറിവുകൾ നൽകാനും അന്ധവിശ്വാസങ്ങൾ തിരുത്താനും ഉദ്ദേശിച്ചു കൊണ്ടുള്ള ചെറു പ്രഭാഷണം നടത്തേണ്ടതാണ് .
  8. മദ്യപിച്ചും മറ്റു ലഹരിവസ്തുക്കൾ ഉപയോഗിച്ചും ഉള്ള അവസ്ഥയിലുള്ളവർ പാമ്പുകളെ പിടി കൂടുന്ന പ്രവൃത്തിയിൽ യാതൊരു കാരണവശാലും ഏർപ്പെടാതിരിക്കുക.

പാമ്പുകളെ സുരക്ഷിതമായി തുറന്ന് വിടുമ്പോൾ എന്തൊക്കെ ചെയ്യാം – ചെയ്യരുത്:

  1. വിഷമില്ലാത്ത പാമ്പുകളെ ജനങ്ങളുടെ വാസസ്ഥലത്തിനു കുറച്ചു മാത്രം അകലെയായി വിട്ടയയ്ക്കുക. കാരണം.ഈ പാമ്പുകൾ എലി പോലുള്ള ജീവികളെ ആഹാരമാക്കുന്നു. എലി നിയന്ത്രണത്തിന്റെ ഭാഗമായി കൊണ്ട് എലികളുടെ എണ്ണം കുറച്ച് എലിപ്പനി മുതലായ രോഗങ്ങൾ കുറക്കാൻ സഹായിക്കുന്നുണ്ട്
  2. ഇത്തരം ആളുകളുടെ സഹായത്തോടെ പ്രാദേശികമായുള്ള വനം വന്യജീവി വകുപ്പിന്റെ പരിശീലനം ലഭിച്ച ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ വേണം വിഷമുള്ള പാമ്പുകളെ തുറന്ന് വിടാൻ – അധികം ദൂരെ അല്ലാതെ ഏറ്റവും അനുയോജ്യമായ പറ്റിയ സ്ഥലം കണ്ടെത്തി അവിടെ ആണ് തുറന്ന് വിടേണ്ടത്..
  3. ഒരേ സ്ഥലത്തു തന്നെ തുടരെത്തുടരെ പാമ്പുകളെ വിട്ടയയ്ക്കുന്നത് ഒഴിവാക്കണം.
  4. രാത്രി സഞ്ചാരികളായ{ Nocturnal snakes) പാമ്പുകളെ രാത്രി സമയത്തും പകൽ സമയത്ത് സഞ്ചരിക്കുന്നവയെ പകലും മാത്രം വിട്ടയക്കുക .
  5. വളരെ ചൂട് കൂടിയ സമയത്തും വെയിലും സൂര്യപ്രകാശവും കൂടുതലുള്ള സമയത്തും പാമ്പുകളെ തുറന്ന് വിടുന്നത് കഴിവതും ഒഴിവാക്കണം
  6. പാമ്പിനെ ജീവനോടെ ഒരിക്കലും കൈവശം സൂക്ഷിക്കരുത്. – പാമ്പിനെ ഉപയോഗിച്ച് ലൈവ് ഷോകൾ കാണിക്കുന്നത് ഒഴിവാക്കുക. പിടിച്ച പാമ്പുകളെ ആവശ്യമില്ലാതെ പിന്നെയും എടുക്കുകയും അനാവശ്യമായി കൈകാര്യം ചെയ്യുന്നതും ഒഴിവാക്കുക

പാമ്പുകളെ rescue & release ചെയ്യുന്നതിന് ട്രെയിനിങ് തരാനായി ഇന്ത്യയിലെ പാമ്പുകളെ കുറിച്ച് വളരെ വര്ഷങ്ങളായി പഠനം നടത്തുന്ന റോമുലസ് വിട്ടേക്കർ , ജെറി മാർട്ടിൻ , എന്ന് തുടങ്ങിയ പല പ്രമുഖരും തയ്യാറാണ് . ഇനി വേണ്ടത് ചില സെലബ്രിറ്റികളുടെ പാതിവെന്ത അറിവുകൾ വച്ചുള്ള ഷോകൾ അവസാനിപ്പിച്ച് – പുകഴ്ത് പാട്ടുകൾ നിർത്തി കുറച്ച് കുടി ഗൗരവത്തോടെ ഈ വിഷയത്തെ പരിഗണിക്കുക എന്നതാണ്. വനം വന്യജീവി വകുപ്പിന്റെ മുൻകൈയിൽ പ്രമുഖരെ ഉൾപ്പെടുത്തി പരിശീലനങ്ങൾ ആരംഭിക്കുകയാണ്. പാമ്പുകളെ സുരക്ഷിതമായി – പാമ്പിനും മനുഷ്യനും – പിടിക്കുന്നതിനുള്ള ബാഗും ,ഹുക്കും ,പൈപ്പും ,ട്യൂബും എല്ലാം വളരെ നിസാര വിലയ്ക്ക് ലഭ്യമാണെന്നിരിക്കെ ആത്മഹത്യാപരമായ മണ്ടത്തരങ്ങളെ ആഘോഷിക്കുന്നത് നിർത്തേണ്ട കാലമായി . ശാസ്ത്രീയമായ രീതികൾ പിൻതുടർന്ന് പാമ്പുകളുടെ കടിയേൽക്കുന്നതു ഒഴിവാക്കാം. പാമ്പുകളുടെ സംരക്ഷണത്തിന്റെ യഥാർത്ഥ ആവശ്യകതകൾ സാധാരണക്കാരിലെത്തിക്കാൻ ഗിമ്മിക്കുകൾ കൊണ്ട് സാദ്ധ്യമല്ല

Back to Top