” മാഷേ….ഈ സിബിനോഫിസ്‌ സബ്പങ്ക്റ്റെറ്റസ് അല്ലെ എഴുത്താണി വളയൻ ?”

” മാഷേ….ഈ സിബിനോഫിസ്‌ സബ്പങ്ക്റ്റെറ്റസ് അല്ലെ എഴുത്താണി വളയൻ ?”

ഈ പാമ്പുദിനത്തില്‍ ഞാന്‍ സജീവനെ അല്ലാതെ മറ്റാരെ ഓര്‍മ്മിക്കാനാണ് !
കോഴിക്കോട് മാത്തോട്ടം വനശ്രീയിലെ പാമ്പുപിടുത്തക്കാരനായിരുന്നു സജീവന്‍.
ദിവസക്കൂലിക്കാരന്‍..

പെരുവണ്ണാമൂഴി അനിമല്‍ റിഹാബിലിറ്റെഷന്‍ സെന്ററില്‍ ജീവനക്കാരനായിരുന്ന കാലത്താണ് അദ്ദേഹത്തെ ഞാന്‍ പരിചയപ്പെട്ടത്.
പിന്നെ എപ്പോഴോ കോഴിക്കോട്ടെത്തി.
ബേപ്പൂരുകാരനായി …

ഇടയ്ക്കെല്ലാം സജീവന്‍ എന്നെ കാണാന്‍ സ്കൂളില്‍ വന്നു.
വന്നപ്പോഴെല്ലാം ആ കയ്യില്‍,ഒഴിവാക്കാനാവാത്ത ഒരു ശരീരഭാഗം പോലെ ഒരു സ്നേയ്ക്‌ സ്റ്റിക് ഉണ്ടായിരുന്നു.
വായില്‍ ഒഴിവാക്കാനാവാത്ത ഒരു ചോദ്യവും.

” മാഷേ….ഈ സിബിനോഫിസ്‌ സബ്പങ്ക്റ്റെറ്റസ് അല്ലെ എഴുത്താണി വളയൻ ?”

ഓരോ തവണയും അല്ലെന്നു തിരുത്തി.
എങ്കിലും അടുത്ത വരവിനു സജീവന്‍ വീണ്ടും അതേചോദ്യം ആവര്‍ത്തിച്ചു.
പിന്നെപ്പിന്നെ എനിക്കതൊരു ശീലം പോലെയായി.
ആ ചോദ്യം കേട്ടില്ലെങ്കില്‍ എനിക്ക് ബേജാറായിത്തുടങ്ങി….

സ്കൂള്‍ വിദ്യാഭ്യാസം സജീവന് പരിമിതമായിരുന്നു.
എങ്കിലും കിട്ടാവുന്ന എല്ലാ പുസ്തകങ്ങളും തേടിപ്പിടിച്ച് പാമ്പുകളെ കുറിച്ച് ഉത്സാഹത്തോടെ പഠിച്ചു.
ഓരോ സംശയത്തിനും എന്നെ തേടിയെത്തി.
എന്റെ കയ്യിലുണ്ടായിരുന്ന ബോംബെ നാച്വറല്‍ ഹിസ്റ്ററി സൊസൈറ്റിയുടെ Reptiles and Amphibians of India എന്ന പുസ്തകം വാങ്ങിക്കൊണ്ടുപോയി.
പിന്നെ അത് ഒരിക്കലും തിരിച്ചുതന്നില്ല.
എങ്കിലും,സജീവന്‍ അത് ഉപയോഗപ്പെടുത്തുമല്ലോ എന്ന് കരുതിയപ്പോള്‍ എനിക്ക് സങ്കടമൊന്നും തോന്നിയില്ല….

ഇടയ്ക്ക് ഒന്നുരണ്ടു തവണ വിഷപ്പാമ്പിന്റെ കടിയേറ്റ് ആസ്പത്രിയിലായി.
ഓരോ തവണ കടിവാങ്ങുമ്പോഴും ഞാന്‍ സ്നേഹപൂര്‍വ്വം സജീവനെ ചീത്ത വിളിച്ചു.
പിടിച്ചതിനു ശേഷമുള്ള പ്രദര്‍ശനം നിര്‍ത്തൂ എന്ന് പറഞ്ഞ്.
ഓരോ തവണയും സജീവന്‍ അത് തലകുലുക്കി സമ്മതിച്ചു.
എന്നിട്ട് വീണ്ടും ചെയ്തു.

പലപ്പോഴും പാമ്പുകളെ കുറിച്ച് പറഞ്ഞുപറഞ്ഞ് രാത്രിയാവോളം എന്റെ കൂടെ ഇരുന്നു.
വീട്ടുകാര്‍ അന്വേഷിക്കില്ലേ എന്ന് ചോദിച്ചപ്പോള്‍ മടിച്ചുമടിച്ചു മനസ്സില്ലാമനസ്സോടെ യാത്ര പറഞ്ഞു.
ചിലപ്പോള്‍ സ്നേയ്ക്‌ സ്റ്റിക്കുമായി ബസ്സിലിരുന്ന് ഫോണിലൂടെ എന്നെ വിളിക്കുന്നതായി നടിച്ച് ഉറക്കെ വര്‍ത്തമാനം പറഞ്ഞു.
എല്ലാവരും തന്നെ ഒരു പാമ്പുപിടുത്തക്കാരനായും അവയെക്കുറിച്ച് അറിയുന്ന ആളായും കരുതണമെന്ന് സജീവന് നിര്‍ബന്ധമുണ്ടായിരുന്നു….

ഇടയ്ക്ക് പലപ്പോഴും സംസാരത്തിനിടയില്‍ ആ മിഴികള്‍ ശൂന്യമാകുന്നത് ഞാന്‍ ശ്രദ്ധിച്ചിരുന്നു.
അപ്പോഴൊക്കെ കഴിയുമെങ്കില്‍ ഒരു ചായയോ ഭക്ഷണമോ കഴിക്കാന്‍ ഞാന്‍ സജീവനെ ഹോട്ടലില്‍ കൂട്ടിക്കൊണ്ടുപോയി.
ഒന്നുരണ്ടുതവണ പൈസ കൊടുക്കാന്‍ ശ്രമിച്ചു.
പക്ഷെ, പട്ടിണിയായിരുന്നെങ്കിലും അഭിമാനിയായിരുന്നു അയാള്‍.
വീടുകളില്‍ നിന്ന് പാമ്പുകളെ പിടിച്ചാല്‍, അതിനു അവര്‍ കൊടുക്കുന്ന പ്രതിഫലം കുറഞ്ഞുപോയാല്‍ പക്ഷെ, അവരുടെ കുറ്റം പറയുമായിരുന്നു അയാള്‍…

ഒരുമാസം മുന്‍പ് ഒരു മൂര്‍ഖന്റെ കടിയേറ്റ് ആസ്പത്രിയിലായ അയാള്‍ വിഷബാധയില്‍ നിന്ന് ചികിത്സകൊണ്ട് സുഖപ്പെട്ടെന്കിലും മാനസിക ആഘാതത്തില്‍ നിന്ന് രക്ഷപ്പെട്ടില്ല.
പാമ്പുകള്‍ക്ക് അദ്ദേഹത്തോട് ചെയ്യാന്‍ കഴിയാതിരുന്ന കാര്യം ,ഒരു കഷ്ണം കയറിനു ചെയ്യാന്‍ കഴിഞ്ഞു.
വെളുപ്പിന് നാലുമണിക്ക് സ്വന്തം വീട്ടില്‍ സജീവന്‍ പാമ്പുകള്‍ ഉറയൂരുന്നത് പോലെ ജീവന്‍റെ പടം പൊഴിച്ചു.

സജീവന്‍ അജീവനായി…..

ഇപ്പോള്‍,എനിക്കൊപ്പം ആവര്‍ത്തിക്കപ്പെടുന്ന ഒരു സ്ഥിരം ചോദ്യത്തിന്‍റെ മാഞ്ഞുതുടങ്ങിയ നിഴല്‍ മാത്രം…

“മാഷേ……ഈ സിബിനോഫിസ്‌ സബ്പങ്ക്റ്റെറ്റസ് തന്നെയല്ലേ……………”

( വീണ്ടുമൊരു പാമ്പുദിനസജീവസ്മരണ )


ഇതാ, ഇതാണ്‌ സജീവന്റെ ഇപ്പോഴത്തെ അവസ്ഥ – മാതൃഭൂമി 26 മേയ് 2016


Cover Image taken at Coorg in Karnataka state of Western Ghats of India by Prasenjeet yadav CC-BY-SA-4.0 via Wikimedia Commons

Back to Top