അത്യാപൂര്‍വ്വമായി മാത്രം കാണുന്നതും അതിമാരക വിഷമുള്ളതുമായ ഒരു പാമ്പിനെ ശബരിമലയില്‍ കണ്ടെത്തിയെന്നോരു വാര്‍ത്ത ന്യൂസ്18 ചാനലില്‍ ഓടുന്നുണ്ട്. Ornate flying snake എന്ന ഇനം പാമ്പാണ് വീഡിയോയില്‍, ഇത് കണ്ണിന്റെ കൃഷ്ണമണ്ണിയിലാണ് സാധാരണ കടിക്കുന്നത് എന്നും കാഴ്ച നശിപ്പിക്കുന്നതാണ് എന്നും ഉള്ള ഞെട്ടിക്കുന്ന വിശദീകരണങ്ങളും ഒപ്പമുണ്ട്.
നമ്മുടെ പശ്ചിമഘട്ട മലനിരകളില്‍ ഏറ്റവും സാധാരണയായി കാണുന്ന പാമ്പുകളില്‍ ഒന്നായ നാഗത്താന് പാമ്പ് എന്ന് വിളിക്കുന്ന Ornate Flying Snake ആണിത്. പെരിയാര്‍ വന്യജീവി സംരക്ഷണമേഖലയോടൊപ്പം വരുന്ന ശബരിമലയില്‍ ഈ ഇനത്തില്‍പ്പെട്ട പാമ്പുകള്‍ കാണുന്നത് അത്യാപൂര്‍വ്വ കാഴ്ച ഒന്നുമല്ല, അവരുടെ അതിജീവന ഇടങ്ങളില്‍ ഒന്നാണ് ഇത്. കടുവയും പരുന്തുമെല്ലാം പോലെത്തന്നെ .
ഫ്ലൈയിംഗ് സ്നേക്ക് എന്നാണ് വിളിക്കുന്നത് എങ്കിലും ഇവയ്ക്കു ശരിക്കും പറക്കാന്‍ ഉള്ള കഴിവില്ല മറിച്ചു കാറ്റിലൂടെ തെന്നിമാറുക ആണ് ചെയ്യുക, ഇതിനായി വാരിയെല്ലുകള്‍ വികസിപ്പിച്ചു എടുക്കാറുണ്ട്. ഉയര്‍ന്ന ചില്ലകളില്‍ നിന്ന് താഴ്ന്ന ചില്ലകളിലോട് J-ഷേപ്പിലുള്ള ഇവയുടെ തെന്നിമാറ്റം രസകരമായ കാഴ്ചയാണ്. ഭാഷപരമായ കൃത്യത ‘ഗ്ലൈടിംഗ് സ്നേക്ക്’ എന്ന് വിളിക്കുന്നതില്‍ ആകും.
വീഡിയോയില്‍ അതിമാരക വിഷപാമ്പ് എന്നെല്ലാം പറഞ്ഞുവെങ്കിലും തവളകൾ, പല്ലികൾ, ഓന്തുകൾ, ചെറുപക്ഷികൾ, പ്രാണികള്‍ തുടങ്ങി ഇവ ആഹരിക്കുന്ന ജീവികളെ മാത്രം തളര്‍ത്താന്‍ മാത്രം ശക്തമായ അളവില്‍ ന്യൂറോടോക്സിക് വിഷമുള്ള പാമ്പാണ് ഇത്. ലോകാരോഗ്യസംഘടന ഇറക്കുന്ന മനുഷ്യന് അപകടരമായ വിഷപാമ്പുകളുടെ ഡാറ്റബേസില്‍ ഇവയില്ല. വായുടെ പിന്‍വശത്തില്‍ ചെറിയ വിഷപല്ലുകളാണ് ഇവയ്ക്കുള്ളത്, വിഷഗ്രന്ഥിയുടെ പേര് duvernoy’s gland എന്നും, ചേരയുടെ കുടുംബത്തിലെ അംഗമാണ് ഇത്. ആലോക്, റോജേഴ്സ് എന്നീ ഗവേഷകര്‍ ഇവയുടെ ജീനസ്സില്‍പ്പെട്ട പാമ്പിന്റെ വിഷം എലികളില്‍ ഏല്പിച്ചു പരീക്ഷണങ്ങള്‍ നടത്തിയപ്പോഴും മരണകാരണം ആയത് രേഖപെടുത്തിയില്ല. ഇരകളെ തളര്‍ത്തുക എന്ന ധര്‍മ്മത്തിലുള്ള കൊളിബ്രിഡോടോക്സിന് പോലെയുള്ള വിഷഘടങ്ങള് ആകാം ഇവയ്ക്കുള്ളത്. മനുഷ്യരില്‍ കടി ഏറ്റവരില്‍ കടിവായോടു ചേര്‍ന്ന് ഏതാനം മണിക്കൂറുകള്‍ മരവിപ്പ് ചിലപ്പോള്‍ വരാവുന്നതാണ് പക്ഷെ ശരീരത്തില്‍ ആകമാനം ബാധിക്കുന്ന തരത്തിലുള്ള systemic venomation സാധ്യത നിരീക്ഷിച്ചിട്ടില്ല.
അതായത് ഈ പാമ്പിന്റെ കടിയില്‍ കൂടെ സാധാരണ മനുഷ്യന് അപകടകരമായ രീതിയില്‍ വിഷം ഏല്‍ക്കുന്നില്ല, രോഗിയ്ക്ക് അപകടരം ആകാവുന്നത് കടിച്ച മുറിവില്‍ കൂടി പകരാവുന്ന ബാക്ടീരിയ പോലെയുള്ള രോഗാണുക്കളുടെ ബാധയാണ്, ഇതിനെയാണ് സെക്കന്‍ഡറി ഇന്ഫെക്ഷന് എന്ന് പറയുന്നത്. വേദനയ്ക്കുള്ള മരുന്നും, റ്റെറ്റനസിന് എതിരെയുള്ള കുത്തിവെപ്പും, ആന്റിബാക്ടീരിയല്‍ മരുന്നുമെല്ലാം ആയിരിക്കും സാധാരണ ചികിത്സ രീതികള്‍. ഏതെങ്കിലും വിധത്തിലുള്ള സങ്കീര്‍ണ്ണതകള്‍ വരുന്നുണ്ടോ എന്നറിയാന്‍ നീരീക്ഷണത്തില്‍ ആക്കുകയും ചെയ്യും.
One thought on “ശബരിമലയിലെ അതിമാരക വിഷപ്പാമ്പ് വാര്‍ത്തയിലെ സത്യാവസ്ഥ എന്ത് ?”