വെള്ളക്കറുപ്പൻ മേടുതപ്പി കോൾപ്പാടത്ത്

വെള്ളക്കറുപ്പൻ മേടുതപ്പി കോൾപ്പാടത്ത്

സുഹൃത്ത് നിഖിൽ കൃഷ്ണയ്ക്കൊപ്പം ഇരിഞ്ഞാലക്കുടയ്ക്കടുത്ത കോൾമേഖലയിൽ ഒരു ഹൃസ്വ സന്ദർശനത്തിനെത്തിയതായിരുന്നു. കരുവന്നൂർപുഴയുടെ റിവർബേസിൻ ആയ ഇവിടെ പലയിടത്തും പുഴയുടെ മാപ്പിങ്ങുമായി പണ്ട് വന്നതാണ്. കേരളത്തിലൊരുപക്ഷെ ഏറ്റവും കൂടുതൽ ഇഷ്ടിക്കക്കളങ്ങളുണ്ടായിരുന്നത് ഈയൊരു പ്രദേശത്തായിരിക്കണം. കളിമണ്ണിനുപുറമെ അതിനുതാഴെയുള്ള മണൽനിക്ഷേപം വരെ വളരെ വിപുലമായ തോതിൽതന്നെ ഊറ്റിയെടുക്കപ്പെട്ടിട്ടുള്ള ഒരു പ്രദേശം. ഇതൊക്കെയുൾപ്പെടുന്ന കോന്തിപുലം-മാടായിക്കോണം-തൊമ്മാന കോൾമേഖലകളിലായിരുന്നു കറക്കം.

നീലക്കോഴികളും ചരൽക്കുരുവികളും ചുറ്റീന്തൽക്കിളിയും വയൽവരമ്പന്മാരും തുടങ്ങി വളരെ സജീവമായ നീർപക്ഷികളുള്ള ഒരു മേഖലയാണിത്. ബണ്ട് റോഡിലൂടെ സഞ്ചരിച്ചുകൊണ്ടിരിക്കുമ്പോൾ വളരെ അപ്രതീക്ഷിതമായി ഒരു പരുന്ത് മുന്നിലേക്ക് പറന്നിറങ്ങി.

Pied harrier (വെള്ളക്കറുപ്പൻ മേടുതപ്പി)
ശാസ്ത്രനാമം : Circus melanoleucos

വിക്കിപീഡിയ പേജ്

പുൽമേടുകൾ, തണ്ണീർത്തടങ്ങളുടെ തീരങ്ങൾ, പാടശേഖരങ്ങൾ എന്നിവയാണ് ഇവ കാണപ്പെടുന്ന ആവാസവ്യവസ്ഥ. കേരളത്തിൽ അപൂർവ്വവും മഞ്ഞുകാലവിരുന്നുകാരനുമായ വെള്ളക്കറുപ്പൻ മേടുതപ്പിയുടെ ആൺപക്ഷിയെ ആണ് ഞങ്ങൾ നിരീക്ഷിച്ചത്. വടക്കുകിഴക്കൻ ഏഷ്യയിലും ആസാമിലും പ്രജനനം നടത്തുന്ന ഇവ മഞ്ഞുകാലത്ത് ഇന്ത്യൻ ഉപഭൂഖണ്ഡത്തിലേക്ക് വടക്കേ ഇന്ത്യയിലേക്കും പശ്ചിമഘട്ടത്തിലേക്കും ശ്രീലങ്കയിലേക്കും ഇവ ദേശാടനം നടത്താറുണ്ട്.

ഇബേഡിലെ കണക്കുകളും അഭിനന്ദിന്റെ അഭിപ്രായവുമനുസരിച്ച് ഇത് ഒമ്പതാമത്തെ തവണയാണ് കേരളത്തിൽ നിന്ന് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. വയനാട്ടിലെ കാടുകളിലും പൊന്നാനി ഹാർബ്ബർ പരിസരത്തും പിന്നെ തൃശ്ശൂരിലെ കോൾനിലങ്ങളിൽനിന്നുമാണ് പ്രധാനമായും ഇവയെ കണ്ടെത്തിയിട്ടുള്ളത്.

24-2-2018
Thommana Kole, Thrissur

എന്റെ  #പക്ഷിജീവിതം ത്തിലെ 302ാമത്തെ പക്ഷി


പത്രവാർത്തകളിൽ

 

Back to Top