ഇന്റര്‍നെറ്റില്‍ വളരെ വേഗം വളര്‍ന്നുകൊണ്ടിരിക്കുന്ന ലോകത്തിലെ തന്നെ ഏറ്റവും വലിയ സ്വതന്ത്ര ഓൺലൈൻ ശേഖരണിയാണ് വിക്കിമീഡിയ കോമണ്‍സ്. വിവിധ രാജ്യങ്ങളിലെ സന്നദ്ധപ്രവര്‍ത്തകരുടെ ശ്രമഫലമായി നാലുകോടി എണ്‍പതുലക്ഷത്തിലധികം മീഡിയകള്‍ ഈ വെബ്സൈറ്റില്‍ ശേഖരിക്കപ്പെട്ടുകഴിഞ്ഞു. ഈ ചിത്രങ്ങള്‍ കടപ്പാടോടെയോ അല്ലെങ്കില്‍ അനുമതിപത്രത്തിനനുസരിച്ചോ ആര്‍ക്കും എന്താവശ്യത്തിനും പുനരുപയോഗിക്കാവുന്ന സ്വതന്ത്രലൈസന്‍സില്‍ ഉള്ള ചിത്രങ്ങളാണ്. ഇവയാണ് 300ല്‍പ്പരം ഭാഷകളിലുള്ള വിക്കിപീഡിയകളിലും മറ്റ് വിക്കിമീഡിയ ഫൗണ്ടേഷന്റെ പദ്ധതിവിക്കികളിലും ഉപയോഗപ്പെടുത്തുന്നത്.
ഓരോ വര്‍ഷവും വിക്കിമീഡിയ കോമണ്‍സ് സമൂഹം ഏറ്റവും മികച്ച ചിത്രത്തെ തിരഞ്ഞെടുക്കാറുണ്ട്. മുന്‍ വര്‍ഷങ്ങളില്‍ ഇപ്രാകരം തിരഞ്ഞെടുത്ത ചിത്രങ്ങള്‍ ഇവിടെ കാണാം. സജീവരായ ഉപയോക്താക്കളുടെ വോട്ടെടുപ്പിലൂടെയാണ് ഇവ തിരഞ്ഞെടുക്കുന്നതെന്നതുകൊണ്ട് തന്നെ അഗോളതലത്തില്‍ വളരെ ശ്രദ്ധിക്കപ്പെടുന്ന ഒരു പദ്ധതിയാണിത്.
2018 ലെ കോമണ്‍സിലെ മികച്ച ചിത്രത്തെ തിരഞ്ഞെടുക്കാനുള്ള രണ്ടാം ഘട്ട വോട്ടെടുപ്പ് ആരംഭിച്ചുകഴിഞ്ഞു. ഏതെങ്കിലും ഒരു വിക്കിയില്‍ 75 എഡിറ്റുകള്‍ [2018 ജനുവരി 1ന് മുന്‍പ്] ഉള്ള ഏതൊരു ഉപയോക്താവിനും ഇഷ്ടപ്പെട്ട മൂന്ന് ചിത്രത്തിന് വോട്ട് രേഖപ്പെടുത്താം.