പെരുമഴ പകർന്ന പാഠങ്ങൾ

പെരുമഴ പകർന്ന പാഠങ്ങൾ

‘പെരുമഴ പകർന്ന പാഠങ്ങളി’ലൂടെ Muralee Thummarukudy പറയുന്നത്- അപ്രതീക്ഷിതമായി വന്നു കേരളത്തെ വിഴുങ്ങിയ മഹാ പ്രളയം, അതിനു മുന്നിൽ തോൽക്കാതെ ഒരു ജനത നടത്തിയ സമാനതകളില്ലാത്ത പോരാട്ടം, അതിജീവന ശ്രമങ്ങൾ, ദുരന്ത നിവാരണ മാർഗ്ഗങ്ങൾ തുടങ്ങി ഒരു ദുരന്തകാലത്തെ നേർക്കാഴ്ക്കളാണ് ഈ പുസ്തകത്തിൽ യു.എൻ.ദുരന്ത ലഘൂകരണ വിഭാഗം തലവനായ ലേഖകൻ വാക്കുകളാൽ വരച്ചിട്ടിരിക്കുന്നത്. പുര കത്തുമ്പോൾ കഴുക്കോൽ ഊരാൻ സമ്മതിക്കരുത് എന്ന ആദ്യ ലേഖനം മുതൽ പുസ്തകത്തിന്റെ അവസാന അധ്യായമായ ഒന്നാം നിരയിലെ പോരാളികൾ വരെ ഒരക്ഷരം പോലും വിടാതെ വായിച്ചിരിക്കേണ്ട ഒന്നാണ്.

കാരണം നമുക്കത്ര പരിചിതമല്ലാത്ത ദുരന്ത മുഖങ്ങളിൽ എടുക്കേണ്ട മുൻ കരുതലുകൾ, മനസ്സും ശരീരവും തളർന്നു പോവാതിരിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ , ആരോഗ്യ കാര്യത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, പുര കത്തുമ്പോൾ വാഴ വെട്ടാൻ വരുന്ന കീടങ്ങളെ തിരിച്ചറിയേണ്ടതിന്റെ ആവശ്യകത എന്നിവയൊക്കെ ഈ പുസ്തകത്താളുകൾ നമുക്കു പറഞ്ഞുതരും.ദുരന്തത്തിൽ നിന്നു കര കയറിയ ഉടനെ തന്നെ സ്ക്കൂളുകൾ തുറക്കേണ്ടതിന്റെ ആവശ്യകത, പ്രളയബാധിതമായ സ്ക്കൂളുകളിൽ പ്രളയത്തിനു മുൻപുള്ള മനസ്സോടെയാവില്ല കുട്ടികളും അധ്യാപകരുമൊക്കെ എത്തിച്ചേരുക എന്ന ഉൾക്കാഴ്ചയോടെ സത്വരമായി നടപ്പാക്കേണ്ട കാര്യങ്ങൾ എന്നിവയുടെ അതി സൂക്ഷ്മമായ വിശദാംശങ്ങൾ പോലും ദുരന്തകാലത്തെ സ്ക്കൂളുകൾ എന്ന ലേഖനത്തിൽ വിശദീകരിച്ചിട്ടുണ്ട്. പ്രളയകാലത്ത് സാധാരണ മാലിന്യങ്ങൾ മുതൽ ഇ-മാലിന്യങ്ങൾ വരെ ശാസ്ത്രീയമായി സംസ്ക്കരിക്കേണ്ടതിന്റെ ആവശ്യകത, ദുരിതാശ്വാസ ക്യാമ്പുകൾ ഫലപ്രദമായി നടത്തിക്കൊണ്ടു പോവാനുള്ള നിർദ്ദേശങ്ങൾ, പ്രളയശേഷം വീട്ടിലേക്ക് മടങ്ങിച്ചെല്ലുമ്പോൾ കുടിവെള്ള ശുദ്ധീകരണം മുതലങ്ങോട്ട് ശ്രദ്ധിക്കേണ്ട ഒരു നിര കാര്യങ്ങൾ, ഇപ്പോഴത്തെ അനുഭവ പാഠങ്ങളിൽ നിന്ന് ഉൾക്കൊണ്ട പാഠങ്ങൾ ഭാവിയിൽ ദുരന്ത ലഘൂകരണത്തിൽ പ്രയോജനപ്പെടുത്തുന്നതെങ്ങനെ , ദുരന്തകാലത്ത് ഓരോ മനുഷ്യനും സന്നദ്ധ സേവനത്തിന് ഇറങ്ങേണ്ടതിന്റെ ആവശ്യകത, അതിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, എന്നിവയൊക്കെ നമുക്കുള്ള പാഠങ്ങൾ തന്നെയാണ്.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രളയവും മറ്റു ദുരന്തങ്ങളും കണ്ടതിന്റെയും കൈകാര്യം ചെയ്തതിന്റെയും അനുഭവ സമ്പത്തിന്റെ വെളിച്ചത്തിലുള്ള നിർദ്ദേശങ്ങളാണ് കേരളത്തോട് ചില‌നിർദ്ദേശങ്ങൾ എന്ന ലേഖനത്തിലുള്ളത്. ദുരന്തമുഖത്ത് റിപ്പോർട്ട് ചെയ്യാനെത്തുന്ന മാധ്യമ പ്രവർത്തകർക്കുള്ള നിർദ്ദേശങ്ങളും ശ്രദ്ധേയം. ദുരന്തമുഖത്തെ ജനപ്രതിനിധികളുടെ പ്രവർത്തനം , നവ മാധ്യമങ്ങളുടെ പ്രവർത്തനം , തൊണ്ണൂറ്റൊമ്പതിലെ വെള്ളപ്പൊക്കത്തെക്കുറിച്ചുള്ള പരാമർശങ്ങൾ ,പ്രളയബാധിതരുടെ മാനസികാരോഗ്യം ഉറപ്പാക്കാൻ ചെയ്യേണ്ട കാര്യങ്ങൾ , രക്ഷാ പ്രവർത്തനത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ , ഗവണ്മെന്റും ജനങ്ങളും ഒറ്റക്കെട്ടായിനിന്ന് നടത്തിയ അതിജീവന പോരാട്ടങ്ങൾ ഒക്കെ ഈ പുസ്തകത്താളുകളെ സമ്പന്നമാക്കുന്നു.

ലളിതവും സരസവുമായ ഭാഷയിൽ ആശയം ഒട്ടും ചോരാതെ പറയേണ്ട കാര്യങ്ങൾ കൃത്യമായി പറഞ്ഞു പോവുന്ന ഈ പുസ്തകത്തിലെ ഓരോ പാഠവും പെരുമഴയും പ്രളയവും നമ്മെ പഠിപ്പിച്ചതെന്ത് എന്ന ചോദ്യത്തിനുള്ള ഉത്തരങ്ങൾ തന്നെയാണ്.

Back to Top