നിങ്ങളുടെ വീട്ടിൽ ഒരു പച്ചത്തുരുത്തുണ്ടോ? ചിത്രശലഭങ്ങൾക്ക് തേൻനുകരാനും, തുമ്പികൾക്ക് പാറിക്കളിക്കാനും, നാട്ടുകിളികൾക്കിരുന്ന് പാടാനും, ഓന്തച്ചനിരുന്ന് നിറം മാറാനും… ഒരു പച്ചത്തുരുത്തുണ്ടോ? ഉള്ളവർ ഭാഗ്യം ചെയ്തവർ. ഇല്ലാത്തവർ സ്വന്തം നഷ്ടം തിരിച്ചറിയാത്തവർ.
5 സെന്റ് സ്ഥലമുള്ളത്തിൽ അധികവും വീടാണ്. മിച്ചമുള്ള ഭൂമിയിൽ ഞാൻ കാത്തുവെച്ചിട്ടുണ്ട്, ഒരു പച്ചത്തുരുത്ത്. ചെത്തി, ചെമ്പരത്തി, കനകാംബരം മുതലായ ചെടികളും, പേര, ആര്യവേപ്പ്, മന്ദാരം എന്നിങ്ങനെ ചെറുമരങ്ങളുമായുള്ള ഒരു കൊച്ചു കാട്. സ്ഥലപരിമിധിയൊന്നും കണക്കിലെടുക്കാതെ നട്ട മാവിന്റെയും പ്ലാവിന്റെയും തൈകളുമുണ്ട് തൊടിയിൽ. എന്റെ പച്ചത്തുരുത്തിന് കൂട്ടായി അയൽപക്കത്തെ കാടുപിടിച്ചുകിടക്കുന്ന ഒരു 15 സെന്റ് ഭൂമിയും. അങ്ങനെ മൊത്തത്തിൽ ഒരു 20 സെന്റ് ഭൂമിയോളം വ്യാപിച്ചു കിടക്കുന്നു ‘എന്റെ’ പച്ചത്തുരുത്ത്! ഈ പച്ചത്തുരുത്തെനിക്ക് നൽകുന്ന ഊർജ്ജവും ആനന്ദവും എത്രയെന്ന് പറഞ്ഞറിയിക്കാൻ പറ്റില്ല, എങ്കിലും ശ്രമിക്കാം.
പൂത്തുലഞ്ഞുനിൽക്കുന്ന ഒരു രാജമല്ലിയാണ് തുരുത്തിലെ താരം. സ്വസൗന്ദര്യം മാത്രമല്ല ഈ രാജമല്ലിയെ താരമാക്കുന്നത്. ധാരാളമായുണ്ടാകുന്ന പൂക്കളിലെ തേൻനുകരാൻ വിവിധയിനം ശലഭങ്ങൾ പറന്നെത്തുന്നു. അവയുടെ പുറകെ ഇരപിടിയന്മാരായ തുമ്പികൾ, എട്ടുകാലികൾ, പക്ഷികൾ എന്നിവയെത്തുന്നു. ചില ശലഭങ്ങൾ ആ രാജമല്ലിയിൽ തന്നെ മുട്ടകളിടുന്നു. ഇങ്ങനെ കണ്മുന്നിൽ ഒരു ആവാസവ്യവസ്ഥ രൂപപ്പെടുന്നു. ഒരു പ്രകൃതിസ്നേഹിക്ക് ഇതിൽകൂടുതൽ എന്തുവേണം? മനസ്സിൽ സംഘർഷമോ ദുഃഖമോ വേരോട്ടം നടത്തുമ്പോൾ പുറകിലെ വാതിലൊന്ന് തള്ളിത്തുറന്നാൽ മതി… മണ്ണാത്തിപ്പുള്ളിന്റെ മധുരഗാനം കേൾക്കാം, ചിത്രശലഭങ്ങൾ കാറ്റിൽ നൃത്തം വെക്കുന്നത് കാണാം… അങ്ങനെ ദുഃഖത്തെ അലിയിച്ചുകളയാം!
പക്ഷിനിരീക്ഷണത്തിൽ മാത്രം കമ്പമുണ്ടായിരുന്ന ഞാനിന്ന് തുമ്പികളുടെയും പൂമ്പാറ്റകളുടെയും പിന്നാലെ ഓടുന്നു. അവയെപ്പറ്റി ശാസ്ത്രീയമായി മനസ്സിലാക്കാൻ ശ്രമിക്കുന്നു. മാനസികസുഖം നൽകുന്നതിനൊപ്പം ഈ തുരുത്ത് ബൗദ്ധികശക്തിയും വളർത്തുന്നു!
കേരളത്തിലുടനീളം പച്ചത്തുരുത്തുകൾ നമുക്ക് നഷ്ടപ്പെടുകയാണ്. ഇഷ്ടികകൾക്കിടയിൽപോലും പച്ചപ്പ് പൊടിപ്പിക്കാൻ കഴിവുള്ള ഈ നാട് നമ്മൾ കോണ്ക്രീറ്റ് കാടാക്കുകയാണ്. ഫലഭൂയിഷ്ഠമായ മണ്ണിനെ ടൈലുകൾക്കടിയിൽ നമ്മൾ ശ്വാസംമുട്ടിച്ച് കൊല്ലുന്നു. അനേകായിരം ജീവികൾ വസിക്കുന്ന തണ്ണീർത്തടങ്ങൾ, സ്വന്തം ജലഭദ്രതപോലും മറന്ന് മണ്ണിട്ട് മൂടുന്നു. “ഇല പൊഴിക്കുന്നു”, “ഫലങ്ങൾ വീഴ്ത്തുന്നു” എന്നിങ്ങനെ കഥയില്ലാത്ത കാരണങ്ങൾ നിരത്തി വൃക്ഷശ്രേഷ്ഠരെ നിഷ്‌കരുണം വെട്ടിവീഴ്ത്തുന്നു. രണ്ടുപേർക്ക് താമസിക്കാൻ 5 ബെഡ്റൂമുള്ള കൊട്ടാരമുണ്ടാക്കുന്നു. വളവിനപ്പുറത്തെ കടയിൽപോകാൻ കാർ ഉരുട്ടുന്നു.
“കാര്യങ്ങളൊക്കെ കൈവിട്ട് പോയി. പ്രകൃതിയെ രക്ഷിക്കാൻ നമുക്കൊന്നും ചെയ്യാനാവില്ല” എന്ന് വിതുമ്പുന്ന പരാജയമനഃസ്ഥിതിക്കാരോട് ഞാൻ ചോദിക്കുന്നു.. നിങ്ങളുടെ വീട്ടിൽ ഒരു പച്ചത്തുരുത്തുണ്ടോ?
great ❤️❤️❤️
Adipoli, u r great
Thanks!
Thanks man!
കലാകാരനായ പ്രകൃതി നിരീക്ഷകന്റെ സാഹിത്യം നിറഞ്ഞ നിരീക്ഷണവും മുന്നറിയിപ്പും അതി മനോഹരമായിട്ടുണ്ട്.
ഇനിയും ഇതു പോലുള്ള മേന്മ യേറിയ ഉപകാര പ്രദമായ സൃഷ്ടി കൾ ആ തൂലികയിൽ നിന്നും നാമ്പെടുക്കട്ടെ എന്നാശംസിച്ചു കൊണ്ട്.
സുഹൃത്ത് ജിൻഷ
ഈ പറഞ്ഞ എല്ലാ ജീവികളും ഞങ്ങളുടെ തുരുത്തിൽ ഉണ്ട് ചുറ്റി യാട്ടകൾ ഒഴി കെ കൂടാതെ കൊളാക്കോ ഴി യും പരു ദു ഉം പുള്ളിക്കുയിലും പ്രാ വും ഉണ്ട്
Nicely written 👌