വീട്ടുവളപ്പിൽ വരുന്ന എല്ലാത്തരം ജീവികളെയും കൗതുകത്തോടെ നോക്കിനിൽക്കുക പണ്ടുമുതലേ ഉള്ള ഒരു വിനോദമായിരുന്നു. പക്ഷി നിരീക്ഷണത്തിലേക്കുള്ള വരവും അങ്ങനെയാണ്. കുഞ്ഞിലെ ബാലരമ വാങ്ങിയപ്പോൾ കൂടെ കിട്ടിയ പക്ഷികളുടെ പോസ്റ്ററിൽ നിന്നാണ് തുടക്കം. പോസ്റ്ററിലുള്ള പക്ഷികളെ നേരിൽ കാണാൻ വേണ്ടിയും, അവരുടെ പേരുകൾ പഠിക്കാനും ശ്രമിച്ചു. ചെറിയ ചിത്രശലഭങ്ങളുടെയും മറ്റും ഫോട്ടോ മൊബൈൽ ക്യാമറയിൽ പകർത്തിയ ശേഷം അവയുടെ അടയാളങ്ങൾ നോക്കി ഇന്റർനെറ്റിൽ നിന്നും അത് എന്താണെന്ന് കണ്ടുപിടിക്കാനും ശ്രമിക്കുമായിരുന്നു.
ഓരോ തരം ജീവജാലങ്ങളുടെയും കൂടുതൽ കൃത്യമായ വിവരങ്ങൾ തരാൻ കഴിയുന്ന വിവിധ ഗ്രൂപ്പുകൾ സമൂഹമാധ്യമങ്ങളിൽ ഉണ്ടെന്ന് പിന്നീട് അറിയുകയുണ്ടായി. അന്നു മുതൽ കിട്ടുന്ന എല്ലാ തരം ജീവികളെയും അതാത് ഗ്രൂപ്പുകളിൽ ഇട്ട് പേരും വിവരങ്ങളും കണ്ടെത്താൻ തുടങ്ങി.
പല്പിഫെർ ഇനത്തിൽപ്പെട്ട പുതിയ ഒരു നിശാശലഭത്തെ ഇന്ത്യയിൽ നിന്നും ആദ്യമായി കണ്ടെത്തിയത് അങ്ങനെ ഒരു തിരച്ചിലിൽ തന്നെയാണ്. വൈവിധ്യമാർന്ന ജീവജാലങ്ങളാണ് നിശാശലഭങ്ങൾ. രാത്രി നല്ല വെളിച്ചം ഉള്ള സ്ഥലമാണെങ്കിൽ ഒരിടത്ത് തന്നെ ഒരുപാട് ഇനങ്ങളെ കിട്ടും, ഫോട്ടോ എടുക്കാൻ ഒരുപാട് അന്വേഷിച്ചു പോകേണ്ട കാര്യമില്ല. ‘ഇന്ത്യൻ മോത്ത്സ്‘ എന്ന ഫേസ്ബുക്ക് ഗ്രൂപ്പാണ് അവയുടെ വിവരങ്ങൾ കണ്ടെത്താൻ വേണ്ടി ഞാന്‍ ഉപയോഗിക്കുന്നത്.
രാത്രി വീട്ടിലെ ഭിത്തിയിൽ ആണ് ആ നിശാശലഭത്തെ കണ്ടത്. സാധാരണ ഞാൻ കണ്ടിട്ടുള്ള നിശാശലഭങ്ങളെകാളും വ്യത്യസ്തമായ ഒരു രൂപമായി തോന്നി. അതുകൊണ്ട് തന്നെ ഫോട്ടോ എടുക്കുകയും, ഗ്രൂപ്പിൽ പോസ്റ്റ് ചെയ്യുകയും ചെയ്‌തു. പല്പിഫെർ നിശാശലഭങ്ങൾ ഉൾപ്പെടുന്ന ഹെപ്യലിടെ കുടുംബങ്ങളിലെ നിശാശലഭങ്ങളെ പറ്റി ഒരു പേപ്പർ പബ്ലിഷ് ചെയ്‌ത ഡോ. വിജയ് ആണ് ആ കുടുംബങ്ങളുടെ തന്നെ അതോറിറ്റിയായ ഡോ. ജോൺ ഗൃഹാനെ ബന്ധപ്പെടാൻ ആവശ്യപ്പെട്ടത്. ഡോ. ഗൃഹാനുമായി ഇമയിൽ വഴി ഫോട്ടോ പങ്കുവെച്ചു. അദ്ദേഹമാണ് ഇന്ത്യയിൽ നിന്നുള്ള ആദ്യ റിപ്പോർട്ട് ആണ് ഇതെന്ന് സ്ഥിതികരിച്ചത്. തുടർന്ന് ഈ കണ്ടെത്തൽ ബിഷപ് മ്യൂസിയം ഓഫ് നാച്ചുറൽ ഹിസ്റ്ററി പ്രസിദ്ധീകരിക്കുന്ന അന്താരാഷ്ട്ര ജർണലിൽ പരാമര്‍ശിക്കുകയും ചെയ്‌തു.
പുതിയ ഒരു കണ്ടെത്തൽ നടത്താനും ശാസ്ത്രീയമായ സംഭാവനകൾ ചെയ്യാനും എല്ലാവർക്കും കഴിയും. അതിന് ശാസ്ത്രജ്ഞർ ആവണമെന്നില്ല. അതിന് സിറ്റിസൺ സയൻസ് (citizen science – പൗരശാസ്ത്രം) എന്നാണ് പറയുന്നത്. ജൈവവൈവിധ്യ ലോകത്ത് ചുരുളഴിയാത്ത ഒട്ടേറെ രഹസ്യങ്ങൾ ഇനിയും ഉണ്ട്. കൃത്യമായ നിരീകഷണത്തിലൂടെ ഇത് ഓരോന്നായി കണ്ടുപിടിക്കപ്പെടുന്നുണ്ട്. ചുറ്റും കാണുന്ന ഒരു ചെറിയ പ്രാണിയിൽ പോലും അത്ഭുതങ്ങൾ ഉണ്ടാവാം. ചിലപ്പോൾ ലോകത്ത് ഇന്നേവരെ തിരിച്ചറിയപ്പെട്ടിട്ടില്ലാത്ത ഒന്നാവാം അത്.
സിയാദ് എ കരിം