നിശാശലഭങ്ങളുടെ ബാലൻസിങ്

നിശാശലഭങ്ങളുടെ ബാലൻസിങ്

കാഴ്ചകളും ചെവിക്കുള്ളിലെ കനാലിലെ മർദ്ദവ്യത്യാസവുമാണു മനുഷ്യനെയും മറ്റു വലിയ മൃഗങ്ങളെയും ചടുലമായനീക്കങ്ങൾക്കിടയിലും വീഴാതെ നിർത്താൻ സഹായിക്കുന്നത്. പകൽ പറക്കുന്ന തൂമ്പികളെപ്പോലെയുള്ള ജീവികൾ ബാലൻസ് ചെയ്യാൻ കാഴ്ചയെയാണു മുഖ്യമായും ഉപയോഗിക്കുന്നത്. രണ്ടു ചിറകുകൾ മാത്രമുള്ള ഈച്ചകൾക്ക് ശരീരത്തിന്റെ സംതുലനം നിലനിർത്താനായി ചെറിയ വടിപോലുള്ള ഒരു ജോഡി അവയവങ്ങളുണ്ട് (Halteres). എന്നാൽ അരണ്ടവെളിച്ചത്തിൽ സഞ്ചരിക്കേണ്ടിവരുന്ന നിശാശലഭങ്ങൽക്ക് കാഴ്ചയെമാത്രം ആശ്രയിക്കാനാവില്ല, കാരണം കുറഞ്ഞവെളിച്ചത്തിൽ കണ്ണുകളുടെ പ്രവർത്തനം പതുക്കെയേ നടക്കൂ എന്നതുതന്നെ. നിശാശലഭങ്ങൾ പൊതുവെ പകൽ സമയങ്ങളിൽ ഇരപിടിയന്മാരുടെ കണ്ണിൽ‌പ്പെടാതെ ഒളിച്ചിരിക്കുകയും രാത്രിയിൽ വെളിച്ചത്തിനു നേരെ പറക്കുകയും ചെയ്യുന്നവരാണു. രാത്രിയിലെ പറക്കലിനിടെ പ്രകാശസ്രോതസ്സിനെ ലക്ഷ്യം വെയ്ക്കുന്നതിനോടൊപ്പം കാറ്റിൽ നിന്നും ശത്രുക്കളിൽ നിന്നും തെന്നിമാറേണ്ടതുമുണ്ട്. മണിക്കൂറിൽ 12 മൈൽ വേഗതയിൽ വരെ പറക്കുന്ന നിശാശലഭങ്ങളെ സ്വന്തം ശരീരം ബാലൻസിങ്ങ് ചെയ്യാൻ സഹായിക്കുന്നത് അവയുടെ ആന്റിന ആണെന്നാണു പഠനങ്ങൾ തെളിയിക്കുന്നത്. ശരീരം കറങ്ങുന്നതിനനുസരിച്ച് അന്റിന പ്രത്യേക ആവൃത്തിയിൽ പ്രകമ്പനം ചെയ്യുകയും അന്റിനയുടെ നീക്കവും (Deflection) പ്രകമ്പനവും ആന്റിനയ്ക്കടിഭാഗത്തുള്ള സെൻസറുകൾ പിടിച്ചെടുക്കുകയും തലച്ചോറിലേയ്ക്ക് അയക്കുകയും ചെയ്യുന്നു. ലഭിക്കുന്ന സിഗ്നലുകൾക്കനുസരിച്ച് ശരീരം ചലിപ്പിക്കാനുള്ള നിർദ്ദേശങ്ങൾ തലച്ചോറ് ശരീരഭാഗങ്ങൾക് നൽകുകയും ചെയ്യുന്നു.


  1. https://www.livescience.com/4338-mystery-moth-flight-uncovered.html
  2. https://www.scientificamerican.com/article/the-mathematical-butterfly-simulations-provide-new-insights-on-flight/
  3. Why are Moths Attracted to Flame? https://www.npr.org/templates/story/story.php?storyId=12903572
  4. https://en.wikipedia.org/wiki/Halteres
Back to Top