അപൂർണ്ണ രൂപാന്തരീകരണം വഴി ജീവിതചക്രം പൂർത്തിയാക്കുന്ന ഒരു പ്രാണിയാണ് തുമ്പി. ഇവയുടെ ലാർവ മുട്ടവിരിഞ്ഞു വെള്ളത്തിൽ വളരുന്നു. വളർച്ച പൂർത്തിയാക്കി ഇമാഗോ ആയി രൂപാന്തരീകരണം പ്രാപിക്കുന്നതിനായി കരക്ക് കയറുന്നതിനു മുൻപ് അവ എട്ട് മുതൽ പതിനേഴ് പ്രാവശ്യം വരെ പടം പൊളിക്കുന്നു.
ശിരസ്സ് (head), ഉരസ്സ് (thorax), ഉദരം (abdomen) എന്നിങ്ങനെ മൂന്ന് ഭാഗങ്ങൾ ചേർന്നതാണ് തുമ്പികളുടെ ശരീരം. കല്ലൻ തുമ്പികളും സൂചിത്തുമ്പികളും കാഴ്ച്ചയിൽ വ്യത്യസ്തരാണെങ്കിലും ഘടനാപരമായി അവയുടെ ശരീരം ഒരുപോലെയാണ്.
ഗോളാകൃതിയിലുള്ള വലിയ കണ്ണുകളാണ് തുമ്പികൾക്കുള്ളത് (ശിരസ്സിന്റെ മുക്കാൽ ഭാഗവും കണ്ണുകളാണ്). കല്ലൻ തുമ്പികളുടെ കണ്ണുകൾ, പൊതുവെ ശിരസ്സിനു മുൻവശത്തായി ഒരുമിച്ച് ചേർന്ന് കാണപ്പെടുമ്പോൾ സൂചിത്തുമ്പികളുടെ കണ്ണുകൾ ശിരസ്സിന് ഇരു വശത്തായി കാണപ്പെടുന്നു. ശിരസ്സിന്റെ മുൻവശത്തായി ocelli എന്നറിയപ്പെടുന്ന അവയവങ്ങൾ (മൂന്നെണ്ണം ) ഉണ്ട്. അകശേരുകികളിൽ കാണപ്പെടുന്ന ഒരു ലെൻസ് മാത്രമുള്ള ഒരിനം കണ്ണുകളാണ് ഓസെല്ലി (പറക്കുന്ന സമയത്ത് ശരീരത്തിന്റെ തുലനം നിലനിർത്താൻ ഇവ സഹായിക്കുന്നു). നേർത്ത് നാരുപോലെയുള്ള വളരെ ചെറിയ ഒരു ജോഡി സ്പർശിനികളാണ് (antennae) ശിരസ്സിലുള്ള മറ്റൊരവയവം. ശിരസ്സിന് താഴെയായി വായയും മറ്റനുബന്ധ അവയവങ്ങളും കാണപ്പെടുന്നു.
ശിരസ്സിനോട് തൊട്ട് കാണുന്ന ശരീരഭാഗമാണ് ഉരസ്സ്. പ്രോതോറാക്സ് ശിരസ്സിനെ ഉരസ്സുമായി ബന്ധിപ്പിക്കുന്നു. ശിരസ്സിന് പരമാവധി ചലന ശേഷി ലഭ്യമാകുന്ന വിധത്തിലാണ് തുമ്പികളുടെ തല പ്രോതോറാക്സുമായി ബന്ധിപ്പിച്ചിട്ടുള്ളത്. എന്നാൽ ഇരപിടിക്കുന്ന സമയത്തും, ഇണ ചേരുന്ന സമയത്തുമെല്ലാം ശിരസ്സ് നിശ്ചലമായി ഉറപ്പിച്ചു നിർത്താൻ പേശീനിർമ്മിതമായ സവിശേഷമായ ഒരു സംവിധാനം തുമ്പികൾക്കുണ്ട് (Head Arrester System). ജീവികളിൽ തുമ്പികൾക്ക് മാത്രമാണ് ഇത്തരത്തിലുള്ള ഒരു അവയവ സംവിധാനമുള്ളത്.
അകമേ കൂടിച്ചേർന്നിട്ടുള്ള 3 ഖണ്ഡങ്ങളാണ് ഉരസ്സിലുള്ളത്. ഉരസ്സിൽ 3 ജോഡി കാലുകളും 2 ജോഡി ചിറകുകളും ഉണ്ട്. സൂചിത്തുമ്പികളുടെ 2 ജോഡി ചിറകുകൾക്കും ഒരേ ആകൃതിയാണുള്ളതെങ്കിൽ കല്ലൻ തുമ്പികളുടെ പിൻചിറകുകൾക്ക് മുൻചിറകുകളെ അപേക്ഷിച്ച് (ചിറകിന്റെ തുടക്ക ഭാഗത്തിന്) വീതി കൂടുതലുണ്ട്. ചിറകുകളിലുള്ള ഞരമ്പുകളുടെ വിന്യാസം ഓരോ സ്പീഷീസിലും വ്യത്യസ്തമായിരിക്കും. ചിറകുകളുടെ താഴ്ഭാഗത്തുള്ള സെൽ (discoidal cell) കല്ലൻ തുമ്പികളിൽ ത്രികോണാകൃതിയിലും സൂചിത്തുമ്പികളിൽ ചതുർഭുജാകൃതിയിലും കാണപ്പെടുന്നു. ചിറകുകളുടെ മുകൾ അരികിലായി അല്പം കട്ടികൂടിയ ഒരു പൊട്ട് (pterostigma) കാണാം. ഇതിന്റ ആകൃതി, വലുപ്പം, നിറം എന്നിവയെല്ലാം സ്പീഷീസിനനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കും.
ഇരപിടിക്കുന്നതിനായാണ് തുമ്പികൾ പ്രധാനമായും അവയുടെ കാലുകൾ ഉപയോഗിക്കുന്നത്. പറക്കുമ്പോൾ കാലുകൾ വിടർത്തി ഒരു കൂടയുടെ ആകൃതിയിൽ പിടിച്ചു കൊണ്ട് അന്തരീക്ഷത്തിൽ നിന്നും ഇരകളെ കോരിയെടുക്കുന്ന രീതിയിലാണ് പലപ്പോഴും തുമ്പികൾ ഇരപിടിക്കുന്നത് (തുമ്പികൾ പൊതുവെ, കല്ലൻ തുമ്പികൾ പ്രത്യേകിച്ചും, വായുവിൽ പറന്നു നടക്കുന്ന ജീവികളെയാണ് ഭക്ഷണമാക്കുന്നത്). ആൺതുമ്പികൾ ഇണചേരുന്നതിന് വേണ്ടി പെൺതുമ്പികളെ പിടിക്കുന്നതിനും മറ്റ് ആൺതുമ്പികളെ തുരത്തിയോടിക്കുന്നതിനും അവയുടെ കാലുകൾ ഉപയോഗപ്പെടുത്തുന്നു. കൂടാതെ വിശ്രാന്താവസ്ഥയിൽ മരക്കമ്പുകളിലും മറ്റും പിടിച്ചിരിക്കുന്നതിനും കാലുകൾ ഉപയോഗിക്കുന്നു.
ഉരസ്സിനോട് ചേർന്ന് 10 ഖണ്ഡങ്ങളുള്ള ഉദരം കാണപ്പെടുന്നു. ഉദരത്തിന്റെ 8-9 ഖണ്ഡങ്ങളിലായിട്ടാണ് പ്രത്യുൽപ്പാദന അവയവം കാണപ്പെടുന്നത്. ആൺതുമ്പികളിൽ അവയുടെ ഉദരത്തിന്റെ 2-3 ഖണ്ഡങ്ങളിലായി ഒരു ദ്വിതീയപ്രത്യുല്പാദന അവയവം കൂടി കാണാം. അത് കൊണ്ട് പെൺതുമ്പികളെ അപേക്ഷിച്ച് ആൺതുമ്പികളുടെ ഈ ഭാഗം തടിച്ചു വീർത്തിരിക്കും (ആൺതുമ്പികളെ പെൺതുമ്പികളിൽ നിന്നും തിരിച്ചറിയാൻ സഹായിക്കുന്ന പ്രധാന വ്യത്യാസമാണിത്). ഉദരത്തിന്റെ അവസാന ഖണ്ഡത്തിനോട് ചേർന്ന് രണ്ട് ജോഡി കുറുവാലുകൾ കാണപ്പെടുന്നു (എന്നാൽ കല്ലൻ തുമ്പികളിൽ താഴെ ഒറ്റ ചെറുവാൽ മാത്രമാണുള്ളത്).
കണ്ണിന്റെ നിറം; ഉരസ്സിലെ പാടുകളുടെ ആകൃതി, വിതരണം; ചിറകിലെ പൊട്ടിന്റെ ആകൃതി, നിറം, വലുപ്പം; ചിറകിലെ ഞരമ്പുകളുടെ വിന്യാസം; ഉദരത്തിലെ പാടുകൾ; ചെറുവാലുകളുടെ വലുപ്പം, ഘടന, ആകൃതി എന്നിവയെല്ലാം നോക്കിയാണ് തുമ്പികളുടെ സ്പീഷീസുകളെ തിരിച്ചറിയുന്നത്.