ഹിമം, ജലം, നീരാവി ഇവയെ തമ്മില്‍ ബന്ധിപ്പിക്കുന്ന ഒരു മധ്യസ്ഥനാണ് മഴ എന്നു വേണമെങ്കില്‍ പറയാം. ജലത്തിന്റെ ചാക്രിക ചലനത്തിലെ ഒരു പ്രധാനി. ജലാവസ്ഥയില്‍ കടലിലും ഹിമാവസ്ഥയില്‍ അതിശൈത്യപ്രദേശങ്ങളിലുമുള്ള വെള്ളം സൂര്യപ്രകാശത്താല്‍ നീരാവിയായി അന്തരീക്ഷത്തിലേക്ക് ഉയരുകയും മഴയായി വീണ്ടും ഭൂമിയിലേക്ക് തിരികെയെത്തുകയും ചെയ്യുന്നു എന്ന അടിസ്ഥാനശാസ്ത്രം നമ്മുടെ പ്രാഥമിക പഠനങ്ങളില്‍ ഉൾപ്പെടുത്തിയിട്ടുണ്ട്.
മഴ ലഭിച്ചതുകൊണ്ടുമാത്രം കാര്യമില്ല, ആ ജലത്തെ ഉപയോഗപ്രദമാക്കാനുള്ള ഭൂമിയുടെ സാധ്യതകൾ കൂടിയുണ്ടെങ്കിലേ മഴകൊണ്ടു പ്രയോജനമുള്ളൂ. ഏറ്റവും കൂടുതല്‍ മഴ പെയ്യുന്ന ചിറാപുഞ്ചിയില്‍ കൃഷിക്കനുയോജ്യമല്ലാത്ത മണ്ണാണുള്ളത്. മേൽമണ്ണിനെ മഴ ഒഴുക്കിക്കളയുകയും കുടിവെള്ളത്തിനുപോലും ക്ഷാമമുണ്ടാവുകയും ചെയ്യുന്നു ചിറാപുഞ്ചിയില്‍. പിന്നെ എത്ര മഴകിട്ടിയിട്ടും എന്തു പ്രയോജനം? പക്ഷേ, കേരളത്തെ സംബന്ധിച്ചാവട്ടെ കൃഷിക്കും മറ്റും ഏറ്റവും അനുകൂലമായ ഭൗമാവസ്ഥയാണ് ഉള്ളത്. കിട്ടുന്ന മഴയെ പൂർണ്ണമായും ഉപയോഗിക്കാനും നമുക്കാവും. പക്ഷേ, അതിന്റെ സാധ്യതകള്‍ നാമെത്രമാത്രം പ്രയോജനപ്പെടുത്തുന്നുണ്ട് എന്ന് പുനരാലോചിക്കുന്നത് നന്നായിരിക്കും.
കൃഷിക്കു മാത്രമല്ല സമ്പന്നമായ ജൈവവൈവിധ്യത്തിനും മഴ ഏറ്റവും അത്യന്താപേക്ഷിതമാണ്. മഴ എന്ന പ്രതിഭാസത്തെ ആശ്രയിച്ചു കഴിയുന്ന ജീവജാലങ്ങള്‍ നിരവധിയാണ്. മഴ പെയ്തതിനുശേഷം മാത്രം പ്രജനനത്തിനായി മണ്ണിനടിയില്‍ നിന്നും പുറത്തുവരുന്ന പാതാളത്തവള തന്നെ ഏറ്റവും വലിയ ഉദാഹരണം. കാടിന്റെ നിലനിൽപ്പിന് മഴ അത്യാവശ്യമാണെന്ന് പറയേണ്ടതില്ലല്ലോ. പുഴയെന്നാല്‍ ഒഴുകുന്നതാവണം. ആ ഒഴുക്കിനും മഴ അത്യന്താപേക്ഷിതമാണ്.
കൂട് മാസികയുടെ ജൂണ്‍ ലക്കത്തില്‍ തൃശ്ശൂര്‍ കേരളവർമ്മ കോളേജിന്റെ പ്രിൻസിപ്പാൾ ഡോ. കെ. കൃഷ്ണകുമാരി എഴുതിയ കവര്‍സ്റ്റോറി – മഴ എന്ന ലയവിന്യാസം.
മാസിക എല്ലാ വരിക്കാർക്കും ഇന്ന് (06.06.2018) കല്ലേറ്റുംകര ആര്‍.എം.എസ്സില്‍ നിന്നും പോസ്റ്റ് ചെയ്തിട്ടുണ്ട്.