കക്കാടംപൊയിലിന്റെ നിഗൂഢതയിലേക്കു ഒന്നിറങ്ങാൻ കൊതിച്ചു തുടങ്ങീട്ട് ഏറെ നാളായി . ആ നിയോഗം ഉണ്ടായത് ഇപ്പോഴാണെന്നേയുള്ളൂ . മലപ്പുറം പക്ഷികളുടെ കണക്കെടുപ്പ് , അതാണ് ഔദ്യോഗികത – അതിനുമപ്പുറം ചാറ്റ് ബോക്സിലെ വരികൾക്കിടയിൽ മാത്രം കണ്ട കുറച്ചു കൂട്ടുകാരെ നേരിൽ കാണാമെന്ന ആഹ്ലാദം.
തലശ്ശേരി നിന്നും ഞാനും മോനും രാവിലെ 7 മണിക്ക് കോഴിക്കോട് ബസ്സിൽ കൊയിലാണ്ടിയിൽ ചെന്നിറങ്ങി . അവിടെനിന്നും താമരശ്ശേരി – മുക്കം . മുക്കം ബസ് ഇറങ്ങി അന്വേഷിച്ചപ്പോൾ തിരുവമ്പാടി പോയാൽ ഓരോ മണിക്കൂർ ഇടവിട്ട് ബസ് ഉണ്ടെന്നാണ് അറിഞ്ഞത്. അവിടെ എത്തി അന്വേഷിച്ചപ്പോൾ 11 . 45 നു ബസ് ഉണ്ടെന്നറിഞ്ഞു . എന്നാൽ ഭക്ഷണം കഴിച്ചു പോകാം എന്നായി . കേരളീയരുടെ ദേശീയ ഭക്ഷണമായ പൊറോട്ടയും മൽസ്യ കറിയും കഴിച്ചപ്പോ ഇനി വൈകിട്ട് കഴിച്ചാൽ മതി എന്ന് തീരുമാനിച്ചു 😋. വീണ്ടും ബസ് കാത്ത് നിന്നപ്പോൾ കണ്ട ഒരാൾ വിശദമായി വഴി പറഞ്ഞു തന്നു , കക്കാടംപൊയിൽ ചെന്നിറങ്ങിയാൽ ഞങ്ങൾക്ക് പോകേണ്ട വെണ്ടേക്കുംപൊയിൽ വരെ ഓട്ടോ കിട്ടും . മൂന്നു – നാലു കിലോമീറ്റെർ ദൂരം ഉണ്ട് , 100 രൂപയാണ് ഓട്ടോ ചാർജ് . വഴി നല്ലതല്ല, അതാണ് എന്നൊക്കെ.
ബസ് കക്കാടംപൊയിലിനെ ലക്ഷ്യമാക്കി കാട്ടുപാതയിലൂടെ ഓടിക്കൊണ്ടിരുന്നു . ഇടയ്ക്കു റബ്ബർ തോട്ടങ്ങൾ , കായ്ച്ചു നിൽക്കുന്ന ജാതി മരങ്ങൾ , ഇടയ്ക്കു കശുമാവുകളും. ഹെയർപിൻ വളവുകൾ കേറി ഒരു മണിയോടെ കക്കാടംപൊയിൽ എത്തി, ഓട്ടോയിൽ വെണ്ടേക്കുംപൊയിലിലേക്ക്, വഴി കണ്ടപ്പോ മനസ്സിലായി , വെറുതെയല്ല 100 രൂപ ചാർജ് എന്ന് . അവിടെ എത്തി മുന്നേ ദിവിൻ പറഞ്ഞപോലെ അപ്പച്ചൻ ചേട്ടന്റെ കടയിലെത്തി കാര്യം പറഞ്ഞപ്പോ മുൻപരിചയമുള്ളപോലെ ചേട്ടൻ താക്കോൽ തന്നു , വഴിയൊക്കെ പറഞ്ഞു തന്നു . ഒരു കിലോമീറ്റെർ ഉണ്ട് , വേണമെങ്കിൽ ജീപ്പ് നോക്കാം , വരട്ടെ എന്ന് പറഞ്ഞപ്പോ ‘ വേണ്ട ഞങ്ങൾ നടന്നോളാം ‘ എന്ന് പറഞ്ഞു ഒരു കട്ടൻ ചായയും കുടിച്ചു ഇറങ്ങി.
വഴിയിലിറങ്ങി നടത്തം തുടങ്ങി, ആദ്യംകാണുന്ന ഇടത്തോട്ടുള്ള കട്ട് റോഡ് എന്ന് പറഞ്ഞു തന്നത് വലത്തോട്ടുള്ള റോഡിലേക്ക് കേറി അബദ്ധം പറ്റിയപ്പോഴേ ഓർത്തുള്ളൂ . കഷ്ടപ്പെട്ട് കുത്തനെയുള്ള റോഡിൽ കേറി അതല്ല വഴി എന്ന് മനസ്സിലായപ്പോളാണ് 250 മീറ്റർ പോകാൻ സ്കൂട്ടർ എടുക്കുന്ന എനിക്ക് നടത്തത്തിന്റെ രൂക്ഷത മനസ്സിലായത് 😁. എന്തായാലും തിരികെ ഇറങ്ങി , അവിടുന്ന് വഴി തേടിയെങ്കിലും സ്വാഗതം ചെയ്യാൻ ഒരു കാട്ടൂഞ്ഞാലിയും കാട്ടിലക്കിളിയും ഉണ്ടായിരുന്നു , കൂടെ ഡ്രോങ്കോ കുക്കൂ വിന്റെ ചെറു ഗാനവും.
വീണ്ടും ദിവിനെ വിളിച്ചു,”മിസ്റ്റി വുഡ്സ്” എന്ന ബോർഡ് ഉള്ള വഴിയിലേക്ക് തിരിഞ്ഞു കോഴി ഫാം, സ്കൂൾ ഇതൊക്കെ കഴിഞ്ഞു റോഡിൽ നിന്നും അല്പം മുകളിലേക്കുള്ള വഴിയിലൂടെ കേറിയാൽ വീട് കാണാം എന്ന് പറഞ്ഞത് കേട്ട് നടത്തം തുടങ്ങി . അങ്ങനെ സ്ഥലത്തു എത്തിയെങ്കിലും അതാണോ വീട് എന്ന് ഉറപ്പില്ലാതെ ഒരു അങ്കലാപ്പിൽ നിൽക്കുമ്പോ ഒരു ജീപ്പ് കേറി വന്നു, പരിചയമില്ലാത്തവരെ കണ്ടതുകൊണ്ടു അവർ നിർത്തി അന്വേഷിച്ചു, മുകളിൽ ഒരു വീടുണ്ട് , അവിടെ കിണറുപണിക്കു പോകുവാണ്, വന്നോളൂ, ഏതായാലും താക്കോൽ ഉണ്ടല്ലോ നോക്കാം എന്ന് അവർ , നല്ല ധൈര്യം ഉള്ളതുകൊണ്ട് ഞങ്ങൾ പുറകിൽ കേറി . അങ്ങനെ 3 കിലോമീറ്റെർ പോയപ്പോ ഞങ്ങൾ പറഞ്ഞു കടയിൽ നിന്നും 1 കിലോമീറ്റർ ആണെന്ന പറഞ്ഞെ എന്ന്. എന്തായാലും അവിടെത്തി തുറന്നു നോക്കാൻ ശ്രമിച്ചപ്പോഴേ മനസ്സിലായി ഇതല്ലെന്നു. പണിക്കാരെ ഇറക്കി ജീപ്പ് തിരികെ ഞങ്ങൾ ആദ്യം നിന്നിരുന്ന സ്ഥലത്തു വന്നു വീട്ടിലേക്കു കേറി. തുറന്നു നോക്കിയപ്പോ മനസ്സിലായി, ഇതുതന്നെയെന്നു . ആ നല്ല മനുഷ്യൻ പൈപ്പ് ഉണ്ടൊന്നൊക്കെ നോക്കി ലൈറ്റ് ഓൺ ആക്കി, പൊട്ടിയ പൈപ്പ് ശരിയാക്കി കൂട്ടുകാർ എത്തുന്നവരെ റസ്റ്റ് എടുത്തൊന്നും പറഞ്ഞു പോയി . നല്ല മനുഷ്യരെ വഴീന്നും കിട്ടും .☺
റൂമൊക്കെ തൂത്തു എല്ലാം ഒതുക്കി വെള്ളം എടുത്തു തിളപ്പിച്ച് വച്ച് നസ്റു, സുജീഷ് ,ഇവരെയും കാത്തിരുന്നു. വിളിച്ചപ്പോ മനസ്സിലായി അവർക്കും വഴി തെറ്റിയെന്ന് , റൂം പൂട്ടി ഞങ്ങൾ റോഡിലേക്കിറങ്ങി . പൊന്തക്കുള്ളിൽ 2 ചെഞ്ചിലപ്പന്മാർ , കൂടെ മണികണ്ഠൻ . അടുത്ത് തന്നെ മഞ്ഞപ്പിടലി മരംകൊത്തിയുടെ ശബ്ദവും . അത് അടുത്തുള്ള കവുങ്ങിൽ വന്നിരുന്നു . അപ്പോഴാണ് മുകളിൽ വട്ടം കറങ്ങി വന്ന കരിം പരുന്തിനെ കണ്ടത് . ആഹാ എല്ലാരും ഉണ്ടല്ലോ . കുറച്ചുനേരം നടന്നു തിരികെ വന്നു വീണ്ടും നസ്രുവിനെ വിളിച്ചു , വരുമ്പോ ചായപ്പൊടീം പഞ്ചസാരയും വാങ്ങിക്കാൻ പറഞ്ഞു . കുറേക്കൂടി കഴിഞ്ഞപ്പോ അവർ എത്തി , വഴി തെറ്റി ഭൂമി ഉരുണ്ടതാണെന്ന് തെളിയിച്ചു കൊണ്ട് .നസ്റു , സുജീഷ് , കൂടെ ഡോക്ടർ ഫസൽ , നസ്റു വിനെ മാത്രമേ മുന്നേ കണ്ടിരുന്നുള്ളൂ . എന്നാലും എല്ലാരേം നല്ല പരിചയം .
റൂമിലെത്തി ഒന്ന് ഫ്രഷ് ആയി ചായ ആയപ്പോഴേക്കും ദിവിൻ എത്തി . ചായ കഴിഞ്ഞു ഒരു നടത്തം , റോഡിലേക്ക് മുകളിലേക്ക് . നല്ല കാഴ്ചകൾ , നാട്ടുകാർ ഓരോരുത്തരായി മുന്നിലെത്തി , കാട്ടു വേലി തത്ത , കാട്ടൂഞ്ഞാലികൾ , ചെഞ്ചിലപ്പന്മാർ . മഞ്ഞപ്പിടലി മരംകൊത്തികൾ . ത്രയാംകുലി മരംകൊത്തി , ലളിത , തീക്കാക്ക , പിന്നെ പൊടിച്ചിലപ്പൻ , ചോലക്കുടുവൻ, ഇങ്ങനെ ഒരുപാടുപേർ , നല്ലൊരു കാഴ്ച കഴിഞ്ഞു ഇരുട്ടായപ്പോ കാവികളുടെ ചൂളം വിളി കേട്ട് മടങ്ങി .
റൂമിലെത്തി ദിവിൻ മടങ്ങി . ഞങ്ങൾ പുറത്തു ഇറങ്ങി കത്തി വെപ്പും തുടങ്ങി . 9 മണിക്ക് ഭക്ഷണം കഴിക്കാൻ അപ്പച്ചൻ ചേട്ടന്റെ കടയിലേക്ക് പോകും മുന്നേ നജീബും ഡോക്ടർ ആദിലും എത്തി . അതിനിടെ കേൾക്കുന്ന ഓരോ ശബ്ദവും ആനയാണ് , പുലിയാണ് എന്നൊക്കെ പരസ്പരം പേടിപ്പിച്ചു കൊണ്ടിരുന്നു . അപ്പച്ചൻ ചേട്ടന്റെ നെയ്ച്ചോറും കോഴി കറീം പൊളിച്ചു . തിരിച്ചെത്തി വാചകമടി വീണ്ടും . ഒടുക്കം പാതിരാവായപ്പോ ഉറങ്ങാൻ തീരുമാനിച്ചു .
പുലർച്ചെ ഉണർന്നു 6 നു യാത്ര തുടങ്ങി . ആരെയും കാണാതായപ്പോൾ ” പാവങ്ങൾ , തണുപ്പല്ലേ , ഉണർന്നു കാണില്ല ” എന്നൊക്കെ ആശ്വസിച്ചു . സ്വകാര്യ റോഡ് കഴിയുമ്പോഴേക്കും ഓരോരുത്തരായി വന്നു തുടങ്ങി . മണികണ്ഠൻ , മഞ്ഞ ചിന്നൻ. കാട്ടിലേക്കിറങ്ങി മുളംകൂട്ടത്തിനിടയിലൂടെ നടന്നു തുടങ്ങിയപ്പോ മനസ്സിലായി അത് കാട്ടുപന്നിയുടെ കൃഷിയിടം ആണെന്ന് , നന്നായി കിളച്ചു മറിച്ചിട്ടിരിക്കുന്നു, കുറച്ചു ഇഞ്ചിയോ മഞ്ഞളോ നട്ടാൽ കിടിലൻ വിളവ് കിട്ടും 😁.
കുറച്ചു നടന്നു ഒരു പാറപ്രദേശത്തു കേറി , മുന്നോട്ടു നടന്നപ്പോഴാണ് ഞങ്ങളെ ഞെട്ടിച്ചു കൊണ്ട് ഒരാൾ കാലുകൾക്കിടയിൽ നിന്നും പറന്നു പൊങ്ങിയത് , ഹൂ , തേടി നടന്ന വള്ളി , Nightjar എന്ന രാച്ചുക്ക് . ഹായ് , നല്ല സന്തോഷം . പിന്നെ ഓരോരുത്തരായി വന്നു തുടങ്ങി , ചാരപ്പൊട്ടന്മാർ , ചിലപ്പന്മാർ , പാറ്റപിടിയന്മാർ . പ്രാവുകൾ . അപ്പോഴേക്കും പുഷ്പ ടീച്ചറും വേലായുധൻ മാഷും അശോക് രാജ് ഇവരൊക്കെ വന്നു . അവർ രാച്ചുക്കിനെ കാത്തിരുന്നു . അത് വീണ്ടും നിലത്തു വന്നിരിക്കുന്നതും കുറച്ചു കഴിഞ്ഞു പറന്നുയരുന്നതും കണ്ടപ്പോഴേ എനിക്ക് സംശയം മൂത്തു . നന്നായൊന്നു പരിശോധിച്ചപ്പോഴാണ് ഞെട്ടിയത് , വെറും തറയിൽ ഒരു മുട്ട , കൂടിന്റെ ഒരു ലക്ഷണവുമില്ല , അപ്പുറത്തു കുറച്ചു പുല്ല്, കുറച്ചു വെള്ളാരം കല്ലുകൾ , പ്രകൃതിയുടെ അദ്ഭുതം !
മുട്ടകണ്ടപ്പോഴേ ഞങ്ങൾ വേഗം സ്ഥലം ഒഴിഞ്ഞു . അടുത്തുള്ള പാറക്കെട്ടിലേക്കു കയറി . യ്യോ . അത് കണ്ടപ്പോഴേ ഒന്ന് കിടുകിടുത്തു . അധികം പഴക്കമില്ലാത്ത ആനപ്പിണ്ടം , പുലിയുടെയോ മറ്റോ കാഷ്ടങ്ങൾ, മുള്ളന്പന്നിയുടെ പൊഴിഞ്ഞു വീണ മുള്ളുകൾ , പിന്നെയും എന്തൊക്കെയോ🐯🐆🐾 . സ്ഥിരമായി മീറ്റിംഗ് നടക്കുന്ന സ്ഥലം , കാട്ടിലെ പൊതു സ്ഥലം അതാവാം . താഴെ കാട്ടുകോഴികൾ ഒച്ചവെക്കുന്നുണ്ട് . അടുത്തുള്ള മുളം കൂട്ടത്തിൽ ഹിൽ മൈനകൾ , തീച്ചിന്നൻ , തീക്കുരുവികൾ , ഏറ്റവും ചെറിയ മരംകൊത്തിയായ മരംകൊത്തി ചിന്നൻ, താണ്ടാൻ മരം കൊത്തി , പിന്നെയും കുറെ ചങ്ങാതികൾ . വയറു വിശന്നപ്പോ 10 മണിയോടെ കാടിറങ്ങി , അപ്പച്ചൻ ചേട്ടന്റെ ചായക്കടയിലേക്ക് മാർച്ച് ചെയ്തു .നല്ലൊരു ഭക്ഷണം കഴിഞ്ഞു വീണ്ടും തിരികെ . ഇത്തവണ നേർവഴി തന്നെ , റോഡിൽ . ചൂളക്കാക്കയും ലളിതയും ഹിൽ മൈനകളും പച്ചമരപ്പൊട്ടന്മാരും കൂടെ ഒരു ഗൗളി കിളിയും , സ്ഥിരം താവളത്തിൽ കാട്ടുവേലിത്തത്ത .അതിനിടയിൽ പ്രശാന്ത് ഭായ് , അരുൺ ഭാസ്കർ , ദിപു , റയ്യാൻ ഇവരും ചേർന്നു, നടപ്പു ഏകദേശം ഒന്നരവരെ , തിരികെ റൂമിലെത്തി യാത്രയുടെ ഒരുക്കം .അപ്പോഴേക്കും ദിവിനും വർഷയും എത്തിച്ചേർന്നിരുന്നു എല്ലാം പാക്ക് ചെയ്തു , ഒരു ചെറിയ മീറ്റിംഗ് , അടുത്ത പ്ലാനിങ് , എല്ലാം കഴിഞ്ഞു 2 മണിയോടെ തിരികെ.
ഇതുവരെ കാണാതെ കണ്ട കൂട്ടുകാർ ആരൊക്കെയോ ആണെന്ന തോന്നലോടെ , ജീവിതത്തിലെ ഓര്മ പെട്ടിയിൽ അടുക്കി സൂക്ഷിക്കാൻ , ഒരു നൊമ്പരം ബാക്കിയാക്കി , അപ്പച്ചൻ ചേട്ടന്റെ ഊണും കഴിഞ്ഞു വിട ….. ഇനി എന്ന് കാണുമെന്നു , പ്രതീക്ഷകളുമായി കക്കാടംപൊയിൽ വിട്ടിറങ്ങുമ്പോൾ യാത്ര മൊഴിയുമായി തല പോയ തെങ്ങിൻ തലപ്പത്ത് ഒരു വെള്ളി എറിയൻ …… 😢😢😢
Super narration….interested to join in the next programme. Keep going……..all the best