പറയാൻ പോകുന്ന കഥക്ക് പതിനഞ്ചുവർഷത്തെ പഴക്കമുണ്ട്. ഇന്ന് ഇരുപത്തൊൻപത് വയസ്സുള്ള ഞാനന്നു പുറനാട്ടുകര കേന്ദ്രീയ വിദ്യാലയത്തിലെ ഒൻപതാംക്ലാസ്സുകാരൻ. ഉച്ചക്കുമുൻപുള്ള PT പീരിയഡിൽ വിലങ്ങന്‍കുന്നിനു താഴ്വാരത്തെ സ്കൂൾഗ്രൗണ്ടിൽ വാശിയേറിയ ഫുട്ബോൾ മത്സരം പൊടിപാറിക്കുന്നു. പക്ഷേ ഗോൾകീപ്പറായിരുന്ന എനിക്ക് കാര്യമായൊന്നും ചെയ്യാനില്ലാതിരുന്നതിനാൽ അടുത്തിടെയായി തലക്കുപിടിച്ച പക്ഷിനിരീക്ഷണത്തിലായിരുന്നു എന്റെ ശ്രദ്ധ.
സ്കൂളിലെ നേച്ചർക്ലബ് അംഗമൊന്നുമല്ലാഞ്ഞിട്ടും മൂന്നാറിലേക്കുള്ള പ്രകൃതി-പഠനയാത്രക്ക് വലിഞ്ഞുകയറിപ്പോയിവന്നിട്ട് വെറും ദിവസങ്ങളെ ആയിട്ടുള്ളൂ. അന്ന് മഞ്ഞുമൂടിയ മലകൾക്കുമുകളിൽ കാറ്റുചവിട്ടിനിന്ന ഒരു വിറയൻപുള്ളിന്റെ (Common Kestrel) മാസ്മരികത എന്നെ ഒരു പ്രകൃതിസ്നേഹിയാക്കി മാറ്റിയിരുന്നു. പ്രകൃതിസ്നേഹത്തിന്റെ ആദ്യപടികളിലൊന്നാണല്ലോ പക്ഷിനിരീക്ഷണം. എന്നാൽ സോഷ്യൽമീഡിയ ഗ്രൂപ്പുകളൊന്നും കേട്ടുകേൾവിപോലുമല്ലാതിരുന്ന അക്കാലത്തെനിക്ക് സഹായമായുണ്ടായിരുന്നത് തൃശൂർ പബ്ലിക് ലൈബ്രറിയിൽനിന്നും കടമെടുത്ത സലിം അലിയുടെ “ദി ബുക്ക് ഓഫ് ഇന്ത്യൻ ബേർഡ്‌സ്” മാത്രമായിരുന്നു. നേരിട്ട്കണ്ടിട്ടില്ലാത്ത പക്ഷികളെപോലും അതിലെ ചിത്രങ്ങൾനോക്കി പരിചയപ്പെട്ടുവെച്ചിരുന്നു. അതുകൊണ്ടുതന്നെ എന്നെ അതിശയിപ്പിച്ചുക്കൊണ്ട് ഗ്രൗണ്ടിനപ്പുറത്തെ പറമ്പിനുമീതെ പറന്നുമറഞ്ഞ ആ പക്ഷി ഏതെന്നുതിരിച്ചറിയാൻ എനിക്കധികനേരം വേണ്ടിവന്നില്ല. രൂപത്തിൽ ആ പ്രദേശത്തു സാധാരണയായി കാണാറുള്ള മയിൽപോലെ. പക്ഷേ കറുത്തുനീണ്ട കഴുത്തും, തലക്ക് പുറകിലോട്ട് നീണ്ടു ചുരുണ്ടുകിടന്ന അലങ്കാരതൂവലുകളുംകണ്ടു ഞാൻ ഉറപ്പിച്ചു- ചാട്ടക്കോഴി (Lesser Florican) !
ഒരുകാലത്തു ഇന്ത്യൻ ഉപഭൂഖണ്ടത്തിൽ സാധാരണമായിരുന്ന പക്ഷിയാണത്രെ ചാട്ടക്കോഴി. എന്നാൽ അവയുടെ ആവാസവ്യവസ്ഥയായ പുൽമേടുകൾ മനുഷ്യർ കണക്കില്ലാതെ നശിപ്പിക്കുന്നതിനാൽ ഇന്നീ പക്ഷിവർഗ്ഗം വംശനാശഭീഷണി നേരിടുന്നു. കേരളത്തിൽ ചാട്ടക്കോഴി വളരെഅപൂർവ്വമായേ എത്താറുള്ളൂ. കയ്യിൽ ബൈനോക്കുലറോ ക്യാമറയോ ഇല്ലാതിരുന്ന ആ ഗോൾകീപ്പർക്കന്നു വായുംപൊളിച്ചു നോക്കിനിൽക്കാനേ കഴിഞ്ഞുള്ളു. “നിങ്ങൾ ഇതുകണ്ടോ?” എന്ന ഭാവവുമായി കൂട്ടുകാർക്കുനേരെ നോക്കിയപ്പോൾ അവരെന്റടുത്തേക്ക് പാഞ്ഞുവരികയായിരുന്നു.. അഭിനന്ദിക്കാനല്ല.. തൊഴിക്കാൻ.. ഞാൻ കാക്കേണ്ട പോസ്റ്റിനുള്ളിലോട്ട് പന്ത് പോയിരുന്നു… ഗോൾ!!
പിന്‍കുറിപ്പ്: (പഴയ പക്ഷിനിരീക്ഷണക്കുറിപ്പുകൾ തപ്പിയെടുക്കാൻ പ്രേരിപ്പിച്ച പക്ഷിനിരീക്ഷകനും സുഹൃത്തുമായ കൃഷ്ണകുമാർ കെ അയ്യർക്ക് ഒരായിരം നന്ദി. ഈ നിരീക്ഷണം ebird എന്ന വെബ്സൈറ്റിൽ ചേർക്കുകയാണ് ആദ്യം ചെയ്തത്. ഇത്തരം അപൂർവ്വനിരീക്ഷണങ്ങൾ, അവ എത്ര പഴയതാണെങ്കിലും ഭാവിപഠനങ്ങൾക്ക് ഉപകരിക്കുംവിധം ഒരു പൊതുമാധ്യമത്തിൽ ഇടേണ്ടത് അത്യാവശ്യമാണ്, പ്രത്യേകിച്ചും അനേകായിരം ജീവിവർഗങ്ങൾ വംശനാശഭീഷണി നേരിടുന്ന ഇക്കാലത്ത്. ഇവയുടെ സംരക്ഷണിത്തിനോ പഠനത്തിനോ വേണ്ടി പരിശ്രമിക്കുന്ന ആർക്കെങ്കിലും, എന്നെങ്കിലും ഇത്തരം നിരീക്ഷണങ്ങൾ ഉപകാരപ്പെടാം.)
മൂന്നാറിൽ നേച്ചർ ക്യാമ്പിനു പോയ വിവേകിനെയും കൂട്ടുകാരെയും വിറയൻ പുള്ളിനെ ( Common Kestral) കാട്ടിക്കൊടുത്തത് അന്ന് ഇരവികുളം നാഷണൽ പാർക്കിൽ നേച്ചർ എജ്യൂക്കേഷൻ ഓഫീസറായി പ്രവർത്തിച്ചിരുന്ന ഞാൻ ആയിരുന്നു കേട്ടോ? നേച്ചർ ക്യാമ്പിൽ ക്ലാസ് എടുക്കുകയും രാജമലയിൽ ഫീൽഡിൽ കൊണ്ടുപോയി നേച്ചർ ഇന്റർപ്രട്ടേഷൻ നൽകേണ്ടിയിരുന്നതും എന്റെ ജോലിയായിരുന്നു. എന്തായാലും ഞാൻ പരിസ്ഥിതി ക്ലാസ് കൊടുത്ത ഒരാൾ പക്ഷി – പരിസ്ഥിതി സ്നേഹി ആയിത്തീർന്നു എന്നറിഞ്ഞതിൽ സന്തോഷം. പല വാട്സാപ് ഗ്രൂപ്പുകളിലും ഞങ്ങൾ ഇരുവരും അംഗമായിരുന്നിട്ടും, ചില പരിപാടികളിലൊക്കെ നേരിൽ കണ്ടിട്ടും പരസ്പരം തിരിച്ചറിയാൻ ഈ ബ്ലോഗ് വേണ്ടി വന്നു. —— ഹരി മാവേലിക്കര
ആദ്യപ്രകൃതിനിരീക്ഷണഗുരുവിന് പ്രണാമം 😊