പക്ഷികളും സ്ത്രീകളും

പക്ഷികളും സ്ത്രീകളും

ഹോബി എന്നത് ഒരാളുടെ വ്യക്തിപരമായ ഇഷ്ടമാണ്. ഇഷ്ടങ്ങളിൽ സ്ത്രീ – പുരുഷ വ്യത്യാസം കുറച്ചൊക്കെ ഉണ്ടെന്നുള്ളത് ശരിയായിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത്. വിശാലമായി പുറം ലോകത്തെ നോക്കി കാണുമ്പൊൾ ഉള്ളൊരു അറിവ്. അതിൽ കാലം മാറിമറിയുമ്പോൾ ഇഷ്ടങ്ങൾ മാറുമായിരിക്കാം. എന്നാലും നമ്മുടെ മനസ്സിൽ ചേക്കേറിയ ഇഷ്ടങ്ങളെ ജീവിതകാലം മുഴുവൻ മുന്നോട്ടു നയിക്കുന്ന ചിലരിൽ ഒരാളാവാൻ, ഇനിയുമൊരാൾക്കു വഴികാട്ടിയാവാൻ കഴിയുക എന്നത് പ്രയാസമാണ്. കാരണം കേരളത്തിലെ സാമൂഹ്യ വ്യവസ്ഥിതി സ്ത്രീകൾക്ക് കല്പിച്ചു നൽകിയ കുടുംബ ഉത്തരവാദിത്തം തന്നെ, സ്ത്രീ എത്രത്തോളം ഉയരത്തിൽ എത്തിയാലും കുടുംബത്തിന്റെ നെടും തൂൺ ആണെന്നത് ഒരു യാഥാർഥ്യമാണ്, കുട്ടികളുടെ കാര്യത്തിലായാലും വീട്ടിലെ മുതിർന്നവരുടെ കാര്യത്തിലായാലും ശ്രദ്ധ കാണിക്കേണ്ടത് അവരാണ്. ജോലിയും കുടുംബവും കഴിഞ്ഞുകിട്ടുന്ന ഒഴിവുകൾ സ്വന്തം ഇഷ്ടങ്ങൾക്കു വേണ്ടി മാറ്റിവെക്കുന്ന ചിലർക്കെങ്കിലും അത് ഒരു ആശ്വാസമാകുന്നു. ഇഷ്ടമുണ്ടായിട്ടും അറിയാത്തതിന്റെ പേരിൽ മാറ്റി വെക്കപ്പെടുന്ന ചിലർക്ക് വേണ്ടിയാണു കണ്ണൂർ മലബാർ അവർനെസ്സ് ആൻഡ്റെസ്ക്യൂ സെന്റർ ഫോർ വൈൽഡ് ലൈഫ് (MARC) പക്ഷിനിരീക്ഷണ ശില്പശാല സംഘടിപ്പിച്ചത്.

Poster – Malabar Awareness and Rescue Centre for Wildlife

കണ്ണൂരിലെ മുണ്ടേരിക്കടവ് പക്ഷിസങ്കേതത്തിനോട് ചേർന്ന് സ്ഥിതിചെയ്യുന്ന ഹെൽത്ത് സെന്ററിന്റെ ഹാളിലാണ് കണ്ണൂരിലെ പക്ഷിനിരീക്ഷണത്തിൽ താല്പര്യമുള്ള സ്ത്രീകൾക്കായി ശിൽപ്പശാല ഒരുക്കിയത്. പത്രവാർത്ത കണ്ടു ആദ്യം വിളിച്ച ഏകദേശം മുപ്പതോളം പേരാണ് ക്ലാസ്സിൽ പങ്കെടുത്തത്. മഴക്കാലം ആയിട്ടും മഴയില്ലാതെ പോയൊരു ദിവസം. രെജിസ്ട്രേഷൻ കഴിഞ്ഞു 10 മണിക്ക് തന്നെ ക്ലാസ് തുടങ്ങി. മുണ്ടേരി പഞ്ചായത്ത് പ്രസിഡന്റ് ഉദ്‌ഘാടനം നിർവഹിച്ച ചടങ്ങിൽ മാർക്ക് പ്രസിഡന്റ് Dr. സുഷമ പ്രഭു അധ്യക്ഷയായി.

പക്ഷിനിരീക്ഷണത്തെ കുറിച്ചുള്ള ഇൻട്രൊഡക്ഷൻ ക്ലാസ് ശ്രീ സത്യൻ മേപ്പയൂർ മാഷ് നന്നായി കൈകാര്യം ചെയ്തു. കിളിനാദം, ചിത്രങ്ങൾ എന്നിവയുടെ അവതരണത്തോടെ നടന്ന ആദ്യ ഭാഗം തന്നെ കാണികളിൽ താൽപ്പര്യം ഉണ്ടാക്കാൻ സഹായിച്ചു. തുടർന്ന് കേരളത്തിൽ എവിടെയും കാണാവുന്ന നൂറോളം സാധാരണ പക്ഷികളെ പരിചയപ്പെടുത്തിയുള്ള ലതിക ടീച്ചറുടെ ക്ലാസ് ആയിരുന്നു. ഫോട്ടോ ഡിസ്പ്ലേയും വിശദീകരണവും പങ്കെടുത്തവരിൽ നല്ല ആത്മവിശ്വാസം ഉണ്ടാക്കിയെന്നായിരുന്നു അവരുടെ പ്രതികരണത്തിൽ നിന്നും അറിയാനായത്. ഡോക്ടർ ദീപ ചന്ദ്രൻ പ്രകൃതി നിരീക്ഷണത്തിൽ അവരുടേതായ അനുഭവം വിവരിച്ചതോടൊപ്പം നീലിയർ കോട്ടം എന്ന ജൈവ സംഭരണിയുടെ പ്രാധാന്യം കൂടി മനസ്സിലാക്കി കൊടുക്കാൻ ശ്രമിച്ചു. നമുക്ക് ചുറ്റുമുള്ള പ്രകൃതിയുടെ സമ്പത്ത് നമുക്ക് എത്രമാത്രം സഹായകമാണെന്നുള്ള അറിവ് ഒരു പുനർചിന്തയായി. റിസേർച് നുവേണ്ടി പക്ഷികളുടെ ലോകം തിരഞ്ഞെടുത്ത കാർത്തിക ഈ രംഗത്ത് എത്തിയതിനു ശേഷമുള്ള അനുഭവം വിവരിച്ചതോടൊപ്പം ഭക്ഷണത്തിനു വേണ്ടി പിരിഞ്ഞു.

ഉച്ചതിരിഞ്ഞുള്ള ഒരു മണിക്കൂറോളം സമയം അംഗങ്ങളെ പരിചയപ്പെടാനും, പക്ഷിനിരീക്ഷണമേഖലയിലെ ebird അപ്‌ലോഡിങ്, ebird ന്റെ പ്രാധാന്യം ,വിവിധ ആപ്പുകൾ തുടങ്ങിയവയെ കുറിച്ചുള്ള റോഷ് നാഥിന്റെ ക്ലാസ്സുമായിരുന്നു. അതിനു ശേഷം എങ്ങനെ പക്ഷികളെ നിരീക്ഷിക്കാം, എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്, എങ്ങനെ തിരിച്ചറിയാം എന്നൊക്കെ നേരിട്ട് പരിചയപ്പെടുത്താനായി പ്രകൃതിയിലേക്കിറങ്ങി. മുണ്ടേരികടവും പരിസരവും നിരീക്ഷിച്ചു 30 ൽ ഏറെ ഇനങ്ങളെ അവർക്കു നേരിട്ട് പരിചയപ്പെടുത്താൻ കഴിഞ്ഞു, കൂട്ടത്തിൽ ദേശാടകനായിട്ടും ഇനിയും തിരികെ പോകാത്ത ഓസ്‌പ്രെ എന്ന പരുന്തിനെയും കാണാൻ സാധിച്ചു. ചൂളൻ എരണ്ട, വെള്ളരിക്കൊറ്റികൾ, കഷണ്ടി കൊക്ക്, മൂന്നിനം മീൻകൊത്തികൾ, ചെറിയ മരംകൊത്തികളിൽ ഒരാളായ തണ്ടാൻ മരംകൊത്തി, തത്തച്ചിന്നൻ, ഇത്തിക്കണ്ണി കുരുവി ഇവയെ അടക്കം നേരിട്ട് കണ്ടു പഠിക്കാനായത് നല്ലൊരു അനുഭവമായി. വീടുപരിസരങ്ങളിൽ നിരീക്ഷിച്ചു കൂടുതൽ കണ്ടെത്താനാവട്ടെ എന്ന ആശംസയോടെ എല്ലാവരും പിരിഞ്ഞു.

Birdwatching at Munderi Kadavu Bird Sanctuary, Kannur

മാർക്കിന്റെ പ്രവർത്തകരുടെ സജീവ സഹകരണവും നല്ലൊരു ഹാൾ അനുവദിച്ചുതന്ന ഹെൽത്ത് സെന്റർ അധികാരികളും ക്ലാസ് മികച്ചതാക്കി പങ്കെടുത്തവരിൽ താൽപ്പര്യം ജനിപ്പിച്ച സത്യൻ മാഷ്, ലതിക ടീച്ചർ, ദീപ ഡോക്ടർ, കാർത്തിക, ജിഷ ടീച്ചർ, ശിൽപ്പശാല സംഘടിപ്പിക്കാൻ ഓടിനടന്ന റോഷ് നാഥ് എന്നിവർനന്ദി അർഹിക്കുന്നു. കണ്ണൂരിലെ ഈ തുടക്കം ഒരു മാതൃക ആവട്ടെ.

Back to Top