കേരളത്തിന്റെ കാലാവസ്ഥ, ഭൂപ്രകൃതി, നദികൾ… പിന്നെ പ്രളയവും

പശ്ചിമഘട്ടസംരക്ഷണം-03  

കേരളത്തിന്റെ കാലാവസ്ഥ, ഭൂപ്രകൃതി, നദികൾ…, പിന്നെ പ്രളയവും

എസ്. സതീഷ് ചന്ദ്രൻ

(Mathrubhumi Weekly യിൽ September30 th, 2018 ന് പ്രസിദ്ധീകരിച്ച ‘ഭൂമിയിലെ ജലത്തിന്റെ ജനിതകത്തുടർച്ച’ എന്ന ലേഖനത്തിന്റെ പൂർണ്ണരൂപം)

ചൈനയിലുള്ള ലോകത്തിലെ ഏറ്റവുംവലിയ അണക്കെട്ടിനുള്ള വെള്ളത്തിനും കേരളത്തിലെ പശ്ചിമഘട്ടത്തിൽനിന്ന് ഉത്ഭവിക്കുന്ന നീർച്ചാലിനും തമ്മിൽ മനുഷ്യന് മനസ്സിലാകാത്ത ബന്ധമുണ്ട്. ഭൂമിയിലെ ജലസ്രോതസ്സുകൾക്കും ജലപ്പരപ്പുകൾക്കും ഒഴുക്കിനുമെല്ലാം ഈ ജനിതകബന്ധം ബാധകമാണ്. വെള്ളത്തിന്റെ നിലനില്പിനെക്കുറിച്ചുള്ള ശാസ്ത്രീയവും ജൈവികവുമായ ബോധമുണ്ടെങ്കിൽ മാത്രമേ ഏതുതരം വികസന രാഷ്ട്രീയ ആസൂത്രണങ്ങളും സാദ്ധ്യമാകൂ എന്നുപറയുകയാണ് ലേഖകൻ.


പ്രളയാനന്തര സത്യാന്വേഷണങ്ങൾ

പണ്ട് ഫ്രെഞ്ചുകാർ കുട്ടികളെ കണക്ക് പഠിപ്പിക്കാൻ ഉപയോഗിച്ചിരുന്ന ഒരു കടംകഥയുണ്ട്. ഒരു കുളത്തിൽ ഒന്നാം ദിവസം ഒരു ആമ്പൽ ഇലയുണ്ട്. രണ്ടാം ദിവസം അത് രണ്ടിലയാവും, മൂന്നാം ദിവസം നാലിലയും. മുപ്പതാം ദിവസം കുളത്തിലെ വെള്ളം കാണാനാവാത്തത്ര ഇലകൾ മൂടും. ഏതു ദിവസമാണ് കുളത്തിന്റെ പകുതി മാത്രം ആമ്പലിലകൾ മൂടിയിരിക്കുക എന്നതാണ് ചോദ്യം. (ഉത്തരം 29ാം ദിവസം എന്നാണ്).

നമുക്ക് കേരളത്തിൽ 29-ാം ദിവസം വൈകിട്ട് ഫിലിം ഫെസ്റ്റിവൽ ആയതുകൊണ്ട് ബാക്കി കണക്കു കൂട്ടലൊക്കെ 2019-ൽ മതിയെന്നാണ് നമ്മുടെ ഒക്കെ ഏകകണ്ഠ തീരുമാനം. കേരളത്തിൽ നാം അഭിനയിച്ചാസ്വദിക്കുന്ന ഹാസ്യദുരന്ത സീരിയലിലെ ഏറ്റവും ഒടുവിലത്തെ എപ്പിസോഡായിരുന്നു ഓഗസ്റ്റ് പ്രളയം. അതിൽ നാം മുഖ്യ കഥാപാത്രങ്ങളായി അവതരിപ്പിച്ചത് മഴയേയും, പ്രളയം നമ്മുടെ മുന്നിലെത്തിച്ച പുഴയേയുമായിരുന്നു. നമ്മുടെ സ്വന്തം ദൈവത്തിന്റെ നാട്ടിൽ അന്തരീക്ഷത്തിന് സംസ്ഥാന അതിർത്തി അറിയാത്തതു കൊണ്ട് മഴയെ നമുക്ക് നിയന്ത്രിക്കാനാവില്ല.

പക്ഷേ, ഭൂമിയിലെ മനുഷ്യപ്രവൃത്തികൾ മഴത്തുള്ളികളുടെ സ്വഭാവത്തെയും അവ പെയ്യുന്ന താളത്തെയും ബാധിക്കുമെന്നതിന് പഠനങ്ങളും തെളിവുകളും ഉണ്ട്. പക്ഷേ ഈ തെളിവുകൾ പലപ്പോഴും വികസനമെന്ന് നാം കരുതുന്ന നമ്മുടെ പ്രവൃത്തികളിലേക്ക് വിരൽ ചൂണ്ടുന്നതു കൊണ്ട് നാം അവയെ നിരാകരിക്കും. അതു കൊണ്ടാണ് മഴയും കാടുമായി ബന്ധമൊന്നുമില്ലെന്നൊക്കെ നാം സ്ഥാപിക്കാൻ ശ്രമിക്കുന്നത്. പക്ഷേ നമ്മുടെ നിഷേധം കൊണ്ടു മാത്രം സത്യം സത്യമാകാതെയിരിക്കില്ല.

കുറെ കണക്കുകളുടെ കളികൾ

നാം ഇന്ന് നിരത്തുന്ന മഴക്കണക്കുകൾ ഒട്ടുമുക്കാലും അവിശ്വസനീയവും അവ ശേഖരിക്കുന്ന രീതി അശാസ്ത്രീയവും ശേഖരിക്കുന്ന കാലദൈർഘ്യക്കുറവു കൊണ്ട് അപര്യാപ്തവുമാണ്. അതുകൊണ്ട് നമുക്കു വ്യക്തമായ ഒരു നിഗമനത്തിലെത്താൻ കഴിയില്ല. ഓഗസ്റ്റ് പ്രളയത്തെ കുറിച്ച് മഴയുമായി ബന്ധപ്പെട്ട ഒരവസാന വാക്കും ഇപ്പോൾ നമുക്ക് പറയാനാവില്ല. അതുകൊണ്ടു തന്നെ തിരുത്തലുകളും സാധ്യമല്ല. പക്ഷേ ഭാവിയിൽ കൃത്യമായി വ്യാപകമായി മഴ രേഖപ്പെടുത്തുകയും ആ കണക്കുകൾ സൂക്ഷിച്ച് വിശകലനം ചെയ്യാൻ ശ്രമിക്കുകയും ചെയ്യേണ്ടത് ഭാവി പ്രളയങ്ങളെയും വരൾച്ചകളെയും നേരിടാൻ അത്യന്താപേക്ഷിതമാണ്.

കഴിഞ്ഞ പ്രളയത്തിന് കാരണമായി നാം കണ്ടെത്തി അവതരിപ്പിക്കുന്ന രണ്ടാമത്തെ കഥാപാത്രം നമ്മുടെ പുഴകളാണ്. കേരളത്തിലിന്ന് നമുക്ക് പുഴ എന്നാൽ എന്തെന്നറിയില്ല. കഴിഞ്ഞ ഒരു അര നൂറ്റാണ്ടിലെ മനുഷ്യരുടെ ഇടപെടലുകൾ കാരണം ആകാരത്തിലും പെരുമാറ്റത്തിലും അടിസ്ഥാനമാറ്റങ്ങൾ വരാത്ത ഒറ്റ പുഴ പോലും കേരളത്തിലില്ലാതായിരിക്കുന്നു. ഓഗസ്റ്റ് പ്രളയത്തിൽ ഏറ്റവും ദുരന്തം വിതച്ച പുഴകൾ നാം ഏറ്റവും നന്നായി ‘കൈകാര്യം’ ചെയ്യപ്പെട്ട പുഴകളാണ്. വയനാട്ടിലെ കബനിയുടെ പോഷകനദിയായ പനമരം പുഴ തന്നെ ഏറ്റവും നല്ല ഉദാഹരണം. പനമരത്ത് നിർദ്ദിഷ്ട വിമാനത്താവളം കൂടി വേണമായിരുന്നു സംഭവങ്ങളുടെ വർണ്ണപ്പൊലിമയ്ക്ക്. പിന്നെ ചാലക്കുടി-പെരിയാർ-പമ്പ നദികൾ. ഈ നദികളിൽ ഓരോന്നിലുമുള്ള ഒരു ഡസൻ വീതമുള്ള അണക്കെട്ടുകൾ പ്രളയത്തിൽ വലിയ പങ്കു വഹിച്ചു എന്നു നമുക്കു ഉറപ്പാണ്. പക്ഷേ മറുപുറം പറയാനും വേണ്ടത്ര ആളുകളുണ്ട്. അണക്കെട്ടുകളുടെ കുറവാണ് വെള്ളപ്പൊക്കത്തിന് കാരണം എന്നു പോലും ‘വിദഗ്ധാഭിപ്രായം’ ഉയർന്നുവന്നിട്ടുണ്ട്. പണവും സ്ഥലവും ഇല്ലാത്തതു കൊണ്ട് അതുടനെ നടപ്പാക്കാൻ ആവില്ല. പകരം മണൽച്ചാക്കിന്റെ ത്രാങ്ങാലി മോഡലുകളാവാം.

ഏറെ സാങ്കല്പിക കണക്കുകൾ നിരത്തി ഒരു ഇന്റഗ്രേറ്റഡ് ഡാം മാനേജ്‌മെന്റ് (പ്രാകൃതമായി ലളിതവല്ക്കരിച്ച് പറഞ്ഞാൽ ഒരു പുഴയിലെ പല അണക്കെട്ടുകളുടെ ഷട്ടറുകൾ പരസ്പരപൂരകമായി തുറന്ന് വെള്ളം കളയുക) എന്നൊക്കെ പറഞ്ഞു കേൾക്കുന്നു. പക്ഷേ ഇതു നടപ്പിലാക്കാൻ ഇപ്പോഴുള്ള സ്പിൽവേകളും ഷട്ടറുകളും ഫോർബേകളും ഒക്കെ പൊളിച്ച് മാറ്റി പുതിയത് പണിയേണ്ടി വരുമെന്ന് മാത്രം. മുമ്പും പല തവണ കവിഞ്ഞൊഴുകിയ പെരിങ്ങൽക്കുത്തിൽ പോലും കാര്യമായൊന്നും ചെയ്യാനാവില്ലെന്നതാണ് സത്യം. പിന്നൊരു വഴിയുണ്ട് എല്ലാ അണക്കെട്ടുകളിൽ നിന്നും തുരങ്കമുണ്ടാക്കി എല്ലാ പ്രളയജലവും കിഴക്കോട്ട് തിരിച്ച് തമിഴ്‌നാട്ടിൽ എത്തിക്കുക. ഏകദേശം ഇത്തരമൊരു ഉത്തരമാണ് ഇന്ത്യയിലെ എല്ലാ നദികളെയും പരസ്പരം ബന്ധിപ്പിക്കാനുള്ള നമ്മുടെ ഒരു മുൻ പ്രസിഡന്റ് പോലും നിർദ്ദേശിച്ചിട്ടുള്ള വിദഗ്ധാഭിപ്രായം. ഇതിൽ സൗഹൃദത്തിന്റെ ഭാഗമായി പാക്കിസ്ഥാനേയും ഉൾപ്പെടുത്തിയാൽ അഖണ്ഡഭാരതത്തിന് യോജിച്ചതായിരിക്കും. സത്യസന്ധമായി ചിന്തിച്ചാൽ വളരെ ചെറിയ കല്ലാർകുട്ടി അണക്കെട്ടിൽ അടിഞ്ഞ മണ്ണു പോലും തുറന്നു വിട്ടു കളയാൻ നമ്മെകൊണ്ടാവില്ല. ഇത്തരമൊരു പരീക്ഷണം 2007ൽ നടത്തിയതിന്റെ ഫലം ആകെ സഹിച്ചത് പുഴയുടെ കീഴ്ത്തടത്തിൽ അതിലെ വെള്ളത്തെ ആശ്രയിച്ച കുറച്ചു നാട്ടുകാരാണ്. കേരളത്തിൽ മറ്റാരുമത് ശ്രദ്ധിച്ചില്ല.

വൻ വിദഗ്ധൻമാർ അണക്കെട്ടുകളുടെ ഡീക്കമ്മീഷനുകളെ കുറിച്ചൊക്കെ ഗുണ്ടു പൊട്ടിക്കുന്നു. അണക്കെട്ടുകൾ പൊളിച്ചു മാറ്റി പുഴകളെ സ്വതന്ത്രമാക്കാൻ പുതുപരശുരാമൻ ഇമ്മിണി വലിയ ജെ.സി.ബി.യുമായി വരേണ്ടിവരും. മറ്റാർക്കും കഴിയില്ല. അണക്കെട്ടുകളൊന്നും തനിയെ പൊട്ടില്ല എന്നാണ് നമ്മുടെയെല്ലാ അണക്കെട്ട് എഞ്ചിനിയർമാരും ആണയിട്ടു പറയുന്നത്. പക്ഷേ മുല്ലപ്പെരിയാറിന്റെ കാര്യത്തിൽ മാത്രം അവരൊരു വിട്ടുവീഴ്ച്ചയ്ക്ക് തയ്യാറാണ്. കേരളാമോഡൽ സൗകര്യാധിഷ്ഠിത അവസര ശാസ്ത്രവാദം എന്നാണിതിന്റെ പേര്. സംഭവങ്ങൾ മറുവഴിക്കൊന്നും മംഗലം അണക്കെട്ടിലോ ഇടമലയാറിലോ തെളിയിക്കാതിരിക്കട്ടെ എന്നും പ്രാർത്ഥിക്കാം. അണക്കെട്ടുകളുമായി ബന്ധപ്പെട്ട് നാമൊരിക്കലും സത്യം പറഞ്ഞിട്ടില്ല. ഓഗസ്റ്റ് വെള്ളപ്പൊക്ക കാലത്ത് പെരിങ്ങൽക്കുത്ത് നിറഞ്ഞുകവിഞ്ഞൊഴുകിയതോ മണിയാറിന്റെ സ്പിൽവേയിലെ കോൺക്രീറ്റ് അടർന്നതോ ഔദ്യോഗിക പ്രസ്സ് റിലീസ് ചിത്രമല്ല. മാധ്യമപ്രവർത്തകരുടേയോ നാട്ടുകാരുടേയോ ഇന്നാടിന്റെ അപ്പോഴത്തെ സെൽഫി ചിത്രങ്ങളായിരുന്നു. ഫോട്ടോഗ്രാഫി സ്റ്റ്രിക്ക്ട്ട്‌ലി പ്രൊഹിബിറ്റട്ട് പ്രദേശത്തിന്റെ ചിത്രമെടുത്തതിന് ഇതെടുത്തവരെ കണ്ടെത്തി അധികൃതർക്ക് കേസെടുക്കാൻ വകുപ്പുണ്ട്. ദേശരക്ഷയുടെ കാലമാണ്, ഗൂഗിൾ എർത്ത് മാപ്പൊക്കെ നിരോധിക്കണം.

സങ്കീർണ്ണതകളെ കാണാനാവാത്ത നാം

നാല് അന്ധൻമാർ ആനയെ കണ്ട കഥയുണ്ട്. അറിഞ്ഞുകൂടാ പലതുമെന്നു നാം ആരും സമ്മതിക്കില്ല. സൂപ്പർ സ്പെഷ്യാലിറ്റിയുടെ സൂക്ഷ്മ സുഷിരങ്ങളിലൂടെ പ്രപഞ്ചസങ്കീർണ്ണതയുടെ അനുസ്യൂത മാറ്റങ്ങളെ ഒന്നു നോക്കി, നാം കണ്ടതിനുമപ്പുറം ഒന്നുമില്ലെന്ന് ശക്തിയുക്തം വാദിക്കും. സമൂഹത്തിന്റെ ഓർമ്മ ഇക്കഴിഞ്ഞ വെള്ളപ്പൊക്കത്തിന്റെ തൊട്ടു പിന്നാലെ വന്ന വരൾച്ച പോലെയാണ്. അറുപതുകളിൽ കക്കി അണക്കെട്ടിന്റെ ഷട്ടറിന് എന്തു സംഭവിച്ചു എന്നോ എഴുപതുകളിൽ മൂഴിയാറിലെ ടർബൈനിന് എന്തു സംഭവിച്ചുവെന്നോ ആരും ഒന്നും അന്വേഷിക്കില്ല. നമുക്ക് സുഖമായി ഉറങ്ങാം. ഇല്ല, അതും സമ്മതിക്കില്ല. ചാനലിലെ വെള്ളപ്പൊക്കത്തിന്റെ സ്‌പോട്ട് ചിത്രങ്ങളൊക്കെ കണ്ടുമടുത്ത് കിടന്നുറങ്ങാനും സമ്മതിക്കില്ല, വിദഗ്ധരും പഠനങ്ങളും അണക്കെട്ടു പൊട്ടിയ മഹാപ്രളയം പോലെ വരുന്നുണ്ട്. അന്തർദ്ദേശീയ, ദേശീയ, പ്രാദേശികവിദഗ്ധരെല്ലാം തിരുവനന്തപുരത്ത് ഭരണാധികാരികളെ കാണാനും ഡിസാസ്റ്റർ ടൂർ നടത്താനും കൺസൾട്ടൻസികൾ തരപ്പെടുത്താനും വന്നെത്തി വിമാനത്താവളം നിറഞ്ഞ് സീ പോർട്ടുകൾ ആവശ്യപ്പെട്ടു നില്ക്കുന്നുണ്ട്. 1989 ലെ ഒരു രാത്രിയിൽ മുപ്പതിനായിരത്തിൽ പരം പേരെ കൊന്ന ഭോപ്പാൽ വിഷവാതകദുരന്തത്തിന്റെ മൂന്നാം ദിവസം മുംബൈ വിമാനത്താവളത്തിൽ വന്നിറങ്ങിയത് അമേരിക്കൻ ഐക്യനാടുകളിലെ വക്കീലൻമാരായിരുന്നു. ആ രാജ്യം ആസ്ഥാനമായുള്ള യൂണിയൻ കാർബൈഡ് കമ്പനിക്കെതിരെ കേസ് വാദിച്ച് നഷ്ടപരിഹാരം വാങ്ങിത്തരാമെന്ന വാഗ്ദാനവുമായി ഇന്ത്യൻ ഭരണകൂടവുമായി കരാറുണ്ടാക്കാൻ. നഷ്ടപരിഹാരത്തുകയുടെ ഇരുപതു ശതമാനം അവരുടെ ഫീസും. ശാസ്ത്രജ്ഞൻമാരും പ്രളയത്തിനു ശേഷം നല്ല ഉത്സാഹത്തിലാണ്.  പ്രളയമുണ്ടായില്ല എന്ന് സർക്കാർ പറഞ്ഞാലേ അവർ പിൻവാങ്ങൂ. ശാസ്ത്രം ‘……………….’ പ്രളയപരിഹാരത്തിനായി, വേണമെങ്കിൽ ജനകീയ പ്രശ്‌നപരിഹാരത്തിനായി എന്നൊരു ഉപക്ലോസ് ചേർക്കാൻ സ്ഥലംവിട്ടിട്ടുണ്ട്. സെൽഫ് പെർപച്വേഷൻ ആൻഡ് ഗ്രോത്ത് (സ്വന്തം ഇരിപ്പിടങ്ങൾക്ക് വലിപ്പവും ഇരിക്കാനുള്ള ഇടങ്ങളുടെ വർദ്ധനയും) നിസ്വാർത്ഥലക്ഷ്യമാക്കിയ ബ്യൂറോക്രസിക്കും സന്തോഷം. പുതിയ ഒരു സൂപ്പർ, ഡിസാസ്റ്റർ ഡിപ്പാർട്ട്‌മെന്റ് വരുന്നു. ഡെപ്യൂട്ടേഷൻ കിട്ടാൻ തിരക്ക്. വലിയേട്ടന്റെ ഓഫീസ് അണിയിച്ചൊരുക്കാൻ കൊട്ടേഷൻ വേണ്ടാത്ത ഗോദ്രഡ്ജ് ഫർണിച്ചറും ഓഫീസ് എക്ക്യുപ്‌മെന്റ്‌സും. സാറ്റെലൈറ്റ് ഫോണുകളും. ഗ്രാൻഡ് സ്ലാം. എല്ലാവർക്കും മേളകളും ഫെസ്റ്റിവലുകളും വേണമെന്നു തന്നെയാണ്. കാരണം ദുരന്തത്തിൽ നിന്നു രക്ഷപ്പെട്ടവർക്ക് വേദന മറക്കാൻ, ഹൃദയം തുറന്നൊന്നു ചിരിക്കാൻ സൈക്ക്യാട്രിസ്റ്റും ഫാമിലി കൗൺസലിങ്ങും മാത്രം പോരാ. എറിഞ്ഞുകിട്ടിയതല്ല, സ്വന്തം നല്ല വസ്ത്രം ധരിച്ചവരുടെ ഒരു ഫ്‌ളാഷ്‌മോബും വേണം. പോരാ കഴിഞ്ഞതൊക്കെ മറക്കാൻ കൂടുതൽ പേർ കുറിഞ്ഞിമലയിലും ശബരിമലയിലും മല ചവിട്ടി ഉറപ്പിക്കണം ഇനിയൊരിക്കലും ഇടിയാത്ത വിധം.

സുനാമിക്കു ശേഷം ഒരു ജലവിഭവ വിദഗ്ധൻ എഴുതി മാതൃഭൂമി പ്രസിദ്ധീകരിച്ച പുസ്തകത്തിൽ സുനാമി ദുരന്തം നേരിടാനുള്ള ഒരു നിർദ്ദേശമുണ്ട്. തിരമാലകൾ കണ്ട് ഓടുന്നതിന് മുമ്പ് ഉറപ്പുള്ള ഒരു ഷൂസ് കണ്ടെത്താൻ. അക്കാലത്ത് തെങ്ങുകയറ്റയന്ത്രം ഉപയോഗത്തിലില്ലായിരുന്നു. അല്ലെങ്കിൽ ചങ്ങാതി അതും റെക്കമൻഡു ചെയ്യുമായിരുന്നു. പണ്ട് ആണവയുദ്ധത്തിനെ കുറിച്ച് തിരുവനന്തപുരത്ത് നടത്തിയ ഒരു സെമിനാറിൽ കേരളത്തിലെ ഏറ്റവും പ്രശസ്തനായ ഒരു ഭിഷഗ്വരൻ പറഞ്ഞത് ആണവയുദ്ധത്തിനു ശേഷം ടെലിഫോണുകൾ പ്രവർത്തിക്കില്ല എന്നാണ്. അദ്ദേഹം നേത്രരോഗവിദഗ്ധനായിരുന്നെങ്കിൽ ആണവബോംബിന്റെ പൊട്ടിത്തെറി കണ്ണഞ്ചിപ്പിക്കാതിരിക്കാൻ റെയ്ബാൻ ഗ്ലാസ്സു കൂടി കരുതാൻ ഉപദേശിക്കുമായിരുന്നെന്ന് തോന്നുന്നു. ദുരന്താനുഭവങ്ങളുടെ ചരിത്രമില്ലാത്ത നമുക്ക് ഇങ്ങനെയൊക്കയേ ചിന്തിക്കാനാവൂ എന്നുള്ളത് ഒരു ദുരന്തമാണ്.

നമുക്കറിയില്ല നമ്മുടെ നദികളെ

ഇക്കഴിഞ്ഞ പ്രളയത്തിന് ശേഷം നമുക്ക് നമ്മുടെ നദികളെ പരിചയപ്പെട്ടേ തീരൂ. അതൊരു വല്ലാത്ത ദുരന്തകഥയാണ്. അതൊക്കെ വിശദീകരിക്കാൻ ഇവിടെ സ്ഥലമില്ല. ഒന്നുരണ്ട് ഉദാഹരണങ്ങൾ മാത്രം. കേരളത്തിലെ വയനാട് ജില്ലയുടെ 1920 ച.കി.മീ. ആണ് കബനിനദീതടത്തിലുള്ളത്. അതിൽ 450 ച.കി.മീറ്ററോളം വരുന്ന നൂൽപ്പുഴതടം ഒഴിവാക്കണം. കാരണം നൂൽപ്പുഴ കബനിയിൽ ചേരുന്നത് സംസ്ഥാന അതിർത്തിയിൽ നിന്ന് വടക്കുകിഴക്കു മാറി കർണ്ണാടകത്തിലെ കബനി അണക്കെട്ടിന് താഴെയായാണ്. എല്ലാ വർഷവും വളരെ ഹ്രസ്വമായ ഒരു മഴക്കാലം കഴിഞ്ഞ് വയനാട്ടിലെ മുള്ളങ്കൊല്ലി പഞ്ചായത്തിൽ മരക്കടവിലോ കൊളവള്ളിയിലോ നിന്നാൽ മുന്നിൽ കാണുന്നത് ഒരു ഭീകരദൃശ്യമാണ്.  കേരളത്തിൽ ഭൂവിസ്തൃതിയിൽ ആനുപാതികമായി ദൈർഘ്യത്തിൽ ഏറ്റവും കൂടുതൽ നദീചാലുകളും ചതുപ്പുകളും അടുത്തൊരു കാലം വരെ കാടും മഴയും ഉണ്ടായിരുന്ന വയനാടൻ ഭൂപ്രദേശത്തിൽ നിന്നുള്ള മൊത്തം നീർവാർച്ചയും (1470 ച.കി.മീ. വിസ്തൃതിയിൽ നിന്നുള്ള വെള്ളം) എത്തുന്നത് ഇവിടെയാണ്. അവിടെ മഴ കഴിഞ്ഞാൽ വെള്ളമേ ഉണ്ടാകില്ല. മഴക്കാലത്ത് ഒഴുകിയെത്തിയ എക്കലും മണലും വിണ്ടുകീറികിടക്കും. വയനാട് എന്തു കൊണ്ട് വരളുന്നു എന്നതിനെ കുറിച്ച് കൂടുതൽ അന്വേഷത്തിന് ആവശ്യമില്ല. പക്ഷേ ഇവിടെ ഇക്കാണുന്ന കബനിയിലെ ഇല്ലാത്ത ജലം ഉപയോഗിച്ച് വയനാട്ടിന്റെ വരൾച്ച മാറ്റാനാണ് ഭാവിയിൽ കെട്ടാനുദ്ദേശിക്കുന്ന പത്ത് അണക്കെട്ടുകൾ. എവിടെയോ കണക്കുകൾ തെറ്റിപ്പോയിരിക്കുന്നു. അല്ലെങ്കിൽ കണക്കുകൾ ഒന്നുമില്ല. വെറുതെ ഇരിക്കട്ടെ ഒരു അണക്കെട്ട് എന്നു പറഞ്ഞതാവുമോ? എന്തായാലും നാട്ടുകാർക്ക് വിരോധമൊന്നുമില്ല.

കേരളത്തിന്റെ തെക്കേയറ്റത്ത് തിരുവനന്തപുരം ജില്ലയിൽ, 497 ച.കി.മീ വിസ്തൃതിയിൽ നദീതടമുള്ള, പതിനൊന്നു മാസവും മഴകിട്ടുന്ന അഗസ്ത്യകൂട പർവ്വതനിരയിൽ നിന്നും 56 കി.മീ. ഒഴുകി അറബിക്കടലിൽ ചേരുന്ന നെയ്യാർ നദിയിൽ 1956ൽ ഒരു ജലസേചന അണക്കെട്ടു കെട്ടി. 1500 ഹെക്ടർ വിസ്തൃതിയുള്ള ജലസംഭരണിയും 15,520 ഹെക്ടർ ജലസേചിതപ്രദേശവുമാണ് ഈ അണക്കെട്ടിനുള്ളത്. എല്ലാ വർഷവും ഇടവപ്പാതി മഴ തുടങ്ങി ദിവസങ്ങൾക്കുള്ളിൽ അണക്കെട്ടിലെ ജലനിരപ്പ് ക്രമാതീതമായി ഉയർന്ന് ഷട്ടറുകൾ തുറക്കുന്നതിനാൽ നദിയിലെ ജലനിരപ്പ് അപകടകരമായി ഉയരുമെന്നും നദീതീരവാസികൾ ജാഗരൂകരായിരിക്കണമെന്നുമുള്ള മുന്നറിയിപ്പ് വരും. ഇതെല്ലാ വർഷവും ആവർത്തിക്കും. വേനലിൽ അണക്കെട്ടിന് പിന്നിലെ ജലസംഭരണി  ഉണങ്ങി കിടക്കും. അണകെട്ടിയ കാലത്ത് കുറെ കണക്കുകൾ ഉണ്ടായിരുന്നിരിക്കാനാണ് സാദ്ധ്യത. പിന്നെന്താണ് ജലലഭ്യതയ്ക്ക് സംഭവിച്ചത്? മണ്ണൊലിച്ച് അണക്കെട്ട് തൂർന്നതാണോ? ജലസംഭരണമേഖലയിലെ കാടുകൾ ക്ഷയിച്ച് നീർച്ചാലുകൾ വറ്റിയതാണോ? അമ്പതു വർഷം കൊണ്ട് കാലാവസ്ഥയേ മാറിപ്പോയതാണോ?

നെയ്യാർ അണക്കെട്ടിലില്ലാത്ത ജലം പമ്പു ചെയ്ത് തിരുവനന്തപുരത്തിന് കുടിവെള്ളം കൊടുക്കാൻ ഉദ്ദേശിച്ചു നിർമ്മിച്ച പേപ്പാറ അണക്കെട്ടിലെത്തിക്കാനൊരു പദ്ധതി നിർദ്ദേശമുണ്ട്. നെയ്യാറിന് തൊട്ടു വടക്കാണ് പേപ്പാറ അണക്കെട്ട് സ്ഥിതിചെയ്യുന്ന കരമനയാറ്. ഒരേ മലകളിൽ നിന്ന് രണ്ട് നദികളും ഉത്ഭവിക്കുന്നു. ഇടുക്കിയിൽ സംഭവിച്ച പോലെ ഈ രണ്ട് അണക്കെട്ടുകളുടെ ജലസംഭരണ പ്രദേശങ്ങളിലും വനംകൈയേറ്റം ഉണ്ടായിട്ടില്ല. രണ്ടു അണക്കെട്ടുകളുടേയും വൃഷ്ടിപ്രദേശങ്ങൾ വന്യജീവിസങ്കേതങ്ങളാണ്. വറ്റിക്കിടക്കുന്ന പേപ്പാറ ജലസംഭരണിയിലേക്ക് ഉണങ്ങിയ നെയ്യാറിൽ നിന്ന് വെള്ളമെത്തിക്കാനുള്ള കോടികളുടെ പദ്ധതിക്ക് പണം ലോകബാങ്കിനോട് ചോദിക്കേണ്ടി വരും. അണക്കെട്ടു നിറയ്ക്കാൻ വെള്ളം ആരോടു ചോദിക്കും?!

പീച്ചി അണക്കെട്ടിലെ വെള്ളം കൃഷിക്കല്ല, ഫീനോളും ചേർത്ത് തൃശ്ശൂർ പട്ടണത്തിന് കുടിക്കാനുള്ളതാണ്. പോത്തുണ്ടി അണക്കെട്ടിലെ വെള്ളം നെല്ലിയാമ്പതി ടൂറിസം മാലിന്യവും കലർത്തി നെന്മാറയ്ക്ക് കുടിക്കാനുള്ളതാണ്. മലമ്പുഴയിൽ വെള്ളമില്ലെങ്കിൽ പാലക്കാട്ടുകാരും കഞ്ചികോടുകാരും ശിരുവാണിവെള്ളം കുടിക്കാൻ കൊയമ്പത്തൂരിലേക്ക് മാറേണ്ടി വരും. പാലക്കാട് ജില്ലയിൽ തന്നെ ഗായത്രിപ്പുഴയുടെ തുടക്കത്തിലെ ചുള്ളിയാറിന് കുറുകെ നിർമ്മിച്ച 13.70 മില്യൺ ക്യുബിക്ക് മീറ്റർ ജലം സംഭരിക്കേണ്ടുന്ന ചുള്ളിയാർ അണക്കെട്ട് എക്കാലവും ഉണങ്ങി വരണ്ട് കിടക്കും. നാട്ടുകാർ പറയും ചമ്മണാംപതിയിലെ ഒറ്റ ദിവസത്തെ ഉരുൾപൊട്ടലിലാണ് ജലസംഭരണി തൂർന്നു പോയതെന്ന്. ഈ ജലസംഭരണി നിറയ്ക്കാൻ തെക്കുള്ള നെല്ലിയാമ്പതിക്കുന്നുകളുടെ തലപ്പത്ത് നിർദ്ദിഷ്ട കാരപ്പാറ- കുരിയാർകൂട്ടി വിവിധോദ്ദേശ പദ്ധതിയിൽ നിന്ന് വെള്ളമെത്തിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. കാരപ്പാറ-കുരിയാർകൂട്ടി പുഴകൾ ചെന്നെത്തുന്ന ചാലക്കുടി പുഴത്തടത്തിന്റെ ജലാവശ്യം ആരിൽ നിന്നെടുക്കും എന്ന ചോദ്യം ബാക്കി നില്ക്കുന്നു. അണക്കെട്ടുകളുടെ ചീട്ടുകൊട്ടാരത്തിന് നല്ല ഉയരമായി.

ചെറുതും വലുതുമായ എൺപതിൽ പരം ജലസേചന-ജലവൈദ്യുത അണക്കെട്ടുകൾ കേരളത്തിലുണ്ട്. ഇവ മിക്കവാറുമെല്ലാം 1960കൾക്ക് ശേഷം നിർമ്മിച്ചവയുമാണ്. 1950കൾ തുടങ്ങി 1980കൾ വരെ പഞ്ചവത്സരപദ്ധതി മൊത്തം ചെലവിന്റെ പകുതിയിലേറെ വൻഅണക്കെട്ടുകൾ നിർമ്മിക്കാൻ മാത്രമായാണ് കേരളത്തിൽ ചെലവഴിച്ചത്. ജലസേചന അണക്കെട്ടുകളെല്ലാം നെൽക്കൃഷിക്കു വേണ്ടി. കേരളത്തിൽ നെൽവയലുകളേ ഇല്ലാതാവുന്നു. അണക്കെട്ടുകളുടെ വെള്ളം മഴക്കാലത്ത് ഒരു പൂ കൃഷിക്ക്. ഉത്പാദിപ്പിക്കുമെന്നു പറഞ്ഞ വിദ്യുച്ഛക്തിയിൽ എത്ര ഉത്പാദിപ്പിച്ചു എന്ന് സമൂഹം അന്വേഷിക്കുന്നില്ല. സമൂഹത്തിന് ലോഡ്‌ഷെഡ്ഡിങ്ങ് വേണ്ടെന്നു മാത്രമേയുള്ളൂ. ചെലവിന്റെ കാര്യത്തിലെ കണക്കുകൂട്ടലുകളും കെട്ടാൻ വേണ്ടി വരുമെന്നു പറഞ്ഞ സമയത്തിന്റെ കണക്കുകളും വെള്ളത്തിന്റ കണക്കുകളെ പോലെ തെറ്റിപ്പോയി. ആരെയും കുറ്റപ്പെടുത്താനായല്ലാതെ തെറ്റുകൾ തിരുത്താനുള്ള ഒരു ശ്രമം നടന്നാൽ നന്ന്. മാർക്ക്വെസിന് കോളറക്കാലത്തെ പ്രണയമായിരുന്നുവെങ്കിൽ നമുക്ക് വേണ്ടത് പ്രളയശേഷ സത്യാന്വേഷണമാണ്. ‘ബുദ്ധിയുള്ളവർ’ കിട്ടാവുന്നത്ര പുതപ്പും കിറ്റും ബിസ്‌ക്കറ്റും ശേഖരിച്ചു കഴിഞ്ഞു. ബാക്കിയുള്ളവർക്കെങ്കിലും വരൾച്ചയും വെള്ളപ്പൊക്കവും പോലുള്ള പ്രകൃതിദുരന്തങ്ങളുടെ തീക്ഷ്ണത കുറയ്ക്കാനായെങ്കിലും ഏറെ ചെയ്യാനാവുമല്ലോ? സംഭവിക്കുന്ന ദുരന്തങ്ങൾക്കു പിന്നിലെ സത്യം പറയാതെ, വരൾച്ചയിലും വെള്ളപ്പൊക്കത്തിലും കാലിയാവുന്ന ഖജനാവും, ഒന്നിലും വിശ്വസിക്കാനോ പ്രവർത്തിക്കാനോ തയ്യാറാവാത്ത ജനവും എന്ന സ്ഥിതിയിൽ നാം എത്താതിരിക്കട്ടെ. വീട്ടിൽ തിരിച്ചെത്തി ആവുന്നത്ര ചളി കഴുകി വിലപ്പെട്ട പലതും വലിച്ചെറിഞ്ഞ്, ഇനിയെങ്കിലും തുടങ്ങിക്കൂടെ നമുക്ക് ആദ്യപടിയായി നമുക്കുണ്ടായിരുന്ന നാടിന്റെ പാരിസ്ഥിതിക ആരോഗ്യം ഉൾപ്പെടെ നിലനില്പിന് വേണ്ടുന്ന എല്ലാറ്റിന്റെയും പുനഃസ്ഥാപന പ്രയത്‌നം?

കേരളം എത്ര മുറവിളി കൂട്ടിയാലും മുല്ലപ്പെരിയാറിന്റെ ജലനിരപ്പ് കുറയ്ക്കാതിരിക്കാൻ ശ്രമിക്കും തമിഴ്‌നാട്. അനിതരസാധാരണ സാഹചര്യങ്ങളില്ലെങ്കിൽ അഞ്ചാറു വർഷങ്ങളിലൊരിക്കൽ പോലും ഷട്ടറുകൾ തുറന്ന് പെരിയാറിലേക്ക് വെള്ളമൊഴുക്കാറില്ല. അവിടെ പുഴത്തടത്തിൽ കാടു വളരുകയാണ്. മുല്ലപ്പെരിയാർ അണക്കെട്ടിൽ നിന്ന് മൂന്നു കിലോമീറ്ററോളം പുഴ പടിഞ്ഞാറേക്കാണൊഴുകുന്നത്. അവിടെ വള്ളക്കടവിൽ വച്ച് പെട്ടെന്നത് വടക്കോട്ട് തിരിഞ്ഞ് ഏഴ് കിലോമീറ്റർ ഒഴുകി വണ്ടിപ്പെരിയാറിലെത്തും. പിന്നെ ഒരു ഇരുപത് കിലോമീറ്റർ വടക്കുപടിഞ്ഞാറേക്കൊഴുകി നദി അയ്യപ്പൻകോവിലിലെത്തും. പിന്നെ താഴേക്ക് പുഴയില്ല, ഇടുക്കി ജലസംഭരണിയാണ്. മുല്ലപ്പെരിയാർ അണക്കെട്ടിന് താഴെ പുഴത്തടത്തിൽ പാറകളല്ലാതെ, മഴക്കാലത്ത് ഒഴുകിയെത്തുന്ന അല്പം ജലമല്ലാതെ, കാര്യമായ നീരൊഴുക്കൊന്നുമില്ല. ഇവിടെയും കണക്കുകൾ എവിടെയോ തെറ്റി. കാടുകളുമില്ല, അണക്കെട്ടു നിറയ്ക്കാൻ സ്ഥിരമായൊഴുകുന്ന നീർച്ചാലുകളുമില്ല. ഗവേഷണമോ ഉപഗ്രഹചിത്രമോ ഒന്നുമില്ലാതെ റോഡു മാർഗ്ഗം വണ്ടിപ്പെരിയാറിൽ നിന്ന് കുമളിയിലേക്ക് യാത്ര ചെയ്താൽ റോഡിന്റെ ഇടതുഭാഗം ചേർന്ന് ചോറ്റുപാറ വരെ ഒരു അഴുക്കുചാലുണ്ട്. ഇത് പെരിയാറിൽ ചേരുന്നത് ടൗണിലെ പാലത്തിന് തൊട്ട് വടക്ക്കിഴക്കായാണ്. ഇതുപോലുള്ള അഞ്ചാറ് തോടുകളാണ് മുല്ലപ്പെരിയാറിനും ഇടുക്കി ജലസംഭരണിക്കും ഇടയ്ക്കുള്ളത്. അവയ്‌ക്കൊന്നിനും ഒരിക്കലും വലിയ ഇടുക്കി ജലസംഭരണി നിറയ്ക്കാനാവില്ല. നല്ലൊരു മഴ പെയ്താൽ ഇപ്പറഞ്ഞ തോട് കുമളിയിൽക്കൂടി കടന്നു പോകുന്ന അന്തർസംസ്ഥാന പാതയിലെ ഗതാഗതം താറുമാറാക്കും. കാരണം ഈ പറഞ്ഞ നീർച്ചാൽ നിറച്ച് വീടുകളും വാഹന വർക്ക്‌ഷോപ്പുകളുമാണ്. ഒരു പഞ്ചായത്തിന് ഉത്തരം കണ്ടെത്താനാവുന്ന ഈയൊരു ചെറിയ പ്രതിസന്ധി പോലും തരണംചെയ്യാത്ത നാമാണ് മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ബദലുകളെ കുറിച്ച് ചർച്ച ചെയ്യുന്നത്.

1973ൽ ഇടുക്കി ജലവൈദ്യുതപദ്ധതിയുടെ ആദ്യ ഘട്ടങ്ങൾ കമ്മീഷൻ ചെയ്യുമ്പോൾ ദക്ഷിണേന്ത്യക്കു വേണ്ടുന്ന മുഴുവൻ വിദ്യുച്ഛക്തിയും ഇവിടെ നിന്നും നമുക്ക് നല്കാൻ ആവുമെന്നാണ് നാം കൊട്ടിഘോഷിച്ചിരുന്നത്. 59.8 ച.കി.മീ. വിസ്തൃതിയുള്ള ജലാശയത്തിൽ 1996.3 മില്യൺ ക്യുബിക്ക് മീറ്റർ ജലം സംഭരിക്കുന്ന റിസർവ്വോയറിന് 649.3 ച.കി.മീ. ജലസംഭരണ ഭൂപ്രദേശമുണ്ടെന്നാണ് പറയുന്നത്. എന്തായാലും മുല്ലപ്പെരിയാർ അണക്കെട്ടിന്റെ കാടുള്ള ജലസംഭരണമേഖലയിലെ ജലമൊന്നും ഇടുക്കിയിലേക്കല്ല തമിഴ്‌നാട്ടിലേക്കാണ് ഒഴുകിപോകുന്നത്. പിന്നെ ബാക്കിയുള്ളത് തേയിലത്തോട്ടങ്ങളോ കാടു കൈയേറി കൃഷിയിടങ്ങളാക്കിയ പ്രദേശങ്ങളോ മണ്ണൊക്കെ നഷ്ടപ്പെട്ടു കഴിഞ്ഞ പാറച്ചരിവുകളോ ആണ്. റിസർവ്വോയറിന്റെ നടുക്ക് പുല്ലും പാറയും ചെറിയ തുണ്ടു കാടുകളും ഉള്ള ഒരു തുരുത്തു പോലെ ഇടുക്കി വന്യജീവിസങ്കേതമുണ്ട്. അതിന് അണക്കെട്ടിലേക്ക് കാര്യമായി വെള്ളമൊന്നും ചുരത്താനാവില്ല. ടൂറിസത്തിന് കൊള്ളാമായിരിക്കാം. കെട്ടിക്കഴിഞ്ഞ് വേണ്ടത്ര വെള്ളമില്ലാതായ അണക്കെട്ടിന് പിന്നിൽ വെള്ളമെത്തിക്കാൻ കൊച്ചു കിളിവള്ളിയാറിന്റെ കുളമാവ് താഴ്‌വാരം തുടങ്ങി അഴുതത്തലപ്പത്തും മണിമലത്തുടക്കത്തിലും മീനച്ചിൽ തലപ്പത്തുമൊക്കെ അണക്കെട്ടുകൾ കെട്ടി. പിന്നെ പെരിയാറിന്റെ തന്നെ പോഷകനദിയായ പെരിഞ്ചാങ്കുട്ടിയാറിലെ നിർദ്ദിഷ്ട ഭീമൻ അണക്കെട്ട് ഉപേക്ഷിച്ച് (നാട്ടുകാർ അനുവദിക്കാത്തതു കൊണ്ട്) പെരിഞ്ചാങ്കുട്ടിയാറിന്റെ തലപ്പത്ത് കല്ലാറിലും ഇരട്ടയാറിലും അണക്കെട്ടുകൾ കെട്ടി അവിടെ നിന്നും കിട്ടാവുന്ന വെള്ളമൊക്കെ ഇടുക്കി ജലസംഭരണിയിലെത്തിച്ചു. അല്ലെങ്കിൽ വെള്ളമെത്തിക്കാമെന്നു കണക്കു കൂട്ടി. ഇതൊക്കെ കഴിഞ്ഞിട്ടും അണക്കെട്ട് നിറയാത്തതു കൊണ്ടാണല്ലോ കഴിഞ്ഞ കുറെ ദശാബ്ദങ്ങളായി ചെറുതോണി അണക്കെട്ട് തുറന്നുവിടേണ്ട സാഹചര്യം വരാത്തത്. ഇടുക്കിയിലെ കരിമ്പാറമലകൾക്ക് ‘പെരിയാറേ, പർവ്വതനിരയുടെ പനിനീരേ’ പാടാനറിയില്ല. ജലസംഭരണശേഷിയുടെ കണക്കുകൾ തെറ്റി. ഇനി നമുക്ക് ഇടുക്കി സ്റ്റേജ് V ആയി കൃത്രിമമഴ പെയ്യിക്കുന്നതിന്റെ പദ്ധതി കൂടി തയ്യാറാക്കാം. ഇതൊന്നും ആരുടേയും തെറ്റല്ല. ഉദ്യോഗസ്ഥൻമാരെ കുറ്റപ്പെടുത്തിയിട്ടും കാര്യമില്ല. ഇക്കാലമൊക്കെയും നാമൊക്കെ ചെയ്തുകൊണ്ടിരുന്നത് വൺ, ടു, ത്രീ… എന്നിട്ട് സ്വന്തം നെഞ്ചിൽ ഷൂട്ട് തന്നെയായിരുന്നു.  ഈ പെരുമഴക്കാലത്തിന് തൊട്ട് മുമ്പാണ് കല്ലാർകുട്ടി ഡാമിന്റെ ജലസംഭരണിയിൽ നിറഞ്ഞ ജലനിരപ്പിന് പത്ത് ചെയിൻ അകലത്തിൽ പട്ടയം കൊടുക്കുന്നതിന്റെ ചർച്ച പത്രവാർത്തയായത്. സംഭവാമി യുഗേയുഗേ!

തീർന്നില്ല, ഇക്കഴിഞ്ഞ മാസം പെരിയാറിലേക്ക് തുറന്നു വിട്ട മലവെള്ളമൊക്കെ ഇപ്പോൾ പാറക്കടവിന് താഴേയുണ്ട്. പമ്പടിച്ച് ഇടുക്കിയിലെത്തിക്കാനാവില്ല. പക്ഷേ ഒഴുകിപ്പോയ പൈനാവ് ടൗണ് തുടങ്ങി താഴെ നേരിയമംഗലം വരെ ബാക്കി നില്ക്കുന്നത് ഒരു വലിയ വരണ്ട പാറവിള്ളലാണ്. അതിലൂടെ ഒഴുകേണ്ട പുഴവെള്ളമൊക്കെയും ഇടുക്കി ജലവൈദ്യുതപദ്ധതി വന്ന ശേഷം മുലമറ്റത്തുനിന്ന് തൊടുപുഴയാറിലെത്തി പിന്നെ മലങ്കര ഡാമിൽ സംഭരിച്ച് ജലസേചനം ആവശ്യമില്ലാത്ത പ്രദേശത്ത് മൂവാറ്റുപുഴ വാലി പദ്ധതി എന്ന ആഭാസത്തിലൂടെ വൈക്കം കായലിലെത്തിക്കുന്നു. പെരിയാറിൽ വെള്ളമില്ല. തൊടുപുഴയാറ്റിൽ വെള്ളപ്പൊക്കം. ഈ വർഷം പ്രളയകാലത്ത് അപ്പർ കുട്ടനാട്ടിലെ വെള്ളപ്പൊക്കത്തിന് തൊടുപുഴയാറ്റിലൂടെ, മൂവാറ്റുപുഴയിലൂടെ വൈക്കം കായലിലെത്തിയ വെള്ളം എത്ര ആക്കം കൂട്ടിയെന്ന് കണ്ടെത്താൻ പുതിയൊരു ഡച്ച് വാട്ടർ ബാലൻസ് സ്റ്റഡി നടത്തേണ്ടി വരും!

മനുഷ്യന്റെ ‘പുരോഗതി’  

വളരെ നീണ്ടകാലമായുള്ള ജീവന്റെ പരിണാമത്തിൽ ഉരുത്തിരിഞ്ഞതാണ് ഹോമോ കുടുംബത്തിലെ ഇന്നത്തെ മനുഷ്യന്റെ വംശം, ഹോമോ സാപിയൻസ്. മനുഷ്യന്റെ, നാമിന്ന് എത്തി നില്ക്കുന്ന തലത്തിലുള്ള പുരോഗതിയിലേക്കുള്ള യാത്ര തുടങ്ങിയിട്ട് നാലോ അഞ്ചോ ആയിരം വർഷങ്ങളേ ആയിട്ടുള്ളൂ. പുരോഗതി എന്നു നാം വിളിക്കുന്ന സങ്കീർണ്ണ മാറ്റങ്ങൾക്കു പിന്നിൽ മൂന്നു നിർണ്ണായക ഘടകങ്ങളാണുള്ളത്. ഒന്നാമത്തേത് നമ്മുടെ ജനസംഖ്യാ വർദ്ധനയാണ്. എല്ലാ ജീവവംശങ്ങളും എണ്ണം വർദ്ധിപ്പിച്ചുകൊണ്ടേയിരിക്കും. പക്ഷേ മറ്റ് പലേ സാഹചര്യസമ്മർദ്ദങ്ങളും ആ പെരുപ്പത്തെ നിയന്ത്രിച്ചു നിറുത്തും. മനുഷ്യൻ മാത്രം കഴിഞ്ഞ മൂന്നു നാലായിരം വർഷങ്ങളായി ഈ നിയന്ത്രണത്തെ അതിജീവിക്കുന്നു. ഒരു പക്ഷേ അതും താല്ക്കാലികമായിരിക്കാം. ഏതെങ്കിലും ഒരു വംശത്തിന്റെ അനിയന്ത്രിതമായിട്ടുള്ള എണ്ണം പെരുകൽ അതു ജീവിക്കുന്ന ആവാസവ്യവസ്ഥയിലെ മറ്റ് ജീവവംശങ്ങൾക്ക് ഹാനികരമാകാതിരിക്കാൻ പ്രകൃതിയിൽ പല നിയന്ത്രണങ്ങളുമുണ്ട്. ഭക്ഷ്യലഭ്യതയുടെ പരിമിതിയായിരിക്കാം ആവാസവ്യവസ്ഥയിൽ ഒരു ജീവവംശം അനിയന്ത്രിതമായി പെരുകാതിരിക്കാനുള്ള സാധാരണ നിയന്ത്രണം. മനുഷ്യൻ സംസ്‌കാരത്തിന്റെ പരിണാമത്തിലൂടെ മെല്ലെ കൃഷി എന്ന കഴിവ് നേടി പതിനായിരം വർഷം കൊണ്ട് ഭക്ഷ്യ ലഭ്യത എന്ന പരിമിതിയെ മറികടന്നു. ഭക്ഷ്യപരിമിതിയെ നേരിടുന്ന എല്ലാ ജീവവംശങ്ങളും പുതിയ മേച്ചിൽപ്പുറങ്ങൾ തേടിപ്പോകും. മുമ്പ് മനുഷ്യനും. പോകാനാകാതെ വന്നാൽ ആ വംശം അന്യം നില്ക്കുകയോ മറ്റെന്തെങ്കിലും ആഹാരം കണ്ടെത്താനുള്ള വഴി പരിണാമമാറ്റത്തിലൂടെ തേടുകയോ ചെയ്യും. സസ്യങ്ങൾക്ക് വളരാനാകാത്തതോ മറ്റൊരു ജീവിക്കും ജീവിക്കാനാവാത്തതോ ആയ ഭൂപ്രദേശങ്ങളൊഴിച്ച് പതിനാലാം നൂറ്റാണ്ടോടെ ആധുനിക മനുഷ്യൻ ഭൂമിയിലെല്ലായിടത്തും വ്യാപിച്ചു. ചെന്നെത്തിയാൽ ആയിടങ്ങളിലെ ജീവസാഹചര്യങ്ങളെ മനസ്സിലാക്കി അതിജീവനത്തിന്റെ കഴിവ് സ്വയം നേടും. അല്ലെങ്കിൽ കൈവശമുള്ള കഴിവുകൾ കൊണ്ട് അപരിചിത സാഹചര്യങ്ങളെ പരിചിത സാഹചര്യങ്ങളായി മാറ്റിയെടുക്കാൻ ശ്രമിക്കും. തീരപ്രദേശങ്ങളിൽ കൃഷിചെയ്യുന്ന തെങ്ങ് കട്ടപ്പനയിലെത്തിച്ചതും യൂറോപ്പിലെ ചെമ്മരിയാടുകൾ ഓസ്‌ട്രേലിയയിലെത്തിയതും ഒക്കെ ഇങ്ങനെയാണ്.

1980കളോടെ ഭൂമിയിലെ ആവാസവ്യവസ്ഥകൾക്ക് പ്രകാശസംശ്ലേഷണത്തിലൂടെ മനുഷ്യന് ഭക്ഷണം നല്കാനുള്ള പരിധി കടന്നു. അത്രയേറെ നമ്മുടെ ജനസംഖ്യ വളർന്നു കഴിഞ്ഞിരുന്നു. ഒപ്പം കൃഷിഭൂമികളായി കഴിഞ്ഞവ തെറ്റായ ഇടപെടലുകൾ കൊണ്ട് കൃഷിയോഗ്യമല്ലാതാവുന്നതും ക്രമാതീതമായി വർധിച്ചു. കേരളത്തിലെ പശ്ചിമഘട്ടത്തിൽ മാത്രം കഴിഞ്ഞ ഒരു അര നൂറ്റാണ്ടു കൊണ്ട് ഭൂപ്രതലമെത്ര സസ്യാവരണമേയില്ലാത്ത പാറത്തളങ്ങളായി എന്നത് ഉപഗ്രഹചിത്രങ്ങളിലൂടെയോ മറ്റോ കണ്ടെത്താനാവും. ഇത് കേരളത്തിലെ മൊത്തം പശ്ചിമഘട്ട വിസ്തൃതിയുടെ പതിനഞ്ചിരുപതു ശതമാനം വരും. ഈ നാശം സംഭവിച്ചത് സസ്യസമ്പന്നതയിൽ ലോകത്തേറ്റവും അദ്വിതീയമായിരുന്ന പ്രദേശങ്ങളിലായിരുന്നു എന്നതും മറ്റൊരു ദുഃഖസത്യമാണ്. ഇതും ഈ വെള്ളപ്പൊക്കത്തിനും വരൾച്ചയ്ക്കും ഒരു കാരണമാണ്.

ഇന്ന് കാണുന്ന മനുഷ്യപുരോഗതിയുടെ രണ്ടാമത്തെ ഘടകം കുറച്ചു പേരുൾപ്പെടുന്ന കുടുംബക്കൂട്ടങ്ങൾ (Clan) ആയി അലഞ്ഞു നടന്നു ഭക്ഷണം തേടുന്നതിന് പകരം മനുഷ്യർ ചില ‘നല്ല ഭൂമികൾ’ കണ്ടെത്തി അവിടെ സ്ഥിരതാമസമാക്കിയതാണ്. ഈ ഇടങ്ങളെ തിരഞ്ഞെടുക്കുന്നതിന്റെ പിന്നിലെ മാനദണ്ഡങ്ങൾ പ്രധാനമായും ശുദ്ധജലലഭ്യതയും അവിടത്തെ പ്രകൃതിയുടെ ജൈവവസ്തു നിർമ്മാണശേഷി (Biomass Production Potential) യുമായിരുന്നു. ഒരിടത്തെ സ്ഥിരവാസം മനുഷ്യന്റെ രണ്ടു വലിയ മാറ്റങ്ങൾക്കു കൂടി വഴിവച്ചു. ഒന്ന്, സാമൂഹ്യ ചട്ടക്കൂട് കൂടുതൽ കൂടുതൽ സങ്കീർണ്ണവും ദൃഢവുമായി. രണ്ട്, വിദ്യ വികസിച്ചു. എല്ലാവരുടെയും മൊത്തം ഊർജ്ജവും ആഹാരം കണ്ടെത്താൻ ഉപയോഗിക്കുന്നതിനു പകരം ചിലർക്ക് അവരുടെ ഊർജ്ജം ആഹാരസമ്പാദനത്തിന് പകരം മറ്റ് അന്വേഷണങ്ങൾക്ക് വിനിയോഗിക്കാമെന്നായി. സാങ്കേതികവിദ്യ, പ്രത്യേകിച്ച് ഭൂപരിപാലനവുമായി ബന്ധപ്പെട്ടത് അതിവേഗം വളർന്നു. ഒപ്പം ഒരിടത്ത് സ്ഥിരമായി താമസിക്കുന്നതു കാരണം അവിടത്തെ ചുറ്റുപാടുകളിൽ വലിയ മാറ്റങ്ങൾ വരുത്തുന്നതിൽ നീണ്ടകാല പ്രയോജനങ്ങളും നാം കണ്ടു. അത് പാർപ്പിടങ്ങൾ നിർമ്മിക്കുന്നതിലും വ്യാപ്തിയിൽ കൃഷിഭൂമി പരുവപ്പെടുത്തുന്നതിലുമൊക്കെ പ്രതിഫലിച്ചു. അങ്ങനെ നാം സുഖസൗകര്യങ്ങൾ എന്ന എന്തോ ഒന്നിന്റെ സേവകരും അറിയാതെ അടിമകളും ആയി. ഭക്ഷ്യ സുരക്ഷിതത്വം പെരുപ്പിച്ച ജനസംഖ്യയും നാം വികസിപ്പിച്ച സാങ്കേതികവിദ്യകളും കൂടുതൽ ആഴത്തിലും വ്യാപ്തിയിലും നാം ജീവിക്കുന്ന ചുറ്റുപാടുകളെ മാറ്റിമറിക്കാൻ നമ്മെ പ്രാപ്തരാക്കി. സ്ഥിരവാസത്തിലൂടെ ‘സ്വത്തും’ കൂടുതൽ മലിനീകരണവും നാം അവിടെ സൃഷ്ടിച്ചു. ഇത് ഇന്ന് വളർന്നുവളർന്ന് നമ്മുടെ നിലനില്പിനെ തന്നെ ചോദ്യം ചെയ്യുന്നു. മുമ്പ് ഒരിടത്ത് സ്ഥിരമായി താമസിക്കാൻ ‘പട്ടയം’ വാങ്ങാൻ കൊതിച്ച നാം ഇന്ന് പ്രകൃതിദുരന്തങ്ങളിൽ അഭയാർത്ഥികളായി അവസാനിക്കുന്നു. ഇത് ലോകത്തെല്ലായിടത്തും സംഭവിക്കുന്നു. സുന്ദർബൻസിലെ മീൻപിടിത്തക്കാരനും ഇടുക്കിയിലെ കൃഷിക്കാരനും വടക്കൻ കാനഡയിലെ ഇന്യൂറ്റ് ആദിവാസിയും ഒരു പോലെ. മറ്റ് ചിലയിടങ്ങളിൽ പലസ്തീനിലെ പോലെ, മ്യാൻമാറിലെ പോലെ, എത്യോപ്യയിലെ പോലെ വേരു പറിച്ചെറിയപ്പെട്ട രണ്ടു കൂട്ടർ ആയുധങ്ങളുമായി പരസ്പരം ഏറ്റുമുട്ടുന്നു. ഒഴിഞ്ഞുപോക്കിന്റെ തുടക്കം ദരിദ്രമാക്കപ്പെട്ട ഭൂമിയിൽ നിന്ന്. ചെന്നെത്തുന്നയിടത്തും പരിമിതമായ വിഭവങ്ങൾക്കു വേണ്ടി സംഘട്ടനം.

നമ്മുടെ പുരോഗതി എന്ന പാതയിലെ മൂന്നാമത്തെ നിർണ്ണായക ഘടകം നാം അറിയാതെ അനുസരിച്ചിരുന്ന, ആശ്രയിച്ചിരുന്ന നാലു സങ്കല്പങ്ങളാണ്. ഒന്നാമത്തേത് പാരിസ്ഥിതികഭദ്രത എന്ന, പൂർണ്ണമായി അറിയാതെ വിശ്വസിച്ച് സ്വീകരിച്ച് വിശകലനത്തിന് പോകാതിരുന്ന ഒന്ന്. രണ്ടാമത്തേത് പാരിസ്ഥിതിക ഭദ്രതയെ ആശ്രയിക്കുന്ന ഉറപ്പുള്ള ഭക്ഷ്യലഭ്യത എന്ന ജീവഭദ്രത. ഭക്ഷണം ലഭിക്കുമെന്ന ഉറപ്പ് നമുക്ക് പെട്ടെന്ന് മാറ്റേണ്ട ആവശ്യങ്ങളൊന്നുമില്ലാത്ത കെട്ടുറപ്പുള്ള ഒരു സമൂഹത്തെ വളർത്തിയെടുക്കാനുള്ള ഒരവസരം തരും. മത്സരത്തിന് പകരം, യാത്ര ചെയ്തുകൊണ്ടിരിക്കുന്നതിനു പകരം, ഒരിടത്ത് സ്ഥിരമായി താമസിച്ച് ആഹാരം പങ്കിടുന്നവർ സഹകരിച്ച് പരസ്പരപൂരക പരസ്പരാശ്രിത ജനസമൂഹങ്ങളുണ്ടാക്കി. അതിന്റെ ഏറ്റവും ഉയർന്ന ഒരു തലമാണ് രാഷ്ട്രം. ഇതാണ് നാം തേടുന്ന സാമൂഹ്യഭദ്രത എന്ന മൂന്നാമത്തെ സങ്കല്പം. നാലാമത്തേത് ഒരിടത്ത് സ്ഥിരമായി താമസിച്ച് ചുറ്റുപാടുകളെ നിലനില്പിനായി പരിപാലിച്ച് സമാന ജീവിതദർശനങ്ങളും തലമുറകളിലൂടെ കൈമാറാനാവുന്ന വളർത്താനാവുന്ന അറിവുകളുടേയും കഴിവുകളുടേയും ആകത്തുകയായ സംസ്‌കാരം എന്ന ഒന്ന്.  പക്ഷേ വളരെ ചുരുങ്ങിയ ഒരു കാലം കൊണ്ട് നമുക്കീ നാല് ഭദ്രതകളും നഷ്ടപ്പെട്ടു. രാഷ്ട്രത്തിനുള്ളിലും കുടുംബങ്ങൾക്കുള്ളിലും പോലും സാമ്പത്തിക ക്രയവിക്രയങ്ങൾക്ക് മുൻതൂക്കം വന്നു. ഒടുവിലതു മാത്രമായി മനുഷ്യബന്ധങ്ങളുടെ അടിസ്ഥാനം. ആ നാണയത്തിന്റെ പോലും ‘മൂല്യ’ നഷ്ടത്തിലേക്കുള്ള ഒരു വഴിത്തിരിവാണ് എല്ലാത്തിനും നഷ്ടപരിഹാരം എന്നുള്ള ഇന്നത്തെ കാഴ്ച്ചപ്പാട്. എന്തിന്റെയും സാമ്പത്തികമൂല്യത്തിന്റെ അടിസ്ഥാനം പാരിസ്ഥിതികമൂല്യം തന്നെയാണ്. ജീവനാവശ്യമായ വായുവും ജലവും പ്രകാശ സംശ്ലേഷണത്തിലൂടെ സൗരോർജ്ജം മനുഷ്യനിലെത്തുന്ന അതിസങ്കീർണ്ണ പ്രവർത്തനങ്ങളുമൊക്കെ സാമ്പത്തിക കണക്കെടുപ്പുകളിൽ അപ്രധാന ബാഹ്യവസ്തുക്കളായി (Insignificant Externalities) കണക്കിൽ പെടാതെ പോയത് ഇന്നത്തെ പാരിസ്ഥിതിക ദുരന്തത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഒരു കാരണമാണ്. പ്രകൃതിയിലെ സങ്കീർണ്ണതകളുടെ മുന്നിൽ മനുഷ്യനെന്ന അഹന്തയിൽ നിന്നുള്ള ഭീരുത്വം കൊണ്ടാണ് ചിക്കാഗോ ബോയ്‌സും നമ്മുടെ സാമ്പത്തിക വിദഗ്ധരും ഒരു പോലെ പരിസ്ഥിതിയെ കണക്കിലെടുക്കാതെ കൂടുതൽ കൂടുതൽ പാരിസ്ഥിതിക ദുരന്തങ്ങൾ സൃഷ്ടിക്കുന്നത്.

മനുഷ്യൻ കൃഷി എന്ന സാങ്കേതികവിദ്യ കണ്ടുപിടിക്കും മുമ്പ് ഏകദേശം ബി.സി.ഈ. (B.C.E.) 8000നും  5000നും ഇടയ്ക്ക് കഷ്ടിച്ച് 50 ലക്ഷമായിരുന്നു നമ്മുടെ ജനസംഖ്യ. വാർഷിക വളർച്ചാനിരക്ക് 0.01 ശതമാനവും. അതായത് ഒരാണ്ടിൽ 372 മനുഷ്യരാണ് ജനസംഖ്യയിൽ കൂടുതലായുണ്ടാവുക. അന്നത്തെ ലോകജനസംഖ്യ ഇരട്ടിക്കാൻ 9277 വർഷങ്ങൾ വേണമായിരുന്നു. സി.ഈ. (C.E.) ഒന്നാം വർഷം ലോകജനസംഖ്യ 2110 ലക്ഷമായി ഉയർന്നു. വളർച്ചാനിരക്ക് 0.42 ശതമാനവുമായി. ജനസംഖ്യ ഇരട്ടിക്കാൻ വേണ്ട കാലയളവ് 163 വർഷങ്ങളുമായി ചുരുങ്ങി. സി.ഈ. 2010 ആയപ്പോഴേക്ക് ജനസംഖ്യ 6.84 ബില്യണും വളർച്ചാനിരക്ക് 1.10 ശതമാനവും, ജനസംഖ്യ ഇരട്ടിക്കാൻ വേണ്ടത് 63 വർഷങ്ങളുമായി ചുരുങ്ങി. ഒരാണ്ടിൽ ജനിക്കുന്നത് 7,57,55,042 കുഞ്ഞുങ്ങളും! ഇന്ന് ലോകജനസംഖ്യ 7.6 ബില്യണിൽ കൂടുതലാണ്. പ്രകൃതിയിൽ ഇതു തുടരില്ല. അടിസ്ഥാന ആവശ്യങ്ങളായ ശുദ്ധജലവും ആഹാരം ഉത്പാദിപ്പിക്കാൻ ആവുന്ന ഭൂമിയും പാർപ്പിടം പോലുള്ള അടിസ്ഥാന സൗകര്യങ്ങളുമൊക്കെ കൂടുതൽ പേർക്കും ലഭ്യമാകാതാവുന്ന കാലത്താണ് സുസ്ഥിരവികസനം (Sustainable Development) എന്ന വിഷയത്തെ കുറിച്ചുള്ള സെമിനാറുകളും ജീവിച്ചിരിക്കുന്നവർക്കും ജനിക്കാനിരിക്കുന്നവർക്കും കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ ടൂറിസം വികസനവും!

നാം ജീവിക്കുന്ന ഭൂമിയെ കുറിച്ചും അതിലുള്ള എല്ലാ ജീവന്റെയും ആവശ്യങ്ങളെക്കുറിച്ചും അവകാശങ്ങളെക്കുറിച്ചും ഈ ജീവസാഹചര്യങ്ങളുടെ പരിമിതികളെ കുറിച്ചും ജീവസാഹചര്യങ്ങൾക്കു കഴിഞ്ഞ കുറച്ചു കാലങ്ങളായി വന്ന ചേതത്തെ കുറിച്ചും നമുക്കൊരു വ്യക്തമായ ധാരണ ഉണ്ടാക്കിയേ പറ്റൂ. നിലനില്പ് ഉറപ്പാക്കാനും വരാനിരിക്കുന്ന തലമുറകൾക്ക് അടിസ്ഥാന ജീവഭദ്രതയെങ്കിലും ഉറപ്പാക്കാനുമുള്ള തിരുത്തലുകൾക്ക് ഏറ്റവും നല്ലൊരു സാഹചര്യമാണ് ഈ കടന്നുപോയ പ്രളയകാലം നമുക്ക് നല്കുന്നത്.  ഈ പുതിയ ജീവനപാഠത്തിന്റെ ആദ്യാക്ഷരങ്ങൾ വെള്ളത്തിൽ നിന്നു തന്നെ തുടങ്ങണം.

കേവല സങ്കല്പമെന്നു കരുതാം, പക്ഷേ യാഥാർത്ഥ്യമതാണ് ഭൂമിയിലെല്ലായിടത്തുമുള്ള ജലത്തിന് തുടർച്ചയുണ്ട്. അദൃശ്യമായ ഒരു ചർമ്മം പോലെ, മണൽത്തരികൾക്കിടയ്ക്കു നിന്ന് സസ്യകോശങ്ങൾക്കുള്ളിലൂടെ പിന്നെ കൺമുന്നിൽ വലുതായി നദിയിലെ നീരൊഴുക്കിലൂടെ സമുദ്രങ്ങളുടെ വേലിയേറ്റിറക്കങ്ങൾക്ക് അനുസരിച്ച് കയറുകയും ഇറങ്ങുകയും ചെയ്യുന്ന വ്യാപ്തമായ ഒന്ന്. ഇതിനെയാണ് നാം മണ്ണിലും പുഴയിലും മുറിച്ച് അണകെട്ടി നിറുത്താമെന്നോ മറ്റേതോ വിധം സംഭരിക്കാമെന്നോ ഒക്കെ തീരുമാനിക്കുന്നത്. ഈ ഓരോ സംഭരണത്തിനും വേണ്ടുന്ന ഊർജ്ജചെലവും അതിന്റെ ആയുസ്സുമാണ് അസാദ്ധ്യവും സാദ്ധ്യവുമായതിനെ വേർതിരിക്കുക. നമ്മുടെ ആ സംഭരണത്തെ പ്രകൃതി എത്ര അനുവദിക്കുമെന്നതാണ് അത് സ്വീകാര്യമോ അസ്വീകാര്യമോ എന്നത് തീരുമാനിക്കുക.

കബനി  ജലസംഭരണിയിലെ ജലം തുറന്നുവിട്ടാൽ വയനാട്ടിലെ ബാണാസുരൻ മലത്തലപ്പത്തെ മൺതരികൾക്കിടയ്ക്കുള്ള അതിസൂക്ഷ്മ നാളികളിലെ ജലത്തിനും ( Capillary Water) താഴേക്കു വലിഞ്ഞു പോയേ പറ്റൂ. ആ വലിവ് ആ മണ്ണിലെ എല്ലാ സസ്യങ്ങളുടേയും വേരുകളിലൂടെ ഇലകൾ വരെ എത്തും. പിന്നെ മുകളിൽ കൂടുതൽ വേഗത്തിൽ ചലിക്കുന്നത് വാതകരൂപത്തിലുള്ള ജലമാണ്. താഴേക്ക് വലിഞ്ഞ ജലം പെട്ടെന്ന് തിരിച്ചു വന്നില്ലെങ്കിൽ ചെടി വാടും, പിന്നെ കരിയും. കാടുണങ്ങും. മണ്ണും ഉറവയും താഴത്തെ പുഴയും അപ്രത്യക്ഷമാവും. ചൂടേറെ കൂടിയാൽ സമുദ്രജലവും ഏറെ വറ്റി കടൽനിരപ്പും താഴും. പക്ഷേ ഭൂമിക്ക് സ്വന്തം സമതുലിതാവസ്ഥ നിലനിറുത്താൻ ശേഷിയുള്ളതു കൊണ്ട് മഴയായി പെയ്യാത്ത, ഒഴുകാത്ത ജലത്തെ തണുത്ത ഇടങ്ങളിൽ മഞ്ഞായി നിക്ഷേപിക്കും, പുതിയൊരു കല്പം സൃഷ്ടിക്കാൻ.

ഉറപ്പുള്ള മണ്ണിൽ, പാറയിൽ, ഭൂമിയിൽ നില്ക്കുമ്പോൾ നമുക്കറിയാത്തത്  ചന്ദ്രൻ തലയ്ക്കു നേരെ മുകളിൽ എത്തുമ്പോൾ അതിന്റെ ആകർഷണം കൊണ്ട് കടൽനിരപ്പു പോലെ കരയും ദിവസം രണ്ടു തവണ 50 സെ.മീ. ഉയരുകയും താഴുകയും ചെയ്യുമെന്നതാണ്. നാമൊരിടത്ത് നിശ്ചലമായി ഇരിക്കുമ്പോഴും ഭൂമിയും സൗരയൂഥവും ആകാശഗംഗയും മഹാപ്രപഞ്ചത്തിലെവിടെയോ കൂടി ഒരു സെക്കണ്ടിൽ ലക്ഷക്കണക്കിന് കിലോമീറ്റർ വേഗതയിൽ സഞ്ചരിച്ചു കൊണ്ടേയിരിക്കുന്നു എന്നതാണ് സത്യമെന്നതിന്റെ മറ്റൊരു മുഖം.

ആധുനികശാസ്ത്രത്തിനും നമുക്കൊക്കെയും ഉള്ളൊരു പോരായ്ക നാം കാണാത്തതും നമ്മുടെ ഇപ്പോഴത്തെ യുക്തിക്ക് സ്വീകാര്യമാവാത്തതും ആയ ഒന്നും തീർച്ചയായും ഇല്ല എന്ന നമ്മുടെ ഉറച്ച തീരുമാനമാണ്. നിലനില്ക്കാൻ നമുക്കിന്ന് വേണ്ടുന്ന പല തിരുത്തലുകളും അസാദ്ധ്യമാക്കുന്നത് യുക്തി എന്നു നാം തീരുമാനിക്കുന്ന നമ്മുടെ അയുക്തിയാണ്. പക്ഷേ ഒരു നിമിഷത്തിലെ ഒരു ചിന്ത മതി നമുക്ക് ലോകത്തെയും അതിലൊരു വളരെ ചെറിയ അംഗമായ നമ്മളേയും മറ്റൊരു കണ്ണുകൊണ്ടു കാണാനും നിലനില്ക്കാനും മറ്റെല്ലാത്തിനേയും നിലനിറുത്താനും വേണ്ടതൊക്കെ ചെയ്യാനുള്ള ഊർജ്ജം നമ്മളിൽ തന്നെ കണ്ടെത്താനും.

(തുടരും)

– എസ്. സതീഷ് ചന്ദ്രൻ


_പ്രളയം മലയാളിക്ക്‌ പലതരത്തിലുള്ള അനുഭവങ്ങളും തിരിച്ചറിവുകളും നല്കിക്കൊണ്ടിരിക്കുകയാണ്.രാഷ്ട്രീയ നേതൃത്വവും, നാട്ടിലില്ലാത്ത മലയാളിയും ഒരുപോലെ പ്രളയജലത്തിന്റെ ‘കാഠിന്യ’മറിയുന്നു. പശ്ചിമഘട്ടത്തിന്റെ പാരിസ്ഥിതിക പ്രാധാന്യത്തെക്കുറിച്ച്, കേരളത്തിന്റെ അസാധാരണവും സമാനതകളില്ലാത്തതുമായ ഇക്കോളജിയെക്കുറിച്ച്, വർഷങ്ങളായി കരുതലോടെ സംസാരിച്ചുകൊണ്ടിരിക്കുന്ന നിരവധി മനുഷ്യരുണ്ട് ഇവിടെ. അവരുടെ മുന്നറിയിപ്പുകളെയൊന്നും വേണ്ടരീതിയിൽ ഇതുവരെ ആരും പരിഗണിച്ചിട്ടില്ല. പ്രളയാനന്തരം  ഓരോരുത്തരും കേരളത്തിന്റെ ഇക്കോളജിയെ അറിയാനും അതിനനുസരിച്ച് പെരുമാറാനും നിർബന്ധിതരായിരിക്കുകയാണ്. മഴയെയും, പുഴയെയും, പുഴയൊഴുകുന്ന വഴികളുടെയും, മനുഷ്യരുടെയും, ജീവജാലങ്ങളുടെയും, ജീവിതത്തെയും സമഗ്രമായി വിലയിരുത്തുകയാണ്, പരിസ്ഥിതി സൈദ്ധാന്തികനായ ലേഖകൻ._

_ദുരന്തത്തിന്  കാരണമായ ദുരയുടെ, സ്വാര്‍ഥതയുടെ, കുരുട്ടുബുദ്ധികളുടെ  അതിസാമര്‍ത്ഥ്യങ്ങളുടെ മനുഷ്യവിഡ്ഢിത്തത്തിന്റെ മനഃശ്ശാസ്ത്രവിശകലനം കൂടിയാണീ ലേഖന പരമ്പര.


ഈ പരമ്പരയിലെ മുൻ ലേഖനങ്ങൾ താഴെക്കൊടുത്തിരിക്കുന്ന ലിങ്കുകളിൽ  ലഭ്യമാണ് :

  • പശ്ചിമഘട്ടസംരക്ഷണം-00
    വയനാടും പാരിസ്ഥിതിക പ്രതിസന്ധിയും
    പ്രകൃതിദുരന്തങ്ങളും കേരളസമൂഹവും
    ‍‍‍Mathrubhumi Weekly യിൽ September 8th, 2018 ന് പ്രസിദ്ധീകരിച്ച ‘പ്രകൃതിയിലല്ല ദുരന്തം; മനുഷ്യന്റെ പ്രകൃതത്തിലാണ്  ’ എന്ന ലേഖനത്തിന്റെ പൂർണ്ണരൂപം) പ്രളയത്തിന് ഏതാനും ആഴ്ചകള്‍ മുന്‍പ് പ്രസിദ്ധീകരിച്ചത്
  • പശ്ചിമഘട്ടസംരക്ഷണം-01
    പ്രളയജലം ഒഴുകുകയായിരുന്നുവോ ഒഴിപ്പിക്കുകയായിരുന്നുവോ?
    Mathrubhumi Weekly യിൽ September 9th 2018 ന് പ്രസിദ്ധീകരിച്ച ‘മലവെള്ളം പുഴവെള്ളത്തോട്; പുഴ മലയാളിയോട്’ എന്ന ലേഖനത്തിന്റെ പൂർണ്ണരൂപം
  • പശ്ചിമഘട്ടസംരക്ഷണം-02
    കേരളത്തിന്റെ കാലാവസ്ഥ, ഭൂപ്രകൃതി, നദികൾ…, പിന്നെ പ്രളയവും
    Mathrubhumi Weekly യിൽ September 16h 2018 ന് പ്രസിദ്ധീകരിച്ച ‘ചരൾതലങ്ങൾ…മണൽവിരികൾ…കളിമൺചർമ്മങ്ങൾ ’ എന്ന ലേഖനത്തിന്റെ പൂർണ്ണരൂപം
Back to Top