പതിവുപോലെ ഫെബ്രുവരി 2 ന് ഒരു തണ്ണീർത്തട ദിനാചരണം കൂടി കടന്നു പോയി. എന്നാൽ ഇത്തവണ ഒരു ചെറുതല്ലാത്ത ഒരു വിശേഷം കൂടിയുണ്ട്. നമ്മുടെ തണ്ണീർത്തടങ്ങളുടെ സംരക്ഷണത്തിന് വേണ്ടിയുണ്ടാക്കിയ 2 വ്യവസ്ഥകള്‍ പെട്ടിയിലടച്ച കൊല്ലമാണ് 2017-18. ആദ്യത്തേത് 2010 ലെ കേന്ദ്ര തണ്ണീർത്തടസംരക്ഷണ വ്യവസ്ഥകള്‍ പൊളിച്ചെഴുതിയതാണ്. പുതിയ ഉത്തരവ് പ്രകാരം തണ്ണീർത്തടങ്ങളുടെ സംരക്ഷണത്തിന്റെയും പരിപാലനത്തിന്റെയും ഉത്തരവാദിത്വം കേന്ദ്രത്തിന്റെ അധികാര പരിധിയിൽ നിന്ന് എടുത്തു മാറ്റി സംസ്ഥാനങ്ങൾക്കു നൽകിയിരിക്കുകയാണ്. 20 സർക്കാർ ഉദ്യോഗസ്ഥർ ഉൾപ്പെടുന്ന 25 അംഗ സംസ്ഥാന തണ്ണീർത്തട അതോറിട്ടി രൂപീകരിക്കാൻ വ്യവസ്ഥയുണ്ടെങ്കിലും തീരുമാനത്തിനെതിരെ ആവശ്യക്കാർക്ക് അപ്പീൽ നൽകുന്നതിനെപ്പറ്റി യാതൊന്നും പറയുന്നില്ല. “ആവശ്യമെന്ന്” തോന്നുന്ന അവസരങ്ങളില്‍ ഇതേ വ്യവസ്ഥകള്‍ പൂര്‍ണ്ണമായും ലംഘിക്കാനുള്ള അധികാരം സര്‍ക്കാറിന് നല്‍കുന്ന വിചിത്രമായ ഒന്നാണ് 2017 ലെ കേന്ദ്ര തണ്ണീര്‍ത്തട സംരക്ഷണ വ്യവസ്ഥകള്‍. പ്രത്യക്ഷത്തിൽ അധികാരവികേന്ദ്രീകരണം എന്നൊക്കെ തോന്നാമെങ്കിലും,യഥാർഥത്തിൽ തണ്ണീർത്തടങ്ങളുടെ നാശത്തിന് ആക്കം കൂട്ടുന്ന ഒന്നായിട്ടാണ് ഇത് ഭാവിയിൽ അനുഭവപ്പെടാൻപോകുന്നത്. ഉദാഹരണത്തിന് സംസ്ഥാനങ്ങളുടെ അധികാര പരിധിയിൽ വനസംരക്ഷണവും പരിപാലവും ആയിരുന്ന 1951 മുതല്‍ 1977 വരെയുള്ള ഇരുപത്തഞ്ചു കൊല്ലം കൊണ്ട് വിവിധ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി ഇന്ത്യയില്‍ വെട്ടി നിരത്തിയത് ഏകദേശം 25 ലക്ഷം ഹെക്റ്റര്‍ വനം ആയിരുന്നു. 1977-ല്‍ ഇന്ദിരാഗാന്ധി അടിയന്തിരാവസ്ഥയ്ക്ക് മുന്നോടിയായി കൊണ്ട് വന്ന 42ആം ഭരണഘടനാ ഭേദഗതിയാണ് വനസംരക്ഷണ അധികാരം സംസ്ഥാനങ്ങളില്‍ നിന്നും എടുത്തു മാറ്റിയത്. പിന്നീടുള്ള പിന്നീടുള്ള ഇരുപതു കൊല്ലം വനനശീകരണത്തിന്റെ തോത് കൊല്ലം ഒരു ലക്ഷം എന്നുള്ളത് 38,000 ഹെക്റ്റര്‍ ആയി കുറഞ്ഞു. ഊർധ്വശ്വാസം വലിച്ചു കൊണ്ടിരുന്ന ആധുനിക ഇന്ത്യയുടെ ജൈവവ്യവിധ്യത്തിനു ജീവന്‍ നീട്ടിനൽകിയ ഏറ്റവും പ്രധാനപ്പെട്ട തീരുമാനമായിരുന്നു ഇത്.
രണ്ടാമത്തെത് ലോകത്തിനു തന്നെ മാതൃകയാണെന്ന് അന്താരാഷ്ട്രതലത്തില്‍ വരെ പ്രകീര്‍ത്തിക്കപ്പെട്ട 2008 ലെ ഇടതു മുന്നണി സര്‍ക്കാര്‍ കൊണ്ട് വന്ന കേരള തണ്ണീര്‍ത്തട സംരക്ഷണ നിയമം കഴിഞ്ഞ മാസം കൊണ്ടുവന്ന ഓർഡിനൻസിലൂടെ അട്ടിമറിക്കപ്പെട്ടതിലൂടെയാണ്. 2008ലെ തണ്ണീർത്തട നിയമം തത്വത്തിൽ ഗംഭീരമായിരുന്നെങ്കിലും അത് നടപ്പാക്കാൻ അവശ്യം വേണ്ടതായിരുന്ന നെൽവയലുകളുടെ ഡാറ്റാബേസ് ഇല്ലായിരുന്നു. അത് ഉണ്ടാക്കാൻ മാറിമാറി വന്ന സർക്കാരുകൾ മനഃപൂർവ്വമായ അലഭാവം കാണിക്കുകയും, അപൂർണ്ണമെങ്കിലും നിലവിലുണ്ടായിരുന്ന ഡാറ്റാബേസ് പുതിയത് ഉണ്ടാക്കാനെന്ന പേരിൽ റദ്ദ് ചെയ്യുകയും ചെയ്തു. റവന്യൂ, കൃഷി വകുപ്പുകളുടെ സഹകരണത്തോടെ GIS, സാറ്റലൈറ്റ് imagery എന്നിവ ഉപോയോഗിച്ചുള്ള കുറ്റമറ്റ തണ്ണീതട ഡാറ്റാബേസ് ഇല്ലാതെ നിയമം നടപ്പാക്കാൻ പറ്റില്ല എന്നറിഞ്ഞുകൊണ്ടു തന്നെയാണ് പഴയ നിയമവ്യവസ്ഥകളിൽ വെള്ളം ചേർക്കാൻ ശ്രമിക്കുന്നത്. ഇതുവഴി ഗെയിൽ, കീഴാറ്റൂർ പോലെ നെൽവയൽ നികത്തി “വികസനം” നടപ്പാക്കാനുമുള്ള പദ്ധതികൾക്കെതിരെയുള്ള ജനകീയ പ്രക്ഷോഭങ്ങളെ അടിച്ചർത്താനും നിയമപരമായി നേരിടാനും സാധിക്കുമോ എന്ന് പരിശ്രമിക്കുയാണ് ഇപ്പോഴത്തെ സർക്കാർ.
തണ്ണീർത്തടങ്ങളിലെ ഉല്‍പ്പാദന പ്രക്രിയയും ജൈവവൈവിധ്യവും
ജലം ഭൂമിയുമായി ചേരുന്ന സ്ഥലങ്ങളെല്ലാം തന്നെ തണ്ണീർത്തടങ്ങളാണെന്നു പറയാം. അന്റാര്‍ട്ടിക്കയിലൊഴിച്ചു ഭൂമിയിലെല്ലായിടത്തും തണ്ണീർത്തടങ്ങളുണ്ട്. ഭൂമിയുടെ ഉപരിതലത്തിന്റെ 4-6% വരുന്ന തണ്ണീർത്തടങ്ങൾക്കു ആകെ 60 -90 ലക്ഷം sq.km വിസ്തൃതി വരുമെന്നാണ് കണക്കാക്കിയിരിക്കുന്നത്. പ്രധാനപ്പെട്ട തണ്ണീർത്തടങ്ങളെല്ലാം തന്നെ ഭൂമദ്ധ്യരേഖയ്ക്കടുത്താണുള്ളത്. 70,000 sq. km സ്ഥലത്ത് പരന്ന് കിടക്കുന്ന ബൊളീവിയയിലെ ലാനോസ് ആണ് (Llnaos de Moxos) ലോകത്തിലെ ഏറ്റവും വലിയ സംരക്ഷിത തണ്ണീർത്തടം. അനക്കൊണ്ടയും ജാഗ്വാറുമൊക്കെ സ്വച്ഛന്ദം വിഹരിക്കുന്ന, കേരളത്തിന്റെ ഇരട്ടി വലിപ്പമുള്ള, ബ്രസീലിൽ സ്ഥിതി ചെയ്യുന്ന പന്തനാൽ (Pantanal) ലോകത്തിലെ ഏറ്റവും വലിയ ശുദ്ധജല തണ്ണീർത്തടമാണ്. ആമസോൺ നദീതീരങ്ങളും ആഫ്രിക്കയിലെ ഒകവങ്കോ(Okavango Delta) വെനിസ്വെലയിലെയും കൊളംബിയയിലെയും സാവന്ന പുൽമേടുകളും തേക്കനേഷ്യയിലെ തീരദേശ നീർത്തടങ്ങളുമൊക്കെയാണ് മറ്റു പ്രധാന തണ്ണീർത്തടങ്ങൾ. 6500sq.km വിസ്തൃതിയുള്ള, ഇന്ത്യയും ബംഗ്ലാദേശും പങ്കിടുന്ന സുന്ദർബൻ ലോകത്തിലെ ഏറ്റവും വലിയ തീരദേശ കണ്ടൽക്കാടാണ്.
നാം തണ്ണീർത്തടങ്ങളെ നോക്കിക്കാണുന്നത് കൊതുക് വളര്‍ത്തല്‍ കേന്ദ്രങ്ങളും മാലിന്യങ്ങള്‍ ചെന്നടിയുന്ന, ദുര്‍ഗന്ധം വമിക്കുന്ന വെറും പാഴ്നിലങ്ങളായിട്ടാണ്. അതുകൊണ്ട് തന്നെ ഏറ്റവും എളുപ്പത്തില്‍, ആരുടേയും എതിര്‍പ്പില്ലാതെ നികത്തിയെടുക്കാന്‍ പറ്റുന്ന ഒന്നായിട്ടാണ് ലോകം തണ്ണീര്‍ത്തടങ്ങളെ ഇപ്പോഴും കാണുന്നത്.(കേരളത്തിന്റെ സാഹചര്യത്തില്‍ നെല്‍ വയലുകള്‍ ആണ് തണ്ണീര്‍ത്തടങ്ങള്‍, അതുകൊണ്ടാണ് കുറെയെങ്കിലും എതിര്‍പ്പുകള്‍ നേരിടേണ്ടി വരുന്നത്).
ജലത്തിന്റെ അക്ഷയപാത്രങ്ങളാണ് തണ്ണീർത്തടങ്ങൾ. അവ വലിയ സ്പോഞ്ചു പോലെ മഴയെ ആഗിരണം ചെയ്തു അല്‍പ്പാല്‍പ്പമായി പുറത്ത് വിടുന്നു. കാര്യക്ഷമമായ വലിയൊരു മാലിന്യ സംസ്ക്കരണ ശാല പോലെ പ്രവര്‍ത്തിക്കുന്നു, രാസ മാലിന്യങ്ങളെ ആഗിരണം ചെയ്തു പുഴകളെയും ഭൂഗർഭജലത്തെയും ശുദ്ധീകരിക്കുന്നു. ജൈവ വസ്തുക്കളെ വിഘടിപ്പിക്കുന്നു. ഹാനികരികളായ സൂക്ഷ്മാണുക്കളെ നിര്‍വ്വീര്യമാക്കുന്നു.കാടുകൾക്കൊപ്പം തന്നെയോ അതിൽ കൂടുതലോ മഴവെള്ളം ശേഖരിച്ചു വയ്ക്കുന്ന വൻ ജലസംഭരണികളായി തണ്ണീർത്തടങ്ങളെ കണക്കാക്കാം. കാടുകൾ പുഴകളുടെ ഒഴുക്ക് നിലനിർത്തുമ്പോൾ തണ്ണീർത്തടങ്ങൾ ഭൂഗർഭ ജലത്തെ റീചാർജ് ചെയ്യുന്നു. ഒരു ഹെക്ടറ്റർ തണ്ണീർത്തടം ഏകദേശം 30 കോടി ലിറ്റർ ശുദ്ധജലം കൊല്ലം തോറും പ്രദാനം ചെയ്യുന്നുണ്ട് എന്നാണ് കണക്ക്. നാട്ടിലെ എല്ലാ ജൈവ-അജൈവ മാലിന്യങ്ങളും പേറുന്ന ജലത്തെ ശുദ്ധീകരിച്ചു ഭൂമിയിലേക്ക് ഇറക്കുന്നതിൽ തണ്ണീർത്തടങ്ങൾ നിസ്തുലമാണ്. നദികളിലൂടെ ഓരോ മഴയ്ക്കൊപ്പവും ഒഴുകി വരുന്ന എക്കലും ചെളിയും തണ്ണീർത്തടങ്ങളുടെ അടിത്തട്ടിനെ ഉയർന്ന ഉൽപ്പാദനക്ഷതയുള്ളതാക്കുന്നു. കണ്ടൽക്കാടുകളിൽ ഏകദേശം10% കായ്കനികളും ഇലകളും മാത്രമാണ് മൽസ്യങ്ങളുടെയും പക്ഷികളുടെയും മറ്റു ജീവികളുടെയും ഭക്ഷണമാകുന്നത്. ബാക്കി 90% വും താഴെ വെള്ളത്തിൽ വീണ് ജീർണ്ണിക്കുന്നു. ആൽഗേ പോലുള്ള ധാരാളം സൂക്ഷ്മ ജീവികളുടെ വളർച്ചക്കും അത് വഴി കശേരു ജീവികളുടെയും, മൽസ്യങ്ങളുടെയും, മറ്റു ഉഭയ ജീവികളുടെയും പക്ഷികളുടെയും വലിയൊരു ഭക്ഷ്യ ശൃഖലക്കും വഴിയൊരുക്കുന്നു. മാറുന്ന ഋതുക്കളനുസരിച്ചു സ്വഭാവത്തിലും വലിപ്പത്തിലും വ്യത്യാസം വരുന്നവയാണ് വലിയ തണ്ണീർത്തടങ്ങൾ. വെള്ളം വാറ്റുന്നതോടെ ഉയർന്നു വരുന്ന പുൽമേടുകൾ ധാരാളം സസ്തനികളെ ആകർഷിക്കുന്നു, ഒപ്പം ഇരപിടിയന്മാരെയും. അങ്ങനെ വലിയൊരു ജൈവവ്യവസ്ഥയാണ് ഇത്തരം തണ്ണീർത്തടങ്ങൾ നിലനിർത്തിപ്പൊരുന്നത്.
തണ്ണീർത്തടങ്ങളുടെ സാമ്പത്തികമൂല്യം
മത്സ്യം, അരി,ഔഷധ സസ്യങ്ങള്‍, കല്‍ക്കരിയും വിറകുമായി പല ഇന്ധനങ്ങള്‍, വീട് പണിയാനുള്ള മരത്തടികള്‍, വിവിധയിനം പുല്ലുകള്‍, തടിയുൽപ്പന്നങ്ങൾ തുടങ്ങി തണ്ണീർത്തടങ്ങൾ മനുഷ്യരാശിക്ക് നൽകുന്ന സേവനങ്ങൾ വിലമതിക്കാനാവാത്തതാണ്. വിറകിനായും വീട്ടാവശ്യങ്ങൾക്കായും മൽസ്യ ബന്ധനത്തിനായും ലോകത്താകെ 20 കോടിയോളം ആളുകൾ കണ്ടൽക്കാടുകളെയും തണ്ണീർത്തടങ്ങളെയും നേരിട്ട് ആശ്രയിക്കുന്നുണ്ടെന്നാണ് കരുതുന്നത്. വലിയൊരു ഭാഗം തണ്ണീർത്തടങ്ങളും നെൽകൃഷിക്കായി ഉപയോഗിക്കുന്നു. ലോകത്തെ 20%ആളുകളുടെ ഭക്ഷണം അരിയാണെന്നു കണക്കാക്കപ്പെടുന്നു. ലോകത്തെ ആളോഹരി മൽസ്യ ഉപഭോഗം കൊല്ലം20 kg ഓളം വരും, അതിൽ നല്ലൊരു പങ്കും തണ്ണീർത്തടങ്ങളുടെ സംഭാവനയാണ്. കരിപ്പാടങ്ങളിൽ നിന്നുള്ള peat ഉപയോഗിച്ച് പ്രവർത്തിക്കുന്ന വൈദ്യുതിനിലയങ്ങൾ യൂറോപ്പിൽ പ്രവർത്തിക്കുന്നുണ്ട്. പണത്തിൽ കണക്കു കൂട്ടുകയാണെങ്കിൽ ഒരു തണ്ണീർത്തടം ഒരു കൊല്ലം ചുരുങ്ങിയത് പ്രതി ഹെക്റ്ററിന് 35,000 രൂപയുടെ സേവനങ്ങൾ നൽകുന്നതായി കണക്കാക്കുന്നു. ഏഷ്യയുടെ ആകെ വരുമാനം ഈ വകുപ്പിൽ 180 കോടി ഡോളർ വരും. ലോകത്തെ എല്ലാ തണ്ണീർത്തടങ്ങളും കൂടി ഇത് 7000 കോടി ഡോളർ വരും, ഒരൊക്കൊല്ലവും.
തണ്ണീര്‍ത്തടങ്ങളുടെ നാശം
കഴിഞ്ഞ ഒരു നൂറ്റാണ്ട് കൊണ്ട് ആകെ വിസ്തൃതിയുടെ 64% ത്തിലധികം തണ്ണീര്‍ത്തടങ്ങളും മനുഷ്യന്റെ ഇടപെടലുകള്‍ മൂലം നഷ്ട്ടപ്പെട്ടു പോയതായി കണക്കാക്കപ്പെടുന്നു. ജലം മുഴുവനായും ഊറ്റിക്കളഞ്ഞു ഭൂമി മറ്റാവശ്യങ്ങള്‍ക്കായി മാറ്റപ്പെടുന്നതാണ്,തണ്ണീര്‍ത്തടങ്ങളുടെ നാശത്തിനു ഏറ്റവും പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. നഗരവല്‍ക്കരണത്തിന്റെ ഫലമായുള്ള ജൈവ, അജൈവ മാലിന്യങ്ങള്‍, തണ്ണീര്‍ത്തടങ്ങളുടെ ജീവനാഡികളായ നദികളുടെ ഒഴുക്ക് തടയുന്ന ചെറുതും വലുതുമായ അണക്കെട്ടുകള്‍, അമിതമായി ജലമൂറ്റുന്ന വ്യവസായങ്ങളും അവ തള്ളിവിടുന്ന രാസമാലിന്യങ്ങളും ചെമ്മീന്‍ കെട്ടുകള്‍ പോലെയുള്ള കൃഷികള്‍ക്കു വേണ്ടി തണ്ണീര്‍ത്തടങ്ങള്‍ സ്ഥിരമായി ജലം കയറ്റി നിര്‍ത്തി അവയുടെ സ്വാഭാവിക അവസ്ഥ മാറ്റുന്നത് തുടങ്ങി എണ്ണിയാലോടുങ്ങാത്ത മനുഷ്യപ്രവര്‍ത്തങ്ങള്‍ ഈ നാശത്തിനു ആക്കം കൂട്ടുന്നു.
കരിപ്പാടങ്ങള്‍
ലോകത്തിലെ തണ്ണീർത്തടങ്ങളുടെ പകുതിയിലേറെയും peatland എന്ന കരിപ്പാടങ്ങളാണ്. കാനഡ, ഫിൻലൻഡ്, റഷ്യ തുടങ്ങിയ തണുപ്പ് കൂടിയ സ്ഥലങ്ങളിൽ സസ്യങ്ങളുടെ വളർച്ച വളരെ പതുക്കെയായിരിക്കും. കൊടും തണുപ്പിൽ ബാക്ടീരിയകൾക്ക് പ്രവർത്തിക്കാനാവാത്തതിനാൽ അതിലും പതുക്കെയായിരിക്കും ഈ സസ്യങ്ങളുടെ ജൈവാവശിഷ്ടങ്ങൾ ജീർണ്ണിക്കുന്നത്. മനുഷ്യവാസം തീരെയില്ലാത്ത, പതിനായിരക്കണക്കിന് ചതുരശ്ര കിലോമീറ്റലിൽ പരന്നു കിടക്കുന്ന ഇത്തരം സ്ഥലങ്ങളിൽ ഓരോ കൊല്ലവും ഇതുപോലെ ഒന്നിനുമീതെ ഒന്നായി ജൈവാവശിഷ്ടങ്ങൾ അടിയുമ്പോൾ, അവ ജീർണ്ണിക്കാത്ത പാളികളായി രൂപം കൊള്ളുന്നു.(അവയിലെ പൂമ്പൊടി പരിശോധിച്ചാൽ പണ്ട് കാലത്ത് ആ പ്രദേശത്ത് എന്തൊക്കെ ചെടികൾ ഉണ്ടായിരുന്നു എന്ന് കണ്ടെത്താം) ബാക്ടീരിയയുടെയോ അന്തരീക്ഷ വായുവിന്റെയോ സാന്നിധ്യമില്ലാതെ ആയിരക്കണക്കിന് കൊല്ലം കൊണ്ട് ഇത് കൽക്കരി പോലെയുള്ള കരിക്കട്ടകളായി രൂപമാറ്റം സംഭവിക്കുന്നു. വളരെ മൃദുവായതും ധാരാളം അറകളുള്ളതുമായ ഘടനയാണ് ഈ വസ്തുക്കൾക്ക്.ഒരു സ്പോഞ്ചു പോലെ ജലം വലിച്ചെടുക്കുന്ന ഈ പ്രദേശങ്ങൾ കാലക്രമേണ തണ്ണീർത്തടങ്ങളായി രൂപം പ്രാപിക്കുന്നു. ഉത്തരാർദ്ധ ഗോളത്തിലും, കിഴക്കനേഷ്യയിലും കാണപ്പെടുന്ന ഇത്തരം പ്രദേശങ്ങൾക്ക് ഏകദേശം 12,000 വർഷങ്ങളുടെ പഴക്കമുണ്ടെന്നു കണക്കാക്കപ്പെടുന്നു. വൻതോതിൽ കാർബൺ ശേഖരിച്ചിരിക്കുന്ന ഖനികളാണ് peat land കൾ. ഭൂവിസ്തൃതിയുടെ 3% മാത്രമെയുളൂ എങ്കിലും കരഭൂമിയിലെ 30% കാര്‍ബണ്‍ ശേഖരവും ഇവിടെയാണ്. കാടുകളില്‍ ഉള്ളതിനേക്കാള്‍ ഇരട്ടി!
നൂറ്റാണ്ടുകളായി തണുപ്പിൽ നിന്ന് രക്ഷ നേടാനും പാചകത്തിനും മറ്റുമായി peat കുഴിച്ചെടുത്ത് ഉപയോഗിച്ച് വരുന്നുണ്ട്. വെള്ളമൂറ്റിക്കളഞ്ഞു presurise ചെയ്താൽ കൽക്കരി പോലെ ഇന്ധനമായി ഉപയോഗിക്കാവുന്നതാണ് peat. ചെറിയ തോതിൽ ഉപയോഗിക്കുകയാണെങ്കിൽ പുനഃരുജ്ജീവന ശേഷിയുള്ള ഇന്ധനമാണ് peat. എല്ലാക്കൊല്ലവും ജീർണ്ണിക്കുന്ന സസ്യങ്ങൾ കുറെയൊക്കെ കുഴിച്ചെടുക്കുന്നതിന്റെ കുറവ് നികത്തും. (1000 വർഷത്തിലധികം എടുക്കുമെങ്കിലും). എന്നാൽ കഴിഞ്ഞ കുറച്ചു ദശകങ്ങളായി peat land കൾ വൻതോതിലുള്ള മാറ്റങ്ങൾക്ക് വിധേയമായിക്കൊണ്ടിരിക്കുകയാണ്. കൃഷിയ്ക്ക് വേണ്ടി ഈ പ്രദേശങ്ങൾ വറ്റിക്കുന്ന രീതിയാണ് ഏറ്റവും സാധാരണയായി അവലംബിക്കുന്നത്. പാം ഓയിൽ കൃഷിയ്ക്ക് വേണ്ടി ഇന്തോനേഷ്യ, മലേഷ്യ തുടങ്ങിയ രാജ്യങ്ങളിൽ 14 ലക്ഷം sq. km peat land ആണ് 30 വർഷങ്ങൾ കൊണ്ട് നികത്തിയെടുത്തത്. എന്നാൽ ജലം ഇല്ലാതാവുന്നതോടെ 1.5-2.5 മീറ്റർ കനത്തിൽ അതീവ ജ്വലന ശേഷിയുള്ള ഇന്ധമായി മാറുകയാണ് peat land കൾ. അന്തരീക്ഷ വായുവുമായി സമ്പർക്കത്തിലേർപ്പെടുന്ന കാർബൺ, ഹരിത വാതകമായ കാർബൺ dioxide ആയി മാറുന്നു. ഒരു കൊല്ലം ലോകത്താകെ വിമാനങ്ങൾ പുറത്തു വിടുന്ന co2 ന്റെ ഇരട്ടി വരും peat land നിന്നുള്ള ഹരിത വാതക നിമർഗ്ഗമനം. കൃഷിക്ക് വേണ്ടി വെള്ളം വറ്റിച്ചു തീയിടുമ്പോൾ അത് കൊളുത്തുന്നത് അവസാനിക്കാത്ത കാട്ടുതീ പരമ്പരകൾക്കാണ്. (കൽക്കരി ഖനിയ്ക്കു മുകളിൽ തീയിടുക എന്നതാലോചിച്ചാൽ അത്ഭുതം തോന്നും). 1997 ലെ ഇൻഡോനേഷ്യയിലെ കാട്ടുതീ പലരും ഓർക്കുന്നുണ്ടാവും. അന്ന് കത്തിയ തീ സുമാത്ര ദ്വീപുകളിൽ ഇപ്പോഴും കെടാതെ ഭൂമിക്കടിയിൽ ഉണ്ട്. മാസങ്ങളോളം കിഴക്കനേഷ്യയെ പുകയിലാഴ്ത്തിയ, ശ്വാസകോശ സംബന്ധിയായ രോഗങ്ങൾ മൂലവും അല്ലാതെയും 2015 വരെ ഒരു ലക്ഷം പേരുടെയെങ്കിലും മരണത്തിനു ഹേതുവായ, പകരം വയ്ക്കാനില്ലാത്ത അപൂർവ്വ ജൈവവ്യവിധ്യത്തിന്റെ നട്ടെല്ലൊടിച്ച ആ സംഭവത്തിനു ശേഷം സർക്കാരുകൾ കുറെയൊക്കെ ഉണർന്നു പ്രവർത്തിക്കാൻ തുടങ്ങി. 2020 ഓടെ 20 ലക്ഷം ഹെക്ട്ടർ peat land കളിൽ വെള്ളം കയറ്റനാണ് പദ്ധതി. 500 കോടി ഡോളറിലധികമാണ് പദ്ധതിചെലവ്. (കടത്തീരത്തുള്ള കണ്ടൽകാടുകൾ വൻ തോതിൽ നശിച്ചതോടെ ഓരു വെള്ളം കയറി നികത്തിയെടുത്ത സ്ഥലങ്ങളിലെ പാം ഓയിൽ, പൾപ്പ് വുഡ് കൃഷി നശിച്ചു തുടങ്ങിയതാണ്, കേട്ടാൽ പുരോഗമനപരമെന്നു തോന്നുന്ന ഇത്തരമൊരു സാഹസത്തിലേയ്ക്ക് ഇന്തോനേഷ്യയെ നയിച്ചത് എന്നും പറയാം.) അക്കൊല്ലം ലോകം പുറത്തു വിട്ട ആകെ ഹരിതവാതകങ്ങളുടെ 25-40 ശതമാനം ഈ വകയിലാണെന്നും ഇപ്പോഴുംനാം പുറത്തുവിട്ടു കൊണ്ടിരിക്കുന്ന ഹരിതവാതകകങ്ങളുടെ 10% peat land ൽ നിന്നുള്ളതാണെന്ന് ഓർക്കുമ്പോൾ എത്ര വലിയ വിലയാണ് ഒട്ടും ദീർഘ വീക്ഷണമില്ലാത്ത നടപടികൾക്ക് നാം കൊടുക്കേണ്ടി വരുന്നത് എന്ന് കാണാം.
രാംസര്‍ ഉടമ്പടി
1971 ല്‍ ഇറാനിലെ രാംസര്‍ നഗരത്തില്‍ ചേര്‍ന്ന 169 രാജ്യങ്ങളുടെ സമ്മേളനത്തിലാണ് പരിസ്ഥിതി സംരക്ഷണത്തിന് രാജ്യങ്ങള്‍ കൈകോര്‍ക്കുന്ന ആദ്യത്തെ ഉടമ്പടി ഒപ്പുവച്ചത്. തണ്ണീര്‍ത്തടങ്ങളുടെ വിവരങ്ങള്‍ കൈമാറുകയും അവയുടെ സംരക്ഷണത്തിനുള്ള നടപടികള്‍ എടുക്കുകയും ചെയ്യുക എന്നതാണ് ഉടമ്പടിയുടെ കാതല്‍ . ലോകത്താകെയുള്ള തണ്ണീര്‍ത്തടങ്ങളുടെ ഏകദേശം മൂന്നിലൊന്നു വിസ്തൃതി(20 ലക്ഷം sq.km) രാംസര്‍ പ്രദേശങ്ങളായി പ്രഖ്യാപിച്ചിട്ടുണ്ട്. കേരളത്തില്‍ വേമ്പനാട്-കോള്‍ മേഖലയും, അഷ്ട്ടമുടിക്കായല്‍, ശാസ്താംകോട്ട തടാകം, ഒഡീസ്സയിലെ ചില്ക്കാ, രാജസ്ഥാനിലെ ഭരത്പൂര്‍, തുടങ്ങി ആകെ 26 രാംസര്‍ പ്രദേശങ്ങളാണ് ഇന്ത്യയില്‍ ഉള്ളത്.
തണ്ണീര്‍ത്തടങ്ങള്‍ ഇന്ത്യയില്‍
ലോകത്തിലെത്തന്നെ വന്‍ജൈവവൈവിധ്യം പേറുന്ന ചുരുക്കം മേഖലകളിലോന്നാണ് ഇന്ത്യ. ചരിതാതീത കാലം മുതല്‍ തങ്ങള്‍ക്കു ചുറ്റുമുള്ള മരങ്ങളുടെയും പക്ഷിമൃഗാദികളുടെയും ഒപ്പം ജീവിക്കുകയും ആരാധിക്കുകയും ചെയ്തവരായിരുന്നു ഇന്ത്യക്കാര്‍. മൃഗവേട്ട മത്സരമായി കണ്ടിരുന്ന യൂറോപ്പിലും ലോകത്തിന്റെ മറ്റിടങ്ങളിലും ജീവിവര്‍ഗ്ഗങ്ങള്‍ ഓരോന്നോരോന്നായി വംശനാശം നേരിട്ടപ്പോഴും വളരെക്കുറച്ചു ജീവജാലങ്ങള്‍ മാത്രമേ നമുക്ക് നഷ്ട്ടപ്പെട്ടിട്ടുള്ളൂ. ലോകത്തു പലയിടത്തും വംശനാശം നേരിട്ട ധാരാളം സസ്യ, ജന്തുജീവിജാലങ്ങൾക്ക് ഇന്ത്യ ഇപ്പോഴും അഭയ സ്ഥാനമാണ്. പടിഞ്ഞാറൻ യൂറോപ്പ് മുതൽ സിന്ധ് പ്രവിശ്യകൾ വരെ കാണപ്പെട്ടിരുന്ന ഏഷ്യൻ സിംഹങ്ങൾ, പാകിസ്ഥാൻ മുതൽ ബംഗ്ളാദേശ് വരെ കണ്ടിരുന്ന കാണ്ടാമൃഗം, കടുവ തുടങ്ങിയ അസംഘ്യംജീവി വർഗ്ഗങ്ങൾ ഇപ്പോഴും ഇന്ത്യയിൽ കാടുകൾ വാഴുന്നു. സഹജീവികളോടുള്ള സ്നേഹവും കരുണയും സംസ്കാരത്തിലലിഞ്ഞു ചേര്‍ന്ന ഇന്ത്യ എല്ലാക്കാലത്തും ജൈവവൈവിധ്യ സംരക്ഷണത്തിന്റെ മുന്നിലുണ്ടായിരുന്നു. എന്നാല്‍ ഒരു കാലത്ത് പരിസ്ഥിതി സംരക്ഷണപ്രവർത്തനങ്ങളുടെ നേതാവ് എന്ന നിലയിൽ ലോകം കണ്ടിരുന്ന നമ്മുടെ രാജ്യത്തിനു പക്ഷെ ഇന്ന് തോന്നുന്നത് ഈ പരിസ്ഥിതി സ്‌നേഹമെല്ലാം രാജ്യത്തിന്റെ അതിവേഗ വികസനത്തിന് തടസ്സം നിൽക്കുന്ന എന്തോ ഒന്നാണെന്നാണ്. ഈ ചിന്ത തുടങ്ങിയത് ബാക്കി പലകാര്യത്തിലുമെന്ന പോല ബ്രിട്ടീഷുകാർ എത്തിയതിനു ശേഷമാണ്. കീഴടക്കിയ കോളനികളിലെല്ലാം വൻവംശനാശ പരമ്പരകൾ അഴിച്ചു വിട്ടവർ ഇന്ത്യയിലെ ഭരണമേറ്റെടുത്തപ്പോഴും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. മൃഗങ്ങളെ ആരാധിച്ചിരുന്നവരായിരുന്നു ഇന്ത്യക്കാരെങ്കിൽ, കടുവയും ചീറ്റ പ്പുലിയും ചെന്നായയുമെല്ലാം ബ്രിട്ടീഷുകാർക്ക് ഹീന ജന്തുക്കളായിരുന്നു, അവർ അവയുടെ തലയ്ക്ക് വില പ്രഖ്യാപിച്ചു. ഇന്ത്യയുടെ സംസ്ക്കാരം പതുക്കെ മാറുകയായിരുന്നു. 1900 ന് ശേഷമുള്ള 40 കൊല്ലം കൊണ്ട് 2 ലക്ഷം ചെന്നായ്ക്കളെയും, ഒന്നര ലക്ഷം പുള്ളിപ്പുലികളെയുമാണ് കൊന്നു തള്ളിയത്! ബ്രിട്ടനിലെയും യൂറോപ്പിലെയും ആവശ്യങ്ങൾക്കായി വൻതോതിൽ വനം വെട്ടി മരം കടത്താൻ തുടങ്ങി. മരവും കൽക്കരിയും കൊണ്ടുപോകാനായി റോഡുകളും റെയിൽവേ പാളങ്ങളും ഉണ്ടാക്കി. ലോകത്തിലെ സമ്പദ്‌വ്യവസ്ഥയുടെ 23% സംഭാവന ചെയ്ത ഇന്ത്യയുടെ GDP ബ്രിട്ടീഷുകാർ ഇന്ത്യ വിട്ടപ്പോൾ 3% ആയി കുറഞ്ഞതിന്‍റെ പേരാണ് കോളോണിയലിസം. നമുക്ക് സ്വാതന്ത്ര്യം കിട്ടിയ 1947 ൽ ത്തന്നെ അവസാന ഏഷ്യൻ ചീറ്റ അന്ത്യശ്വാസം വലിച്ചു. സ്വാതന്ത്ര്യത്തിനു ശേഷം ഇന്ത്യയ്ക്ക് സ്വന്തം കാലിൽ നിൽക്കണമായിരുന്നു. അതിനായി അണക്കെട്ടുകളും, റോഡുകളും, വൈദ്യുതി നിലങ്ങളും ഉണ്ടാക്കേണ്ടിയിരുന്നു. അത് വരെ കാണാത്ത തരത്തിലുള്ള വന നശീകരണത്തിനാണ് ഇന്ത്യ സാക്ഷ്യം വഹിച്ചത്. 1951 മുതൽ 1977 വരെയുള്ള 25 വർഷങ്ങളിൽ നമുക്ക് നഷ്ട്ടപ്പെട്ടു കൊണ്ടിരുന്നത് വർഷം ഒരു ലക്ഷം ഹെക്ടറ്റർ വനം എന്ന തോതിലായിരുന്നു. അതിഭീമമായ ഈ വനനശീകരണം രാജ്യത്തിന്റെ നടുവൊടിക്കുമെന്ന സ്ഥിതി വന്നപ്പോഴാണ് അന്നത്തെ പ്രധാന മന്ത്രിയായിരുന്ന ഇന്ദിരാഗാന്ധി ശക്തമായ നടപടികളെടുത്തത്. അങ്ങനെ 1970ൽ ഇന്ത്യയിൽ കടുവ വേട്ട നിരോധിച്ചു. 72 ൽ വന സംരക്ഷണ നിയമം നിലവിൽ വന്നു. 73ൽ പ്രൊജക്റ്റ് ടൈഗർ വന്നു. 1977 ലെ അടിയന്തിരാവസ്ഥക്ക് മുന്നോടിയായി 42 മത് ഭരണഘടനാഭേദഗതി ചെയ്തപ്പോൾ ഇന്ത്യയിലെ വനങ്ങളുടെ സംരക്ഷണാധികാരം സംസ്ഥാനങ്ങളിൽ നിന്ന് എടുത്തു മാറ്റി കേന്ദ്രത്തിൽ നിക്ഷിപ്തമാക്കി. ശേഷമുള്ള വർഷങ്ങളിൽ വനനശീകരണത്തിന്റെ തോത് ഗണ്യമായി കുറഞ്ഞു കൊല്ലം35,000 ഹെക്ടർ എന്ന തോതിൽ എത്തിയിരുന്നു. അക്കാലത്തു ഇന്ത്യ പോലെയുള്ള ഒരു വികസ്വരരാജ്യത്തു അസംഭാവ്യമായ ഒന്നായിരുന്നു അത്.7500 km വരുന്ന തീരദേശം സംരക്ഷിക്കുന്നതിനായി CRZ നിയമങ്ങൾ വന്നു. അങ്ങിനെ ജൈവവ്യവിധ്യസംരക്ഷണണത്തിൽ ലോകത്തിനു തന്നെ മാതൃകയായി മുന്നേറുകയായിരുന്ന ഇന്ത്യയുടെ ജൈവ വൈവിധ്യത്തിന്റെ അന്തകനായി പിന്നീട് എത്തുന്നത് 1990 കളിലെ ഉദാരവൽക്കണ നയങ്ങളാണ്. വൻതോതിൽ ഭൂമി തരം മാറ്റപ്പെട്ട ഉദാരവൽക്കാരണത്തിന്റെ ദശകങ്ങളായിരുന്നു പിന്നീട്. വികസനമന്ത്രം മുഴങ്ങിയ ഉദാരവല്‍ക്കരണത്തിത്തിന്റെ ആ 30 കൊല്ലം കൊണ്ട് ഇന്ത്യയിലെ 14 ലക്ഷം ഹെക്റ്റര്‍ വനങ്ങളും തണ്ണീര്‍ത്തടങ്ങലുമാണ് 25000 ത്തോളം പ്രോജക്റ്റുള്‍ക്കായി വിട്ടുകൊടുത്തത്.
2013 ല്‍ ISRO പ്രസിദ്ധീകരിച്ച വിശദമായ മാപ് പ്രകാരം ഇന്ത്യുടെ തണ്ണീര്‍ത്തട വിസ്തൃതി ഒന്നര ലക്ഷം sq.km വരും.(ആകെ ഇന്ത്യയുടെ 4%) .അതില്‍ 26 പ്രദേശങ്ങളാണ്(7000sq.km, ) രാംസര്‍ പ്രദേശങ്ങളായി ഇതുവരെ ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്.. അതില്‍ത്തന്നെ കേരളത്തിന്റെ പങ്ക് ആണ് ഏറ്റവും കൂടുതല്‍ – 30%. ഇന്ത്യയിലെ ഏറ്റവും വലിയ തണ്ണീര്‍ത്തടവും വേമ്പനാട് -കോള്‍ മേഖലയാണ്-152 sq.km.എന്നാല്‍ ആകെ തണ്ണീര്‍ത്തട വിസ്തൃതിയുടെ വെറും 4.5% മാത്രമാണ് ഇന്ത്യ ഇത് വരെ രാസര്‍ പ്രദേശമായി പ്രഖ്യാപിച്ചിട്ടുള്ളത് എന്നതില്‍ നിന്ന് എത്രത്തോളം ഗൌരവമായാണ് നാം ഈ വിഷയത്തെ കാണുന്നത് എന്നറിയാം. കഴിഞ്ഞ ദിവസം സുപ്രീം കോടതി കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടത് ISRO സര്‍വ്വേയില്‍ കണ്ടെത്തിയ 2ലക്ഷത്തില്‍പ്പരം തണ്ണീര്‍ത്തടങ്ങള്‍ ജൂണ്‍ 30-നകം നോട്ടിഫൈ ചെയ്യാനും, സംസ്ഥാനങ്ങള്‍ ആവശ്യമുള്ള വിവരങ്ങള്‍ നല്‍കാനുമാണ്. ഏതു രീതിയിലാണ് സര്‍ക്കാര്‍ ഇതിനെ തോല്‍പ്പിക്കാന്‍ പോകുന്നതെന്ന് കാത്തിരിന്നു കാണാം.
2018 ഫെബ്രുവരി ലക്കം കൂട് മാസികയിൽ പ്രസിദ്ധീകരിച്ച ലേഖനം