കാസ​ര്‍കോട് ജില്ലയില്‍ 230 ഇനം പക്ഷികളെ കണ്ടെത്തി

കാസ​ര്‍കോട് ജില്ലയില്‍ 230 ഇനം പക്ഷികളെ കണ്ടെത്തി

മാതൃഭൂമി വാർത്ത 15 March 2018 Kasargod Edition, Page 2

കാസ​ര്‍കോട്: ജില്ലയിലുള്ള പക്ഷികളുടെ എണ്ണവും പ്രത്യേകതയും ഉള്‍പ്പെടുത്തി പക്ഷിഭൂപടം ഒരുങ്ങി.

മഴക്കാലത്തും വേനലിലും കാണുന്ന പക്ഷികളെ നിരീക്ഷിച്ചാണ് പക്ഷിഭൂപടം തയ്യാറാക്കിയത്. തദ്ദേശീയരും ദേശാടനക്കാരും ഉള്‍പ്പെടെ 230 ഇനങ്ങള്‍ ഇതിലുണ്ട്. പുതിയ പക്ഷികളും ഇതില്‍ ഉള്‍പ്പെടും.

പച്ചവരമ്പന്‍ (ഒലീവ് ബാക്ക്ഡ് പിപിറ്റ്), മുയലമുക്കന്‍ (റഫസ് ബിലീഡ് ഈഗിള്‍), പച്ചമരപ്പൊട്ടന്‍ (ഇന്ത്യന്‍ടിറ്റ്) എന്നിവ പുതിയതാണ്. കരിങ്കിളി (ഇന്ത്യന്‍ ബ്ലാക്ക് ബേര്‍ഡ്), അസുരക്കാടന്‍ (മലബാര്‍ വുഡ് ഷ്‌റൈക്ക്), ചാരത്തലയന്‍ പാറ്റപ്പിടിയന്‍ (ഗ്രേ ഹെഡെഡ് കാനറി ഫ്‌ളൈ കാച്ചര്‍), കൊള്ളിക്കുറവന്‍ (ബ്രൗണ്‍വുഡ് ഔള്‍) തുടങ്ങിയവയും പക്ഷിഭൂപടത്തില്‍ കാണാം.

സാമൂഹികവനവത്കരണ വിഭാഗവും പക്ഷിനിരീക്ഷകരുടെ കൂട്ടായ്മയുമാണ് സര്‍വേയ്ക്ക് നേതൃത്വംനല്‍കിയത്. മാക്‌സിം റോഡ്രിഗ്‌സ്, പ്രശാന്ത് കൃഷ്ണ എന്നിവരാണ് കോ ഓര്‍ഡിനേറ്റര്‍മാര്‍. ഈവര്‍ഷം പക്ഷിഭൂപട പുസ്തകം പുറത്തിറക്കുമെന്ന് പ്രശാന്ത് കൃഷ്ണ പറഞ്ഞു.

187 സ്ഥലങ്ങളില്‍ നിരീക്ഷണം

ജില്ലയിലെ 187 സ്ഥലങ്ങളില്‍ രാവിലെ ആറുമണി മുതല്‍ പത്തുവരേയാണ് സര്‍വേ നടത്തിയത്. തീരദേശം മുതല്‍ റാണിപുരം മലനിരകള്‍വരെ വ്യാപിച്ചുകിടക്കുന്ന പക്ഷിസങ്കേതങ്ങള്‍ നിരീക്ഷണത്തില്‍ വന്നു.

മഴക്കാലസര്‍വേ പ്രാദേശികരെ അടുത്തറിയാനും വേനല്‍സര്‍വേ ദേശാടനപക്ഷികളെ പഠിക്കാനും സഹായിച്ചു. വനംവകുപ്പിനൊപ്പം അധ്യാപകര്‍, വിദ്യാര്‍ഥികള്‍, ഗവേഷകര്‍ ഉള്‍പ്പെടെയുള്ളവര്‍ സര്‍വേയില്‍ പങ്കെടുത്തു.

Back to Top