പണ്ട് സാമൂഹ്യശാസ്ത്രം ക്ലാസ്സിൽ പഠിച്ചിരുന്ന ഓർമയാണ് കബനി എന്ന് കേൾക്കുമ്പോൾ മനസ്സിലെത്തുന്നത്. കേരളത്തിലെ 44 നദികളിൽ കിഴക്കോട്ടൊഴുകുന്ന മൂന്നെണ്ണത്തിൽ ഒന്ന്. വയനാടൻ കുന്നുകളിൽ ഉദ്ഭവിച്ച് പനമരം – മാനന്തവാടി പുഴകൾ ചേർന്ന് കബനി നദിയായി കിഴക്കോട്ടൊഴുകി കാവേരിയിൽ ചെന്ന് ചേരുന്ന നദി. ഇടയിലുള്ള കുറുവ ദ്വീപും, ചേർന്നുകിടക്കുന്ന ബാവലി, നാഗർഹോള കാടുകളും കബനിയുടെ ഐശ്വര്യമായി നിലകൊള്ളുന്നു. ഇലപൊഴിയും ശുഷ്കവനം, തുറന്ന കാടകം, ഉയരം കുറഞ്ഞ, അധികം തടിയില്ലാത്ത മരങ്ങൾ, ദുർഘടമായ കുന്നുകൾ ഇല്ലാത്ത നിരപ്പായ പ്രദേശം -കേരളത്തിലെ കാടുകൾക്കൊപ്പം താരതമ്യം ചെയ്താൽ ഇതൊക്കെയാണ് പെട്ടന്ന് ഓർക്കപ്പെടുന്നത്. കേരളത്തിലെ നിത്യഹരിത വനങ്ങളിൽ കേറിയിറങ്ങുന്ന ഒരാൾക്ക് കബനീവനം ഒരു വനമായി തോന്നില്ല. കാടിനുള്ളിലേക്ക് പലവഴിയായി നീണ്ടുപോകുന്ന മൺപാതകൾ. വശങ്ങളിൽ ജല ലഭ്യതയ്ക്കായി തീർത്ത കുളങ്ങൾ, കാടിനെ പകുത്തു പോകുന്നു എന്ന് തോന്നിപ്പിക്കുന്ന ഇലക്ട്രിക്ക് ടവർ. അതാണ് നഗർഹോള രാജീവ് ഗാന്ധി നാഷണൽ പാർക്ക് എന്ന കബനീതടം. കേരളം -തമിഴ്നാട് -കർണാടകം, മൂന്നു സംസ്ഥാനങ്ങൾ അതിർത്തിപങ്കിടുന്ന പ്രദേശം, ബന്ദിപ്പൂർ, മുതുമല, വയനാട് കാടുകൾ ഒന്നായി കിടക്കുന്നിടം, അതിനോട് ചേർന്ന് കിടക്കുന്നു നാഗർഹോള.
പതിവ് പോലെ പെട്ടന്ന് തട്ടിക്കൂട്ടിയ യാത്ര. ശനിയാഴ്ച സ്കൂളിലെ തിരക്ക് ഒതുക്കി വൈകിട്ട് നാലുമണിയോടെ തലശ്ശേരി നിന്നും കോഴിക്കോടേക്കുള്ള ബസിൽ യാത്ര തുടങ്ങി. റോഡിലെ ബ്ലോക്ക് അൽപ്പം വൈകി 6. 15 നാണ് കോഴിക്കോടെത്തിച്ചത്, അവിടുന്ന് മലപ്പുറത്തേക്ക് ബസിൽ എത്തുമ്പോൾ സമയം 8. 20. ബസ് ഇറങ്ങുമ്പോൾ സുജീഷ് വണ്ടിയുമായി എത്തിയിരുന്നു. നേരെ സുജീഷിന്റെ വീട്ടിലേക്ക്. ഫുഡ് കഴിഞ്ഞു ഒരു ഉറക്കത്തിനു ശേഷം പുലർച്ചെ മൂന്നുമണിയോടെ സന്തോഷിന്റെ കാറിൽ ഞങ്ങൾ അഞ്ചുപേർ, റിനാസ്, നജീബ്, സന്തോഷ്, സുജീഷ്, ഞാൻ. ആറുമണിയോടെ കൽപ്പറ്റ എത്തി ഒരു ചായ കഴിച്ചു വീണ്ടും യാത്ര. അതിനിടെ കൽപ്പറ്റയിൽ ചായക്കടയ്ക്കു മുന്നിൽ കണ്ട അങ്ങാടിക്കുരുവികളുടെ കണക്കെടുത്തു ഇ ബേർഡിൽ കൊടുത്തു. വെളിച്ചം വന്നതോടെ വഴീൽ ചെക്ക് ലിസ്റ്റ് ഇട്ടു കൊണ്ടായി യാത്ര. തോൽപ്പെട്ടി -കുട്ട -ബാവലി വഴി 8. 15 ആയി കബനിയിൽ എത്തിയപ്പോൾ. കാലാവസ്ഥക്ക് വ്യത്യാസമൊന്നുമില്ല. നല്ല ചൂടുതന്നെ.
രാവിലെ സഫാരി 6. 30 മുതൽ 9. 30 വരെ, ഞങ്ങൾ വൈകിട്ട് 3. 30 നു പുറപ്പെടുന്ന സഫാരിക്കുള്ള ടിക്കറ്റ് എടുക്കാനായി കാത്തിരിപ്പായി. അതോടൊപ്പം പരിസരം അരിച്ചുപെറുക്കി ചെക് ലിസ്റ്റ് ഇടുന്നുണ്ട്. മൂന്നു ചെമ്പുകൊട്ടികൾ (Coppersmith Barbet), ഇരയുമായി ഒരു പ്രാപ്പിടിയൻ (Shikra), അടുത്തുള്ള മരത്തിലെ കൂട്ടിൽ കൃഷ്ണപ്പരുന്തും കുഞ്ഞും ഇവയൊക്കെ ഞങ്ങളുടെ നിരീക്ഷണത്തിൽ വന്നു. അപ്പോഴേക്കും ആദ്യ സഫാരി കഴിഞ്ഞു വാഹനങ്ങൾ എത്തി. അതിൽ പരിചയമുള്ള ശ്രീറാം ഉണ്ടായിരുന്നു. പരിചയം പുതുക്കി, കൂടെയുള്ളവർക്ക് അവനെ പരിചയപ്പെടുത്തി. വീണ്ടും ഉള്ള നിരീക്ഷണത്തിൽ രണ്ടു കഴുകന്മാർ ഞങ്ങളുടെ കണ്ണിൽ പെട്ടു. താഴെ എന്തോ ഇര കണ്ടെത്തിയതാവാം അവ താഴേക്കിറങ്ങി അപ്രത്യക്ഷരായി. അപ്പോഴേക്കും ഒരു ഫേസ് ബുക്ക് ഫ്രണ്ട് കൂടി വന്നു, അരുൺ ഭായ്, (അരുൺ ഗോപി)
10 മണിയോടെ ടിക്കറ്റ് എടുത്തു ഞങ്ങൾ ഭക്ഷണം കഴിക്കാനായി പുറപ്പെട്ടു. മുന്നോട്ടു അൽപ്പം അകലെയുള്ള ഹോട്ടലിനു മുന്നിൽ എത്തിയപ്പോൾ അവിടെന്തോ കശപിശ. ഞങ്ങൾ വണ്ടി മുന്നോട്ടു വിട്ടു. കുറച്ചു ദൂരം പോയിട്ടും ഹോട്ടൽ കാണാതെ തിരികെ വന്നു. വഴിയിൽ കന്യാസ്ത്രീ കൊക്കുകളും പിപിറ്റുകളും ഉണ്ടായിരുന്നു. തിരികെ ബാവലി വരെ പോകാൻ തീരുമാനിച്ചു. വഴിയിൽ Indian Nuthatch, കേരളത്തിൽ അപൂർവമായ Rufous tailed lark തുടങ്ങി കുറച്ചു പേരെ കാണാൻ കഴിഞ്ഞു. കേഴമാനും പുള്ളിമാൻകൂട്ടങ്ങളും ഹനുമാൻ കുരങ്ങുകളും ഞങ്ങളുടെ സാന്നിധ്യം അറിഞ്ഞു അകന്നു മാറി. ബാവലി എത്തി ഭക്ഷണം കഴിച്ചു തിരികെ ഉച്ചയോടെ എത്തി സഫാരിക്കുള്ള ബസിൽ സൈഡ് സീറ്റ് നോക്കി കേറിയിരുന്നു.
3. 20 നു കാട്ടിലേക്കുള്ള യാത്ര ആരംഭിച്ചു. വരണ്ടുണങ്ങി കിടക്കുന്ന കാടകം. ഇലപൊഴിഞ്ഞ മരങ്ങൾ ശില്പങ്ങൾ പോലെ തോന്നിച്ചു. ഇടയിലുള്ള കുറ്റിച്ചെടികളിലെ ഇത്തിരി പച്ച തേടി പുള്ളിമാനുകൾ. നിലത്തു പരതി നടക്കുന്ന ഹനുമാൻ കുരങ്ങുകൾ വാഹനം കണ്ടു ഓടി മരങ്ങളിൽ കേറിയിരുന്നു, അതിഥികളെ സംശയത്തോടെ നോക്കുന്നുണ്ട്. ഇടയ്ക്കു ഒരു മ്ലാവിൻ കുടുംബം ( Sambar deer ) മുന്നിൽ വഴി കടന്നു പോയി. തടാകക്കരയിൽ ചെളിയിൽ പുതഞ്ഞു കിടന്ന ഒരു കാട്ടുപന്നി ഞങ്ങളെ കണ്ടു മുറുമുറുപ്പോടെ എഴുന്നേറ്റു മാറി ( ശല്യങ്ങൾ സമാധാനത്തോടെ കാട്ടിലും കഴിയാൻ വിടില്ല എന്ന് സ്വയം പറഞ്ഞു കാണും ). ചെങ്കണ്ണി ( Red Wattled Lapwing ), Bee eater തുടങ്ങി കുറച്ചു പക്ഷികളും ഉണ്ട്.
അൽപ്പം കൂടെ മുന്നോട്ടു പോയപ്പോൾ വഴി രണ്ടായി പിരിയുന്നിടത്തു ഒരു ഭാഗത്തുഎട്ടെണ്ണം വരുന്ന ഒരാനക്കൂട്ടം, കൂടെ ഒരു കുഞ്ഞുണ്ടായതാവാം അതുവഴി വന്ന ജീപ്പിനു നേരെ ഒരു അലർച്ചയോടെ കൂട്ടത്തിലെ വലിയ ആന നീങ്ങിയെങ്കിലും പിന്തിരിഞ്ഞു. കുറച്ചു നേരം അവയെ നോക്കി ഇരുന്ന ശേഷം ഞങ്ങൾ വഴി മാറ്റി, കാരണം മറ്റേ റോഡിലാണ് അവയുടെ സഞ്ചാരം. വഴിയിൽ മരങ്ങളിൽ അരിച്ചു പെറുക്കുന്നെങ്കിലും ഒരു പുള്ളിപ്പുലിയോ വരയൻ പുലിയോ ഞങ്ങളുടെ കൺവെട്ടത്തു വന്നില്ല. ഒരു തടാകതീരത്തുള്ള മരക്കുറ്റിയിൽ ഒരു താലിപ്പരുന്ത് ( Osprey ), പച്ചപ്രാവുകൾ, ഇവയൊക്കെയുണ്ട്. കാട്ടിൽ ഏറ്റവും കൂടുതൽ കണ്ടത് രണ്ടു തരം മൈനകളെയാണ് ( Common Myna, Jungle Myna ). മുന്നോട്ടുള്ള യാത്രയിൽ വീണ്ടും മൂന്നു ആനകളെ കണ്ടു. ഉണക്കപ്പുല്ലു പറിച്ചു കാലിൽ അടിച്ചു വൃത്തിയാക്കി കഴിക്കുന്നു, അവ. ഇടയ്ക്കു ഒരു കാട്ടുനായ ഞങ്ങളെ കണ്ടു മരങ്ങൾക്കിടയിൽ മറഞ്ഞു, ഒരു കീരിയും. സന്ധ്യയോടെ തടാകത്തിൽ വന്നു വെള്ളം കുടിച്ചു മടങ്ങുന്ന ഒരു കേഴമാനിനോട് യാത്രപറഞ്ഞു 6. 15 ഓടെ ഞങ്ങൾ കാടിറങ്ങി, മടക്കയാത്ര. തിരികെ ബന്ദിപ്പൂർ വഴി നാടുകാണിച്ചുരം കടന്നു 12 മണിയോടെ മലപ്പുറത്ത്. ഒരു യാത്ര കൂടി ഇവിടെ തീരുന്നു, മറ്റൊന്നിന്റെ തുടക്കത്തിനായ്.