ഗ്രേറ്റ് പസിഫിക്‍ ഗാര്‍ബേജ് പാച്ച്

ഗ്രേറ്റ് പസിഫിക്‍ ഗാര്‍ബേജ് പാച്ച്


ഇന്ത്യയുടെ പകുതിയോളം, അതായത് ഇറാനിന്റെ വലിപ്പമുള്ള ഒരു തുരുത്ത്. ലോകത്തിന്റെ നിലനില്പിനു വെല്ലുവിളിയാകുന്ന ഇത്തരം തുരുത്തുകളില്‍ ഏറ്റവും വലുത്. അതാണ് ഗ്രേറ്റ് പസിഫിക്‍ ഗാര്‍ബേജ് പാച്ച്. ഇതെങ്ങനെ ഇല്ലാതെയാക്കും എന്നത് ശാസ്ത്രത്തിനു കീറാമുട്ടി ആയിരുന്നു. ആറുവര്‍ഷം മുന്നേ ഒരു ഡച്ച് വിദ്യാര്‍ത്ഥി [Boyan Slat] അതിനൊരു പരിഹാരമായി തിരകളെത്തന്നെ ഉപയോഗിക്കുന്ന ഒരു കൂറ്റന്‍ ക്ലീന്‍ അപ് മെഷീന്‍ നിര്‍ദ്ദേശിച്ചു. അതിന് വലിയ പ്രതികരണമൊന്നും കിട്ടാതെയായപ്പോള്‍ ഒന്നാം വര്‍ഷ ഡിഗ്രീ വിദ്യാര്‍ത്ഥിയായിരുന്ന അയാള്‍ പഠനം ഉപേക്ഷിച്ച് “ഓഷ്യന്‍ ക്ലീന്‍ അപ് ” എന്ന ലാഭേച്ഛയില്ലാത്ത സ്ഥാപനം തുടങ്ങി. മുഖ്യമായും ക്രൗഡ് ഫണ്ടിങ്ങും ചില കോര്‍പ്പറേറ്റ് സ്പോണ്‍സര്‍ഷിപ്പും കൊണ്ട് പ്രവര്‍ത്തിക്കുന്ന ഓഷ്യന്‍ ക്ലീനപ്പിന്റെ ആദ്യത്തെ പ്ലാസ്റ്റിക് പിടിയന്‍ യന്ത്രം രണ്ടുമാസത്തില്‍ യാത്ര തുടങ്ങുകയാണ്. അടുത്ത നാലുവര്‍ഷം കൊണ്ട് ഗ്രേറ്റ് പസിഫിക്‍ ഗാര്‍ബേജ് പാച്ചിന്റെ പകുതിയോളം കരയിലെത്തിക്കാന്‍ ബോയന്‍ സ്ലാറ്റ് ഉരുത്തിരിച്ച ഭീമന്‍ യന്ത്രങ്ങള്‍ക്ക് കഴിയും എന്ന് ശാസ്ത്രജ്ഞര്‍ അഭിപ്രായപ്പെടുന്നു.

പ്ലാസ്റ്റിക് വലകള്‍, സ്റ്റ്രോ, കീശകള്‍ തുടങ്ങിയവയെ പിടികൂടാനേ ഈ യന്ത്രത്തിനു കഴിയൂ. സമുദ്രത്തില്‍ കലങ്ങിച്ചേരുന്ന മൈക്രോബീഡ്സിനെ എങ്ങനെ കണ്ടെത്തും? കഴിഞ്ഞയാഴ്ച യു.എസ്.ഇലെ അന്ന ഡൂ ഇന്‍ഫ്രാറെഡ് ഉപയോഗിച്ച് മൈക്രോപ്ലാസ്റ്റിക്ക് കലര്‍ന്നയിടങ്ങള്‍ കണ്ടെത്തുന്ന ഒരു ആര്‍.ഓ.വി. ഉരുത്തിച്ചു. 3എം യങ്ങ് സൈന്റിസ്റ്റ് സ്പോണ്‍സര്‍ഷിപ് കിട്ടിയതോടെ ഇതിനെ പരിഷ്കരിച്ച് സ്വയം പ്രവര്‍ത്തിക്കുന്ന യന്ത്രമാക്കാനാണ് അന്നയുടെ പദ്ധതി. 12 വയസ്സുള്ള ആറാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് അന്ന.

പറഞ്ഞുവന്നത്, കുട്ടികള്‍ ശാസ്ത്രം പഠിക്കുന്നത് ശാസ്തീയത ഉണ്ടാകാനായിരിക്കണം, വിവരങ്ങള്‍ ശേഖരിക്കാനും ആവര്‍ത്തിക്കാനും ആകരുത് എന്നാണ്. നമുക്കിടയിലെ മിടുക്കികളും മിടുക്കന്മാരും സ്കൂളിങ്ങ് കൊണ്ടു പാഴായിപ്പോകുന്നത് രണ്ടാമതുപറഞ്ഞ പാഠ്യരീതികള്‍ കൊണ്ടാണ്. (വെറുതേ 3എം യങ്ങ് സൈന്റിസ്റ്റുകളുടെ പട്ടിക നോക്കിയപ്പോള്‍ അതില്‍ ഇന്ത്യന്‍ വംശജര്‍ എന്ന് പേരുകൊണ്ട് ഉറപ്പിക്കാവുന്ന യു.എസ്. വിദ്യാര്‍ത്ഥികളെ പലരെയും കണ്ടു)

യു.കെ. പ്രൈമറി സ്കൂള്‍ തീരുമ്പോള്‍ ശാസ്ത്രത്തില്‍ വിദ്യാര്‍ത്ഥികള്‍ 100% മുന്‍‌വിധിയില്ലാതെ കാര്യങ്ങള്‍ സ്വയം നിരീക്ഷിച്ച്‌ ന്യായമായ ശാസ്ത്രീയ നിരീക്ഷണവും പരീക്ഷണവും നടത്തി അനുമാനങ്ങള്‍ നടത്താന്‍ പ്രാപ്തര്‍ ആയിരിക്കണം എന്നാണ് സിലബസ്. അന്ന ഡൂവിന്റെ അതേ പ്രായത്തിലും ക്ലാസ്സിലും നമ്മുടെ വീട്ടിലും ഉണ്ട് ഒരു ശാസ്ത്രി. അവനോടും ഒന്നാരായാം എന്നു വച്ചു.

“എടേ, ലോകത്തെ പ്ലാസ്റ്റിക്ക് മാലിന്യം എന്തു ചെയ്യും മോനേ?”

“ഇപ്പോഴത്തെ ടെക്നോളജി വച്ചു നോക്കിയാല്‍ ഇതെല്ലാം കൊണ്ട് സ്പേസില്‍ കളയാനേ പറ്റൂ എന്നു തോന്നുന്നു.”

“ശൂന്യാകാശത്തോട്ടോ, അതിനു കാശ് എത്ര വേണമെന്നാ കരുതുന്നത്??”

“അതല്ലേ സ്പെയിസ് കോറിഡോര്‍ വേണം എന്നു ഞാന്‍ പണ്ടേ പറയുന്നത്?”

“അതുണ്ടാക്കാനുള്ള സാമ്പത്തിക ശേഷി ലോകത്തൊരു രാജ്യത്തിനുമില്ലല്ലോ.”

“പൊല്യൂഷന്‍ നിലനില്പ്പിന്റെ പ്രശ്നമാകുമ്പോള്‍ എല്ലാ രാജ്യങ്ങളും കൂടി ഫണ്ട് ചെയ്യും. ഡിഫന്‍സിനു കണക്കില്ലാതെ ഫണ്ട് ഉണ്ടാകുന്നത് എങ്ങനെയാ? അതും നിലനില്പ്പിന്റെ പ്രശ്നം ആയതുകൊണ്ടാ.”

“അല്ലാ, ഇതില്‍ നിനക്കു വല്ലോം ചെയ്യാന്‍ പറ്റുമോ?”

“സ്പെയിസ് കോറിഡോര്‍ ടെക്നോളജി ഇപ്പത്തന്നെ ഉണ്ട്. ഇല്ലാത്തത് കാശാ, അതെന്റെ കയ്യിലുമില്ല. പിന്നെ ഞാന്‍ എന്നാ ചെയ്യാനാ?”

കാര്യം നടക്കാന്‍ ശാസ്ത്രീയത മാത്രം പോരാ, അദ്ധ്വാനിക്കാനുള്ള മനസ്സും കൂടി വേണം. അല്ല അവനെപ്പറയാന്‍ ഇതുരണ്ടുമില്ലാത്ത എനിക്കെന്തു യോഗ്യത?


Cover Image By Justin Dolske from Cupertino, USA (Beach trash) [CC BY-SA 2.0 (https://creativecommons.org/licenses/by-sa/2.0)], via Wikimedia Commons

Back to Top