മതികെട്ടാൻചോല ദേശീയോദ്യാനത്തിൽ നിന്നും നെൽപ്പൊട്ടൻ ‘ഗോൾഡൻ ഹെഡഡ് സിസ്റ്റിക്കോള’ എന്ന പക്ഷിയെ ആദ്യമായി കണ്ടെത്തി- പശ്ചിമഘട്ടത്തിൽ പാലക്കാട് ഗ്യാപ്പിനു തെക്ക്, ഒരു നൂറ്റാണ്ടിന് ശേഷം വീണ്ടും കണ്ടെത്തൽ!
ഇടുക്കിയിലെ മതികെട്ടാൻചോല ദേശീയോദ്യാനത്തിൽ ആദ്യമായി നെൽപ്പൊട്ടൻ (‘ഗോൾഡൻ ഹെഡഡ് സിസ്റ്റിക്കോള’) ശാസ്ത്രീയനാമം – സിസ്റ്റിക്കോള എക്സൈലിസ് (Cisticola exilis) എന്ന പക്ഷിയെ കണ്ടെത്തി. പക്ഷിനിരീക്ഷകരുടെ കൂട്ടായ്മയായ തൃശ്ശൂർ കോൾ ബേർഡേഴ്‌സ് അംഗങ്ങളായ കൊരട്ടി സ്വദേശിയും വടക്കാഞ്ചേരി വി എച്ച് എസ് സി പ്രിൻസിപ്പലുമായ ശ്രീ ലതീഷ് ആർ. നാഥും റിട്ടയേർഡ് അതിരപ്പിള്ളി വില്ലേജ് ഓഫീസർ ശ്രീ രവീന്ദ്രൻ കെ. സിയുമാണ് ഈ അപൂർവ പക്ഷിയെ മതികെട്ടാൻചോല ദേശീയോദ്യാനത്തിന്റെ ഉയർന്ന പ്രദേശത്തുള്ള പുൽമേടുകളിൽ പക്ഷിനിരീക്ഷണത്തിനിടെ 2024 സെപ്റ്റംബർ മാസത്തിൽ കണ്ടെത്തിയത്. തെക്കെ ഇന്ത്യയിലെ കർണാടകത്തിന്റെയും തമിഴ്‌നാടിന്റേയും ചിലഭാഗങ്ങളിലും കേരളത്തിലും ആണ് ഈ പക്ഷിയെ കണ്ടിട്ടുള്ളത്. വടക്കൻ കേരളത്തിൽ വയനാട്, കാസർഗോഡ്, കണ്ണൂർ, മലപ്പുറം ജില്ലകളിലെ ഉയർന്ന പ്രദേശങ്ങളിൽ ഇവയെ കണ്ടെത്തിയിട്ടുണ്ട് എങ്കിലും പശ്ചിമഘട്ടത്തിലെ പാലക്കാട് ഗ്യാപ്പിന്റെ തെക്കുഭാഗത്തു ഇവയെ കാണുന്നത് ആദ്യമായാണ്.
മലനിരകളിലെ പുൽമേടുകളിലെ സ്ഥിരതാമസക്കാരാണ് ഈ പക്ഷി. പ്രജനന കാലത്ത് ആൺ പക്ഷികളുടെ തല, കഴുത്ത്, നെഞ്ച് എന്നിവ സ്വർണ്ണനിറം കലർന്ന ഓറഞ്ചു നിറമായിരിക്കും. പിങ്ക് നിറമുള്ള ചുണ്ടുകൾ, പിന്നിൽ കറുത്ത വരകൾ എന്നിവ ഈ പക്ഷിയുടെ പ്രത്യേകതകൾ ആണ്. ഇവയുടെ ശബ്ദം എളുപ്പം തിരിച്ചറിയാൻ സാധിക്കുന്നതാണ്. മുമ്പ് വയനാട് ബാണാസുര മലയിലെ പുൽമേടുകളിൽ ഇതേ പക്ഷിയെ ഇവർ തന്നെ കണ്ട ഓർമ്മ ഇതിനെ തിരിച്ചറിയാൻ സഹായകരമായി.
ഗ്ലോബൽ ബയോഡൈവേഴ്സിറ്റി ഇൻഫർമേഷൻ ഫസിലിറ്റി (GBIF) പ്രകാരം, നാച്ചുറൽ ഹിസ്റ്ററി മ്യൂസിയം (ലണ്ടൻ), അമേരിക്കൻ മ്യൂസിയം ഓഫ് നാച്ചുറൽ ഹിസ്റ്ററി എന്നിവിടങ്ങളിൽ സൂക്ഷിച്ചിട്ടുള്ള ഈ പക്ഷിയുടെ സ്പെസിമെനുകളിൽ മൂന്നെണ്ണം തിരുവിതാംകൂർ മലനിരകളിൽ നിന്നും ഇരുപതാംനൂറ്റാണ്ടിന്റെ ആരംഭത്തിൽ ശേഖരിച്ചതാണ് എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. ചരിത്ര രേഖകളിൽ മൂന്നാർ പ്രദേശങ്ങളിൽ നിന്നും 1907 ൽ കണ്ടെടുത്ത ഇവയോട് സാമ്യമുള്ള രണ്ടു പക്ഷികളുടെ സ്പെസിമെനുകൾ തിരുവനന്തപുരം മ്യുസിയത്തിൽ സ്റ്റഫ് ചെയ്തു വച്ചിട്ടുണ്ട്.
ഇടുക്കി ജില്ലയിലെ മതികെട്ടാൻചോല ദേശീയോദ്യാനത്തിൽ ഈ പക്ഷിയുടെ സാന്നിധ്യം കണ്ടെത്തിയതോടെ, പശ്ചിമഘട്ടപർവ്വതമേഖലയിലെ പക്ഷിജീവനത്തെ പറ്റി കൂടുതൽ പഠിക്കേണ്ടതിന്റെ ആവശ്യകതക്ക് പ്രാധാന്യമേറുന്നു. മതികെട്ടാന്‍ചോല ദേശീയ ഉദ്യാനം ഫ്ലാഗ്ഷിപ്പ് സ്പീഷീസായ ഗാലക്സി തവളയുടെ സംരക്ഷണത്തിന് കൂടുതൽ പ്രാധാന്യം കൊടുക്കുന്നു, കണ്ടെത്തലിന്റെ പൂർണ്ണവിവരങ്ങൾ മലബാർ നാച്ചുറൽ ഹിസ്റ്ററി സൊസൈറ്റിയുടെ ശാസ്ത്ര ജേർണലായ മലബാർ ട്രോഗണിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഇടുക്കി ജില്ലയിലെ ചിന്നാർ വന്യജീവിസങ്കേതത്തിൽ നിന്നും ലതീഷ് ആർ നാഥ് ഉൾപ്പെടുന്ന സംഘം അടുത്ത കാലത്തു അത്യപൂർവ്വമായ യൂറേഷ്യൻ നീർനായയെ കണ്ടെത്തി കേരളത്തിന്റെ സസ്തനികളുടെ പട്ടികയിൽ പുതിയൊരു അതിഥിയെ സംഭാവന നൽകിയിരുന്നു.