പലപ്പോഴായി പറഞ്ഞു കേട്ടിട്ടുള്ള ഒരു പക്ഷിയാണ് ഹൂപ്പോ അഥവാ ഉപ്പൂപ്പൻ. ആ പേരിൽ തന്നെയില്ലേ ഒരു കൗതുകം. നാട്ടിൽ കാണുന്ന ചെമ്പോത്തിനെ ഉപ്പൻ എന്നു വിളിക്കുന്ന കേട്ടിട്ടുണ്ട്. പക്ഷെ ഉപ്പൂപ്പൻ അങ്ങനെ അല്ലാട്ടോ.
ആദ്യമായി പാലക്കൽ പോയപ്പോൾ big birders പറയുന്ന കേട്ടു. ഈ കക്ഷിയെ കുറിച്ച്. ഞാൻ അധികം അന്വേഷിക്കാൻ പോയില്ല. പിന്നീട് പലരും എടുത്ത ഫോട്ടോകൾ കണ്ടു. ഇഷ്ട്ടായി. എന്നെങ്കിലും കാണും എന്നു കരുതിയിരുന്നു. അങ്ങനെ കണ്മുന്നിൽ പെട്ടത് ദേ ഇന്നാളാണ്. പാലക്കൽ തന്നെ.
ആ ബണ്ടിന്റെ അപ്പുറത്ത്. ആരെയും ശല്യപ്പെടുത്താതെ. കൊക്കുകൾ പ്രത്യേക തരത്തിൽ ഉപയോഗിച്ച് മണ്ണിലുള്ള പുഴുക്കൾ പോലെയുള്ള ജീവികളെ കൊത്തി കൊത്തി തിരക്കൊന്നും പിടിക്കാതെ അകത്താക്കിക്കൊണ്ടിരിക്കുന്നു. സാധാരണ എല്ലാരും കൂടി ശ്രദ്ധിക്കുന്നുണ്ടെന്നു കണ്ടാൽ പറക്കുന്നവരാണ് മിക്കവാറും പക്ഷികളും. പക്ഷെ നമ്മുടെ കിരീടം വെച്ച ഹൂപ്പോ പ്രഭാതഭക്ഷണത്തിന്റെ തിരക്കിലായതുകൊണ്ടു അതൊന്നും കാര്യമാക്കിയില്ല. വേണ്ടുവോളം കാണാൻ പറ്റി.
എത്ര രസകരമാണെന്നോ കണ്ടു നിൽക്കാൻ. അത് മണ്ണിലേക്ക് കൊക്കുകൾ കുത്തിയതിന് ശേഷം ആ കൊക്കുകൾ വിടർത്തി പ്രാണിയെ അല്ലെങ്കിൽ പുഴുവിനെ പിടിക്കുന്നു. അതും ഞൊടിയിട കൊണ്ടു ചെയ്തു തീർക്കുന്നു.
അതിങ്ങനെ ആസ്വാദിച്ചുകൊണ്ടിരിക്കുമ്പോഴാണ് അനീഷ പറഞ്ഞത് ആ പക്ഷിക്ക് പുയ്യാപ്ല എന്നും പേരുണ്ടെന്നു. ആ കിരീടം വെച്ചപോലത്തെ തലയിലെ തൂവലും, ദേഹത്തെ വെള്ളയും കറുപ്പും നിറങ്ങളും ഒക്കെയാവണം അങ്ങനെ ഒരു പേര് വരാൻ കാരണം. അതുപോലെ തന്നെ രസകരമാണ് ആ പക്ഷിയുടെ ശബ്ദവും. ‘ഊപ്’ എന്ന ശബ്ദത്തിൽ നിന്നാവാം Upupa എന്ന ശാസ്ത്രീയ നാമത്തിലേക്കു എത്തിയത്. ഈ ശബ്ദം പക്ഷെ മരണത്തെ സൂചിപ്പിക്കുന്നതായും ഈ പക്ഷി ഒരു ചീത്ത ശകുനമായും കാണുന്ന ഒരു വിഭാഗം ആൾക്കാരുണ്ട്. മറിച്ചും വിശ്വസിച്ചു പോരുന്നവരും ഈ ലോകത്തിലുണ്ട്. ചില രാജ്യങ്ങളിൽ ഈ പക്ഷിയെ മരുന്നിനും കൂട്ടിലിട്ടു വളർത്താനും പിടിച്ചോണ്ടു പോകുന്നത് ഇവരുടെ വംശത്തിനു ഭീഷണിയാണ്.
എന്തായാലും ആഗ്രഹിച്ച പോലെ വേണ്ടുവോളം കാണാൻ കിട്ടി. പ്രകൃതിയുടെ ഓരോ സൃഷ്ടിയും കൗതകത്തിന്റെ അളവ് കൂട്ടുന്നു. തലയിലെ ആ കിരീടം വിരിയുന്നത് കാണാൻ പറ്റിയില്ല. ഇനിയൊരു അവസരത്തിലാകാം. ഇപ്രാവശ്യം പാലക്കൽ പോയപ്പോൾ Booted eagle ഒരു നീർക്കാക്കയെ പിടിക്കുന്നത് കണ്ടു. പെലിക്കണെ കണ്ടു. എങ്കിലും മനസ്സിലുള്ളത് ആ കൊത്തി കൊത്തി തത്തി തത്തി നടക്കുന്ന പുയ്യപ്പ്ള തന്നെ.
Cover Image – Eurasian Hoopoe from TKMM College, Alappuzha, Kerala © hari kumar