ഒരു ചുട്ടിച്ചിറകൻ വിരിഞ്ഞിറങ്ങുന്നു

ഒരു ചുട്ടിച്ചിറകൻ വിരിഞ്ഞിറങ്ങുന്നു

ഒരു ചെറിയ ഇടവേളയ്ക്കുശേഷം ഞാനും തുമ്പിയും.

വിരൂപമായ ലാർവ്വാരൂപത്തിൽ നിന്നും മനോഹരമായ തുമ്പിയുടെ രൂപത്തിലേക്കൊരു കൂടു മാറ്റം. രണ്ടു മണിക്കൂർ നേരത്തെ തുടർച്ചയായ ശ്രമഫലം….
Emergence of a Black tipped forest glory (Vestalis apicalis) male
ഒരു ചുട്ടിച്ചിറകൻ തണൽത്തുമ്പി അതിന്റെ ലാർവ്വയിൽനിന്നും വിരിഞ്ഞിഞ്ഞിറങ്ങുന്നു.

 

Emerging of a Black tipped forest glory (Vestalis apicalis) male

മുട്ട , ലാർവ്വ , പൂർണ വളർച്ചയെത്തിയ തുമ്പി എന്നിങ്ങനെ 3 ഘട്ടങ്ങളായാണ് തുമ്പികൾ തങ്ങളുടെ ജീവിതചക്രം പൂർത്തിയാക്കുന്നത്. എന്നാൽ ശലഭങ്ങളിലേത് പോലെ പ്യൂപാവസ്ഥ തുമ്പികളിൽ ഇല്ല. ലാർവയിൽ നിന്നും തുമ്പി നേരിട്ട് വിരിഞ്ഞിറങ്ങുകയാണ് ചെയ്യുന്നത്. അത് കൊണ്ട് തന്നെ തുമ്പികളിലെ രൂപാന്തരീകരണം (metamorphosis) ഭാഗിക/അപൂർണ രൂപാന്തരീകരണം (incomplete metamorphosis) എന്നാണ് അറിയപ്പെടുന്നത്.

തുമ്പികൾ ജലജന്യ ജീവികളാണ് (കുഴിയാനകൾ വളർന്നാണ് തുമ്പികളായി മാറുന്നത് എന്ന് പലരും പറഞ്ഞു കേൾക്കാറുണ്ട്; അത് തെറ്റാണ്). ജലസസ്യങ്ങളിലോ അല്ലെങ്കിൽ ജലാശയങ്ങൾക്ക് സമീപം വളരുന്ന മറ്റു സസ്യങ്ങളിലോ തുമ്പികൾ മുട്ടകൾ നിക്ഷേപിക്കുന്നു. അപൂർവം ചില തുമ്പികൾ നനഞ്ഞ മണ്ണിലും മുട്ടയിടാറുണ്ട്. മരപ്പൊത്തുകളിൽ കെട്ടിനിൽക്കുന്ന വെള്ളത്തിൽ മാത്രം മുട്ടയിടുന്ന തുമ്പികളുമുണ്ട്. സൂചിത്തുമ്പികൾ 100 മുതൽ 400 വരെ മുട്ടകൾ ഇടുമ്പോൾ കല്ലൻ തുമ്പികൾ ആയിരം മുട്ടകൾ വരെ ഇടാറുണ്ട്. ഉഷ്ണമേഖലാ പ്രദേശങ്ങളിൽ മുട്ട വിരിയാൻ പൊതുവെ 5 മുതൽ 40 വരെ ദിവസങ്ങൾ എടുക്കാറുണ്ട്. തണുപ്പ് പ്രദേശങ്ങളിൽ ഇത് 80 മുതൽ 240 ദിവസം വരെയാവാം.

തുമ്പികളുടെ ലാർവകൾ മാംസഭുക്കുകളാണ്. പ്രാണികൾ, കൊതുകുൾപ്പെടെയുള്ള മറ്റു ജീവികളുടെ ലാർവകൾ, ചെറു മൽസ്യങ്ങൾ എന്നു വേണ്ട ചലിക്കുന്ന ഏത് വസ്തുവിനെയും ഇവ ആഹാരമാക്കുന്നു. സ്വന്തം വർഗ്ഗത്തിൽ പെട്ട ലാർവകളെ ഭക്ഷിക്കുന്നതും സാധാരണമാണ്. വളരുന്നതിനനുസരിച്ച് ഇവ പടം പൊഴിക്കുന്നു. 8 മുതൽ 15 തവണ വരെ ഇങ്ങനെ പടം പൊഴിക്കാറുണ്ട്. പൂർണ വളർച്ചയെത്തിയ ലാർവകൾ വിരിഞ്ഞിറങ്ങുന്നതിന് ഒന്നോ രണ്ടോ ദിവസം മുൻപ് മുതൽ ആഹാരം വെടിഞ്ഞ് വെള്ളത്തിൽ കിടക്കുന്നു. തുടർന്ന് വെള്ളത്തിൽ ഉയർന്നു നിൽക്കുന്ന കല്ലുകളിലോ, കമ്പുകളിലോ കയറിപ്പറ്റുന്ന ഇവ പുറം ചട്ട പൊഴിച്ച് തുമ്പികളായി പുറത്തു വരുന്നു. ലാർവകളിൽ നിന്ന് തുമ്പികൾ പുറത്തു വരാൻ ഏതാനും മിനിറ്റുകൾ മുതൽ മണിക്കൂറുകളോളം സമയം എടുക്കാറുണ്ട്. സാധാരണയായി തുമ്പികൾ വിരിഞ്ഞിറങ്ങുന്നത് അതിരാവിലെയാണ്.

അവലംബം

  • Kiran, C.G. & Raju, D.V. 2013. Dragonflies & Damselflies of Kerala. Tropical Institute of Ecological Sciences, Kottayam.
  • Subramanian K.A. Dragonflies of India – A Field Guide, Vigyan Prasar, Department of Science and Technology, Govt. of India. New Delhi
Back to Top