വേലിയിറക്കത്തിൽ ചളി തെളിഞ്ഞ് പുറകോട്ട് ഇറങ്ങിപ്പോയ പുഴ. ചെളിത്തട്ടിൽ പതിവുള്ളതു പോലെ പക്ഷെ നീർപക്ഷികളെ കാണാനുമില്ല. നൂറു മീറ്റർ ദൂരെ ചില കുറ്റികളിൽ നാലഞ്ച് ആളകളും ചീനവലക്കുറ്റിയിൽ ഒരു പുള്ളിമീൻകൊത്തിയും. ഈ പുള്ളിക്കാരനെ പലപ്പോഴും കണ്ടിട്ടുണ്ട്, ചിത്രം എടുത്തിട്ടുമുണ്ട് എങ്കിലും കാണുമ്പോഴൊക്കെ ഒരു കൊതി വരും. പരിചയക്കാരനായ കടത്തുകാരനോട് ചോദിച്ചു, ആ പക്ഷിയുടെ അരികിൽ വരെ ഒന്നു തുഴഞ്ഞെത്തിക്കാമോ എന്ന് .
പോകാം പക്ഷെ നോക്കിയിരിക്കെ തന്നെ പുഴയിലെ വെളളം വറ്റും, വഞ്ചി ചളിയിൽ ഉറയ്ക്കും …എന്ത് ചെയ്യും.? സംഗതി അപ്പോൾ തന്നെ സംഭവിക്കുന്നതും കണ്ടു. വഞ്ചി സർവീസ് നിന്നു.
പുള്ളിമീൻകൊത്തിയുടെ ഇരിപ്പും കണ്ട്, കുട്ടവഞ്ചിയിലെ കർണ്ണാടകക്കാരായ മീൻപിടിത്തക്കാരോട് സംസാരിച്ച് അങ്ങനെ ഇരുന്നു.
ഈ മീൻകൊത്തി എപ്പോഴാണ് ഒരു മീനും പിടിച്ച് എന്റെ നേർക്കു പറന്നു വരുന്നത് എന്ന് ഓർത്തിരിക്കുമ്പോൾ അതാ അവൻ വെള്ളത്തിലേക്ക് ചാടുന്നു. അവിടെ ഭക്ഷണം തേടിക്കൊണ്ടിരിക്കുന്ന നാടൻ താറാവുകളുടെ ഇടയിലേക്ക് ആണ് ചാടിയത്. ഞാൻ റെഡിയായി നിന്നു. പക്ഷെ വെള്ളത്തിലേക്ക് ചാടിയ മീൻകൊത്തി താറാവുകളുടെ കൂട്ടത്തിൽ നീന്തുന്നു…! താറാവുകൾ ഇതെന്തു പ്രാന്ത് എന്ന മട്ടിൽ നിൽക്കുന്നു.
പക്ഷിനിരീക്ഷണത്തിനിടയിൽ ഇവന്റെ വിചിത്രമായ ഒരു പെരുമാറ്റരീതിക്ക് സാക്ഷിയാകാനും കഴിഞ്ഞു എന്ന് ഞാൻ കരുതി… ഏതാനും മിനുട്ടുകൾ കടന്നു പോയി. മീൻകൊത്തി വെള്ളത്തിൽ കുഴഞ്ഞു വീണിരിക്കയാണ് എന്നെനിക്കു മനസ്സിലായി. വളരെ പ്രയാസപ്പെട്ട് അത് പറന്ന് ചീനവലയുടെ അടിയിലെ ഒരു കുറ്റിയിൽ ചെന്നിരുന്നു…
ചീന വലയിലേക്കു ചെല്ലാൻ ഞാൻ ഒരു വിഫലശ്രമം നടത്തി. അമ്പതു മീറ്റർ നീളത്തിൽ അടയ്ക്കാമരം പാകിയ നൂൽപ്പാലത്തിലൂടെ പാതി ദൂരം നടന്നു. ഊഞ്ഞാലാട്ടം നിയന്ത്രിക്കാനാവാതെ,കഴുത്തറ്റം ചെളിയിൽ മുങ്ങിച്ചാവാതെ ജീവനും കൊണ്ടു തിരിച്ചു പോന്നു.
വീണ്ടും വന്ന് കടത്തുകടവിൽ ഇരുന്നു. ദൂരെ അവൻ ചിറക് ഉണക്കുന്നുണ്ട്. Good ..!. അപ്പോഴതാ പക്ഷി വീണ്ടും വെള്ളത്തിലേക്ക്. ഇത്തവണയും ഒന്ന് രണ്ടടി ഉയരത്തിലേക്ക് പറന്നു, എങ്കിലും താഴെവീണു… നോക്കിയിരിക്കെ പറക്കാനുള്ള പരിശ്രമങ്ങൾ നിലച്ചു. സാവധാനം വെള്ളത്തിൽ ഒഴുകാൻ തുടങ്ങി…. ഇല്ല അനക്കം ഇനി ഇല്ല.
അടുത്ത് ഒരു കുറ്റിയിൽ കാത്തിരിക്കുന്ന പരുന്ത് അതിനെ കണ്ടു കാണും..പ്രകൃതി…അതിന്റെ ചില രീതികൾ …!
ഞാൻ കാമറ പൂട്ടി എഴുന്നേറ്റു തിരിഞ്ഞു നോക്കാതെ നടന്നു.
കുട്ടവഞ്ചിക്കാരൻ പുറകിൽ നിന്ന് അവൻറെ കന്നഡ മലയാളത്തിൽ വിളിച്ചു ചോദിച്ചു.
“ചേട്ടനി സങ്കടം വന്താ…!