മുട്ട (egg), ലാർവ്വ (nymph), പൂർണ്ണ വളർച്ചയെത്തിയ തുമ്പി (imago) എന്നിങ്ങനെ മൂന്ന് ഘട്ടങ്ങളിലായാണ് തുമ്പികൾ അവയുടെ ജീവിതചക്രം പൂർത്തീകരിക്കുന്നത്. ശലഭങ്ങളിലേത് പോലെ പ്യൂപ്പാവസ്ഥ തുമ്പികളിൽ ഇല്ല. പ്രാണിവർഗ്ഗ ജീവികളിൽ സാധാരണയായി കാണപ്പെടുന്ന നാലു ഘട്ടങ്ങൾക്ക് പകരം ഇങ്ങനെ മൂന്ന് ഘട്ടങ്ങളായി ജീവിത ചക്രം പൂർത്തീകരിക്കുന്നതിനെ അപൂർണ്ണ രൂപാന്തരീകരണം (incomplete metamorphosis) എന്ന് വിളിക്കാറുണ്ട്.
ജലജീവിയായ തുമ്പി ലാർവ്വ അതിന്റെ വളർച്ചാ ഘട്ടങ്ങൾ മുഴുവനാക്കിയാൽ വെള്ളത്തിൽ നിന്ന് കരയിലേക്ക് കയറുകയും, പുറന്തോട് പൊളിച്ച് ‘ഇമാഗോ’ പുറത്തു വരികയും ചെയ്യുന്നു (പ്രാണിവർഗ്ഗ ജീവികൾ പൂർണ്ണ വളർച്ച കൈവരിക്കുമ്പോൾ അവയെ വിളിക്കുന്ന പേരാണ് imagine അല്ലെങ്കിൽ imago). തുമ്പി ലാർവ്വകൾ, സ്പീഷീസുകൾക്കനുസരിച്ച്, 8 മുതൽ 17 തവണ വരെ പടം പൊഴിക്കാറുണ്ട് (moulting). ‘ഇമാഗോ’ പുറത്തു വരുമ്പോൾ ബാക്കിയാകുന്ന പുറന്തോടിനെ exuviae എന്നാണ് വിളിക്കുന്നത്. ആദ്യമഴ കഴിഞ്ഞുള്ള സമയങ്ങളിൽ ജലാശയങ്ങൾക്കരികിൽ നിരീക്ഷിക്കുകയാണെങ്കിൽ പുൽത്തുമ്പുകളിലും മറ്റും പറ്റിപ്പിടിച്ചിരിക്കുന്ന രീതിയിൽ ഇത്തരം exuviae കാണാൻ കഴിയും.
ഒരു തുമ്പി, അണ്ഡം മുതൽ മരണം വരെയുള്ള തന്റെ ജീവിതത്തിൽ, ഏറ്റവും കൂടുതൽ സമയം ചിലവഴിക്കുന്നത് ലാർവ്വാവസ്ഥയിൽ ജലാശയങ്ങളിലാണ്. ഉഷ്ണമേഖലാ പ്രദേശങ്ങളിൽ കാണപ്പെടുന്ന മിക്ക തുമ്പികളുടെയും ലാർവ്വകൾ ഒരു വർഷത്തിനുള്ളിൽ തന്നെ അവയുടെ വളർച്ചാ ഘട്ടങ്ങൾ പൂർത്തീകരിക്കുമ്പോൾ തണുപ്പ് പ്രദേശങ്ങളിൽ ഇത് ശരാശരി 2 മുതൽ 4 വർഷം വരെ ആവാറുണ്ട്. സാധാരണ സാഹചര്യങ്ങളിൽ ‘ഇമാഗോ’യുടെ കാലാവധി ശരാശരി 3 മുതൽ 6 മാസങ്ങൾ വരെയാണ്.
ശരീരശാസ്ത്രപരമായി മുതിർന്ന തുമ്പിയുടേതിന് സമാനമാണ് ലാർവ്വയുടെയും ശരീരഘടന. കണ്ണുകൾ, ആന്റിന, വദനം എന്നിവ ഉൾകൊള്ളുന്ന ശിരസ്സ്; 3 ജോഡി കാലുകൾ ഉള്ള ഉരസ്സ് (ലാർവ്വയുടെ അവസാന ഘട്ടങ്ങളിൽ ചിറക് പാളികളും ഉരസ്സിൽ കാണപ്പെടുന്നു); 10 ഖണ്ഠങ്ങളായുള്ള ഉദരം എന്നിവയാണ് ലാർവ്വയുടെ പ്രധാന ശരീരഭാഗങ്ങൾ. വളർച്ചയുടെ ആദ്യ ഘട്ടങ്ങളിൽ മിക്ക സ്പീഷിസുകളിലും 7 സൂക്ഷ്മ നേത്രങ്ങളാണ് (ommatidia) ഉണ്ടാവുക. എന്നാൽ ഓരോ ഘട്ടം കഴിയുന്തോറും ഇവയുടെ എണ്ണം കൂടി വരും.
ജൈവലോകത്തെ ഇരപിടിയന്മാർക്കിടയിൽ, വേഗം കൊണ്ടും കണിശത കൊണ്ടും,
മുൻനിരയിലാണ് തുമ്പികളുടെ സ്ഥാനം. ഇര പിടിക്കുന്നതിൽ ഇമാഗോവിനെക്കാൾ ഒരുപടി മുന്നിലാണ് ലാർവ്വകൾ. തുമ്പികളുൾപ്പെടെയുള്ള മറ്റു പ്രാണികളുടെ ലാർവ്വകൾ, ജലജീവികൾ, വാൽമാക്രികൾ, ചെറു മൽസ്യങ്ങൾ എന്ന് വേണ്ട അതിന് പിടിക്കാൻ കഴിയുന്ന എല്ലാ ജീവികളെയും ലാർവ്വ ഭക്ഷണമാക്കുന്നു. സ്വജാതിയിൽപ്പെട്ട ജീവികളെ ഭക്ഷിക്കുന്ന പ്രതിഭാസം (cannibalism) തുമ്പി ലാർവ്വകൾക്കിടയിൽ സാധാരണമാണ്. സ്വന്തം സ്പീഷീസിൽപ്പെട്ട ലാർവ്വകളെ മാത്രമല്ല തരം കിട്ടിയാൽ പുതുതായി വിരിഞ്ഞിറങ്ങുന്ന ‘ഇമാഗോ’ വിനെ വരെ തുമ്പി ലാർവ്വ ഭക്ഷണമാക്കാറുണ്ട്.
ആവശ്യാനുസരണം മുന്നിലേക്ക് നീട്ടാനും പിൻവലിക്കാനും കഴിയുന്ന കീഴ്ത്താടി (labium) ആണ് ലാർവ്വയുടെ പ്രധാന ആയുധം. ഘടനാപരമായി ഇമാഗോവിൽ നിന്നും ലാർവ്വയെ വ്യത്യസ്തമാക്കുന്ന ഈ സവിശേഷ അവയവം ചലനസാധ്യമായ 4 ഭാഗങ്ങൾ ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. നീർമുത്തൻ ഒഴികെയുള്ള തുമ്പി കുടുംബങ്ങളിലെല്ലാം ലേബിയം ഫോർസെപ്സ് ആകൃതിയിലുള്ളതാണ്. നീർമുത്തന്മാരിൽ ലേബിയം സ്പൂൺ ആകൃതിയിൽ കാണപ്പെടുന്നു.
വിശ്രാന്താവസ്ഥയിൽ ശരീരത്തിന് താഴ്ഭാഗത്തായി മടക്കി സൂക്ഷിക്കുന്ന ലേബിയത്തിൻറെ പ്രവർത്തന രീതി അതീവ കൗതുകകരമാണ്. ഏതെങ്കിലും ഇര കണ്ണിൽപ്പെട്ടു കഴിഞ്ഞാൽ ലാർവ്വ മലദ്വാരത്തിലൂടെ വെള്ളം ഉള്ളിലേക്കെടുത്ത് ശക്തമായി പുറത്തേക്ക് ചീറ്റുന്നു. തൽഫലമായി ഉണ്ടാകുന്ന പ്രതിമർദ്ദം കൊണ്ട് ലേബിയം ഒരു ചാട്ടുളി പോലെ ഇരയുടെ മേൽ തറച്ചു കയറുന്നു. ഇര കുരുങ്ങിക്കഴിഞ്ഞാൽ നൊടിയിട കൊണ്ട് ലേബിയം ചുരുക്കി ഇരയെ വായിലാക്കുന്നു. ഇരയെ കീഴ്പ്പെടുത്താൻ ലാർവ്വകൾക്ക് ശരാശരി 15 മുതൽ 40 മില്ലി സെക്കന്റുകൾ മാത്രം മതി. മലദ്വാരത്തിലൂടെ വെള്ളം പുറത്തേക്ക് ചീറ്റി (employing jet propulsion) വളരെ ദൂരം സഞ്ചരിക്കാനും ലാർവ്വകൾക്ക് കഴിയും.
മലദ്വാരത്തിലൂടെ ജലം ഉള്ളിലേക്കെടുത്താണ് തുമ്പി ലാർവ്വകൾ ശ്വസിക്കുന്നത്. ലാർവ്വകളുടെ ശ്വസനാവയവമായ ചെകിളപ്പൂക്കൾ – gills – സ്ഥിതി ചെയ്യുന്നത് വയറിനുള്ളിൽ മലദ്വാരത്തിനോട് ചേർന്നാണ്. ഉദര പേശികളുടെ സങ്കോച വികാസ ചലനം ഉപയോഗപ്പെടുത്തി മലദ്വാരത്തിലൂടെ വെള്ളം ശരീരത്തിനുളളിലേക്കെടുക്കുകയും പുറത്തു വിടുകയും ചെയ്യുമ്പോൾ വെള്ളത്തിൽ ലയിച്ച് ചേർന്ന ഓക്സിജൻ ചെകിളകൾ ആഗിരണം ചെയ്യുകയും കാർബൺ ഡൈ ഓക്സൈഡ് പുറത്തു വിടുകയും ചെയ്യുന്നു.
(അവലംബം: Corbet 1999; Suhling et. al, 2015; Tillyard 1917)
Wonderful article.