പ്രകൃതിയിലെ തയ്യൽക്കാരൻ

പ്രകൃതിയിലെ തയ്യൽക്കാരൻ

മഴ; പ്രകൃതിയെ പുതുവസ്ത്രമണിയിക്കുന്ന കാലം. പൊതുവെ എല്ലാ ജീവികളും സ്വയം ഒന്ന് ഒതുങ്ങിക്കൂടുന്ന കാലം. വേനലിന്റെ അന്ത്യത്തിൽ കുഞ്ഞുങ്ങൾ പറക്കമുറ്റിയാൽ പിന്നെ കിളികൾ വിവാഹവസ്ത്രങ്ങൾ മാറ്റി പാട്ടുകൾ മതിയാക്കി മഴയുടെ കുളിരിൽ അടങ്ങി ഒതുങ്ങി ഇവിടെങ്ങും ആരുമില്ലേ എന്ന മട്ടിലാവും. എന്നാൽ ചില പറവകൾ മഴക്കാലത്താവും കൂടൊരുക്കുന്നതും കുഞ്ഞുങ്ങളെ വളർത്തുന്നതും. അത് മിക്കവാറും ചെറുകിളികൾ ആവും, പിന്നെ ചില നീർപക്ഷികളും. അവയുടെ മുഖ്യ ഭക്ഷണം പ്രാണികളും പുഴുക്കളും ചെറു മീനുകളുമൊക്കെ ആവും. അവ ധാരാളം ലഭ്യമാവുന്ന കാലം മഴക്കാലവും.

വേനലിന്റെ അന്ത്യത്തിൽ കൂടൊരുക്കുന്ന കുഞ്ഞു കിളികളിൽ മുന്നിൽ നിൽക്കുന്നു, നമ്മുടെ തൊടിയിലെ നിത്യ സന്ദർശകൻ തുന്നാരൻ, അടയ്ക്കാക്കുരുവി, പാണക്കുരുവി എന്നൊക്കെ അറിയപ്പെടുന്ന Common Tailorbird.

ആകപ്പാടെ പച്ചത്തേപ്പുള്ള പുറം, ചിറകിലെ അരികുകൾ തവിട്ടു നിറം, നെറ്റിയിൽ സിന്ദൂരം പൂശിയ പോലെ നല്ല കാവി നിറം, അടിഭാഗം മങ്ങിയ വെള്ള, ശരീരത്തെക്കാൾ നീളം തോന്നുന്ന വാൽ മുകളിലേക്ക് ചൂണ്ടിയിരിക്കും, ആണിന് വിവാഹ അലങ്കാരമായി വാലിലെ നടുത്തൂവലുകൾ കുറച്ചു കൂടി നീളം കൂടും. കരയുമ്പോൾ തൊണ്ടയുടെ വശങ്ങളിൽ ഒരു കറുത്ത പൊട്ടു തെളിയും. ”ചീവി ചീവി, ടിറ്റ് ടിറ്റ് ” എന്നൊക്കെ ഉറക്കെ ശബ്‌ദിച്ചുകൊണ്ടേയിരിക്കും. ഇവയ്ക്കു മിണ്ടാതിരിക്കാൻ അറിയില്ലെന്ന് തോന്നും. അധികം ഉയരമില്ലാത്ത ചെടികളിലും പൊന്തകളിലുമൊക്കെ സാദാ ഇരതേടിക്കൊണ്ടിരിക്കുന്ന ഈ കുഞ്ഞുകിളികൾ മിക്കവാറും ഇണകളായാണ് കാണുന്നത്. ഒരു ചെടിയിൽ എത്തിയാൽ അതിൽ മുഴുവൻ തിരഞ്ഞു കഴിഞ്ഞേ അടുത്തതിലേക്ക് പോകാറുള്ളൂ. നല്ല പ്രസരിപ്പുള്ള പക്ഷികൾ. പട്ടണങ്ങളിലും നാട്ടിൻപുറങ്ങളിലും വനങ്ങളുടെ അതിർത്തി പ്രദേശങ്ങളിലുമൊക്കെ കാണാവുന്നവയാണ് ഒരു പക്ഷിയാണ്‌ തുന്നാരൻ. വനങ്ങളുടെ ഉൾഭാഗത്തു കാണാൻ പ്രയാസമാണ്. ഇവയ്ക്കു മനുഷ്യ സഹവാസമാണ് ഇഷ്ടമെന്ന് തോന്നും.

മെയ് മാസം അവസാനത്തോടെയാവും ഇവയുടെ ഗൃഹസ്ഥാശ്രമം തുടങ്ങുന്നത്. വീതിയുള്ള ഇലകൾ അറ്റം തുന്നിച്ചേർത്തു ഒരു സഞ്ചി പോലെയാക്കി അതിനുള്ളിൽ നേർത്ത നാരുകളും പൂടത്തൂവലുകളും പരുത്തി നാരുകളുമൊക്കെ ചേർത്തുവച്ചു ഉണ്ടാക്കുന്ന മനോഹരമായ കൂടാണ് ഇവയെ പ്രകൃതിയിലെ തുന്നൽക്കാരനായി അറിയപ്പെടാനിടയാക്കിയത്. വട്ട, തേക്ക്, പെരേലം തുടങ്ങിയവയുടെ ഇലകളാണ് ഇവ നാട്ടിൻപുറങ്ങളിൽ കൂടുണ്ടാക്കാൻ ഉപയോഗിക്കുന്നത്. ഞാൻ കണ്ട കൂടുകളിൽ 95 % വും ഇത്തരം ഇലകളിൽ തുന്നിയെടുത്തവയായിരുന്നു. ഒരിക്കൽ മന്ദാരത്തിന്റെ 3 ഇലകൾ ചേർത്ത് തുന്നിയുണ്ടാക്കിയതും ഇവിടങ്ങളിൽ കുളിരുമാവ് എന്ന് പറയുന്ന മരത്തിന്റെ 2 ഇലകൾ ചേർത്തുണ്ടാക്കിയതും കണ്ടിട്ടുണ്ട്. നിലത്തുനിന്നും 1 മീറ്റർ പൊക്കത്തിലായിരിക്കും മിക്ക കൂടുകളും. നന്നായി മറഞ്ഞിരിക്കുന്ന കൂടുകൾ മഴക്കാലത്ത് തഴച്ചു വളരുന്ന ചെടികൾക്കിടയിൽ കണ്ടെത്താൻ പ്രയാസമാണ്. ഇവ വെറുതെ ഇലകൾ ചേർത്ത് 3, 4 തുന്നലുകൾ ഇട്ടു വെച്ച ഇലകൾ കൂടുകൾക്കടുത്തു കാണാറുണ്ട്. ഇത് ശത്രുക്കളെ കബളിപ്പിക്കാനോ അതോ പഠിക്കാനോ എന്ന് സംശയിക്കുന്നു.

BirdsAsiaJohnGoIVGoul 0036
John Gould’s engraving for Birds of Asia
അടുത്തടുത്ത ദിവസങ്ങളിലായി 3, 4 മുട്ടകൾ ഇട്ടശേഷം അടയിരിക്കാൻ തുടങ്ങും. ഇളം പച്ച നിറമുള്ള മുട്ടയിൽ തവിട്ടു നിറത്തിൽ നേർത്ത കുത്തുകൾ ഉണ്ടാവും. കൂടുണ്ടാക്കാൻ ആണും സഹായിക്കുമെങ്കിലും അടയിരിക്കുന്നത് പെണ്ണായിരിക്കും. 14 ദിവസം വേണം മുട്ട വിരിയാൻ. വിരിഞ്ഞു കഴിഞ്ഞാൽ 2 പേരും കുഞ്ഞുങ്ങളെ ഊട്ടും. 2 ആഴ്ച കൊണ്ട് കുഞ്ഞുങ്ങൾ പറന്നു തുടങ്ങും. കൂടു വിട്ടിറങ്ങിയാൽ പിന്നൊരിക്കലും അവ കൂട്ടിലേക്ക്‌ വരില്ല. പിന്നീടുള്ള ഉറക്കം ഏതെങ്കിലും ഉയരം കുറഞ്ഞ ചെടികളുടെ കമ്പിലായിരിക്കും, മുട്ടയിടാനും കുഞ്ഞുങ്ങൾ പറക്കമുറ്റുന്നതു വരെ കഴിയാനും മാത്രമാണ് പക്ഷികൾ കൂടു ഉപയോഗിക്കുന്നത്.

Orthotomus sutorius എന്ന് ശാസ്ത്രീയ നാമമുള്ള തുന്നാരൻ തൊടിയിൽ സദാ പ്രസരിപ്പോടെ ചാടിക്കളിക്കുന്നത് കാണാൻ നല്ല രസമാണ്. ”കേരളത്തിലെ പക്ഷികൾ ” എന്ന തന്റെ പ്രശസ്ത പുസ്തകത്തിൽ ശ്രീ നീലകണ്ഠൻ സാർ ഇവയുടെ കൂടുകൾ വാഴയിലയിൽ കണ്ടു എന്ന് വിവരിക്കുന്നുണ്ട്. പക്ഷെ ഇതുവരെ ഇവിടെ അവ വാഴയിലയിൽ കൂടുകൂട്ടുന്നത് കണ്ടിട്ടേയില്ല. ഗ്രാമീണതയിൽ അവയ്ക്കു മറ്റു വീതിയേറിയ ഇലകളുള്ള ചെടികളുടെ ലഭ്യതയാവാം കാരണം. മെയ്മാസത്തിന്റെ പകുതി മുതൽ ആഗസ്ത് വരെ ഇവയുടെ കൂടുകൾ ഞാൻ കണ്ടിട്ടുണ്ട്. ആഗസ്ത് ആവുമ്പോഴേക്കും കൂടുകൾ ഒഴിഞ്ഞിരിക്കും. പെട്ടന്ന് കൊഴിയാത്ത ഇലകൾ തെരഞ്ഞെടുത്തു കൂടുണ്ടാക്കാനുള്ള ഇവയുടെ കഴിവ് അപാരം തന്നെ. പ്രകൃതിയുടെ മറ്റൊരു നിഗൂഢത.

Back to Top