ചാലക്കുടിപ്പുഴത്തടത്തിലെ മഴക്കാലമുന്നൊരുക്കങ്ങളും പ്രളയസാധ്യതാലഘൂകരണവും

ചാലക്കുടിപ്പുഴത്തടത്തിലെ മഴക്കാലമുന്നൊരുക്കങ്ങളും പ്രളയസാധ്യതാലഘൂകരണവും

ചാലക്കുടിപ്പുഴത്തടത്തിലെ നിയമസഭാ, പാര്‍ലിമെന്റ് അംഗങ്ങള്‍ക്കും ത്രിതലപഞ്ചായത്ത് അദ്ധ്യക്ഷര്‍ക്കുമുള്ള നിവേദനം

സ്വീകര്‍ത്താവ്,
…………………………………………………..
……………………………………………………

സര്‍,

വിഷയം : ചാലക്കുടിപ്പുഴത്തടത്തിലെ മഴക്കാലമുന്നൊരുക്കങ്ങളെയും പ്രളയസാധ്യതാലഘൂകരണത്തെയും സംബന്ധിച്ച്‌

2018-ലെ വെള്ളപ്പൊക്കത്തില്‍ ഏറ്റവുമധികം തകര്‍ന്ന മൂന്നു പുഴത്തടങ്ങളിലൊന്നായിരുന്നു ചാലക്കുടി. 1924-ലെ വെള്ളപ്പൊക്കത്തിലും ഉയര്‍ന്ന ജലനിരപ്പാണ് അന്ന് പുഴയില്‍ അനുഭവപ്പെട്ടത്. 2019-ലും കനത്ത മഴയുണ്ടായെങ്കിലും ഭാഗ്യം കൊണ്ട് മാത്രം അല്പം കുറഞ്ഞ വെള്ളപ്പൊക്കമേ നേരിടേണ്ടി വന്നുള്ളൂ. വീണ്ടും ഒരു മഴക്കാലം വരവായി. ഇത്തവണ മഹാമാരിയുടെ കൂടി പശ്ചാത്തലത്തിലാണ് മഴക്കാലമെത്തുന്നത് എന്നത് വര്‍ദ്ധിച്ച ആശങ്കയാണ്. തെക്ക് പടിഞ്ഞാറന്‍ മണ്‍സൂണ്‍ സംബന്ധിച്ച പ്രവചനങ്ങള്‍ ശരാശരിയോ അതിനേക്കാള്‍ ഉയര്‍ന്നതോ ആയ മഴയ്ക്കുള്ള സാധ്യതയാണ് പറയുന്നത്. രണ്ടുവര്‍ഷം തുടര്‍ച്ചയായി ഈ പുഴത്തടത്തിലുള്‍പ്പെടെ കേരളത്തിന്റെ പലയിടങ്ങളിലും 24 മണിക്കൂറില്‍ 30-ഉം 40-ഉം സെന്റീമീറ്ററിലധികം മഴ രേഖപ്പെടുത്തിയതോടെ ഇനി ഏതുവര്‍ഷവും സംസ്ഥാനത്ത് എവിടെയും അത്തരം മഴ പെയ്യാം എന്ന സാധ്യത നിലനില്‍ക്കുന്നു. കാലാവസ്ഥാ പ്രതിസന്ധിയുടെ ഭാഗമായി ലോകത്തെങ്ങും വര്‍ദ്ധിച്ച തോതില്‍ തീവ്രകാലാവസ്ഥാ സംഭവങ്ങള്‍ ഉണ്ടാകും എന്ന മുന്നറിയിപ്പും ഇതോടൊപ്പം വായിക്കപ്പെടണം. സംസ്ഥാനത്തെ മുഴുവന്‍ പുഴത്തടങ്ങളിലും ആവശ്യമായ മഴക്കാലപൂര്‍വ്വ മുന്നൊരുക്കങ്ങള്‍ ഉറപ്പുവരുത്തണമെന്നും വെള്ളപ്പൊക്കസാധ്യത പരമാവധി കുറയ്ക്കാനുള്ള നടപടികള്‍ കൈക്കൊള്ളണമെന്നും ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു. ഒപ്പം തന്നെ വെള്ളപ്പൊക്കം ഉണ്ടായാല്‍ അതിനെ നേരിടാനുള്ള നടപടികള്‍ എല്ലാ തലത്തിലും ഉറപ്പുവരുത്തണം. ചാലക്കുടിപ്പുഴത്തടവുമായി ബന്ധപ്പെട്ട് കൈക്കൊള്ളേണ്ട ചില നടപടികള്‍ സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ താഴെ കൊടുക്കുന്നു.

പ്രധാന നിര്‍ദ്ദേശങ്ങള്‍ സംക്ഷിപ്തമായി,

  1. മഴ, നീരൊഴുക്ക്, അണക്കെട്ടുകളിലെ ജലനിരപ്പും അവിടെ നിന്നുള്ള ജലബഹിര്‍ഗമനത്തിന്റെ തോത് തുടങ്ങിയ ഘടകങ്ങളുടെ അടിസ്ഥാനത്തില്‍ പ്രളയസാധ്യത കണക്കാക്കുന്ന ഫ്‌ളഡ് മോഡല്‍ തയ്യാറാക്കണം.
  2. 2018-ലെയും 2019-ലെയും വെള്ളപ്പൊക്കങ്ങളുടെ വെളിച്ചത്തില്‍ പുഴത്തട അടിസ്ഥാനത്തിലും പഞ്ചായത്ത്/മുനിസിപ്പാലിറ്റി തലത്തിലും പ്രളയഭൂപടം തയ്യാറാക്കുകയും അത് പൊതുസമൂഹത്തിന് ലഭ്യമാക്കുകയും ചെയ്യുക.
  3. പെരിങ്ങല്‍ക്കുത്ത് അണക്കെട്ടിന്റെ ബലം സംബന്ധിച്ച് ആഴത്തിലുള്ള ശാസ്ത്രീയപരിശോധന നടത്തുക.
  4. പെരിങ്ങല്‍ക്കുത്തിലെ നാലാമത്തെ റിവര്‍സ്ലൂയിസ് പ്രവര്‍ത്തനക്ഷമമാക്കുക.
  5. മഴക്കാലത്ത് പെരിങ്ങല്‍ക്കുത്തിലെ പരമാവധി ജലനിരപ്പ് ജലസംഭരണശേഷിയുടെ 50 ശതമാനമായി പരിമിതപ്പെടുത്തുക.
  6. കേരളാഷോളയാറില്‍ നിലവിലുള്ള rule curve മാറ്റുക. കാലവര്‍ഷക്കാലത്ത് അണക്കെട്ടിലെ പരമാവധി ജലസംഭരണം ശേഷിയുടെ 75 ശതമാനമായി പരിമിതപ്പെടുത്തുന്ന പുതിയ rule curve-ഉം Standard Operating Procedure-ഉം തയ്യാറാക്കുക.
  7. പറമ്പിക്കുളം ഗ്രൂപ്പ് ഡാമുകള്‍ക്ക് rule curve-ഉം SOP-യും തയ്യാറാക്കാന്‍ അണക്കെട്ടുകളുടെ ചുമതലയുള്ള തമിഴ്‌നാട് ഉദ്യോഗസ്ഥരോട് ആവശ്യപ്പെടുക. പറമ്പിക്കുളത്ത് ഓഗസ്റ്റ് 15/31 വരെ ജലസംഭരണം പരമാവധി ശേഷിയുടെ 80 ശതമാനമായി പരിമിതപ്പെടുത്തുക. തൂണക്കടവില്‍ മഴക്കാലത്തെ ജലനിരപ്പ് ഫുള്‍ റിസര്‍വ്വോയര്‍ ലെവലിനേക്കാള്‍ 2 മീറ്റര്‍ താഴെയായി നിജപ്പെടുത്തുക.
  8. ചാലക്കുടിപ്പുഴത്തടത്തിലെ പ്രളയനിയന്ത്രണത്തിന് ഉതകുന്നവിധം തമിഴ്‌നാട് ഷോളയാറില്‍ SOP തയ്യാറാക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കുക.
  9. പെരിങ്ങല്‍ക്കുത്തിനെ കേന്ദ്രീകരിച്ച് River basin level reservoir management plan തയ്യാറാക്കുക.
  10. പുഴത്തടതലത്തിലും തദ്ദേശസ്വയംഭരണസ്ഥാപനതലത്തിലും വിവിധ സര്‍ക്കാര്‍ ഡിപ്പാര്‍ട്ട്‌മെന്റ്/ഏജന്‍സി തലത്തിലും ഫ്‌ളഡ് മാനേജ്‌മെന്റ് പ്ലാനുകള്‍ തയ്യാറാക്കുക.
  11. ഉരുള്‍പൊട്ടലിനും മലയിടിച്ചിലിനും സാധ്യതയുള്ള മേഖലകള്‍ വിദഗ്ദ്ധര്‍ അടിയന്തിരമായി പരിശോധിക്കുക. ദുരന്തസാധ്യതാമേഖലകളിലുള്ളവരെ മാറ്റിപ്പാര്‍പ്പിക്കുക.
  12. പ്രളയസാധ്യതയുള്ള സമയങ്ങളില്‍ തത്സമയനിരീക്ഷണത്തിനും വിലയിരുത്തലിനുമായി ചാലക്കുടി കേന്ദ്രീകരിച്ച് ഒരു ടീം രൂപീകരിക്കുക.
  13. കോവിഡിന്റെ പശ്ചാത്തലത്തില്‍ വേണ്ട മുന്‍കരുതലുകള്‍ കൈക്കൊള്ളുക.
  14. പ്രളയസാധ്യതയുള്ള സമയങ്ങളില്‍ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ബ്ലോക്ക്തലത്തില്‍ ഏകോപിപ്പിക്കുക.
  15. ജലനിരപ്പും നീരൊഴുക്കും ഉള്‍പ്പെടെയുള്ള മുഴുവന്‍ വിവരങ്ങളും അതാത് സമയത്ത് തന്നെ ജനങ്ങള്‍ക്ക് ലഭ്യമാക്കുക.

വിശദാംശങ്ങള്‍

പ്രളയസാധ്യത അറിയാന്‍

  1. പുഴത്തടത്തിലെ വിവിധ ഇടങ്ങളിലെ മഴ, നീരൊഴുക്ക്, അണക്കെട്ടുകളിലെ ജലസ്ഥിതി തുടങ്ങിയവയുടെ അടിസ്ഥാനത്തില്‍ വിവിധ സാഹചര്യങ്ങളില്‍ പുഴയിലെ ജലനിരപ്പ് എത്ര ഉയരാം എന്ന് കണക്കാക്കുന്ന ഫ്‌ളഡ് മോഡല്‍’ തയ്യാറാക്കണം.
  2. 2018-ലെയും 2019-ലെയും വെള്ളപ്പൊക്കത്തിന്റെയും ഫ്‌ളഡ് മോഡലിന്റെയും അടിസ്ഥാനത്തില്‍ പുഴയില്‍ ജലനിരപ്പ് ഉയരുന്നതിനനുസൃതമായി വെള്ളം കയറാവുന്ന പ്രദേശങ്ങള്‍, സര്‍വ്വേ നമ്പര്‍ ഉള്‍പ്പെടെ ഗ്രാമപഞ്ചായത്ത്/മുനിസിപ്പാലിറ്റി തലത്തില്‍ പ്രളയസാധ്യതാഭൂപടം തയ്യാറാക്കുകയും ബന്ധപ്പെട്ട തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ക്ക് ലഭ്യമാക്കുകയും വേണം.
  3. 2018-ലെയും 2019-ലെയും വെള്ളപ്പൊക്കങ്ങളുടെ അനുഭവങ്ങളുടെയും മേല്‍ സൂചിപ്പിച്ച ഭൂപടത്തിന്റെയും അടിസ്ഥാനത്തില്‍ ഓരോ തദ്ദേശസ്വയംഭരണസ്ഥാപനത്തിലും വെള്ളപ്പൊക്കം ബാധ്ക്കാനിടയുള്ള വീടുകളുടെ വിശദമായ പട്ടിക, പ്രളയസാധ്യത അനുസരിച്ച് രണ്ടോ മൂന്നോ വിഭാഗങ്ങളായി തിരിച്ച് തയ്യാറാക്കുക. ജില്ലാദുരന്തനിവാരണ അഥോറിറ്റിയും ബന്ധപ്പെട്ട തദ്ദേശസ്വയംഭരണസ്ഥാപനങ്ങളും ചേര്‍ന്ന് ഇത് തയ്യാറാക്കാവുന്നതാണ്.

അണക്കെട്ടുകള്‍ കൈകാര്യം ചെയ്യുമ്പോള്‍

  1. പെരിങ്ങല്‍ക്കുത്ത്
    63 വയസ്സായ പെരിങ്ങല്‍ക്കുത്ത് അണക്കെട്ടില്‍ 2018-ലെ വെള്ളപ്പൊക്കത്തില്‍ ഉണ്ടായ കേടുപാടുകള്‍ സംബന്ധിച്ച ചില അറ്റകുറ്റപ്പണികള്‍ നടക്കുന്നതായി അറിയുന്നു. എന്നാല്‍ അന്നത്തെ വെള്ളപ്പൊക്കത്തില്‍ ജലം കവിഞ്ഞൊഴുകുകയും വലിയ മരത്തടികള്‍ വന്നിടിക്കുകയും ചെയ്ത അണക്കെട്ടിന്റെ ബലം സംബന്ധിച്ച് പുഴത്തടത്തിലുള്ളവര്‍ക്ക് കടുത്ത ആശങ്കയുണ്ട്. അണക്കെട്ടിന്റെ ബലം സംബന്ധിച്ച് ആഴത്തിലുള്ള ശാസ്ത്രീയപഠനങ്ങള്‍ ഉടന്‍ നടത്തണമെന്ന് ആവശ്യപ്പെടുന്നു. പെരിങ്ങല്‍ക്കുത്തിലെ നാല് റിവര്‍ സ്ലൂയിസുകളില്‍ ഒന്ന് വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്നില്ല. ഇത് പ്രളയജലം ഒഴുക്കിവിടാനുള്ള ശേഷിയില്‍ 10 ശതമാനം കുറവു വരുത്തും. അടിയന്തരമായി റിവര്‍ സ്ലൂയിസ് പ്രവര്‍ത്തനക്ഷമമാക്കാന്‍ നടപടിയെടുക്കണം എന്ന് അഭ്യര്‍ത്ഥിക്കുന്നു.
    പെരിങ്ങല്‍ക്കുത്തിനുമുകളില്‍ പുഴയ്ക്ക് 1000 ചതുരശ്രകിലോമീറ്റര്‍ വൃഷ്ടിപ്രദേശമുണ്ട്. ഇതില്‍ 474 ച. കി. മീ. മുകളിലെ അഞ്ച് അണക്കെട്ടുകളുടെ വൃഷ്ടിപ്രദേശവും 526 ച. കി. മീ. പെരിങ്ങല്‍ക്കുത്തിന്റെ തനത് വൃഷ്ടിപ്രദേശവുമാണ്. 2018-ലെയും 2019-ലെയും വെള്ളപ്പൊക്കദിനങ്ങളില്‍ പെരിങ്ങല്‍ക്കുത്തിനുമുകളിലെ വൃഷ്ടിപ്രദേശങ്ങളില്‍ നിന്നുള്ള പരമാവധി നീരൊഴുക്ക് യഥാക്രമം സെക്കന്റില്‍ 3500 ഘനമീറ്ററിലധികവും (സെക്കന്റില്‍ 35 ലക്ഷം ലിറ്ററിലധികം) സെക്കന്റില്‍ 2200 ഘനമീറ്ററിലധികവും (സെക്കന്റില്‍ 22 ലക്ഷം ലിറ്ററിലധികം) ആയിരുന്നു എന്ന് അനുമാനിക്കുന്നു. 2018-ല്‍ മുകളിലെ അണക്കെട്ടുകളെല്ലാം നിറഞ്ഞിരുന്നതിനാല്‍ ഈ ജലമെല്ലാം (അതിലധികവും) പെരിങ്ങല്‍ക്കുത്തും കവിഞ്ഞ് താഴേക്ക് കുതിച്ചുപാഞ്ഞപ്പോള്‍ 2019-ല്‍ ഭാഗ്യവശാല്‍ കനത്ത മഴ വന്ന വേളയില്‍ മുകളിലെ അണക്കെട്ടുകളില്‍ വെള്ളം കുറവായിരുന്നതിനാല്‍ പകുതി നീരൊഴുക്ക് ഈ അണക്കെട്ടുകളില്‍ സംഭരിക്കപ്പെടുകയായിരുന്നു. മറിച്ചായിരുന്നെങ്കില്‍ 2018-ലെ പരമാവധി ജലനിരപ്പിനേക്കാള്‍ ഏകദേശം ഒരുമീറ്റര്‍ താഴെ വരെ പ്രളയജലമെത്തുകയും പതിനായിരക്കണക്കിന് വീടുകളും മറ്റ് കെട്ടിടങ്ങളും അധികമായി വെള്ളത്തിനടിയിലാകുകയും ചെയ്യുമായിരുന്നു. അതിലുപരി വീണ്ടും പെരിങ്ങല്‍ക്കുത്ത് അണക്കെട്ട് കവിഞ്ഞ് ജലം ഒഴുകുകയും അത് ഒരുപക്ഷേ അണക്കെട്ടിന്റെ തകര്‍ച്ചയ്ക്ക് കാരണമാകുകയും ചെയ്യുമായിരുന്നു.
    കാലാവസ്ഥാ പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ കഴിഞ്ഞ വര്‍ഷങ്ങളിലേതിനു സമാനമായി (അതിനേക്കാള്‍ ശക്തമായും) ചുരുങ്ങിയ സമയത്തില്‍ അതിശക്തമായ മഴ ഇനി ഏത് മഴക്കാലത്തും നമ്മള്‍ പ്രതീക്ഷിക്കണം. അതിനാല്‍ത്തന്നെ മഴക്കാലത്ത് മുഴുവന്‍ അണക്കെട്ടുകളും പ്രളയനിയന്ത്രണം/പ്രളയലഘൂകരണം കൂടി അവയുടെ പ്രധാന ഉത്തരവാദിത്തമായി എടുക്കണം.
    താരതമ്യേന ചെറിയ സംഭരണശേഷിയും (30 ദശലക്ഷം ഘനമീറ്റര്‍) കൂടുതല്‍ വൃഷ്ടിപ്രദേശവും ഉള്ളതിനാല്‍ കനത്ത ഒന്നോ രണ്ടോ മഴയില്‍ത്തന്നെ പെരിങ്ങല്‍ക്കുത്ത് നിറയാറുണ്ട്. ഇവിടെ പരിമിതമായെങ്കിലുമുള്ള പ്രളയനിയന്ത്രണം സാധ്യമാകണമെങ്കില്‍ മഴക്കാലത്ത് ജലസംഭരണം 50 ശതമാനത്തില്‍ താഴെ നിര്‍ത്തേണ്ടതുണ്ട്. ഇതിനായി ആവശ്യമെങ്കില്‍ റിവര്‍ സ്ലൂയിസുകള്‍ പ്രവര്‍ത്തിപ്പിക്കേണ്ടതാണ്. സ്പില്‍വേ ഷട്ടറുകള്‍ മഴക്കാലത്ത് പൂര്‍ണ്ണമായും തുറന്നുവെയ്ക്കണമെന്നും ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു.
  2. കേരളാ ഷോളയാര്‍
    153 ദശലക്ഷം ഘനമീറ്റര്‍ സംഭരണശേഷിയുള്ള കേരളാഷോളയാറിന് ആകെ 185 ച. കീ. മീ. വൃഷ്ടിപ്രദേശമുണ്ട്. ഇതില്‍ 64 ച. കി. മീ. തനത് വൃഷ്ടിപ്രദേശവും 121 ച. കി. മീ. തമിഴ്‌നാട് ഷോളയാറിന്റെ വൃഷ്ടിപ്രദേശവുമാണ്. ഇത് പറമ്പിക്കുളം-ആളിയാര്‍ പദ്ധതി (PAP)യുടെ ഭാഗമായി കേരളം നിര്‍മ്മിച്ചിട്ടുള്ള ഒരേയൊരു അണക്കെട്ടാണ്. PAP കരാര്‍ വ്യവസ്ഥകള്‍ക്കനുസരിച്ചാണ് ജലവൈദ്യുതപദ്ധതിയുടെ പ്രവര്‍ത്തനം. ഈ വ്യവസ്ഥകള്‍ പ്രകാരം ജൂലൈ പകുതിയോടെ തന്നെ അണക്കെട്ട് നിറയാവുന്ന സാഹചര്യം ഉണ്ടാകും. (നേരത്തെ ജൂലൈ മധ്യത്തില്‍ത്തന്നെ ഡാം നിറഞ്ഞ് പ്രളയജലം തുറന്നുവിടുന്ന സാഹചര്യം ഉണ്ടായിട്ടുണ്ട്.) ഈ വ്യവസ്ഥകള്‍ പ്രളയനിയന്ത്രണത്തിന് ഒട്ടും അനുയോജ്യമല്ല.
    2018-ലെ ഏറ്റവും കൂടിയ വെള്ളപ്പൊക്കസമയത്ത് കേരളാഷോളയാറില്‍ നിന്ന് പെരിങ്ങല്‍ക്കുത്തിലേക്ക് സെക്കന്റില്‍ 12 ലക്ഷം ലിറ്ററിനടുത്ത് വെള്ളമാണ് തുറന്നുവിട്ടത്. കനത്ത മഴയ്ക്ക് മുമ്പുതന്നെ ഡാം പൂര്‍ണ്ണമായി നിറഞ്ഞിരുന്നതും തമിഴ്‌നാട് ഷോളയാറില്‍നിന്ന് വലിയ തോതില്‍ വെള്ളം തുറന്നുവിട്ടതുമാണ് അന്ന് ഇത്രയധികം വെള്ളം തുറന്നുവിടേണ്ട സാഹചര്യം ഉണ്ടാക്കിയത്.
    കേരളാഷോളയാറില്‍ ഒരു പരിധി വരെയുള്ള പ്രളയനിയന്ത്രണം സാധ്യമാകണമെങ്കില്‍ തെക്ക് പടിഞ്ഞാറന്‍ കാലവര്‍ഷക്കാലത്ത് അണക്കെട്ടിലെ പരമാവധി ജലസംഭരണം 75 ശതമാനത്തില്‍ പരിമിതപ്പെടുത്തണം. PAP കരാര്‍ വ്യവസ്ഥകള്‍ പകര്‍ത്തിയെഴുതിയ, പ്രളയനിയന്ത്രണത്തിന് ഒട്ടും ഫലപ്രദമല്ലാത്ത കേരളാഷോളയാറിന്റെ നിലവിലുള്ള rule curve റദ്ദാക്കണം. അതിന്റെ സ്ഥാനത്ത് കാലവര്‍ഷക്കാലത്ത് പരമാവധി ജലസംഭരണശേഷിയുടെ 75 ശതമാനമായി പരിമിതപ്പെടുത്തുന്ന പുതിയ rule curve- ഉം Standard Operating Procedure ഉം തയ്യാറാക്കണമെന്നും അഭ്യര്‍ത്ഥിക്കുന്നു. ഇത് തമിഴ്‌നാട് സര്‍ക്കാരിനെ അറിയിച്ചുകൊണ്ട് ഡാം സേഫ്റ്റി അഥോറിറ്റി നിയമത്തിന്റെയും ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് ആക്ടിന്റെയും വ്യവസ്ഥകളനുസരിച്ചുള്ള ഉത്തരവായി ഇറക്കണം. പ്രളയനിയന്ത്രണത്തിനായി അണക്കെട്ടില്‍ നിന്നും വെള്ളം തുറന്നുവിടേണ്ടി വന്നാല്‍ അത് കേരളത്തിനര്‍ഹതപ്പെട്ട ജലവിഹിതമായി കണക്കാക്കാനാകില്ല എന്ന വസ്തുതയും ഉത്തരവില്‍ വ്യക്തമായി പറയേണ്ടതാണ്.
  3. പറമ്പിക്കുളം ഗ്രൂപ്പ് ഡാമുകള്‍
    തമിഴ്‌നാടിന്റെ കൈവശമുള്ള പറമ്പിക്കുളം ഗ്രൂപ്പ് ഡാമുകള്‍ (പറമ്പിക്കുളം, തൂണക്കടവ്, പെരുവാരിപ്പള്ളം) കേരളസംസ്ഥാനത്തിനുള്ളിലാണ് സ്ഥിതിചെയ്യുന്നത്. ചാലക്കുടിപ്പുഴത്തടത്തില്‍ ഏറ്റവുമധികം ജലസംഭരണശേഷി – 504 ദശലക്ഷം ഘനമീറ്റര്‍ പറമ്പിക്കുളത്തിനാണ്. ചാലക്കുടിപ്പുഴത്തടത്തിന്റെ ആവശ്യങ്ങള്‍ക്കായി ഇവിടെ നിന്നും ഇന്നുവരെ ഒരു തുള്ളി ജലവും ലഭിച്ചിട്ടില്ല. എന്നാല്‍ മഴക്കാലത്ത് അണക്കെട്ട് നിറഞ്ഞാല്‍ പ്രളയജലം മുഴുവന്‍ പെരിങ്ങല്‍ക്കുത്തിലേക്കും അവിടെ നിന്ന് താഴേക്കുമാണ് ഒഴുകിയെത്തുന്നത്. 2018 ഓഗസ്റ്റ് 16-ന് ഇവിടെ നിന്നും പെരിങ്ങല്‍ക്കുത്തിലേക്ക് തുറന്നുവിട്ടത് സെക്കന്റില്‍ 9 ലക്ഷം ലിറ്ററാണ്. തമിഴ്‌നാടിന്റെ കൈവശമായതിനാല്‍ ഈ അണക്കെട്ടിന് rule curveഉം SOP-യും തയ്യാറാക്കിയിട്ടില്ല. കേരളത്തിനകത്തുള്ള പറമ്പിക്കുളം, തൂണക്കടവ് ഡാമുകള്‍ക്ക് ചാലക്കുടിപ്പുഴത്തടത്തിലെ പ്രളയനിയന്ത്രണത്തിന് ഉതകുന്ന വിധത്തില്‍ rule curve-ഉം SOPയും തയ്യാറാക്കാന്‍ സംസ്ഥാന ഡാം സേഫ്റ്റി അഥോറിറ്റിക്ക് നിര്‍ദ്ദേശം നല്‍കാനാകും. തമിഴ്‌നാട് സര്‍ക്കാര്‍ ഈ നിര്‍ദ്ദേശം പാലിക്കാന്‍ തയ്യാറാകാതിരുന്നാല്‍ കേന്ദ്രസര്‍ക്കാരിനെയോ സുപ്രീംകോടതിയെയോ സമീപിക്കുകയും വേണം. പറമ്പിക്കുളത്ത് മഴയുടെ പ്രവചനങ്ങള്‍ക്കനുസരിച്ച് ഓഗസ്റ്റ് 15 വരെയോ ഓഗസ്റ്റ് 31 വരെയോ സംഭരണശേഷിയുടെ പരമാവധി 80 ശതമാനമായി ജലസംഭരണം ക്രമപ്പെടുത്തണമെന്നും തൂണക്കടവില്‍ മഴക്കാലത്ത് മുഴുവന്‍ സമയവും ഫുള്‍ റിസര്‍വ്വോയര്‍ ലെവലിനേക്കാള്‍ 2 മീറ്ററെങ്കിലും താഴ്ത്തിനിര്‍ത്തണമെന്നും നിര്‍ദ്ദേശിക്കുകയാണെങ്കില്‍ അത് പ്രളയനിയന്ത്രണത്തിന് ഏറെ സഹായകരമാകും.
  4. തമിഴ്‌നാട് ഷോളയാര്‍
    വലിയ തോതില്‍ മഴ ലഭിക്കുന്ന വാല്‍പ്പാറ മേഖലയില്‍ നിന്നുള്ള നീരൊഴുക്കാണ് തമിഴ്‌നാട് ഷോളയാറിലേക്കൊഴുകിയെത്തുന്നത്. ഒപ്പം തന്നെ പെരിയാറിന്റെ ഉപകൈവഴിയായ നീരാറിലെ വെള്ളം രണ്ടിടത്തുനിന്നായി തമിഴ്‌നാട് ഷോളയാറിലേയ്ക്ക് തിരിച്ചുകൊണ്ടുവരുന്നു. കേരളാഷോളയാറിനുസമാനമായ ജലസംഭരണശേഷിയാണ് (152 MCM) ഇവിടെയുമുള്ളത്. നീരാറില്‍ നിന്നൊഴുകിയെത്തുന്ന വെള്ളം ഉള്‍പ്പെടെ സാധാരണ മഴ ലഭിക്കുന്ന വര്‍ഷങ്ങളില്‍ 700 ദശലക്ഷം ഘനമീറ്ററിലധികം കൈകാര്യം ചെയ്യുന്നുണ്ട് ഈ അണക്കെട്ട്. ഇതില്‍ 25 ശതമാനത്തോളം കേരളാഷോളയാറിനുള്ള വിഹിതമായി ലഭിക്കുമ്പോള്‍ ബാക്കി വെള്ളം തമിഴ്‌നാടിന്റെ ഉപയോഗത്തിനായി പറമ്പിക്കുളത്തേയ്ക്ക് തിരിച്ചുവിടുകയാണ്.
    തമിഴ്‌നാട്ടില്‍ സ്ഥിതിചെയ്യുന്ന, അവരുടെ നിയന്ത്രണത്തിലുള്ള ഈ അണക്കെട്ടിന്റെ പ്രവര്‍ത്തനങ്ങളില്‍ നമുക്ക് പരിമിതമായി നിര്‍ദ്ദേശങ്ങള്‍ വെയ്ക്കാന്‍ മാത്രമേ കഴിയൂ. പുഴത്തട അടിസ്ഥാനത്തിലുള്ള ഫ്‌ളഡ് മാനേജ്‌മെന്റ് പ്ലാനില്‍ (FMP) തമിഴ്‌നാട് ഷോളയാറും ഒരു ഘടകമാണ്. അതിനാല്‍ തന്നെ കേന്ദ്രജലകമ്മീഷനും തമിഴ്‌നാട് സര്‍ക്കാരുമായി ചര്‍ച്ച ചെയ്ത് ചാലക്കുടിപ്പുഴത്തടത്തിലെ വെള്ളപ്പൊക്കസാധ്യത പരമാവധി കുറയ്ക്കാവുന്ന രീതിയില്‍ തമിഴ്‌നാട് ഷോളയാറിന് rule curve-ഉം SOP-യും തയ്യാറാക്കിക്കാന്‍ സര്‍ക്കാര്‍ സമ്മര്‍ദ്ദം ചെലുത്തണം എന്നഭ്യര്‍ത്ഥിക്കുന്നു. 2018 ഓഗസ്റ്റ് 15-ന് ഇവിടെ 41 സെ. മീ. മഴ രേഖപ്പെടുത്തി എന്നതും ഇവിടെ നിന്നും വന്‍തോതില്‍ കേരളാഷോളയാറിലേക്ക് തുറന്നുവിട്ടു എന്നതും പ്രത്യേകം ശ്രദ്ധിക്കപ്പെടണം. 2019-ലും പല ദിവസങ്ങളിലും ഈ അണക്കെട്ടിലെ ജലനിരപ്പ് ഫുള്‍ റിസര്‍വ്വോയര്‍ ലെവലിനേക്കാള്‍ (FRL) മുകളിലായിരുന്നത് ആശങ്ക സൃഷ്ടിച്ചിരുന്നു. 2018-നു സമാനമായ മഴ അന്ന് ഈ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശങ്ങളില്‍ പെയ്യാതിരുന്നത് മൂലം മാത്രമാണ് അന്നത് കാര്യമായി ബാധിക്കാതിരുന്നത്.
  5. പുഴത്തട അടിസ്ഥാനത്തിൽ
    ഓരോ അണക്കെട്ടിനും പ്രളയനിയന്ത്രണത്തിന് സഹായകരമാകുന്ന വിധത്തില്‍ ഉള്ള പ്രവര്‍ത്തനക്രമീകരണങ്ങള്‍ നടത്തുന്നതിനോടൊപ്പം മുഴുവന്‍ അണക്കെട്ടുകളെയും ഒരുമിച്ച് പരിഗണിക്കുന്ന river basin level reservoir management plan തയ്യാറാക്കണം.
    ചാലക്കുടിപ്പുഴത്തടത്തില്‍ മറ്റ് അണക്കെട്ടുകളില്‍ നിന്നെല്ലാം ജലം ഒഴുകിയെത്തുന്ന പെരിങ്ങല്‍ക്കുത്തിനെ കേന്ദ്രീകരിച്ചാണ് ഈ പ്ലാന്‍ തയ്യാറാക്കേണ്ടത്. അതിനായി താഴെ പുഴയില്‍ ഒട്ടും വെള്ളപ്പൊക്കം വരാത്ത ഒഴുകാവുന്ന നീരൊഴുക്കിന്റെ തോത് (പുഴയുടെ പരമാവധി വാഹകശേഷി) കണക്കാക്കണം. ചെറിയ വെള്ളപ്പൊക്കം ഈ പുഴത്തടത്തില്‍ പതിവായതിനാല്‍ 40-50 ശതമാനം വര്‍ഷങ്ങളിലും വരാവുന്ന പ്രളയജലനിരപ്പിന്റെ അടിസ്ഥാനത്തിലുള്ള വാഹകശേഷിയും കണക്കാക്കണം. തുടര്‍ന്ന് പെരിങ്ങല്‍ക്കുത്തിന് താഴെയുള്ള വൃഷ്ടിപ്രദേശങ്ങളില്‍ നിന്ന് മഴയുടെ തോതിനനുസരിച്ച് ഉണ്ടാകാവുന്ന നീരൊഴുക്ക് കണക്കാക്കാം. മഴമൂലമുള്ള നീരൊഴുക്കും പെരിങ്ങല്‍ക്കുത്തില്‍ നിന്ന് പുറത്തുവിടുന്ന വെള്ളവും (പവര്‍ഹൗസിലൂടെയും സ്പില്‍വേ, റിവര്‍ സ്ലൂയിസ് തുടങ്ങിയവയിലൂടെയും വരുന്നത്) ചേര്‍ന്ന് പുഴയുടെ പരമാവധി വാഹകശേഷിയില്‍ നിര്‍ത്താനുതകുന്ന വിധത്തിലായിരിക്കണം അണക്കെട്ടുകളുടെ പ്രവര്‍ത്തനം ക്രമീകരിക്കേണ്ടത്. അതിനുകഴിയാതെ വരുന്ന ഘട്ടത്തില്‍ മാത്രം രണ്ടാമത്തെ വാഹകശേഷിക്കുള്ളില്‍ നീരൊഴുക്ക് നിലനിര്‍ത്താവുന്ന പ്ലാന്‍ ഉണ്ടാകണം. എല്ലാ അണക്കെട്ടുകളിലും പ്രളയനിയന്ത്രണത്തിനുതകുന്ന വിധത്തില്‍ ജലസംഭരണശേഷി ഉണ്ടാകുകയും, പുഴത്തട അടിസ്ഥാനത്തില്‍ മേല്‍ സൂചിപ്പിച്ച വിധത്തില്‍ കൃത്യമായ പ്ലാനുണ്ടാകുകയും ചെയ്താല്‍ പുഴത്തടത്തിലാകെ ശരാശരി 15 സെ. മീ. വരെ മഴ രണ്ടുദിവസം തുടര്‍ച്ചയായി പെയ്താലും കാര്യമായ വെള്ളപ്പൊക്കം ഇല്ലാതെ കൈകാര്യം ചെയ്യാനാകും. അതിനുമുകളില്‍ മഴ പെയ്യുന്ന സാഹചര്യം കൈകാര്യം ചെയ്യാന്‍ എമര്‍ജന്‍സി ആക്ഷന്‍ പ്ലാന്‍ (EAP) തയ്യാറാക്കണം.
    ഓരോ അണക്കെട്ടിന്റെയും rule curve, SOP, റിവര്‍ ബേസിന്‍ പ്ലാന്‍, പുഴയുടെ വാഹകശേഷി തുടങ്ങിയവയെല്ലാം പുഴത്തടത്തിലെ തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ക്കും ലഭ്യമാക്കുകയും പൊതുജനങ്ങള്‍ക്ക് ലഭ്യമാകുന്ന വിധത്തില്‍ പ്രസിദ്ധപ്പെടുത്തുകയും വേണം.

ഫ്‌ളഡ് മാനേജ്‌മെന്റ് പ്ലാന്‍ (FMP)

പുഴത്തടത്തിലെ ഓരോ തദ്ദേശസ്വയംഭരണസ്ഥാപനത്തിനും വിവിധ സര്‍ക്കാര്‍ ഡിപ്പാര്‍ട്ടുമെന്റുകള്‍ക്കും ഏജന്‍സികള്‍ക്കും വിശദമായ FMP ഉണ്ടാകണം. ഒപ്പം തന്നെ പുഴത്തടത്തിന് മൊത്തമായൊരു പ്ലാനും ഉണ്ടാകണം. കേന്ദ്രദുരന്തനിവാരണ അഥോറിറ്റിയുടെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്കനുസൃതമായി ഇവ തയ്യാറാക്കാം. തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ FMPയില്‍ പ്രളയസാധ്യത അടയാളപ്പെടുത്തുന്ന, പ്രളയതീവ്രതയ്ക്കനുസരിച്ച് മൂന്നു സോണുകളായി തിരിച്ച് കെഡസ്ട്രല്‍ സ്‌കെയിലിലുള്ള മാപ്പ് ഉണ്ടാകണം. ഈ മാപ്പിന്റെയും കഴിഞ്ഞ 15 വര്‍ഷങ്ങളിലെ വെള്ളപ്പൊക്കത്തിന്റെയും അടിസ്ഥാനത്തിലും ഓരോ സോണിലും വരുന്ന വീടുകളുടെയും സ്ഥാപനങ്ങളുടെയും പട്ടികയുണ്ടാകണം. വെള്ളപ്പൊക്കസാധ്യതയുണ്ടെങ്കില്‍ മുന്‍കൂട്ടിത്തന്നെ ജനങ്ങളെയും വളര്‍ത്തുമൃഗങ്ങളെയും സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറ്റുന്നതിനും റിലീഫ് ക്യാമ്പുകളുടെ പ്രവര്‍ത്തനത്തിനുമുള്ള നിര്‍ദ്ദേശങ്ങള്‍ ഈ പ്ലാനിന്റെ ഭാഗമാകണം. പുഴത്തടത്തിന്റെ എങജയും തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെയും സര്‍ക്കാര്‍ ഡിപ്പാര്‍ട്ടുമെന്റുകളുടെയും പ്ലാനുകള്‍ പരസ്പരബന്ധിതവും പരസ്പരപൂരകവുമാണെന്ന് ബന്ധപ്പെട്ട ജില്ലാദുരന്തനിവാരണ അഥോറിറ്റികള്‍ ഉറപ്പുവരുത്തുന്നത് നന്നായിരിക്കും.

ഉരുള്‍പൊട്ടല്‍, മലയിടിച്ചില്‍

കനത്ത മഴ പെയ്താല്‍ ഇന്ന് സംസ്ഥാനത്തുടനീളം വ്യാപകമായ മലയിടിച്ചിലും ഉരുള്‍പൊട്ടലും ഉണ്ടാകുന്നു. 2018-ലെ വെള്ളപ്പൊക്കകാലത്ത് ചാലക്കുടിപ്പുഴത്തടത്തിന്റെ കിഴക്കന്‍മേഖലകളില്‍ നിരവധിയിടങ്ങളില്‍ മലയിടിച്ചിലും ഉരുള്‍പ്പൊട്ടലുമുണ്ടായിട്ടുണ്ട്. അന്ന് കിടപ്പാടം നഷ്ടമായ ആനക്കയം ആദിവാസി കോളനി നിവാസികളുടെ പുനരധിവാസം ഇനിയും നടന്നിട്ടില്ല. മഴക്കാലം തുടങ്ങുന്നതിനുമുന്‍പ് തന്നെ മലയിടിച്ചിലിനു സാധ്യതയുള്ള പ്രദേശങ്ങള്‍ അടയാളപ്പെടുത്താന്‍ ജില്ലാദുരന്തനിവാരണ അഥോറിറ്റി നടപടി കൈക്കൊള്ളണം. അത്തരം പ്രദേശങ്ങളിലെ ജനങ്ങളെ നേരത്തെ തന്നെ മാറ്റിപ്പാര്‍പ്പിക്കാനുള്ള നടപടികള്‍ കൈക്കൊള്ളണം.

കോവിഡ് 19 മുന്‍കരുതലുകള്‍

കോവിഡ് 19 മഹാമാരിയുടെ പശ്ചാത്തലത്തിലാണ് ഇത്തവണ മഴക്കാലം വരുന്നത്. അന്യസംസ്ഥാനങ്ങളില്‍ നിന്നും അന്യരാജ്യങ്ങളില്‍നിന്നും ആളുകള്‍ തിരിച്ചെത്തിത്തുടങ്ങിയതോടെ കോരളത്തിലും രോഗികള്‍ വര്‍ദ്ധിക്കുകയാണ്. ഈ സാഹചര്യത്തില്‍ പ്രളയമുന്‍കരുതലുകള്‍ കോവിഡ് 19 പ്രോട്ടോക്കോള്‍ കൂടി പാലിച്ചുകൊണ്ടായിരിക്കണം എന്നത് വലിയ വെല്ലുവിളിയാണ്. ചില നിര്‍ദ്ദേശങ്ങള്‍,
കോവിഡ് 19നായുള്ള ക്വാറന്റൈന്‍ കേന്ദ്രങ്ങള്‍ പ്രളയസാധ്യതാമേഖലയില്‍ അല്ലെന്ന് ഉറപ്പുവരുത്തണം. നിലവില്‍ അത്തരം സ്ഥലങ്ങളില്‍ ഉള്ള കേന്ദ്രങ്ങള്‍ ജൂണ്‍ 10-ഓടെ പ്രവര്‍ത്തനം അവസാനിപ്പിക്കണം. ഹോം ക്വാറന്റൈന്‍ അനുവദിക്കുന്നതിനും ഇത് ബാധകമാകണം. മെയ് 25-ന് ശേഷം വരുന്നവരെ വെള്ളപ്പൊക്കസാധ്യതാമേഖലകളില്‍ ഉള്ള വീടുകളില്‍ ക്വാറന്റൈന്‍ അനുവദിക്കരുത്.
വെള്ളപ്പൊക്കസാധ്യതയുള്ള സമയങ്ങളില്‍ വീടുകളില്‍ വെള്ളം കയറുന്നതിനുമുമ്പു തന്നെ ജനങ്ങളെ പൂര്‍ണ്ണമായും സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിക്കാന്‍ നടപടി കൈക്കൊള്ളണം. ഇത് ഫിസിക്കല്‍ ഡിസ്റ്റന്‍സിങ് ഉള്‍പ്പെടെയുള്ള കോവിഡ് പ്രോട്ടോകോള്‍ പാലിച്ചുകൊണ്ടാകണം.
പ്രായമായവര്‍, 10 വയസ്സില്‍ താഴെയുള്ള കുട്ടികളും അവരുടെ അമ്മമാരും, ഗൗരവതരമായ രോഗമുള്ളവര്‍ എന്നിവര്‍ക്ക് പ്രത്യേക മാര്‍ഗ്ഗനിര്‍ദ്ദേശമുണ്ടാകണം.
താല്ക്കാലിക പുനരധിവാസകേന്ദ്രങ്ങളില്‍ കോവിഡ് 19 രോഗികള്‍ എത്തുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ ആവശ്യമായ ഫലപ്രദമായ സ്‌ക്രീനിങ്- സംശയമുള്ളവര്‍ക്ക് റാപ്പിഡ് ടെസ്റ്റ് ഉള്‍പ്പെടെ, ഉറപ്പുവരുത്തണം. പുനരധിവാസകേന്ദ്രങ്ങള്‍ പൂര്‍ണ്ണമായും കോവിഡ് 19 പ്രോട്ടോക്കോള്‍ അനുസരിച്ച് വേണം പ്രവര്‍ത്തിക്കാന്‍. വിവിധ ചികിത്സാസമ്പ്രദായത്തിലുള്ള ഡോക്ടര്‍മാര്‍ ചര്‍ച്ച ചെയ്ത് ആവശ്യമായ രോഗപ്രതിരോധനടപടികള്‍ തയ്യാറാക്കുന്നത് നന്നായിരിക്കും.

തത്സമയനരീക്ഷണവും വിലയിരുത്തലും

കനത്ത മഴ പെയ്യുന്ന സമയങ്ങളില്‍ വെള്ളപ്പൊക്കസാധ്യത അറിയുന്നതിനായി തത്സമയനരീക്ഷണവും വിലയിരുത്തലും (Real time monitoring and Evaluation) ഏറെ ഉപകാരപ്പെടും. ചാലക്കുടി കേന്ദ്രീകരിച്ച് ഇതിനായി ഒരു ടീമിനെ തയ്യാറാക്കുകയും അവര്‍ ആവശ്യമായ സമയങ്ങളില്‍ പ്രവര്‍ത്തിക്കുകയും വേണം. നേരത്തെ തയ്യാറാക്കുന്ന ഫ്‌ളഡ് മോഡല്‍, ഫ്‌ളഡ് മാപ്പുകള്‍ എന്നിവ ഇവര്‍ക്ക് ലഭ്യമാക്കണം. ഒപ്പം തന്നെ നിശ്ചിത ഇടവേളകളില്‍ പുഴത്തടത്തിലെ വിവിധ ഇടങ്ങളില്‍ നിന്നും മഴയുടെ അളവ്, പുഴയിലെ ജലനിരപ്പ്, ഓരോ അണക്കെട്ടിലെയും ജലനിരപ്പ്, അവിടേയ്ക്ക് ഒഴുകിയെത്തുന്ന വെള്ളത്തിന്റെ അളവ്, അവിടെ നിന്നും പുറത്തേയ്‌ക്കൊഴുകുന്ന വെള്ളത്തിന്റെ അളവ്, തൊട്ടടുത്ത മണിക്കൂറുകളില്‍ പ്രതീക്ഷിക്കുന്ന മഴയുടെ തീവ്രത തുടങ്ങിയ വിവരങ്ങളും ഈ ടീമിന് ലഭിക്കണം. 24 മണിക്കൂറില്‍ 12 സെന്റീമീറ്ററിലധികം മഴ പ്രതീക്ഷിക്കുന്നുണ്ടെങ്കില്‍ മൂന്നു മണിക്കൂറിലൊരിക്കലെങ്കിലും മേല്‍ സൂചിപ്പിച്ച വിവരങ്ങള്‍ ലഭ്യമാകണം. 20 സെന്റീമീറ്ററിനു മുകളിലുള്ള അതിശക്തമായ മഴ പ്രതീക്ഷിക്കുകയോ അണക്കെട്ടുകളില്‍ അപകടകരമായ തോതിലുള്ള ജലനിരപ്പുണ്ടാകുകയോ ചെയ്യുന്ന സമയങ്ങളില്‍ ഒരു മണിക്കൂര്‍ ഇടവേളയിലെങ്കിലും മഴയും നീരൊഴുക്കും ജലനിരപ്പുമെല്ലാം വിലയിരുത്തണം.
ചാലക്കുടിപ്പുഴത്തടത്തില്‍ വെള്ളപ്പൊക്കസാധ്യത പരമാവധി ലഘൂകരിക്കാനും വെള്ളപ്പൊക്കമോ ഉരുള്‍പ്പൊട്ടലോ ഉണ്ടായാലും ഒരു ജീവന്‍ പോലും നഷ്ടപ്പെടാതിരിക്കാനും വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ മുന്‍കൈയ്യെടുക്കണം എന്ന് അഭ്യര്‍ത്ഥിക്കുന്നു. ഈ നിര്‍ദ്ദേശങ്ങള്‍ സംസ്ഥാനസര്‍ക്കാരിന്റെ ബന്ധപ്പെട്ട വകുപ്പുകളുടെയും തൃശൂര്‍, എറണാകുളം ജില്ലാദുരന്തനിവാരണ അഥോറിറ്റികളുടെയും ശ്രദ്ധയില്‍ കൊണ്ടുവരണമെന്നും അഭ്യര്‍ത്ഥിക്കുന്നു. ഇതിലെ നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കാനായി ഞങ്ങളുടെ പൂര്‍ണ്ണ പിന്തുണ വാഗ്ദാനം ചെയ്യുന്നു.

സ്‌നേഹപൂര്‍വ്വം,

എസ് പി രവി, സെക്രട്ടറി, ചാലക്കുടിപുഴ സംരക്ഷണസമിതി

പോള്‍ പാറയില്‍, പ്രസിഡന്റ്, റെസിഡന്റ്‌സ് അസോസിയേഷന്‍ കോഓര്‍ഡിനേഷന്‍ ട്രസ്റ്റ്, ചാലക്കുടി

കെ എ ഉണ്ണിക്കൃഷ്ണന്‍, സെക്രട്ടറി, എസ്എന്‍ഡിപി യോഗം, ചാലക്കുടി യൂണിയന്‍

അഡ്വ. ഡി ശങ്കരന്‍കുട്ടി, പ്രസിഡന്റ്, എന്‍എസ്എസ് കരയോഗം യൂണിയന്‍, മുകുന്ദപുരം താലൂക്ക്

അസീസ് പി എം, സെക്രട്ടറി, ശാസ്ത്രസാഹിത്യപരിഷത്ത്, ചാലക്കുടി മേഖല

കെ കെ ഷെല്ലി, ചെയര്‍മാന്‍, ചാലക്കുടിറിവര്‍ പ്രൊട്ടക്ഷന്‍ ഫോറം

അനൂപ് കെ സി, പ്രസിഡന്റ്, ചാലക്കുടി സെന്‍ട്രല്‍ റോട്ടറി

നൗഷാദ് ചേമ്പലക്കാട്, പ്രസിഡന്റ്, ജീവനം ജനകീയസമരസമിതി, കല്ലൂര്‍

പി കെ കിട്ടന്‍, സെക്രട്ടറി, ഗ്രാമിക, കുഴിക്കാട്ടുശ്ശേരി

വേണു കോക്കാടന്‍, കണ്‍വീനര്‍, പ്രകൃതി സംരക്ഷണ വേദി, ചാലക്കുടി താലൂക്ക്

സി ബി അരുണ്‍, ചെയര്‍മാന്‍, ഹാപ്പി ചാലക്കുടി പ്രൊജക്ട്

പി എന്‍ രവി, പ്രസിഡന്റ്, ജൈവകര്‍ഷകസമിതി, ചാലക്കുടി താലൂക്ക്

അജ്മല്‍ കൊരട്ടി, സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റ്, മാള മേഖല

ഡോ. എ എം അബ്ബാസ്, ജീവനം ജനകീയവേദി, വാളൂര്‍

എസ് ഉണ്ണിക്കൃഷ്ണന്‍, മാനേജിങ് ട്രസ്റ്റി, റിവര്‍ റിസര്‍ച്ച് സെന്റര്‍

ബന്ധങ്ങള്‍ക്ക് : 9447518773 (എസ് പി രവി)


Cover Image – The panoramic view of the monsoon clouds over the Chalakudy River by Jan Joseph George ( CC BY-SA ) via Wikimedia Commons

Back to Top