പൂത്താങ്കീരിയുടെ അമ്മ മനസ്സ്

പൂത്താങ്കീരിയുടെ അമ്മ മനസ്സ്

ഒരു ഞായാറഴ്ച ബേഡിംഗ് കഴിഞ്ഞാല്‍ പിറ്റത്തെ ഞായറാഴ്ച വരെ കാത്തിരിക്കുക എന്നു പറഞ്ഞാല്‍ ഒരു തരം മടുപ്പാ. അതുകൊണ്ട് തന്നെ വീട്ടിലും പരിസര പ്രദേശങ്ങളിലുമായി ഇടയ്ക്കിടക്ക് ബേഡിംഗ് നടത്താറുണ്ട്. ഇങ്ങനെയിരിക്കെ ഒന്നുമാറി ചിന്തിച്ചതാണ് കാഞ്ഞിരപ്പുഴക്ക് പിന്‍ഭാഗമായിട്ടുള്ള പാലക്കയത്തിലേക്കുള്ള യാത്ര. നേരം വെളുക്കമ്പോള്‍ തന്നെ വീട്ടില്‍ നിന്ന് കൂട്ടുകാരനുമായി പുറപ്പെട്ടു. ഒരു മണിക്കൂര്‍ ബേഡിംഗ് നടത്തി പത്തുമണിയ്ക്ക് ഷോപ്പിലെത്താം എന്ന തീരുമാനവുമായി.

ശരിയ്ക്കും പറയാണെങ്കില്‍ ബേഡിംഗിനോടൊപ്പം തീകാക്കയുടെ നല്ലൊരു പടത്തിനുവേണ്ടി കൂടിയാണ് യാത്ര. ഈ സ്ഥലം എന്റെ സീനിയറായ സയീര്‍ക്ക കണ്ടെത്തിയ ഒരു ബേഡിംഗ് ഏരിയയാണെന്നു കൂടി പറയാം. അവരാണ് ഈ ലൊക്കേഷന്‍ എനിയ്ക്ക് പറഞ്ഞുതന്നത്. ഏതായാലും ഏഴു മണിക്ക് തന്നെ എത്തി. ഡാമിലേക്ക് ചെരിഞ്ഞിറങ്ങുന്ന ചെങ്കുത്തായ മലയുടെ അരികിലൂടെയുള്ള ഒരു റോഡിലാണ് ഞങ്ങളിപ്പോള്‍. ഈ ഭാഗത്തായി വീടുകള്‍ ഇല്ല. വരുന്നിടത്തും കുറച്ചങ്ങോട്ടുമാറിയും വീടുകള്‍ ഉണ്ട്. അതുകൊണ്ട് തന്നെ പക്ഷികളുടെ നല്ലൊരു കൂട്ടം ഇവിടെ കാണാനിടയായി. പക്ഷെ എങ്ങാനും നോക്കിയിട്ടും തീ കാക്കയെ കണ്ടില്ല. അപ്പോഴാണ് ശ്രദ്ധിച്ചത് അവിടവിടെയായി കുറെ മരങ്ങള്‍ മുറിച്ചു കിടക്കുന്നു. അവിടുന്ന് ഒരാളോട് ചോദിച്ചപ്പോള്‍ അറിഞ്ഞത് ഇവിടെ ഒരു റിസോര്‍ട്ട് വരുന്നുണ്ടന്നും അതിനാണ് മരങ്ങള്‍ മുറിച്ചു നീക്കുന്നതന്നും അറിയാന്‍ കഴിഞ്ഞു.

കണ്ട പക്ഷികളുടെ ചെക്ക്ലിസ്റ്റിലിടാന്‍ നോക്കുമ്പോഴാണ് തൊട്ടടുത്ത ചെറിയൊരു മരത്തില്‍ പൂത്താങ്കീരി (Yellow billed babler)കളുടെ കലപില. കൂട്ടത്തില്‍ ഒരുവന് അസാധാരണമായ ഒരു വലിപ്പം. നോക്കുമ്പോള്‍ പേക്കുയില്‍ (Common hawk cuckoo)ന്റെ കുഞ്ഞാണ്. ആദ്യമായിട്ടാ ഇങ്ങനെ ഒരു കാഴ്ച കാണുന്നെ. പുസ്തങ്ങളില്‍ വായിച്ചതും പറഞ്ഞു കേട്ടിട്ടുള്ളതുമായ അറിവുകളെ ഉണ്ടായിരുന്നൊള്ളൂ. പൂത്താങ്കീരിയായ അമ്മ പക്ഷി ഇലകളിലെ പുഴുക്കളെ കൊത്തിയെടുത്ത് പേക്കുയില്‍ കുഞ്ഞിന്റെ വായിലേക്ക് വെച്ച് കൊടുക്കുന്നു. എത്ര തീറ്റ കിട്ടിയാലും രണ്ട് ചിറകുകളും വിടര്‍ത്തി കുഞ്ഞു പക്ഷി കരഞ്ഞുകൊണ്ടേയിരിക്കുന്നു.

ഞാനീ മനോഹര ദ്രശ്യങ്ങള്‍ കഴിയുന്നവിധം ക്യാമറക്കുള്ളിലാക്കി. ഒരോ പ്രാവശ്യവും ആ അമ്മ പക്ഷി വീണ്ടും ഇരയ്ക്കായ് അടുത്തകൊമ്പിലേക്ക് പറക്കുമ്പോള്‍ തന്റെ കുഞ്ഞിനല്ല ഈ തീറ്റകൊടുക്കുന്നതന്ന് ചിന്തിക്കുന്നുപോലുമുണ്ടായിരിക്കില്ല. തന്റെ ചൂടേറ്റ് വിരിഞ്ഞിറങ്ങിയ സ്വന്തം കുഞ്ഞെന്ന നിലയില്‍ ആ പേക്കുയില്‍ കുഞ്ഞിനെ ആ അമ്മക്കിളി പോറ്റി വളര്‍ത്തുന്നു, ഒരു മടുപ്പുമില്ലാതെ. അതങ്ങനെ ഒരിരുപത് മിനിട്ടോളം തുടര്‍ന്നു കൊണ്ടിരുന്നു. ഒടുവില്‍ ആ അമ്മ പക്ഷിയും കൂട്ടുകാരും പേക്കുയില്‍ കുഞ്ഞുമായി ഒാരോ മരത്തിലേക്കും ചാടിയും പറന്നും അകന്നുപോയി.


ഇതു കണ്ടപ്പോള്‍ ഒാര്‍മ്മ വന്നത് ലാലേട്ടന്റെ(Cuckooo)ദശരഥം സിനിമയിലെ ഡയലോഗാണ്…”എല്ലാ അമ്മമാരും ആനി(Yellow billed babler)യെപോലെയാണോ?”

https://ebird.org/checklist/S60166427

Back to Top