കേരളത്തിലെ പക്ഷി വൈവിധ്യത്തെക്കുറിച്ച് തയ്യാറാക്കിയ പോസ്റ്ററുകൾ വനംവകുപ്പാസ്ഥാനത്തെ വനശ്രീ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ മന്ത്രി കെ. രാജു പ്രകാശനം ചെയ്തു. വനം വകുപ്പ്, കാർഷിക സർവകലാശാല, ബേഡ്സ് കൗണ്ട് ഇന്ത്യ എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് പോസ്റ്ററുകൾ തയ്യാറാക്കിയത്. പ്രാരംഭഘട്ടത്തിൽ തെരഞ്ഞെടുത്ത 14 പഞ്ചായത്തുകളിൽ നടത്തിയ പഠനം തദ്ദേശസ്ഥാപനങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്ന് മന്ത്രി പറഞ്ഞു. വൈവിധ്യമാർന്ന ജീവജാലങ്ങളുള്ള പ്രകൃതിയിൽ അവരുടേതായ സ്ഥാനം വേണം. മനുഷ്യന്റെ സൗകര്യങ്ങൾക്കായി ജീവജാലങ്ങളെ നശിപ്പിക്കുന്ന പ്രവണത അവസാനിപ്പിക്കണമെന്നും മന്ത്രി പറഞ്ഞു. പക്ഷി വൈവിധ്യങ്ങളെക്കുറിച്ച് കൂടുതൽ പഠനം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
പഠനം നടത്തിയ തദ്ദേശസ്ഥാപനങ്ങളിൽ നിന്നെത്തിയ പ്രതിനിധികൾക്ക് മന്ത്രി പോസ്റ്റർ കൈമാറി. തിരുവനന്തപുരം, തിരുവല്ല, കളമശ്ശേരി, നിലമ്പൂർ നഗരസഭകൾ, കുളത്തൂപ്പുഴ, പാറത്തോട്, കുമിളി, കോടംതുരുത്ത്, മാടത്തറ, ഏലപ്പള്ളി, കാക്കൂർ, മാടായി, വൈത്തിരി, കുമ്പള എന്നീ ഗ്രാമപഞ്ചായത്തുകളിലായി 2500 ഓളം വരുന്ന പക്ഷി നീരീക്ഷകരാണ് പഠനം നടത്തിയത്.
ചടങ്ങിൽ സംസ്ഥാന ജൈവവൈവിധ്യ ബോർഡ് ചെയർമാൻ ഡോ. എസ്.സി. ജോഷി അധ്യക്ഷത വഹിച്ചു. കാർഷിക സർവകലാശാല വന്യജീവി വിഭാഗം മേധാവി ഡോ. പി.ഒ. നമീർ, പ്രവീൺ ജെ, പത്മമഹന്തി, രഞ്ജൻ മാത്യുവർഗീസ് തുടങ്ങിയവർ സംസാരിച്ചു.
പി.എൻ.എക്സ്. 5378/18