(ഈ വർഷത്തെ പരിസ്ഥിതി ദിന തീം ‘പ്ലാസ്റ്റിക്ക് മലിനീകരണത്തെ ഉച്ഛാടനം ചെയ്യാം (‘Beat Plastic Pollution’ ) എന്നാണ്.
UN ഓരോ വർഷവും ഓരോ രാജ്യങ്ങളെ ആതിഥേയരായി തിരഞ്ഞെടുക്കും. 2018 പരിസ്ഥിതി ദിനാഘോഷങ്ങളുടെ ആതിഥ്യം ഇന്ത്യക്കാണ്.) പ്ലാസ്റ്റിക്ക് മാലിന്യങ്ങളെ കുറിച്ച് (ജൂൺ 4 ) മലയാള മനോരമ – പഠിപ്പുരയിൽ വിജയകുമാർ ബ്ലാത്തൂർ എഴുതുന്നു.
പ്ലാസ്റ്റിക്കും പ്ലാസ്റ്റിക്ക് സർജറിയും
ശരീര ഭാഗങ്ങളെ രൂപ മാറ്റം വരുത്തുന്ന ശസ്ത്രകൃയകളാണ് പ്ലാസ്റ്റിക്ക് സർജറി. സുപരിചിതമായ “പ്ലാസ്റ്റിക്ക് വസ്തുക്കൾ “കൊണ്ട് അല്ല അങ്ങിനെ ചെയുന്നത്. പ്ലാസ്റ്റിക്കിന് ആ പേരു വന്നതും ഇഷ്ടം പോലെ രൂപമാറ്റം വരുത്താനുള്ള അതിന്റെ കഴിവു കൊണ്ട് കൂടിയാണ്.
മരണമില്ലാത്ത പ്ലാസ്റ്റിക്ക്
നിർമ്മാണ ചിലവ് വളരെ കുറവ്, ഇഷ്ടരൂപത്തിൽ മാറ്റിമറിക്കാം , ദീർഘകാലം ഉപയോഗിക്കാം എന്നതൊക്കെയാണ് പ്ലാസ്റ്റിക്കിനെ സർവ്വരുടെയും പ്രിയവസ്തുവാക്കിയത്. ലോകത്തെ മാറ്റി മറിച്ച അത്ഭുത വസ്തുകൂടിയാണ് പ്ലാസ്റ്റിക്ക്. പ്ലാസ്റ്റിക്ക് പൂർണ്ണമായും ഇല്ലാത്ത ഒരു സംവിധാനം ചിന്തിക്കാൻ കൂടിയാവില്ല. പക്ഷെ പ്ലാസ്റ്റിക്ക് വില്ലനാകുന്നത് അതിന്റെ രാസഘടനയുടെ പ്രത്യേകത കൊണ്ട്കൂടിയാണ്. സാധാരണ പ്രകൃതി പ്രതിഭാസങ്ങൾ കൊണ്ടൊന്നും എളുപ്പത്തിൽ ഇവ നശിക്കുകയില്ല. നൂറു കണക്കിന് വർഷം ഇവ മണ്ണിലും വെള്ളത്തിലും വിഷ രാസഘടകങ്ങൾ പുറപ്പെടുവിപ്പിച്ച് കിടക്കും.’ ‘അതിനാൽ അവതരിച്ച് അധികം വർഷമായില്ലെങ്കിലും ഭൂമിയിലെ മാലിന്യരാജാവ് ഇപ്പോൾ പ്ലാസ്റ്റിക്കാണ്.
റീ യൂസ് ചെയ്യാൻ പറ്റാത്തവ റെഫ്യൂസ് ചെയ്യു
പുനരുപയോഗം ചെയ്യാൻ പറ്റാത്ത പ്ലാസ്റ്റിക്ക് വസ്തുക്കൾ വാങ്ങാതിരിക്കുക. ബധലുകളുണ്ടോ എന്ന് അന്വേഷിക്കുക. പുനരുപയോഗം നടത്താവുന്ന പ്ലാസ്റ്റിക്ക് തന്നെ വേണം എന്ന് വാശിപിടിക്കുന്നതോടെ ‘ഒറ്റ തവണ ഉപയോഗിച്ച് വലിച്ചെറിയുന്ന പ്ലാസ്റ്റിക്ക് വസ്തുക്കളുടെ നിർമ്മാണം വലിയതോതിൽ നമുക്ക് കുറക്കാൻ പറ്റും. പ്ലാസ്റ്റിക്ക് ബാഗുകൾ, വെള്ളം പാക്ക് ചെയ്യുന്ന പ്ലാസ്റ്റിക്ക് ബോട്ടിലുകൾ, ഡിസ്പോസിബിൾ കപ്പുകൾ പ്ലേറ്റുകൾ മുതൽ ബലൂണുകൾ, പ്ലാസ്റ്റിക്ക് കളിപ്പാട്ടങ്ങൾ, സൗന്ദര്യ വർദ്ധക സാമഗ്രികൾ വരെ ഒഴിവാക്കുക.
പ്ലാസ്റ്റിക്ക് കടൽ
നമ്മൾ വലിച്ചെറിയുന്ന ഭൂരിഭാഗം പ്ലാസ്റ്റിക്ക് വസ്തുക്കളും അവസാനം കടലിലാണ് എത്തുന്നത്. ഓരൊ വർഷവും 500 ബില്ല്യൺ പ്ലാസ്റ്റിക്ക് ബാഗുകളാണ് ഭൂമിയിലെ മനുഷ്യർ ഉപയോഗിക്കുന്നത്. 8 ദശ ലക്ഷം ടൺ പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ കടലിലെത്തുന്നു. ഓരോ വലിയ് ട്രക്ക് നിറക്കാൻ വേണ്ടത്ര ഓരോ മിനിറ്റിലും ഉണ്ടായിക്കൊണ്ടിരിക്കുന്നു . 1950 മുതൽ ഇതുവരെയായി 6.3 ബില്ല്യൺ ടൺ പ്ലാസ്റ്റിക്ക് ഉത്പാദിപ്പിച്ചിട്ടുണ്ടാകും. അതിന്റെ9% മാത്രമാണ് റിസൈക്കിൾ ചെയ്തിട്ടുള്ളത് . 12 % കത്തിച്ച് കളഞ്ഞിട്ടുണ്ട്. 5.5 ബില്ല്യൺ ടൺ പ്ലാസ്റ്റിക്ക് മാലിന്യം കടലിലും കരയിലുമായി നശിക്കാതെ കിടക്കുന്നുണ്ട്. (ഒരു ബില്ല്യൺ ടൺ എന്നാൽ 100 കോടി ടൺ ആണെന്ന് ഓർക്കണം)
കടൽ ജീവികളുടെ കഷ്ടകാലം
മണ്ണിൽ ഉപേക്ഷിച്ചും , ഒഴുകി കടലിലെത്തിയും കുമിഞ്ഞ് കൂടിയ പ്ലാസ്റ്റിക്ക് വസ്തുക്കളിൽ കുടുങ്ങി കടൽ ജീവികൾ കുരുക്കിലാകുന്നുണ്ട്. സൈര്യമായി സഞ്ചരിക്കാനാകാതെയും , ഇരപിടിയന്മാരിൽ നിന്ന് രക്ഷപ്പെടാനാകാതെയും പട്ടിണികൊണ്ടും ഇവ ചത്ത് പോകുന്നു. ഭക്ഷണമെന്ന് തെറ്റിദ്ധരിച്ച് പ്ലാസ്റ്റിക്ക് തിന്ന കടലാമകൾ, കടൽ പക്ഷികൾ എന്നിവ അന്നനാളം അടഞ്ഞ് പിന്നൊന്നും കഴിക്കാനാവതെ മരിച്ച് പോകുന്നത് സാധാരണമാണ്. തിമിംഗലങ്ങൾ വരെ വയറിൽ പ്ലാസ്റ്റിക്ക് കുടുങ്ങി ചത്തുപോകുന്നുണ്ട്.തൊണ്ണൂറു ശതമാനം കടൽ പക്ഷികളുടെ ശരീരത്തിലും പ്ലാസ്റ്റിക് അംശമുണ്ട്
ഉത്തരാർദ്ധ ഗോളത്തിൽ മഹാ സമുദ്രങ്ങളിൽ ആണ് കൂടുതലായി പ്ലാസ്റ്റിക്ക് മാലിന്യം കടലിൽ അടിഞ്ഞു കൂടീട്ടുള്ളത്.
2050 ൽ കടലിൽ മത്സങ്ങളേക്കാൾ കൂടുതൽ പ്ലാസ്റ്റിക്ക് കഷണങ്ങളാകും ഉണ്ടാകുക
ബലൂൺ വില്ലൻ
സമാധാന സന്ദേശമായും, ആഘോഷങ്ങൾക്കും ആയിരക്കണക്കിന് ബലൂണുകൾ ആകാശത്തിലേക്ക് പറത്തിവിടുന്ന ആചാരങ്ങൾ നമ്മളും തുടങ്ങീട്ടുണ്ട്. ഇവയൊക്കെയും സ്വർഗ്ഗത്തിലേക്കല്ല അവസാനം എത്തുക കടലിലേക്കാണ്. കഴിഞ്ഞ് 25 വർഷം കൊണ്ട് 1,248,892 ബലൂൺ കഷണങ്ങളാണ് കടൽ തീരങ്ങളിൽ നിന്ന് നീക്കം ചെയ്തിട്ടുള്ളത്. ഓരോ വർഷവും 250 മെട്രിക് ടൺ പ്ലാസ്റ്റിക്ക് നമ്മൾ ഇപ്പോൾ ഏകദേശം ഉദ്പാദിപ്പിക്കുന്നുണ്ട്.
പ്ലാസ്റ്റിക്ക് കഷണങ്ങൾ
5 മില്ലീ മീറ്റർ വ്യാസത്തിൽ കുറവ് വലിപ്പമുള്ള പ്ലാസ്റ്റിക്ക് അംശങ്ങളെ മൈക്രോ പ്ലാസ്റ്റിക് മാലിന്യങ്ങൾഎന്നാണ് വിളിക്കുന്നത്. ഇവ ചിലപ്പോൾ നമ്മുടെ മുടിനാരിന്റെ വണ്ണം പോലും ഇല്ലാത്തത്ര ചെറുതാവും – ഒരു ചതുരശ്ര കിലോമീറ്റർ കടൽപരപ്പിൽ ഇത്തരം മൂന്ന് ലക്ഷം പ്ലാസ്റ്റിക്ക് തരികൾ വരെ ഉണ്ടാവും
20 മില്ലി മിറ്റർ വരെ വലിപ്പമുള്ളവ മാക്രോ അവശിഷ്ടങ്ങളായാണ് കണക്കാക്കുന്നത് . പ്ലാസ്റ്റിക്ക് ബോട്ടിലുകൾ , ചെരിപ്പുകൾ – വലകൾ – തുണികൾ – സൗന്ദര്യ വർദ്ധക വസ്തുക്കൾ – കത്തിച്ച് കളയാതെ വലിച്ചെറിഞ്ഞ ആശുപത്രി മാലിന്യങ്ങൾ തുടങ്ങിയ ദീർഘകാലം കൊണ്ട് പൊടിഞ്ഞ് ചെറിയ കഷണങ്ങളും തരികളുമായി കടലിൽ പൊങ്ങിക്കിടക്കും. 5 ട്രില്ല്യൺ പ്ലാസ്റ്റിക്ക് കഷണങ്ങളാണ് നമ്മുടെ കടലുകളിൽ പൊങ്ങിക്കിടക്കുന്നത്
കടൽ വെള്ളത്തിലെ പ്ലാസ്റ്റിക്ക് കരയിലുള്ളതിലും കുറച്ച് കുടി വേഗത്തിൽ ഘടകങ്ങളായി വേർതിരിയും. ബിസ്ഫിനോൾ A പോലുള്ള വിഷാംശങ്ങൾ അവ പുറപ്പെടുവിപ്പിക്കും . ഡൈ ഈതൈൽ ഹെക്സൈൽ താലേറ്റ് (diethylhexyl phthalate) പോലുള്ള കാൻസറിന് കാരണ മാകുന്ന വിഷപദാർത്ഥങ്ങൾ കൂടാതെ മെർക്കുറി , ലെഡ് തുടങ്ങിയ ലോഹംശങ്ങളും ഇവയിലുണ്ടാകും – ഭക്ഷ്യശൃംഗല യുടെ ഭാഗമായി സസ്യങ്ങളിലും കടൽ ജീവികളിലും മത്സങ്ങളിലും അവ ഭക്ഷിക്കുന്ന മനുഷ്യരിലും ഈ ഗുരുതര വിഷവസ്തുക്കൾ എത്തും –
- പ്ലാസ്റ്റിക്ക് കപ്പുകൾ 50 വർഷം കൊണ്ടും ഡിസ്പോസിബിൾ ഡയപ്പറുകൾ 450 വർഷം കൊണ്ടും മീൻ വലകൾ 600 വർഷം കൊണ്ടും മാത്രമേ നശിച്ച് തുടങ്ങു
- നമ്മൾ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്ക് വസ്തുക്കളുടെ 50 % നമ്മൾ ഒരു തവണ ഉപയോഗിച്ച് വലിച്ചെറിയുന്ന വിഭാഗത്തിൽ പെട്ടവയാണ്.
- ഭൂമിയെ നാലു തവണ ചുറ്റാവുന്നത്രയും പ്ലാസ്റ്റിക്ക് ഓരോ വർഷവും നമ്മൾ വലിച്ചെറിയുന്നുണ്ട്.
- നമ്മൾ ഉണ്ടാക്കുന്ന മൊത്തം മാലിന്യങ്ങളുടെ 10% പ്ലാസ്റ്റിക്കാണ്
- കുഴിച്ചെടുക്കുന്ന പെട്രോളിയത്തിന്റെ 8% പ്ലാസ്റ്റിക്ക് നിർമാണത്തിനാണ് ചിലവഴിക്കുന്നത്
- 500 മുതൽ 1000 വർഷം വരെ സമയമെടുക്കും പ്ലാസ്റ്റിക്ക് നശിക്കാൻ
- ഓരോ വർഷവും പത്ത് ലക്ഷം കടൽ പക്ഷികളും ഒരു ലക്ഷം കടൽ സസ്തനികളും പ്ലാസ്റ്റിക്ക് മൂലം കൊല്ല പ്പെടുന്നുണ്ട്.
- കടൽ പക്ഷി സ്പീഷിനുകളുടെ നാൽപത്തിനാല് ശതമാനത്തിലും എല്ലാ കടലാമ സ്വീഷിസുകളുടെയും ഉള്ളിലോ ശരീരത്തിന് വെളിയിലോ പ്ലാസ്റ്റിക്ക് ഭാഗങ്ങൾ ഉള്ളതായി കണ്ടെത്തിട്ടുണ്ട്.
- കത്തിച്ച് കളഞ്ഞ കുറച്ച് അളവ് ഒഴിച്ച് ഭൂമിയിൽ ഇതുവരെ നിർമ്മിച്ച സർവ്വ പ്ലാസ്റ്റിക്കും ഇപ്പഴും എവിടെയെങ്കിലുമായി ബാക്കി കിടപ്പുണ്ട്.
- ഒറ്റത്തവണ ഉപയോഗിച്ച് വലിച്ചെറിയുന്ന ദൈനംദിന ഉപയോഗ പ്ലാസ്റ്റിക്ക് വസ്തുക്കളോട് റ്റാ റ്റാ പറയുക
- തുണി സഞ്ചികൾ – ലോഹ കുടിവെള്ള ബോട്ടിലുകൾ എന്നിവ ഉപയോഗിച്ച് തുടങ്ങാം – യാത്രകളിൽ കുപ്പിവെള്ളം വാങ്ങുന്ന ശീലം നിർത്തുന്നു.
- റെസ്‌റ്റോറന്റുകളിലും യാത്രകളിലും ഒരു തവണ ഉപയോഗിച്ച് വലിച്ചെറിയുന്ന പ്ലാസ്റ്റിക്ക് സ്പൂൺ – പ്ലേറ്റുകൾ – ഐസ് ക്രീം കപ്പുകൾ – സ്ട്രോ തുടങ്ങിയവ ഉപയോഗിക്കാതിരിക്കാം
- സ്കൂൾ ബാഗുകൾ – കുടകൾ എന്നിവയുടെ കാര്യത്തിൽ തുണിയിലേക്ക് തിരിച്ച് പോവാം
ഗ്രീൻ പ്രോട്ടോക്കോൾ പിൻതുടരാം
ആഘോഷങ്ങൾ – യോഗങ്ങൾ എന്നിവയിലൊന്നും പ്ലാസ്റ്റിക്ക് പാത്രങ്ങളോ പ്ലാസ്റ്റിക്ക് കോട്ടിങ്ങ് ഉള്ള കപ്പുകൾ പേപ്പർ പ്ലേറ്റ് – പേപ്പർ വാഴയില എന്നിവയെല്ലാം ഉപയോഗിക്കാതിരിക്കുക.
A + കിട്ടിയതിന് അഭിനന്ദിക്കാനും കല്യാണാശംസക്കും വിനോദയാത്ര വണ്ടിയിൽ കെട്ടാനും പോലും ഫ്ലക്സ് ഉപയോഗിക്കില്ല എന്ന് പ്രതിജ്ഞ ചെയ്യാം
മഷിപ്പേന ശീലത്തിലേക്ക് – പെൻസിൽ എഴുത്തിലേക്ക് മാറാൻ ശ്രമിക്കാം
ഒഴിവാക്കാനാവാത്ത പ്ലാസ്റ്റിക്ക് വസ്തുക്കളെ ഉപയോഗശേഷം വലിച്ചെറിയാതെ റിസൈക്കിൾ ചെയ്യാൻ വേണ്ടി ശേഖരിച്ച് സൂക്ഷിച്ച് വെച്ച് കൈമാറാം
മിഠായി കവറുകൾ ഉപയോഗം കഴിഞ്ഞ പേനകൾ എന്നിവ അലക്ഷ്യമായി വലിച്ചെറിയാതിരിക്കാം
പ്ലാസ്റ്റിക്ക് ഉപയോഗം നിരുത്സാഹപ്പെടുത്താനുള്ള ബോധവത്കരണ പlരിപാടികളിൽ പങ്ക് ചേരാം.