നിങ്ങളുടെ പറമ്പിൽ നിന്നോ തൊടിയിൽ നിന്നോ നിങ്ങൾക്ക് ഒരു കുഞ്ഞികിളിയെ കിട്ടിയോ? പറക്കമുറ്റാത്ത അതിനെ എങ്ങനെ സഹായിക്കാം?
മധ്യവേനൽ അവധിക്കാലം മിക്ക നാട്ടു പക്ഷികള്‍ക്കും അവയുടെ പ്രജനനകാലം ആണ്. കിളികൾ പ്രത്യേകം കൂടൊരുക്കി മുട്ടയിട്ട് കുഞ്ഞികിളികളെ വിരിയിക്കുന്ന കാലം. ഈ അവധികാലത്ത് നാട്ടിൻപുറങ്ങളിൽ ചെറിയ കിളി കുഞ്ഞുങ്ങളെ ഒറ്റപ്പെട്ട നിലയിൽ കണ്ടെത്തിയേക്കാം. പറക്കമുറ്റാത്ത ഈ കിളികൾ കൂട്ടിൽ നിന്ന് വീണതാണെന്ന് കരുതി നമ്മളിൽ പലരും അതിനെ റെസ്ക്യൂ ചെയ്തേക്കാം. എന്നാൽ ഇങ്ങനെ നിങ്ങൾക്ക് കിട്ടുന്ന എല്ലാ കിളി കുഞ്ഞുങ്ങളെയും നിങ്ങൾ റെസ്ക്യൂ ചെയ്യേണ്ട ആവശ്യമുണ്ടോ? ഏതു സാഹചര്യത്തിലാണ് റെസ്ക്യൂ ചെയ്യേണ്ടത് ? എങ്ങനെ ആണ് അവയെ പരിചരിക്കേണ്ടത്? ഏത് സാഹചര്യത്തിലാണ് റെസ്ക്യൂ ഒഴിവാക്കേണ്ടത്? നമുക്ക് നോക്കാം..
പക്ഷികുഞ്ഞുങ്ങളെ അവരുടെ വളര്‍ച്ചാരീതിയിലെ വൈവിധ്യത്തിനാല്‍ പൊതുവേ രണ്ടായി തിരിക്കാം.
വിരിഞ്ഞിറങ്ങുമ്പോൾ തന്നെ തൂവലുകളുള്ള പക്ഷികുഞ്ഞുങ്ങൾ (Precocial birds/ പ്രകോഷ്യല്‍ പക്ഷികുഞ്ഞുങ്ങൾ) , വിരിഞ്ഞിറങ്ങുമ്പൊൾ തൂവലുകളില്ലാത്ത പക്ഷികുഞ്ഞുങ്ങൾ (Altricial birds/ അള്‍ട്രിഷ്യല്‍ പക്ഷികുഞ്ഞുങ്ങൾ).
പ്രകൊഷ്യല്‍ പക്ഷികുഞ്ഞുങ്ങൾ ചെറുപ്രായത്തിൽ തന്നെ സ്വയം ഭക്ഷണം കഴിക്കാൻ പ്രാപ്തരാണ്. ജനിക്കുമ്പോള്‍ തന്നെ കണ്ണുകള്‍ തുറക്കുന്ന അവര്‍ക്ക് ബലമുള്ള കാലുകളും ദേഹത്ത് തൂവലുകളും (down feathers) ഉണ്ടാകും. മിക്ക കുഞ്ഞുങ്ങളും 1 ദിവസം കൊണ്ട് കൂടിന് വെളിയില്‍ ഇറങ്ങാനും മാതാപിതാക്കളുടെ സഹായത്തോടെയോ അല്ലാതെയോ തനിയെ ഭക്ഷണം തേടാനുമൊക്കെ പഠിക്കും. താറാവ് വർഗത്തിൽ പെട്ട പക്ഷികൾ (എരണ്ട പക്ഷികള്‍, വാത്തകള്‍..), കോഴികള്‍ എന്നിവ ഉദാഹരണമാണ്.
പ്രകൊഷ്യല്‍ പക്ഷികുഞ്ഞുങ്ങളെ ആണ് നിങ്ങള്‍ക്ക് കിട്ടുന്നതെങ്കില്‍ ആദ്യം നോക്കേണ്ടത് അതൊരു ആരോഗ്യമുള്ള കുഞ്ഞാണോ എന്നാണ്. നിങ്ങളെ കാണുമ്പോള്‍ ഓടി മറയാന്‍ ശ്രമിക്കുന്ന അവരെ അവരുടെ വഴിക്ക് വിട്ടേക്കുക. മാതാപിതാക്കള്‍ ഇല്ലെങ്കില്‍ പോലും സ്വയം ഭക്ഷണം കണ്ടെത്താന്‍ അവയ്ക്ക് കഴിയുന്നതിനാല്‍ റെസ്ക്യൂ ചെയ്യുന്നതിനെ പറ്റി ചിന്തിക്കുകയേ വേണ്ട. എന്നാല്‍ പട്ടിയോ പൂച്ചയോ മറ്റോ ആക്രമിച്ച് മുറിവേറ്റു എങ്കില്‍ അവയെ റെസ്ക്യൂ ചെയ്യുകയും ഒരു ഏവിയന്‍ വെറ്റിന്‍റെ സഹായത്തോടെ പരിചരിക്കുകയും ചെയ്യണം. ആരോഗ്യം വീണ്ടെടുത്ത അവയെ ഒരു ചെറിയ ജലാശത്തിന്‍റെ (കുളം, തോട്, വയല്‍..) അടുത്ത് തുറന്ന് വിട്ടേക്കുക. കുറച്ച് മാറി നിന്ന് അവര്‍ സുരക്ഷിതരായ് പോകുന്നുണ്ടോ എന്ന് നിരീക്ഷിക്കാം.
എന്നാൽ അള്‍ട്രിഷ്യല്‍ പക്ഷികുഞ്ഞുങ്ങൾ പൂർണ്ണമായും അവരുടെ മാതാപിതാക്കളുടെ സഹായത്തോടെ മാത്രം ഭക്ഷണം കഴിക്കുന്നവരായിരിക്കും. ജനിക്കുമ്പോള്‍ കണ്ണുകള്‍ തുറക്കാനാകാത്ത ഈ പക്ഷികുഞ്ഞുങ്ങളുടെ വളര്‍ച്ചയില്‍ പല ഘട്ടങ്ങള്‍ ഉണ്ടാകും. മരംകൊത്തി, കുട്ടുറുവന്‍, തത്തകള്‍ (passerines) തുടങ്ങിയ മരച്ചില്ലകളില്‍ കാണുന്ന (perching birds) മിക്ക നാട്ട് പക്ഷികളും ഉദാഹരണം ആണ്.
പ്രായത്തിന്റെ അടിസ്ഥാനത്തിൽ ഇവയെ മൂന്നായ് തിരിക്കാം.
ഹാച്ച്ലിങ്ങുകള്‍ ( വിരിഞ്ഞിറങ്ങുന്ന പക്ഷികുഞ്ഞുങ്ങൾ), നെസ്റ്റ്ലിങ്ങുകള്‍ (പറക്കമുറ്റാത്ത പക്ഷികുഞ്ഞുങ്ങൾ), ഫ്ലഡജ്ലിങ്ങുകള്‍ (ചിറകു മുളച്ച പക്ഷികുഞ്ഞുങ്ങൾ).
ഹാച്ച്ലിങ്ങുകള്‍ക്ക് ദേഹത്ത് തൂവലുകൾ ഉണ്ടാകില്ല. കണ്ണുതുറക്കാത്ത ഇവരുടെ തൊലി വളരെ നേര്‍ത്തു പിങ്ക് നിറത്തില്‍ ആയിരിക്കും. ശരീരത്തിന്റെ വലുപ്പം വെച്ച് ഇവയുടെ തല വളരെ വലുതായിരിക്കും (കാര്‍ട്ടൂണ്‍ സിനിമകളിലെ ദിനോസര്‍ കുഞ്ഞുങ്ങളെ പോലെ). ഇവയുടെ ഏകദേശ പ്രായം 0-3 ദിവസം ആണ്. അവയുടെ മാതാപിതാക്കളെ പൂർണമായും ആശ്രയിച്ചാണ് അവരുടെ ജീവിതം.
നെസ്റ്റ്ലിങ്ങുകള്‍ക്ക് ദേഹത്ത് ചെറിയ പഞ്ഞി തൂവലുകളും (സോഫ്റ്റ് ഫെതെഴ്സും) അല്ലെങ്കില്‍ മുള്ളന്‍ തൂവലുകളോ (പിന്‍ ഫെതെഴ്സോ) ഉണ്ടായിരിക്കും. കണ്ണുകള്‍ തുറന്നെങ്കിലും രണ്ടു കാലുകളിലും നിവര്‍ന്നു നിന്ന് നടക്കാനോ ഓടാനോ അവയ്ക്കാവില്ല. അത് കൊണ്ട് തന്നെ അവയുടെ മാതാപിതാക്കളെ പൂർണമായും ആശ്രയിച്ചാണ് അവരുടെ ജീവിതം . ഇവയുടെ ഏകദേശ പ്രായം 3-14 ദിവസം ആണ്.
ഫ്ലഡജ്ലിങ്ങുകളുടെ ദേഹത്തും ചിറകിലും നിറയെ തൂവലുകൾ ഉണ്ടാകും. അവയെ കണ്ടാൽ അവരുടെ മാതാപിതാക്കൾ ഏത് കിളികൾ ആണെന്ന് നിങ്ങൾക്ക് ചെറുതായി ഒരു ഊഹം കിട്ടും . ഇവയുടെ ഏകദേശ പ്രായം 13-14 ദിവസം ആണ്. കൂട്ടിൽ നിന്നും പുറത്തു പോവുകയും ചാടി നടക്കുകയും ഒക്കെ ചെയ്യുമെങ്കിലും ഈ കുഞ്ഞുങ്ങൾ ഭക്ഷണത്തിനായ് അവരുടെ അമ്മ പക്ഷിയെ ആണ് ആശ്രയിക്കുന്നത്.
നമ്മുടെ പറമ്പുകളിൽ മിക്കപ്പോഴും നമ്മൾ കണ്ടെത്തുന്ന പക്ഷിക്കുഞ്ഞുങ്ങൾ ഈ തരത്തിലുള്ള അള്‍ട്രിഷ്യല്‍ പക്ഷികുഞ്ഞുങ്ങൾ ആയിരിക്കും.
അങ്ങനെ ഒരു പക്ഷിക്കുഞ്ഞിനെ കിട്ടുകയാണെങ്കില്‍ അത് ഹാച്ച്ലിങ്ങുകള്‍ ആണോ നെസ്റ്റ്ലിങ്ങുകള്‍ ആണോ ഫ്ലഡജ്ലിങ്ങുകള്‍ ആണോ എന്ന് അവയുടെ തൂവലുകളും ശരീര പ്രത്യേകതകളും വെച്ചു കണ്ടെത്തുക.
ഹാച്ച്ലിങ്ങുകളോ നെസ്റ്റ്ലിങ്ങുകളോ ആണെങ്കില്‍ തനിയെ കൂടിനു വെളിയില്‍ ഇറങ്ങാന്‍ കഴിവില്ലാത്ത അവര്‍ കൂട്ടില്‍ നിന്നും അബദ്ധത്തില്‍ വീണതോ അല്ലെങ്കില്‍ ശത്രു പക്ഷികളുടെ ആക്രമണത്തില്‍ വീണതോ ആകാം. താഴെ വീണു മുറിവേല്‍ക്കാന്‍ സാധ്യതയുള്ളതിനാല്‍ പക്ഷിക്കുഞ്ഞിനെ പതുക്കെ കയ്യില്‍ എടുത്ത് ചോരയൊലിക്കുന്നുണ്ടോ, ഒരു വശം ചരിഞ്ഞ് അനങ്ങാതെ കിടക്കുകയാണോ, എന്നൊക്കെ നോക്കുക. മുറിവേറ്റു എങ്കില്‍ അവയെ റെസ്ക്യൂ ചെയ്യുകയും ഒരു ഏവിയന്‍ വെറ്റിന്റെ സഹായം തേടുകയും ചെയ്യുക.
ആരോഗ്യമുള്ള കുഞ്ഞുങ്ങളെ കിട്ടിയാല്‍ അവയെ കണ്ടെത്തിയ സ്ഥലത്ത് അടുത്ത മരങ്ങളില്‍ കൂട് കാണുകയാണെങ്കില്‍ കുഞ്ഞുങ്ങളെ പെട്ടെന്ന് തന്നെ കൂട്ടില്‍ തിരികെ വെച്ച് കൊടുക്കുന്നതാണ് അഭികാമ്യം.
അങ്ങിനെ ഒരു കൂട് കണ്ടെത്താന്‍ ആയില്ലെങ്കില്‍ കാര്‍ഡ്ബോര്‍ഡ് ബോക്സ് കൊണ്ടോ പേപ്പര്‍ കൊണ്ടോ ഗോളാകൃതിയില്‍ ഒരു കൂട് ഉണ്ടാക്കി ഉള്ളില്‍ ടിഷ്യു പേപ്പര്‍ വെച്ചതിനു ശേഷം കുഞ്ഞുങ്ങളെ അതിനുള്ളില്‍ വച്ചിട്ട് അടുത്തുള്ള മരത്തില്‍ തൂക്കി ഇടുക.
പക്ഷികള്‍ക്ക് ഗ്രാണ ശക്തി കുറവായതിനാല്‍ അമ്മപക്ഷിക്ക് കുഞ്ഞുങ്ങളില്‍ നിങ്ങളുടെ മണം തിരിച്ചറിയാന്‍ ഒന്നും പറ്റില്ല. പക്ഷെ ഒരുപാട് സമയം നിങ്ങള്‍ അവിടെ നിന്നാല്‍ തിരിച്ചു വരുന്ന അമ്മപക്ഷി നിങ്ങളെ ഒരു അപകട സൂചനയായ് കണ്ട് കുഞ്ഞുങ്ങളെ ഉപേക്ഷിച്ച് പോകുകയോ അല്ലെങ്കില്‍ നിങ്ങളുടെ സാമീപ്യം ഒരു ശത്രു പക്ഷിയുടെ ശ്രദ്ധ ആകര്‍ഷിക്കുകയോ ചെയ്യാം. അതിനാല്‍ കുഞ്ഞുങ്ങളെ കൂട്ടില്‍ വെച്ചതിന് ശേഷം കുറച്ച് ദൂരെ മാറി നിന്ന് അമ്മപക്ഷി വരുന്നുണ്ടോ, അവയ്ക്ക് തീറ്റ നല്‍കുന്നുണ്ടോ എന്ന് നിരീക്ഷിക്കുക.
രണ്ടോമൂന്നോ മണിക്കൂറുകള്‍ക്ക് ശേഷവും അമ്മപക്ഷി മടങ്ങിയെത്തിയില്ലെങ്കിലോ മറ്റ് പക്ഷികള്‍ കുഞ്ഞുങ്ങളെ ആക്രമിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലോ അവയെ റെസ്ക്യൂ ചെയ്യേണ്ടതാണ്. ഒരു ഏവിയന്‍ വെറ്റിന്റെയോ പക്ഷിനിരീക്ഷകന്റെയോ സഹായത്തോടെ ഏത് ഇനത്തില്‍പ്പെട്ട പക്ഷിയാണ് എന്ന് തിരിച്ചറിഞ്ഞു അവയ്ക്ക് ഭക്ഷണം കൊടുക്കുകയും പരിചരിക്കുകയും ചെയ്യാം.
അതോടൊപ്പം തന്നെ അതെ ഇനത്തില്‍ പെട്ട പക്ഷികളെ അവയെ കണ്ടെത്തിയ സ്ഥലത്ത് കാണുന്നുണ്ടോ എന്ന് തുടര്‍ന്നുള്ള കുറച്ച് ദിവസം നിരീക്ഷിക്കുക. അമ്മപക്ഷി തേടി വരുന്നുണ്ടെങ്കില്‍ അവ കാണത്തക്ക വിധത്തില്‍ കുഞ്ഞുങ്ങളെ ഒരു കാര്‍ഡ്ബോര്‍ഡ് ബോക്സിലോ , കൂട്ടിലോ വെച്ചതിനു ശേഷം മാറി നില്‍ക്കുക. മിക്കപ്പോഴും അമ്മപക്ഷി അവയ്ക്ക് തീറ്റ നല്‍കും. വരും ദിവസങ്ങളില്‍ ഉണ്ടാക്കിയ കൂട്ടില്‍ കുഞ്ഞുങ്ങളെ വച്ചിട്ട് അടുത്തുള്ള മരത്തില്‍ തൂക്കി ഇടുക. അമ്മപക്ഷി അത് സ്വന്തം കൂടാക്കി കുഞ്ഞുങ്ങളെ സംരക്ഷിച്ചോളും. കുറച്ച് ദിവസങ്ങള്‍ കഴിഞ്ഞിട്ടും കുഞ്ഞുങ്ങളെ തേടി അമ്മപക്ഷി വരുന്നില്ലെങ്കില്‍ പറക്കമുറ്റുന്നത് വരെ അതിനെ സംരക്ഷിക്കണം.
നിങ്ങള്‍ക്ക് കിട്ടുന്നത് ഫ്ലഡജ്ലിങ്ങ് ആണെങ്കില്‍ അതിന് എന്തെങ്കിലും തരത്തില്‍ മുറിവേറ്റതോ അസുഖമുള്ളതോ ആണോ എന്ന് നോക്കുക. ഒരു വശം ചരിഞ്ഞ് കിടക്കുക, അനങ്ങാതെ തൂങ്ങി നില്‍ക്കുക, രക്തം ഒലിക്കുക, ചിറക് തൂങ്ങിക്കിടക്കുക എന്നിങ്ങനെ ഒക്കെ കാണുകയാണെങ്കില്‍ അതിനെ റെസ്ക്യൂ ചെയ്യേണ്ടതുണ്ട്. അവയ്ക്ക് ചികിത്സ ലഭ്യമാക്കുകയും തനിയെ ഭക്ഷണം എടുക്കാന്‍ ആകുന്നത് വരെ സംരക്ഷിക്കുകയും വേണം.
നിങ്ങളെ കാണുമ്പോള്‍ അത് ഓടി മറയാന്‍ ശ്രമിക്കുകയും ഇരുകാലുകളും ഉപയോഗിച്ച് ചാടി നടക്കുകയും ഒക്കെ ചെയ്യുന്നു എങ്കില്‍ അതൊരു ആരോഗ്യമുള്ള ഫ്ലഡജ്ലിങ്ങ് ആണ്. അതിനെ റെസ്ക്യൂ ചെയ്യേണ്ട ആവശ്യം ഇല്ല. നിങ്ങള്‍ ശ്രദ്ധിക്കുകയാണെങ്കിൽ മിക്കവാറും പക്ഷിക്കുഞ്ഞിന്റെ മാതാപിതാക്കളായ പക്ഷികൾ അടുത്തുള്ള ഏതെങ്കിലും മരച്ചില്ലകളിൽ ഉണ്ടാകും. മാതാപിതാക്കളുടെ മേൽനോട്ടത്തിൽ പറക്കാൻ പഠിക്കുന്ന ഇവര്‍ ഒരു ശിഖരത്തില്‍ നിന്നും മറ്റൊരു ശിഖരത്തിലേക്ക് ചാടുമ്പോഴും, പറക്കാൻ ശ്രമിക്കുമ്പോഴും താഴെ എത്തി എന്നു വരാം. ഇങ്ങനെയുള്ള കിളി കുഞ്ഞുങ്ങളെ റെസ്ക്യൂ ചെയ്ത് വീട്ടിലേക്ക് കൊണ്ടുവന്ന് കൂട്ടില്‍ വെച്ച് ഭക്ഷണം കൊടുക്കാൻ ശ്രമിക്കുന്നത് ഗുണത്തേക്കാൾ ദോഷമാണ് ചെയ്യുക.
അതിനാല്‍ ദൂരെ മാറി നിന്ന് അമ്മപക്ഷി വരുന്നുണ്ടോ എന്ന് നോക്കുക. രണ്ടോമൂന്നോ മണിക്കൂറുകള്‍ക്ക് ശേഷവും അമ്മപക്ഷിയെ അടുത്തെങ്ങും കണ്ടില്ലെങ്കിലോ വളര്‍ത്ത് നായയോ, പൂച്ചകളോ ആക്രമിക്കാന്‍ ശ്രമിക്കുന്നുണ്ട് എങ്കിലോ ഇവയെ റെസ്ക്യൂ ചെയ്യണം. മാതാപിതാക്കളായ പക്ഷികൾ അടുത്തുള്ള ഏതെങ്കിലും മരച്ചില്ലകളിൽ ഉണ്ടെങ്കില്‍ നായകളില്‍ നിന്നും പൂച്ചകളില്‍ നിന്നും സംരക്ഷിക്കാനായി കുഞ്ഞിനെ പതുക്കെ എടുത്ത് സുരക്ഷിതമായ് അടുത്തുള്ള മരച്ചില്ലയില്‍ വെക്കാം. ഈ കുഞ്ഞുങ്ങള്‍ മാതാപിതാക്കളുടെ നിർദ്ദേശാനുസരണം ചെറിയ മരച്ചില്ലകളിലൂടെ തത്തിക്കളിച്ച് കയറി പോകുന്നത് നിങ്ങൾക്ക് കാണാവുന്നതാണ്. അമ്മപക്ഷിയെ അടുത്തെങ്ങും കാണുന്നില്ലെങ്കില്‍ തനിയെ ഭക്ഷണം എടുക്കാനാവത്തതിനാല്‍ ഇവയ്ക്ക് ഭക്ഷണം നല്‍കി സംരക്ഷിക്കേണം. വരും ദിവസങ്ങളില്‍ അമ്മപക്ഷി തേടി വരുന്നുണ്ടെങ്കില്‍ കുഞ്ഞിനെ അവ കാണത്തക്ക വിധത്തില്‍ സുരക്ഷിതമായ് അടുത്തുള്ള മരച്ചില്ലയില്‍ വെക്കാം. കുറച്ച് ദിവസങ്ങള്‍ കഴിഞ്ഞിട്ടും കുഞ്ഞുങ്ങളെ തേടി അമ്മപക്ഷി വരുന്നില്ലെങ്കില്‍ പറക്കമുറ്റുന്നത് വരെ അതിനെ സംരക്ഷിക്കണം.
നിങ്ങള്‍ റെസ്ക്യൂ ചെയ്ത് സംരക്ഷിക്കുന്ന പക്ഷിക്കുഞ്ഞുങ്ങള്‍ക്ക് ആവശ്യമായ ഭക്ഷണം എന്തെന്നും എങ്ങനെയാണ് പരിചരിക്കുക എന്നും അറിയാനായ് ഒരു ഏവിയന്‍ വെറ്റിന്റെ സഹായം തേടുന്നത് എപ്പോഴും നല്ലതാണ്.
ഇങ്ങനെ പക്ഷിക്കുഞ്ഞുങ്ങളെ കൃത്യമായി തിരിച്ചറിഞ്ഞാല്‍ അനാവശ്യമായ റെസ്ക്യൂ ഒഴിവാക്കുകയും റെസ്ക്യൂ ചെയ്യുന്ന കുഞ്ഞുങ്ങളിലെ തെറ്റായ ഭക്ഷണവും പരിചരണവും കൊടുക്കുന്നത് മൂലമുള്ള മരണങ്ങള്‍ ഒഴിവാക്കുകയും പക്ഷിക്കുഞ്ഞുങ്ങളെ രക്ഷിച്ച് തിരിച്ച് അവയുടെ അമ്മപക്ഷിയുടെ കൂടെ എത്തിക്കുകയും ചെയ്യാം.
[ഇന്ത്യയിലെ നിയമമനുസരിച്ച് വന്യജീവികളെ വളര്‍ത്താന്‍ നിയമനുവദിക്കാത്തതിനാല്‍ റെസ്ക്യുവിനോടൊപ്പം വിവരം, വനം വകുപ്പിനെയോ വൈല്‍ഡ് ലൈഫ് റെസ്ക്യുവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സംഘടനയേയോ അറിയിക്കുന്നതും ഉചിതമായിരിക്കും.]
ഡോ. അശ്വതി സതി
ഏവിയന്‍ ആന്‍ഡ് വൈല്‍ഡ് ലൈഫ് വെറ്റ്
s.aswathy92[at]gmail[dot]com