ജൂലായ് മാസതിലെ അവസാന ആഴ്ച്ച ജോലി സംബന്ധമായ ആവശ്യത്തിന് ആലപ്പുഴ കാട്ടൂർ വരെ പോകേണ്ടത് ഉണ്ടായിരുന്നു.കാട്ടൂർ അടുത്ത് ബീച്ച് ഉള്ളത് കൊണ്ട് ക്യാമറയും കൈയ്യിൽ കരുതാം എന്ന് തീരുമാനിച്ചു. ദേശാടനക്കാലം തുടങ്ങുന്നതേ ഉള്ളൂ.
ആലപ്പുഴ എത്തി ജോലി ആവശ്യം കഴിഞ്ഞു ബീച്ചിലേക്ക് പോയി. പ്രതേകിച്ചു ഒന്നും കണ്ടില്ല ഇടക്കിടക്ക് ചില Common Terns മാത്രം തീരത്ത് നിന്ന് ദൂരെയായി പറന്നു പോകുന്നുണ്ട്. ഞാൻ വാച്ചിൽ നോക്കി സമയം അഞ്ച് മണിയോട് അടുക്കുന്നു. ഒറ്റ വിടൽ വിട്ടാൽ ചങ്ങരത്ത് എത്താം. അവിടെ Grey Plover [ചാരമണൽക്കോഴി] വന്നിട്ടുണ്ട് എന്ന് തലേ ദിവസം ഗ്രൂപ്പിൽ കണ്ടത് ഓർത്തു.. കൂടാതെ Caspian Tern [വലിയ ചെങ്കൊക്കൻ ആള] , Lesser and Greated crested Terns [കടൽ ആളകൾ] എന്നിവ കൂടെ അവിടെ ഉണ്ട്. പറ്റിയാൽ നല്ലൊരു ചിത്രം എടുക്കാം. കൂടുതൽ ചിന്തിക്കാൻ നിന്നില്ല ബീച്ചിനോട് യാത്ര പറഞ്ഞു വണ്ടി ചവിട്ടി വിട്ടു..
ഏകദേശം അഞ്ചരയോടെ ചങ്ങരത്ത് എത്തി. വണ്ടി ഒതുക്കി നോക്കുമ്പോൾ ദൂരെ സീനിയർ ബേഡറും സുഹൃത്തുമായ സുമേഷ് നിൽക്കുന്നുണ്ട്.. ഞാൻ പതുക്കെ അങ്ങോട്ട് നടന്നു. ആളോട് Grey Plover എവിടെ ആണ് എന്ന് ചോദിച്ചു.. ദൂരെ ഇരിക്കുന്ന പ്ലോവേറിനെ കാണിച്ചു തന്നു.. ശേഷം ഞാനും സുമേഷും തലേ ദിവസം കാസ്പിയൻ ടേണിനെ കണ്ട സ്ഥലത്തേക്ക് നീങ്ങി. കുറച്ചു ദൂരെയായി പാടത്തിന്റെ നടുഭാഗത്തായി അവർ ഇരിക്കുന്നുണ്ടായിരുന്നു. പെട്ടെന്ന് അതിൽ കുറച്ചു ആളകൾ [Terns] പറന്നു ഞങ്ങളുടെ തലക്ക് മുകളിലൂടെ പാടത്തിന്റെ മറ്റൊരു ഭാഗത്തേക്ക് താഴ്ന്നു.ഞങ്ങൾ അങ്ങോട്ട് നീങ്ങി അവിടെ എത്തിയപ്പോൾ മറ്റൊരു കാഴ്ച ആണ് കണ്ടത്. പറക്കാൻ വയ്യാത്ത ഒരു Common Ternനെ [ചോരക്കാലി ആള] ടേണിനെ കുറെ കാക്കകൾ കൊത്തുവാൻ ശ്രമിക്കുന്നു. അത്രയും ദൂരം സഞ്ചരിച്ചു നമ്മുടെ നാട്ടിൽ എത്തിയ ടേണിനെ രക്ഷിക്കണം എന്ന് എനിക്ക് ഒരു നിമിഷം തോന്നി എങ്കിലും പ്രകൃതിയുടെ തീർപ്പിൽ മനുഷ്യൻ കൈ കടത്തേണ്ടത്തില്ല എന്ന് ചിന്തിച്ചു പിൻവലിഞ്ഞു.
അങ്ങനെ നിൽക്കുമ്പോൾ മുകളിലൂടെ കുറച്ചു Black-tailed Godwits [പട്ടവാലൻ ഗോഡ്വിറ്റുകൾ] പറന്നു വന്നു വട്ടമിട്ടു. ഞാൻ ഒന്ന് കൂടി കാക്കകൾ ഓടിക്കുന്ന ടേണിനെ നോക്കി.പെട്ടെന്ന് രണ്ടു ചെറിയ പക്ഷികൾ അങ്ങോട്ട് പറന്നിറങ്ങിയത് ഞാൻ കണ്ടു. ഒന്ന് ചെക്ക് ചെയ്യാൻ ബൈനോക്കുലർ കൈയ്യിൽ ഉള്ള സുമേഷിനോട് പറഞ്ഞു. സുമേഷ് നോക്കുമ്പോഴേക്കും ഞാൻ അവ്യക്തമായ ഒരു ചിത്രം എടുത്തു. പിന്നെ ഫോക്കസ് ക്ലിയർ ആകുന്നില്ല. സുമേഷ് Bar-tailed Godwits [വരവാലൻ ഗോഡ്വിറ്റ്] ആണെന്ന് തോന്നുന്നു നീ രണ്ടു ചിത്രങ്ങൾ എടുക്കു എന്ന് പറഞ്ഞു. തുടർന്ന് സുമേഷ് കാമറ വാങ്ങി രണ്ടു ചിത്രങ്ങൾ എടുത്തു. സൂമിങ്ങ് ക്യാമറ ആയ P900നും എടുക്കാൻ പറ്റാത്ത അത്ര ദൂരെയായിരുന്നു അവർ. ക്യാമറാ ഡിസ്പ്ലേയിലൂടെ നോക്കിയിട്ട് പക്ഷി ഏതാണ് എന്ന് സുമേഷ് ഭായിക്കോ എനിക്കോ ഒരു പിടിയും കിട്ടിയില്ല.. തുടർന്ന് ഒരു ഫോട്ടോ എടുത്തു മെർലിനിൽ ട്രൈ ചെയ്തപ്പോൾ ചെയ്തു നോക്കിയപ്പോൾ Long-billed Dowitcher [കരിപ്രക്കാട] ആണെന്ന് കാണിക്കുന്നു. ഞങ്ങൾ eBird ഓപ്പൺ ചെയ്തു കേരള റിപ്പോർട്ട് നോക്കി. ഒരേ ഒരു തവണ മാത്രമാണ് കേരളത്തിൽ റിപ്പോർട്ട്. ഞങ്ങൾ വളരെ എക്സൈറ്റഡ് ആയി. ഞങ്ങൾ അവിടെ ഇരുന്നു തന്നെ ചിത്രം പ്രൊസസ് ചെയ്തു. ദൂരെ ആയതു കൊണ്ടും സന്ധ്യ സമയം ആയതു കൊണ്ടും ഐഡി ചെയ്യാൻ പോലും വിഷമം ഉള്ള ഒരു ഫോട്ടോ ആണ് കിട്ടിയത്. ചിത്രം നേരെ കേരള ബേഡ് മോണിറ്ററിങ് ഗ്രൂപ്പിൽ ഇട്ടു. Long billed Dowitcher ആണോ എന്ന് സംശയം ഉന്നയിച്ചു ആണ് ഇട്ടത്. ഗ്രൂപ്പിലെ ചർച്ചകൾ പ്രകാരം ചുണ്ട് മുഴുവൻ കറുപ്പ് നിറം ആയതു കൊണ്ട് ഏഷ്യൻ Dowitcher ആകാൻ ആണ് സാധ്യത എന്നായിരുന്നു. കേരളത്തിൽ ഒരിക്കലും റിപ്പോർട്ട് ചെയ്തിട്ടില്ല ഏഷ്യൻ ഡോവിച്ചർ. അതേ ആ പകൽ മായുന്ന നേരത്ത് കേരളത്തിന്റെ പക്ഷി വൈവിദ്ധ്യത്തിലേയ്ക്ക് ഒരു പുതിയ പക്ഷി കൂടി കൂടി ചേർന്നിരിക്കുന്നു. 528 മത് പക്ഷി! മൂന്ന് വർഷത്തെ പക്ഷി നിരീക്ഷണ ജീവിതത്തിൽ ഏറ്റവും സന്തോഷം തോന്നിയ നിമിഷം.
പക്ഷിയെ ഉറപ്പിച്ചു എങ്കിലും നല്ലൊരു ചിത്രം കിട്ടണം എന്ന ആഗ്രഹം സ്വപ്നമായി അവശേഷിച്ചു. രണ്ടു ദിവസം കഴിഞ്ഞപ്പോൾ ഗ്രൂപ്പിൽ പ്രിയ ചേച്ചിയുടെ അറിയിപ്പ് വന്നു ഡോവിച്ചർ ചങ്ങരത്ത് വീണ്ടും സ്പോട്ട് ചെയ്തിരിക്കുന്നു. കുറെ നല്ല ഫോട്ടോകളും കിട്ടി. കുറച്ചു കഴിഞ്ഞപ്പോൾ വടക്കാഞ്ചേരിയിൽ നിന്നും KK എന്ന് വിളിക്കുന്ന കൃഷ്ണകുമാർ അയ്യർ ചേട്ടൻ വിളിച്ചു അവർ ചങ്ങരത്തേയ്ക്ക് വരുന്നു എന്നും നമുക്ക് കാണാം എന്നും. പക്ഷേ വീട്ടിലെ കുറച്ചു തിരക്കുകൾ കാരണം അവർ വന്നപ്പോൾ എനിക്ക് ഇറങ്ങാൻ സാധിച്ചില്ല. അവസാനം ഡോവിച്ചറിനെ സ്പോട്ട് ചെയ്ത സ്ഥലം ഞാൻ പറഞ്ഞു കൊടുത്തു എങ്കിലും അത് അവിടെ ഇല്ലായിരുന്നു. ഞാൻ ഉടനെ പുറപ്പെട്ടു. അവസാനം കണ്ട ഇടത്ത് ഒന്നും ഡോവിച്ചർ ഇല്ല. കുറച്ചു ദൂരെയായി കുറെ പവിഴക്കാലികൾ നിൽക്കുന്ന കണ്ടു. ഞങ്ങൾ അങ്ങോട്ട് നീങ്ങി. അക്കൂട്ടത്തിൽ രണ്ടു മൂന്നു ഗോഡ് വിറ്റുകളെ കൂടെയുണ്ടായിരുന്ന ഫസലുദീൻ ആണ് സ്പോട്ട് ചെയ്തത്. സൂക്ഷിച്ചു നോക്കിയപ്പോൾ അതിൽ ഒരെണ്ണം ഡോവിച്ചെർ ആണ്. നല്ല വെളിച്ചം ഇഷ്ടം പോലെ ഫോട്ടോ എടുത്തു.പക്ഷിക്ക് ഞങ്ങൾ അവിടെ ഇരിക്കുന്നത് ഒന്നും പ്രശ്നം അല്ലായിരുന്നു. വെള്ളത്തിൽ കറങ്ങി നടന്നു ഡോവിച്ചേർ വളരെ അടുത്ത് എത്തി. കേരളത്തിന്റെ എറ്റവും പുതിയ പക്ഷിയെ മൊബൈലിൽ വരെ ഞങ്ങൾ ഫോട്ടോ എടുത്തു.
പുറകിലെ പൊന്ത കാട്ടിൽ ഒരു അനക്കം കേട്ട് ആണ് ഞങ്ങൾ തിരിഞ്ഞു നോക്കിയത്. നോക്കുമ്പോൾ ഉണ്ട് കേരളത്തിലെ ഏറ്റവും സീനിയർ പക്ഷി നിരീക്ഷകർ ആയ ജമാൽ ചേട്ടൻ,ഷാജഹാൻ,പ്രേം ചന്ദ്,ലത ചേച്ചി, സ്ഥലവാസിയും സുഹൃത്തും ആയ രഞ്ജു, അഭിജിത്ത്, Tubin എന്നിവർ ആണ്. പിന്നെ അവിടെ യുദ്ധമുഖത്ത് യന്ത്ര തോക്കുകൾ ശബ്ദിക്കുന്ന പോലെ Shutter തുറന്നു അടയുന്ന ശബ്ദം മാത്രമായിരുന്നു. എല്ലാവർക്കും നിറയെ ചിത്രങ്ങൾ തന്നു ഡോവിച്ചർ സന്തോഷത്തോടെ അവിടെ നടന്നു. അവിടെ നിന്ന് മടങ്ങുമ്പോൾ ഞങ്ങളുടെ ക്യാമറയും മനസ്സും നിറഞ്ഞിരുന്നു.
- ‘ഏഷ്യൻ ചേർക്കാട’ കൊച്ചിയിൽ… https://localnews.manoramaonline.com/ernakulam/local-news/2019/07/29/kochi-asian-dowitcher.html