18/02/19
മലപ്പുറം ബേഡ്സ് അറ്റലസ്സിന്‍റെ ഭാഗമായി കൊണ്ടോട്ടി പുളിക്കലിലായിരുന്നു സര്‍വ്വെ. പ്രശാന്ത്,റിനാസ്,സന്തോഷ് കല്ലിങ്ങല്‍, മനു എന്നിവരാണ് ഇതില്‍ പങ്കെടുത്തത്. 7.30ന് തുടങ്ങിയ സര്‍വ്വെ രണ്ട് ഭാഗങ്ങളിലായിട്ടായിരുന്നു ചെയ്യേണ്ടിയിരുന്നത്. 15മിനുട്ട് ദൈർഘ്യമുള്ളതാണ് ഒാരോ ചെക്ക് ലിസ്റ്റുകളും. അതില്‍ നാലാമത്തെ ഘട്ടത്തില്‍ ഞങ്ങളൊരു അപൂര്‍വ്വ നിമിഷത്തിന് സാക്ഷികളായി.
ആകാശത്ത് അങ്ങോട്ടുമിങ്ങോട്ടും പറക്കുന്ന ശരപക്ഷികളില്‍ താരതമ്യേന വലുതും വയറിന്റെ അടിഭാഗം വെളുത്തുമായ രണ്ട് ശരപക്ഷികള്‍. അവര്‍ രണ്ടുപേരും ഒന്നോ രണ്ടോ അടി അകലത്തില്‍ താഴ്ന്നും പൊങ്ങിയും പറക്കുന്നു. അതിനടയ്‌ക്ക് അവര്‍ ഇണചേരുന്നതായും കണ്ടു. അതും നിമിഷങ്ങള്‍ മാത്രം. കിട്ടാവുന്ന രീതിയില്‍ കുഴപ്പമില്ലാത്ത കുറച്ച് ചിത്രങ്ങള്‍ കിട്ടി. ഒടുവില്‍ ഇത് വെള്ളവയറന്‍ ശരപ്പക്ഷി (Alpine swift) യാണെന്ന് മനസ്സിലാക്കി.
ഇവയുടെ തീറ്റയും ഇരതേടലും ഇണചേരലും ഉറക്കവുമെല്ലാം പറക്കുന്നതിനിടയിലാണ്. ഒരിക്കലും നിലത്തിറങ്ങാന്‍ ആഗ്രഹിക്കാത്തവരാണിവ. അഥവാ നിലത്തിറങ്ങിയാല്‍ തന്നെ പിന്നെ പറക്കണമെങ്കില്‍ മറ്റ് പക്ഷികളുടെതു പോലെ മുന്നോട്ട് കുതിയ്ക്കാൻ കാലിന് ബലം കൊടുക്കണ്ടിവരും. ആ ഒരു ബലം ഇവയുടെ കാലുകള്‍ക്കില്ല. അതുകൊണ്ട് തന്നെ ഉയരമുള്ള പാറക്കെട്ടുകളിലും പനപോലെയുള്ള മരങ്ങളുടെ ഒാലകളിലൊക്കെ തൂങ്ങി കിടക്കാറണ് പതിവ്. ആറുമാസത്തോളം നിലത്തിറങ്ങാതെ പറക്കുന്നതായി ചില പഠനങ്ങൾ പറയുന്നു.
- Check List – Alparamba – Kottapuram Road, Kerala, IN (11.161, 75.933), Malappuram County, Kerala, India
- First evidence of a 200-day non-stop flight in a bird – Felix Liechti, Willem Witvliet, Roger Weber & Erich Bächler – Nature Communications volume 4, Article number: 2554 (2013)
- This Bird Can Stay in Flight for Six Months Straight: A lightweight sensor attached to alpine swifts reveals that the small migratory birds can remain aloft for more than 200 days without touching down – Stromberg, Joseph. – Smithsonian Magazine