”സൂര്യനെല്ലി” – തേയില തോട്ടങ്ങളും അവയുടെ അതിർ വരമ്പുകളായി തോട്ടം തൊഴിലാളികളുടെ കോളനികളും. മലയിടുക്കുകളിലെ ഷോല വനങ്ങളും ചേർന്ന മനോഹരമായൊരു ഗ്രാമം. പച്ചപ്പട്ട് കാറ്റിൽ തരംഗം തീർത്തപോലെ തേയില തോട്ടങ്ങൾ, ഇടയിൽ പൂത്തു നിൽക്കുന്ന മുരിക്കുകൾ, അവയിൽ വർണ്ണ ഭംഗിയുള്ള റോസ് ഫിഞ്ചുകൾ, കാട്ടു മൈനകൾ, തേൻകിളികൾ…
പുലർച്ചെ തണുപ്പ് വക വെക്കാതെ എഴുന്നേറ്റു വേഗം റെഡി ആയി രണ്ടു ജീപ്പിൽ ഞങ്ങൾ പുറപ്പെട്ടു.കുറച്ചു ദൂരം പിന്നിട്ടപ്പോൾ അടുത്ത ടീം എത്തിയെന്നു പറഞ്ഞു വിളിച്ചപ്പോൾ തിരികെ വന്നു അവരെ ഒരു ജീപ്പിൽ വേറെ വഴിക്കു വിട്ടു ഞങ്ങൾ നാലുപേർ ആനയിറങ്കൽ ഡാമിലേക്ക്, അവിടെയുള്ള രണ്ടു സെല്ലുകൾ തീർക്കാൻ. തേയിലത്തോട്ടത്തിന്റെ ഹൃദയത്തിൽ, പക്ഷികൾ കുറവാണെങ്കിലും ഉള്ളവ പലർക്കും ലൈഫെർ. ചെന്തലയൻ വേലിത്തത്ത, ഉപ്പൂപ്പൻ, വരമ്പൻ, കാട്ടുകോഴികൾ, റോസ് ഫിഞ്ച്, ….. ഒരിടത്തു നിന്നും ഒരാൾ കുറച്ചു ദൂരം ഞങ്ങൾക്ക് കൂട്ട് വന്നു. ഡാം കടന്നു കാട്ടിലെ വഴിയിലൂടെ നടക്കുമ്പോൾ അവിടെ കണ്ട ഒരാൾ പറഞ്ഞു ഇപ്പൊ കുഞ്ഞിനോടൊപ്പം ഉള്ള അഞ്ചു ആനകളെ ഓടിച്ചു വിട്ടതേയുള്ളൂ എന്ന്. അവിടെ കുറച്ചു അധികം പക്ഷികളെ കാണാൻ കഴിഞ്ഞു. അതും കഴിഞ്ഞു സൂര്യനെല്ലിയിലേക്ക്.
ചെറിയൊരു ടൌൺ .കൊളുക്കുമലയിലേക്കുള്ള സ്റ്റാർട്ടിങ് പോയിന്റ്. കുറച്ചു ഹോംസ്റ്റേകൾ. കുറച്ചു കടകൾ. അവിടെയുള്ള ഒരു ഹോട്ടലിൽ കേറി ഉച്ചഭക്ഷണം കഴിച്ചു സെല്ലിലേക്ക്. ആദ്യത്തേത് വേഗം തീർന്നു. അടുത്തത് തേയില തോട്ടം. സൂര്യനെല്ലി – സാംസ്‌കാരിക കേരളത്തിന്റെ നെഞ്ചിൽ വീണു പൊട്ടിയ ഒരു ബോംബ് എന്ന് വിശ്വസിച്ചിരുന്ന എന്നെ വല്ലാതെ അദ്‌ഭുതപ്പെടുത്തി. തികച്ചും നിഷ്കളങ്കരായ പാവപ്പെട്ട തൊഴിലാളികൾ മാത്രം. കണ്ണെത്താത്ത ദൂരം തരംഗങ്ങൾ തീർത്ത പച്ചപ്പ്, ഇടയിൽ വളരെ കുറച്ചു തകര ഷീറ്റു പാകിയ കുഞ്ഞു വീടുകൾ ഉള്ള കോളനികൾ. അവയോടു ചേർന്നു ചെറുകാടുകൾ, നീർച്ചാലുകൾ. മിക്ക വീടുകളിലും കാലികളും പട്ടികളും ഉണ്ട്. അവയ്ക്കിടയിൽ പക്ഷികളെ തിരഞ്ഞിറങ്ങിയ ഞങ്ങൾക്ക് ഒരു പെൺകുട്ടി അവളുടെ വീടിന്റെ ഒരാൾ പൊക്കമുള്ള മച്ചിൽ കൂടൊരുക്കിയ ഹിൽ സ്വള്ളോയെ കാട്ടിത്തന്നു. തമിഴ് ചുവയുള്ള മലയാളം, കൂടുതലും തമിഴുതന്നെ. മുറ്റത്തു കോലം വരച്ചിരിക്കുന്നു, വൃത്തിയും വെടിപ്പുമുള്ള ചുറ്റുപാടുകൾ. അവയ്ക്കിടയിലൂടെ തനിച്ചു ക്യാമറയുമായി പോയ യദുവിനെ ഞങ്ങൾ കളിയാക്കി, കാണാതെ ഞങ്ങൾ പരതി വരുമ്പോ ”മരത്തിൽ കിടന്നു ലേലു അല്ലു പറയുന്നത് കാണേണ്ടി വരുമോ ” എന്ന്. ഏതായാലും അവിടുന്ന് മടങ്ങി, അടുത്തത് അന്വേഷിച്ചു പോയത് കൊളുക്കുമലയിലേക്ക്. അതിനിടയിൽ ഒന്ന് പറയാൻ വിട്ടു, അവിടെ ഞങ്ങളെ അദ്‌ഭുതപ്പെടുത്തിയത് പുറത്തു വെള്ളയിൽ ‘V ‘ ഷേപ്പിൽ അടയാളമുള്ള പതിനഞ്ചോളം വരുന്ന വഴികുലുക്കികൾ ആണ്. ഒന്നും രണ്ടുമായി കാണപ്പെട്ട അവയെ അവിടെ മാത്രമേ അങ്ങനെ കണ്ടുള്ളൂ .
അടുത്ത സെൽ തേടി പുറപ്പെട്ട ഞങ്ങൾ എത്തിയത് കൊളുക്കുമലയിൽ. വഴിയിൽ ചിലയിടത്തു നിർത്തി പറവകളെ തേടിയെങ്കിലും കൂടുതലും ഇരട്ട തലച്ചി ബുള്ബുളും ബുഷ്ചാറ്റും ആയിരുന്നു. കഠിന പാത താണ്ടി മുകളിൽ എത്തിയപ്പോ കിട്ടിയത് കേരളാ ലാഫിങ് ത്രഷും നീൽഗിരി ത്രഷും. കഷ്ടപ്പെട്ട് കേറിയാൽ എന്ത്, ഇത് പൊളിച്ചില്ലേ. മുകളിൽ കേറി ഇറങ്ങാൻ വേറെ നല്ല വഴി ഉണ്ടെന്നു പറഞ്ഞു കേട്ടത് അന്വേഷിച്ചപ്പോൾ നോ രക്ഷ, ഇതേയുള്ളൂ വഴി. ഹമ്മേ ! നാട്ടിലെത്തീട്ടു ബോഡി സർവീസ് ചെയ്യിക്കേണ്ടി വരും ! എന്തായാലും അന്നത്തെ പണി തീർത്തു താമസ സ്ഥലത്തു എത്തുമ്പോ രാത്രി ഒൻപത് ആകാറായി.
ഒരു കുളീം കഴിഞ്ഞു ചെന്നപ്പോ ഹായ്, ചന്ദ്രേട്ടൻ ചോറും കപ്പ പുഴുക്കും ചിക്കൻ കറീം അടക്കം തകർപ്പൻ ഫുഡ് നിരത്തിയിരിക്കുന്നു. കൊളുക്കുമല കേറിയ ക്ഷീണം മൂന്നാറും കടന്നു പറപറന്നു.
മൂന്നാം ദിവസം -ഇന്ന് ഉച്ചവരെ മാത്രം, വൈകിട്ട് അഞ്ചുമണിക്ക് അടിമാലി നിന്നുള്ള ബസിൽ നാട്ടിലേക്ക്. നേരത്തെ ഇറങ്ങി.മൂന്നു സെല്ലുകൾ തീർക്കാനുണ്ട്. പഴയ ദേവികുളം ഭാഗം, ഇടയിലുള്ള ഫോറെസ്റ് റോഡിലൂടെ പോകുമ്പോഴാണ് പുറകിൽ ഉറക്കെ പാട്ടുമായി ഒരു ഓട്ടോ വന്നത്. കറുത്ത പെയിന്റും സ്‌പൈഡർമാൻ ചിത്രവും, കളർ ലൈറ്റുമായി ഞങ്ങളെ കടന്നു പോയി , ഇത്തരം വണ്ടികൾ കണ്ണൂരിൽ മാത്രമല്ലെ കാണാറുള്ളൂ , എന്നൊരു കമെന്റും ഞങ്ങളിൽ നിന്നുണ്ടായി. (അലങ്കരിച്ച കല്യാണ വീടുപോലെയാണ് തലശ്ശേരി, കണ്ണൂർ ഭാഗങ്ങളിലെ ഓട്ടോയും ബസുമൊക്കെ രാത്രി കണ്ടാൽ). ഒരു വളവു തിരിഞ്ഞു പോയതേയുള്ളൂ, സ്‌പൈഡർമാൻ സൈഡിലെ ചതുപ്പിലേക്കു ചരിഞ്ഞു നടു കുത്തി വീണു. ശ്ശൊ, അടിപൊളി സ്റ്റൈലിൽ വന്നിട്ട് ഇതായല്ലോ. എന്തായാലും ആ വഴി വന്ന തൊഴിലാളികളും ഞങ്ങളുടെ ഡ്രൈവറും ഒക്കെ ചേർന്ന് വണ്ടി പിടിച്ചു നേരെ വച്ചു. അതിൽ ഉണ്ടായിരുന്നത് നാലു ചെറുക്കന്മാരായിരുന്നു. ഞങ്ങൾ അതിനിടയിൽ അവിടെ കണ്ട പക്ഷികളുടെ പുറകെ പോയി.സമയമില്ല വേഗം തീർക്കണം എന്ന ലക്ഷ്യത്തോടെ വീണ്ടും മുന്നോട്ട്. ആദ്യ സെൽ ഒരു വയൽ പ്രദേശവും കാടോരവും ചേർന്ന സ്ഥലം. ഇന്ത്യൻ ബ്ലൂ റോബിൻ, കേരളാ ലാഫിങ് ത്രഷ്, വേർഡിറ്റർ ഫ്ലൈ ക്യാച്ചർ, നീൽഗിരി ഫ്ലൈ ക്യാച്ചർ അടക്കം നല്ലൊരു കൂട്ടം. അതും കഴിഞ്ഞു വീണ്ടും മുന്നോട്ട്. തേയിലത്തോട്ടം മാത്രം. അടുത്ത സെല്ലിൽ കൂടുതലായി ഒന്നുമില്ല. വഴിയിലൊക്കെ ആനപ്പിണ്ടം.12 മണിയോടെ യാത്ര, തിരികെ. റൂമിൽ എത്തുമ്പോ മറ്റുള്ളവർ എത്തിയിട്ടുണ്ട്. ഉച്ചയൂണും കഴിഞ്ഞു മൂന്നുമണിയോടെ ഇറങ്ങാനുള്ള പ്ലാനിൽ ഞങ്ങൾ പരിസരം നിരീക്ഷിക്കാനിറങ്ങി. കാനറി ഫ്ലൈ ക്യാച്ചർ, കരിമ്പൻ കാട്ടു ബുൾബുൾ, റോസ് ഫിഞ്ച്, വിസിലിംഗ് ത്രഷ് ……കുറച്ചു നല്ല ആക്ടിവിറ്റി. തിരികെ വന്നപ്പോ മുറ്റത്തിരിക്കുന്നു, ഒരു ഇന്ത്യൻ ബ്ലൂ റോബിൻ. ചന്ദ്രേട്ടൻ തന്ന കുറച്ചു ചെടികളുമായി ചിന്നക്കനാലിനു യാത്രാമൊഴി. അടുത്ത യാത്രവരെ ഒരു ബ്രേക്ക്.
Fantastic !!!!
Thank you for sharing this wonderful experience with us!