മാധവ് ഗാഡ്ഗിൽ അനുസ്മരണം

മാധവ് ഗാഡ്ഗിൽ അനുസ്മരണം

ഡോക്ടർ മാധവ് ഗാഡ്ഗിൽ അനുസ്മരണം ജനുവരി 28ന് വൈകിട്ട് 4.30ന് സാഹിത്യ അക്കാദമി ചങ്ങമ്പുഴ ഹാളിൽ.
ഗണിതത്തിന്റെ കൃത്യതയുള്ള പരിസ്ഥിതി ശാസ്ത്രം ലോകോത്തര സർവകലാശാലയായ ഹാർവാർഡിൽ പഠിച്ച ശേഷം 70 കളുടെ തുടക്കത്തിൽ ഇന്ത്യയിലേക്ക് മടങ്ങുകയാണ് മാധവ് ഗാഡ്ഗിൽ ചെയ്തത്. ബാംഗ്ലൂരിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ പരിസ്ഥിതി ശാസ്ത്ര പഠന കേന്ദ്രം ആരംഭിച്ചുകൊണ്ട് ഇക്കോളജിക്കൽ പഠനങ്ങൾക്ക് ഇന്ത്യയിൽ തുടക്കമിട്ടത് ഗാഡ്ഗിൽ ആയിരുന്നു. നിരവധി പ്രതിഭാധനരായ വിദ്യാർഥികളെ ഈ പഠനശാഖയിലേക്ക് അദ്ദേഹം ആകർഷിച്ചു. നിരവധി പേർക്ക് ഗവേഷണത്തിന് പ്രോത്സാഹനം നൽകി. സൂക്ഷ്മജീവികൾ മുതൽ ആനകൾ വരെയും സസ്യങ്ങളും പക്ഷികളും പ്രാണികളും മത്സ്യങ്ങളും മനുഷ്യനും നൂറ്റാണ്ടുകൾ ജീവിക്കുന്ന പൈൻ മരങ്ങളും അടങ്ങുന്ന ഇന്ത്യയിലെ ആവാസ വ്യവസ്ഥ ശാസ്ത്രീയ പഠനത്തിന് വേണ്ടി അദ്ദേഹം തുറന്നു. ഈ പഠനങ്ങൾക്കായി ഹിമാലയം മുതൽ പശ്ചിമഘട്ടം വരെയും നാഗാലാൻഡ് മുതൽ താർ മരുഭൂമി വരെയും ഇന്ത്യയിലെമ്പാടും അദ്ദേഹം സഞ്ചരിച്ചു. നമ്മുടെ പ്രകൃതി വിഭവങ്ങളെയും അതിനൊപ്പം ജീവിക്കുന്ന ജനസമൂഹങ്ങളെയും പഠിച്ചു. പഠനവും അധ്യാപനവും ഗവേഷണവും ജന സമ്പർക്കവും ഒരേ സമർപ്പണത്തോടെ ഗാഡ്ഗിൽ മുന്നോട്ട് കൊണ്ടുപോയി.
ഇന്ത്യയുടെ അതിവിപുലമായ ജൈവവൈവിധ്യം സംരക്ഷിക്കാനായി ശബ്ദമുയർത്തി. അദ്ദേഹത്തിൻറെ ശ്രമഫലമായി നീലഗിരി മേഖല സംരക്ഷിത വനമായി പ്രഖ്യാപിക്കപ്പെട്ടു. ബന്ദിപ്പൂർ വനം വന്യജീവി സങ്കേതം എന്ന നിലയിൽ അംഗീകരിക്കപ്പെട്ടു. പരിസ്ഥിതി അവബോധം ഉയർത്തിയ സൈലൻറ് വാലി, ചിപ്കോ, പശ്ചിമഘട്ട സംരക്ഷണ സമരങ്ങളിൽ എല്ലാം അദ്ദേഹം പങ്കുകൊണ്ടു. ജൈവ വൈവിധ്യ നിയമം (2002), വനാവകാശ നിയമം (2006) എന്നീ നിയമങ്ങളിൽ അദ്ദേഹത്തിന്റെ പരിശ്രമത്തിന്റെ മുദ്ര പതിഞ്ഞിട്ടുണ്ട്. പശ്ചിമ ഘട്ട സംരക്ഷണത്തിനായി ഗാഡ്ഗിലിന്റെ നേതൃത്വത്തിൽ രൂപംകൊണ്ട റിപ്പോർട്ട് കേന്ദ്ര സംസ്ഥാന സർക്കാരുകൾ അവഗണിച്ചു എന്നുള്ളത് ആ റിപ്പോർട്ടിന്റെ കുഴപ്പമല്ല, അധികാരം വിജ്ഞാന വിരുദ്ധമായി മാറിയതിന്റെ ഫലമാണ്. ഇന്നിപ്പോൾ വീണ്ടും വീണ്ടും ആവർത്തിക്കുന്ന മണ്ണിടിച്ചിലും പ്രളയദുരന്തങ്ങളും നമ്മെ ഓർമ്മിപ്പിക്കുന്നത് ആർത്തിമൂത്ത ലാഭക്കൊതിയോടെ പരിസ്ഥിതിയെ ചൂഷണം ചെയ്യാൻ അനുവദിച്ചുകൂടാ എന്നുതന്നെയാണ്. ഗാഡ്ഗിൽ മുന്നോട്ടു വച്ച പ്രാദേശിക ജനസമൂഹത്തിന്റെ പങ്കാളിത്തത്തോടെ വികേന്ദ്രീകൃത ജനാധിപത്യ സംവിധാനങ്ങളിലൂടെയുള്ള പ്രകൃതി വിഭവ സംരക്ഷണം എന്നതാണ് നമ്മുടെ മുന്നിലുള്ള പരിഹാരമാർഗ്ഗം എന്നു കൂടി ഓർക്കാം.
പരിസ്ഥിതി ശാസ്ത്രത്തിന്റെ അക്കാദമിക തലങ്ങളിലും, പരിസ്ഥിതി സംരക്ഷണത്തിനായുള്ള പോരാട്ടങ്ങളുടെ തലങ്ങളിലും, ഒരുപോലെ പ്രവർത്തിച്ചുകൊണ്ട് സമകാലിക ഇന്ത്യയിലെ പൊതുമണ്ഡലത്തിലെ പ്രമുഖ ബുദ്ധിജീവിയായി ഡോക്ടർ മാധവ് ഗാഡ്ഗിൽ ഉയർന്നുവന്നു. അദ്ദേഹത്തിന്റെ കഴിവുകൾ ഏറ്റവും പിന്നോക്കം നിൽക്കുന്ന ഏതൊരാളെയും ഉൾക്കൊള്ളുന്ന വികസനത്തിനും പരിസ്ഥിതി സംരക്ഷണത്തിനും വേണ്ടി വിനിയോഗിച്ചു കൊണ്ട് ഭരണകർത്താക്കൾ മുതൽ ആദിവാസികൾ വരെയുള്ളവരോടൊപ്പം പ്രവർത്തിച്ച അസാധാരണ വ്യക്തിത്വമായിരുന്നു മാധവ് ഗാഡ്ഗിൽ. ഇന്ത്യയുടെ മഹാനായ ഈ ശാസ്തജ്ഞനെ, മനുഷ്യസ്നേഹിയെ ആദരിക്കാൻ, അദ്ദേഹത്തെ അടുത്തറിഞ്ഞ പ്രഗൽഭരുടെ വാക്കുകൾ കേൾക്കാൻ ഏവരേയും സ്വാഗതം ചെയ്യുന്നു.
Back to Top