രൂക്ഷമായിക്കുകൊണ് പ്രളയവും വരൾച്ചയും നമ്മുടെ തന്നെ കർമ്മ ഫലം ആണെന്ന് അറിയാമായിരുന്നിട്ടും വീണ്ടും പ്രകൃതിയെ ചൂഷണം ചെയ്യുന്ന മനുഷ്യർ. കൊണ്ടറിഞ്ഞും പഠിക്കാത്തവർ. മാലൂർ പുരളിമല കുന്നുകളുടെ ഇടയിലൂടൊഴുകുന്ന പൂവത്താർക്കുണ്ട് എന്ന അരുവി പ്രദേശത്തു വീണ്ടും തുടങ്ങാൻ പോകുന്ന ക്വാറിക്കെതിരെ എന്തുകൊണ്ട് നാട്ടുകാർ പ്രതികരിക്കുന്നു എന്നതിന്റെ ഉത്തരമാണ് മുകളിൽ. കൂറ്റൻ കരിങ്കൽ പാളികൾക്കിടയിലൂടെ ഒഴുകുന്ന അരുവി ,ഈ കടുത്ത വേനലിലും പ്രകൃതി തീർത്ത കരിങ്കൽ ഭിത്തിയിൽ നിന്നും കിനിഞ്ഞിറങ്ങുന്ന തെളിനീരുറവ, അതാണ് ആ പ്രദേശത്തിന് കുടിവെള്ളം നൽകുന്നത്. അതില്ലാതായാൽ പിന്നെ കിണറുകൾ വരളും.
മൺപാതയോരത്തിന്റെ ഒരു വശത്തു ക്വാറികളും മറുവശത്തു റബ്ബർ തോട്ടവും അതിന്റെ മുകളിലെ കുന്നിൽ വാഴയും കവുങ്ങും അവയ്ക്കു അതിരായി ഒഴുകുന്ന നീർച്ചാലും. ഉരുളൻ കല്ലുകളും അഗാധ ഗർത്തങ്ങളും ഉള്ള അരുവി മഴക്കാലത്ത് അപകടകാരിയാവുമെന്നു കണ്ടാലേ അറിയാം. ശ്രദ്ധിച്ചു നടന്നില്ലെങ്കിൽ അപകടം ഉറപ്പ്.. നാട്ടിന് ശുദ്ധജലം ആവോളം നൽകുന്ന അരുവിയും പ്രദേശങ്ങളും മറ്റുള്ളവയെപ്പോലെ പക്ഷികൾക്കും ആവാസമൊരുക്കുന്നുണ്ട്. അടുത്തടുത്തായി മലനിരകൾ, പശ്ചിമഘട്ടനിരകളുടെ നീണ്ടുകിടക്കുന്ന കാടുകൾ. ഒരു ജൈവ വ്യവസ്ഥ ഇല്ലാതായാൽ അത് പ്രകൃതിയിൽ ഒരുപാട് മാറ്റങ്ങൾക്കു കാരണമാകും. (ഇപ്പോൾ രണ്ടു ക്വാറികൾ അവിടെ പ്രവർത്തിക്കുന്നുണ്ട് ).
1800 മുതൽ 2000 അടിവരെ ഉയരമുള്ള പുരളിമല പഴശ്ശി രാജാവിന്റെ ഒളിയിടമായിരുന്നു. കനത്ത കാട്. ഹരിശ്ചന്ദ്ര കോട്ട, കോട്ടക്കുളം, മയിലാടുംപാറ ഗുഹ, പുരളിമല മുത്തപ്പൻ മടപ്പുര, ചിത്രപീഠം, പെരിങ്ങാനം മടപ്പുര എന്നിവ പുരളിമലയുടെ ഭാഗങ്ങളിൽ സ്ഥിതി ചെയ്യുന്നു. പഴശ്ശി രാജാക്കന്മാരുടെ ക്ഷേത്രമായ മൃദംഗശൈലേശ്വരിക്ഷേത്രം, ഇതിന്റെ താഴ്വാരത്തിലാണ്. ധാരാളം ഔഷധ സസ്യങ്ങളാൽ സമ്പന്നമാണ് പുരളിമലക്കാടുകൾ. മ്ലാവുകൾ നിത്യസന്ദർശകരാണ് അവിടെ എന്ന് കാൽപ്പാടുകൾ കണ്ടപ്പോൾ മനസ്സിലായി. നശിപ്പിക്കുക എന്നല്ലാതെ സംരക്ഷിക്കുക എന്നത് ആധുനികതയുടെ നിഘണ്ടുവിൽ ഇല്ലെന്നു തോന്നുന്നു. കീഴാറ്റൂർ വയലുകളും ശാന്തിവനവും മറ്റും ഇനി എത്രനാൾ ! തലശ്ശേരി മുതൽ കൂട്ടുപുഴ വരെ നീളുന്ന വളവുപാറ റോഡ് വന്നതിൽ പിന്നെ റോഡ് സൈഡിൽ മരങ്ങൾ ഇല്ലാതായി. ഇപ്പോൾ മാഹി ബൈപാസ് റോഡ് പണി കാണുമ്പൊൾ തന്നെ ഭീതിയാണ്. ഉച്ചക്ക് അതുവഴി പോകുന്നവർ സൂര്യന്റെ കരുണക്ക് പ്രാർത്ഥിക്കണം.
ഏകദേശം രണ്ടു മണിക്കൂറോളം ആ പ്രദേശത്തു ചിലവഴിച്ചു കിട്ടിയ പക്ഷികളുടെ ലിസ്റ്റ് ആണ് ചുവടെ. ഒരേ ഒരു പ്രാവശ്യം, അതും കുറഞ്ഞ സമയം നിരീക്ഷിച്ചു കിട്ടുന്ന ലിസ്റ്റിൽ അവിടെ ഉള്ളവയെല്ലാം പെടില്ല, എന്നിട്ടും നല്ലൊരു കൂട്ടം പക്ഷികൾ അവിടെ ഉണ്ടെന്നു മനസ്സിലാക്കാനായി. കൂടാതെ ദേശാടകരൊക്കെ പോയിക്കഴിഞ്ഞു. ചെങ്കുത്തായ പാറകളും അരുവിയിൽ ചിതറിക്കിടക്കുന്ന ഉരുളൻ കല്ലുകളും നിറഞ്ഞ പ്രദേശം ത്രഷുകളുടെ തനതു ആവാസകേന്ദ്രമാണ്. മുൾക്കാടുകൾ, ചെറുപഴങ്ങളുള്ള കുറ്റിച്ചെടികൾ ഇവ കൂടുതലായത് ബുൾബുളുകളെ വല്ലാതെ ആകർഷിച്ചു കാണുന്നു. മഞ്ഞച്ചിന്നൻ ബുൾബുളുകളുടെ നല്ലൊരു കൂട്ടം, കൂടെ ഇരട്ട തലച്ചികളും അവിടെ കാണാൻ കഴിഞ്ഞു.
പക്ഷികളുടെ ലിസ്റ്റ്:
- Indian Peafowl (മയിൽ )
- Common Hawk -cuckoo (പേക്കുയിൽ )
- Banded Bay-cuckoo (ചെങ്കുയിൽ )
- Asian Koel (നാട്ടുകുയിൽ )
- White-cheeked Barbet (ചിന്നകുട്ടുറുവൻ)
- Malabar Parakeet (നീലത്തത്ത )
- Common Iora (അയോറ)
- Red-whiskered Bulbul (ഇരട്ടത്തലച്ചി ബുൾബുൾ )
- Red-vented Bulbul (നാട്ടുബുൾബുൾ )
- Yellow-browed Bulbul (മഞ്ഞച്ചിന്നൻ )
- Flame throated Bulbul (മണികണ്ഠൻ )
- Blue capped Rock Thrush (മേനിപ്പാറക്കിളി )
- Crested Serpent Eagle (ചുട്ടിപ്പരുന്ത്)
- Greater Flameback (വലിയ പൊന്നിമരംകൊത്തി )
- Black rumped Flameback (നാട്ടുമരംകൊത്തി )
- Common Tailor bird (തുന്നാരൻ )
- Asian Fairy blue bird (ലളിത )
- Malabar Whistling Thrush (ചൂളക്കാക്ക)
- Orange headed Thrush (കുറിക്കണ്ണൻ കാട്ടുപുള്ള്)
- Green Bee eater (നാട്ടു വേലിത്തത്ത)
- Eurasian Kestrel (വിറയൻ പുള്ള്)
- Grey -breasted Prinia (താലിക്കുരുവി)
- Rufous Babbler (ചെഞ്ചിലപ്പൻ )
- Purple -rumped Sunbird (മഞ്ഞത്തേൻ കിളി )
- Nilgiri Flowerpecker (കരിഞ്ചുണ്ടൻ ഇത്തിക്കണ്ണി കുരുവി )