19 നവംബര്‍ 2017 (ഞായറാഴ്ച) ഞങ്ങള്‍ 40പേരടങ്ങുന്ന ഒരു സംഘം ചാവക്കാട് കടപ്പുറത്ത് നിന്നും കടലിലേക്ക് പക്ഷികളെത്തേടി ഒരു യാത്ര നടത്തുകയുണ്ടായി. നാട്ടിന്‍ പുറങ്ങളിലും, തണ്ണീര്‍തടങ്ങളിലും, കാടുകളിലും പക്ഷി സര്‍വ്വേകള്‍ പതിവാങ്ങെങ്കിലും കടല്‍ പക്ഷി സര്‍വേകള്‍ മേല്‍സൂചിപ്പിച്ച സര്‍വ്വേകളെ അപേക്ഷിച്ച് കുറവാണ്. എന്നിരിക്കിലും കടല്‍ പക്ഷി സര്‍വ്വേകള്‍ക്ക് ഇന്ത്യയില്‍ തുടക്കം കുറിച്ചത് കേരളമാണ്. 2010ലാണത്, തുടര്‍ന്നങ്ങോട്ട് ഏകദേശം നാല്‍പതോളം കടല്‍ യാത്രകള്‍! അതില്‍ സുപ്രധാനമായ ധാരാളം കണ്ടെത്തലുകള്‍, പുതിയ അറിവുകള്‍.
ഉദാഹരണമായി ഇന്ത്യന്‍ തീരങ്ങളില്‍ ഇന്നേവരെ കണ്ടിട്ടില്ലാത്ത 5ഓളം ഇനം പുതിയ പക്ഷികളെ കഴിഞ്ഞ 7വര്‍ഷത്തിനുള്ളില്‍ കണ്ടെത്തി. നമ്മുടെ കടല്‍ത്തീരങ്ങളില്‍ അപൂര്‍വമെന്നു കരുതിയിരുന്ന പല പക്ഷികളും കടലില്‍നിന്നും 100-200മീറ്റര്‍ സഞ്ചരിക്കുമ്പോള്‍ സര്‍വസാധരണമാണെന്ന തിരിച്ചറിവ്, കടല്‍പക്ഷികളും കടല്‍ എന്ന ആവാസവ്യവസ്ഥയും അഭിമുഖകരിക്കുന്ന പ്രശ്നങ്ങള്‍ അങ്ങനെ ധാരാളം പുതിയ അറിവുകള്‍ നേടിത്തന്ന സര്‍വേകള്‍. കേരളത്തിലെ എല്ലാ പക്ഷി നിരീക്ഷകര്‍ക്കും തികച്ചും അഭിമാനിക്കാവുന്ന നേട്ടമാണിത്.
ലോകത്തില്‍ വച്ചേറ്റവും വംശനാശഭീഷണി നേരിടുന്ന പക്ഷി കുടുംബങ്ങളില്‍ ഒന്നാണ് കടല്‍ പക്ഷികള്‍. മറ്റുള്ളവയെ അപേക്ഷിച്ച് വളെരെ വേഗത്തിലാണ് ഇവയുടെ എണ്ണം കുറഞ്ഞു കൊണ്ടിരിക്കുന്നത്. കഴിഞ്ഞ 60കൊല്ലം കൊണ്ട് ഇവയ്ക്ക് 70% ത്തിലേറെ നാശം സംഭവിച്ചതായി 2012-ല്‍ പുറത്തു വന്നിട്ടുള്ള പഠനങ്ങള്‍ കാണിക്കുന്നു. ഭൂഖണ്ഡാന്തര ദേശാടനം നടത്തുന്ന ഇവയില്‍ മിക്കതും പ്രജനനം നടത്തുന്നത് മനുഷ്യവാസമില്ലാത്ത ഒറ്റപ്പെട്ട ദ്വീപുകളിലാണ്.
പ്രധാന കണ്ടെത്തലുകള്‍
8മണിക്കൂര്‍ അറബിക്കടലിലൂടെ 40കിലോമീറ്ററോളം പടിഞ്ഞാറോട്ട് സഞ്ചരിച്ച് 10ഇനങ്ങളിലായി 150ല്‍പ്പരം കടല്‍പക്ഷികളെ കണ്ടെത്താനായി. 80ഓളം കരണ്ടിവാലന്‍ സ്കുവകളെയും (Pomarine Skua) 20ഓളം മുള്‍വാലന്‍ സ്കുവകളെയും (Arctic Skua), ഒരു വാലന്‍ സ്കുവയെയും (Long-tailed Skua) ഒറ്റയാത്രയില്‍ത്തന്നെ കണ്ടെത്താനായത് പ്രാധാന്യമര്‍ഹിക്കുന്നു. കൂടാതെ തവിടൻ കടൽആള (Bridled Tern), വലിയ കടൽആള (Greater Crested Tern) ചോരക്കാലി ആള (Common Tern), കടല്‍ കാക്കകള്‍ (gulls) എന്നിവയെയും ഈ പക്ഷി സര്‍വ്വേയില്‍ കണ്ടെത്തുകയുണ്ടായി.
ചില നിര്‍ദേശങ്ങള്‍
കടലിനെ നാം എന്നും ഒരു കുപ്പതൊട്ടിയായാണ് കണക്കാക്കുന്നത്. നമ്മുടെ പൊതുവേയുള്ള മനോഭാവം കടല്‍ എന്ത് മാലിന്യവും സ്വീകരിക്കുവാന്‍ ശേഷിയുള്ള ഒരു സ്ഥലമാണെന്നാണ്. മനുഷ്യവാസവും, മനുഷ്യസാമീപ്യവും ഇല്ലാത്തതുകൊണ്ട് ഒരു പ്രധാന മാലിന്യനിക്ഷേപക കേന്ദ്രമായി കടല്‍ മാറി. ഹോട്ടല്‍, റിസോര്‍ട്ട്, ഫാക്ടറി, ആശുപത്രി എന്നുവേണ്ട എല്ലാ മാലിന്യവും കടലില്‍ നിക്ഷേപിക്കപ്പെടുന്നു. ആ രീതിക്ക് മാറ്റം വരണം. കടലിലേക്ക് മാലിന്യം തള്ളുന്നത് പൂര്‍ണ്ണമായും ഒഴിവാക്കാന്‍ കര്‍ശനനടപടികള്‍ അധികാരികള്‍ സ്വീകരിക്കണം.
മറ്റൊന്ന് കേരളത്തിലെ Protected Area Networkല്‍ കടല്‍ എന്ന സുപ്രധാന ആവാസവ്യവസ്ഥ ഇന്ന് ഉള്‍പെട്ടിട്ടില്ല എന്നതാണ്. ഒരു Marine Protected Area കേരളത്തില്‍ തീര്‍ച്ചയായും ഉണ്ടാവേണ്ടതാണ്. 2015ല്‍ സംസ്ഥാന വൈല്‍ഡ്‌ലൈഫ് ബോര്‍ഡില്‍ അംഗമായിരിക്കുമ്പോള്‍ അത്തരം ഒരു നിര്‍ദേശം സര്‍ക്കാരിനു സമര്‍പ്പിച്ചിരുന്നു. അധികം താമസിയാതെ കേരളത്തിനൊരു Marine Protected Area ഉണ്ടാവുമെന്ന് നമുക്ക് ആശിക്കാം.
സംഘാടകര്‍
തൃശൂര്‍ ജില്ലാ സോഷ്യല്‍ ഫോറസ്ട്രി വിഭാഗത്തിന്‍റെ സഹായത്തോടെ Kole Birders, Birders Sans Borders, Koodu Maasika, Pathanamthitta Birders, MNHS, ചില്ല Nature Club, College of Forestry, Kerala Agricultural University എന്നീ സംഘടനകളുടെയും സ്ഥപനങ്ങളുടെയും നേത്രുത്വത്തില്‍ ആണ് സര്‍വ്വേ നടത്തിയത്. മുനക്കക്കടവിലെ നല്ലവരായ മത്സ്യതൊഴിലാളികളുടെ സഹായത്താലാണ് ഞങ്ങള്‍ക്ക് ഈ സര്‍വ്വേവിജയകരമാക്കാന്‍ സാധിച്ചത്. അതില്‍ ഞങ്ങളുടെ ബോട്ടിന്റെ കപ്പിത്താനായിരുന്ന ശ്രീ. റസാക്കിനോടുള്ള നന്ദി പ്രത്യേകം ഇവിടെ കുറിക്കുന്നു.