ആകൃതിയിലും പ്രകൃതിയിലും പക്ഷികുലത്തിലെ മറ്റു ചാർച്ചക്കാരിൽ നിന്നും ഏറെ വ്യത്യസ്തരാണ് മൂങ്ങകൾ. അല്ലെങ്കിൽ തന്നെ ദിവാചരരായ ബന്ധുക്കളുമായി അത്ര രസത്തിലുമല്ല കക്ഷി. ചെറുപ്പത്തിൽ നാടുവിട്ട പയ്യൻ കാലമേറെ കഴിഞ്ഞ് സ്വത്തുചോദിച്ച് തറവാട്ടിൽ വന്നുകേറിയാലുണ്ടാകുന്ന പുകിലാണ് പകൽവെട്ടത്തിൽ മൂങ്ങകൾക്ക് നേരിടേണ്ടി വരിക. മറ്റുള്ളവരെല്ലാംകൂടി സംഘം ചേർന്ന് ആക്രമിക്കാനും മടിക്കില്ലെന്ന് കൂമനറിയാം. “നിന്റെയൊക്കെ കളി പകലല്ലേ നടക്കുകയുള്ളൂ.., ധൈര്യമുണ്ടെങ്കിൽ ഇരുട്ടത്ത് വാടാ!” എന്നും പുലമ്പി ഒരു പുച്ഛനോട്ടവുമായാകും കൂമൻ തടിതപ്പുക.

വിശ്വാസങ്ങൾക്കുമപ്പുറം ഒരുപാട് വിശേഷങ്ങൾ ഈ പക്ഷിവർഗ്ഗത്തിനുണ്ട്. പരിണാമദശയുടെ വിവിധ ഘട്ടങ്ങളിലായി ആർജിച്ചെടുത്ത ഇവയുടെ കഴിവുകൾ ഇന്നും ശാസ്ത്രലോകം വിസ്മയത്തോടെയാണ് നോക്കികാണുന്നത്. ഓരോ ഇലയനക്കവും തിരിച്ചറിയുന്ന ശ്രവണശക്തി, നേരെ പിറകോട്ടുപോലും തിരിക്കാനാവുന്ന തല, ശരീരത്തിന്റെ വലുപ്പത്തോട് തട്ടിച്ചുനോക്കുമ്പോൾ വളരെ നീളമേറിയ ചിറകുകൾ, ബലിഷ്ഠമായ കൊക്ക്, നിശബ്ദമായി പറക്കാനുള്ള കഴിവ്, മങ്ങിയ പ്രകാശത്തിലുമുള്ള അത്യുഗ്രൻ കാഴ്ച എന്നിവയൊക്കെയായി നിശാവേട്ടയിൽ തന്റെ ഏതു പ്രതിയോഗിയേക്കാളും മേൽകൈ മൂങ്ങകൾക്കുണ്ട്. ലോകത്താകെമാനമായി കണ്ടുവരുന്ന ഇരുനൂറ്റിഇരുപതോളം മൂങ്ങാ-സ്പീഷ്യസുകളുടെ പ്രധാന സവിശേഷതകൾ സമാനമെങ്കിലും, തങ്ങളുടേതായ ആവാസവ്യവസ്ഥയ്ക്കും ഇരകൾക്കനുസരിച്ചും പ്രകൃത്യാ നേടിയെടുത്ത ചില വ്യത്യാസങ്ങൾ ഇവ തമ്മിലുണ്ട്. ഉദാഹരണമായി ചിലയിനം മീൻ കൂമന്മാരുടെ കാര്യം നോക്കൂ. വെള്ളത്തിലിറങ്ങാനോ നനയാനോ മീൻകൂമന് തീരെ മടിയില്ല. മറ്റുമൂങ്ങകളെപ്പോലെ പതുങ്ങിനടന്ന് ഇരതേടുന്നതുമല്ല മീൻകൂമന്റെ രീതി. ഇതുകൊണ്ടുതന്നെ ഇവയുടെ ചിറകുകൾക്ക് പറക്കുമ്പോളത്തെ നിശബ്ദത കുറവെങ്കിലും ജലക്രീഡകൾക്ക് അനുയോജ്യമാം വിധം പെട്ടന്ന് വെള്ളം തോർന്നുകിട്ടുന്നവയാണ്.

മിക്ക പക്ഷികൾക്കും മുഖത്തിന്റെ വശങ്ങളിലായാണ് കണ്ണുകൾ. എന്നാൽ മൂങ്ങയുടെ മിഴികളാകട്ടെ നേരെ മുന്നിലാണ്. ഏതൊരു വസ്തുവിനേയും ഇരുനയങ്ങളാലും ഒരേസമയം ഫോക്കസ് ചെയ്യാൻ ഈ ക്രമീകരണം സഹായിക്കുന്നു. ഇത്തരം ദൃഷ്ടിക്ക് ‘ബൈനോക്കുലർ വിഷൻ’ എന്നാണ് പേര്. ഗാഢമായ ഗ്രഹണശക്തി ബൈനോക്കുലർ വിഷന്റെ സവിശേഷതയാണ്. നൂറ്റിപ്പത്തു ഡിഗ്രിയോളമാണ് കൂമന്മാരുടെ വീക്ഷണപരിധി. ഇതിൽ എഴുപതു ഡിഗ്രിയും ബൈനോക്കുലർ തന്നെ.

കണ്ണുകളുടെ സംരക്ഷണത്തിനായി മൂന്നു കവചങ്ങൾ (eye lid) മൂങ്ങകൾക്കുണ്ട്. ‘അപ്പർ ഐ ലിഡ്’ മൂങ്ങ കണ്ണുചിമ്മുമ്പോളൊക്കെ അടയുന്നു. ‘ലോവർ ഐ ലിഡ്’ ആകട്ടെ ഉറങ്ങുമ്പോളാണ് അടഞ്ഞിരിക്കുക. കോണോടുകോൺ ചലിക്കുന്ന മൂന്നാമത്തെ കവചത്തിന്റെ പേര് ‘nictitating membrane’ എന്നാണ്. ഇരപിടുത്തമുൾപ്പടെയുള്ള വേഗപ്പറക്കലിനിടയിലാണ് ഈ സുതാര്യ പാടയുടെ ആവിശ്യം. കാഴ്ച്ചയുറപ്പുവരുത്തുന്നതിനോടൊപ്പം പരുക്കുകളിൽ നിന്നുള്ള പരിരക്ഷയും നിക്റ്റിറ്റേറ്റിങ് മെംബ്രേയ്ന്റെ ധർമ്മമാകുന്നു.
നമ്മുടെ കഥാനായകന്റെ കാഴ്ചശക്തിയെപ്പറ്റി ഇത്രയൊക്കെ പറഞ്ഞസ്ഥിതിക്ക് മറ്റൊരു കാര്യം കൂടി സൂചിപ്പിക്കാതെ പോകുന്നത് ശരിയല്ല.
ഫ്ലാഷ് ലൈറ്റുകളോട് മൂങ്ങാക്കണ്ണുകൾ എങ്ങനെ പ്രതികരിക്കുന്നുവെന്നത് ഇന്നൊരു ചർച്ചാവിഷയമാണ്. എന്നാൽ ഇതൊന്നും പ്രശ്നമുള്ള കാര്യമേയല്ലെന്നും; അതല്ല മൂങ്ങക്ക് നേരെ ഫ്ലാഷ് ഉപയോഗിക്കാനേ പാടില്ല എന്നും പറയുന്നവരുമുണ്ട്. ഏതെങ്കിലും ഒരുപക്ഷമാണ് ശരിയെന്നു സമർത്ഥിക്കണമെങ്കിൽ മൂങ്ങയോട് തന്നെ നേരിട്ട് ചോദിക്കേണ്ടി വരുന്ന അവസ്ഥ. എങ്കിലും എന്റെ വ്യക്തിപരമായ അഭിപ്രായം പ്രകടിപ്പിക്കാമല്ലോ അല്ലെ…?
ഇരുട്ടുമുറിയിലിരിക്കുമ്പോൾ ആരെങ്കിലും മുഖത്തേക്ക് ടോർച്ചടിച്ചാൽ നമുക്കുണ്ടാകുന്ന അലോസരത്തെക്കുറിച്ച് ചിന്തിച്ചു നോക്കൂ. അപ്പോൾ പിന്നെ മനുഷ്യനേക്കാൾ അമ്പതിരട്ടി ലൈറ്റ് സെൻസിറ്റിവിറ്റിയുള്ള കൂമന്മാരുടെ കാര്യം പറയണോ… ശക്തിയേറിയ ഫ്ലാഷുകൾ മൂങ്ങകളിൽ ഒരു തരം താൽക്കാലിക അന്ധതയ്ക്കെങ്കിലും കാരണമാകുന്നുണ്ടത്രേ! കൊടും വെയിലിൽ നിന്ന് ഇരുട്ടുമുറിയിലേക്കു കയറുമ്പോഴത്തെ അവസ്ഥയേക്കാൾ കഷ്ടമാണിത്. ഫങ്ഷണൽ ബ്ലൈൻഡ്നെസ്സ് എന്നിതറിയപ്പെടുന്നു. പറക്കുമ്പോഴോ മറ്റോ ആണിത് സംഭവിക്കുന്നതെങ്കിൽ കൂമന്റെ ജീവനെടുക്കാൻ മാത്രം പോന്ന അപകടങ്ങൾക്കും കാരണമായേക്കാം. സ്ഥിരമായുള്ള ഫ്ലാഷ് പ്രഹരങ്ങൾ രാത്രിക്കാഴ്ചയെ ബാധിക്കുന്ന തരത്തിലുള്ള പരുക്കുകൾക്കും കാരണമാകുന്നു. ഇങ്ങനെയൊക്കെയാണെങ്കിലും രാത്രി മൂങ്ങയെ തപ്പിയിറങ്ങുന്ന ഫോട്ടോഗ്രാഫർക്ക് അവയുടെ ചിത്രമെടുക്കാതെ വിടുക എന്നതും വിഷമകരമായ തീരുമാമായിരിക്കും. പക്ഷേ ആ തീരുമാനത്തിന് കേവലം ഒരു ഫോട്ടോഗ്രാഫറിൽ നിന്നും പക്ഷിസ്നേഹിയിലേക്കുള്ള അന്തരം തീർച്ചയായും ഉണ്ടായിരിക്കും. പക്ഷിയേക്കാൾ വലുതല്ല പക്ഷിച്ചിത്രം എന്ന തിരിച്ചറിവും പാകതയുമെത്താൻ സമയം എടുക്കും. എന്നിരുന്നാലും ശക്തിയേറിയ ഫ്ലാഷ് ലൈറ്റുകൾ ഒഴിവാക്കാൻ ശ്രമിക്കുമല്ലോ… പക്ഷിനിരീക്ഷകർ തന്നെ പക്ഷികൾക്ക് പാരയാകാതെയിരിക്കട്ടെ…
കൂമന്മാരിൽ ഏറ്റവും കൗതുകമുളവാക്കുന്ന കാര്യമാണ് അവയുടെ തല പുറകോട്ട് തിരിക്കാനുള്ള കഴിവ്. തൊടിയിലോ മറ്റോ ഒരു നത്തിനെ രഹസ്യമായി പിന്നിൽ നിന്ന് നിരീക്ഷിക്കാമെന്നോർത്തിറങ്ങിയാലറിയാം കാര്യം, ഇരുന്നഇരുപ്പിൽ തലമാത്രം പുറകോട്ട് തിരിച്ചു “ഇവനാരെടാ ?!” എന്ന മട്ടിലവൻ നമ്മെ നോക്കിക്കളയും. നത്തിതൊക്കെ വളരെ നിസ്സാരമായി ചെയ്യുമെങ്കിലും, സങ്കീർണമായ അസ്ഥീ-നാഡീവ്യൂഹവ്യവസ്ഥയാണ് മൂങ്ങകൾക്ക് ഈ കഴിവൊക്കെ നൽകുന്നത്.

മനുഷ്യന് തന്റെ തലയ്ക്കും നട്ടെല്ലിനുമിടയിൽ രണ്ടു അസ്ഥിബന്ധങ്ങളുള്ളപ്പോൾ (Occipital articulation) മൂങ്ങക്ക് ഒരു ബന്ധനം മാത്രമാണുള്ളത്. നമുക്ക് കാലിലൂന്നി ശരീരം തിരിക്കാമെന്നതു പോലെ, കഴുത്തിലെ ഒരു സോക്കറ്റ് പോയിന്റിനെ അടിസ്ഥാനമാക്കി 270 ഡിഗ്രിയോളം തല തിരിക്കാൻ മൂങ്ങകൾക്കാകുന്നു. ഇത്തരം ചലനങ്ങൾക്കനുസൃതമാം വിധമാണ് അവയുടെ പേശികളും ക്രമീകരിച്ചിരിക്കുന്നത്. മിക്കജീവികളുടെയും കഴുത്തിലേക്കുള്ള ധമനികൾ നേർത്തതും, ലോലവുമാണ്. വലിയ ആംഗിളിൽ തലതിരിച്ചുവെന്നാലും തലച്ചോറിലേക്കുള്ള രക്തയോട്ടം സുഗമമായി നടക്കുന്നതിനായി ഒരു ‘ബാക്ക്-അപ്പ് ആർട്ടറിയും’ (Jugular veins) മൂങ്ങകൾക്കുണ്ട്. എന്നാൽ മൂങ്ങകൾക്ക് മാത്രമുള്ള പ്രിത്യേകതയല്ല കേട്ടോ ഇത്. ‘Red-tailed hawk’ -നെ പോലെ ചില പരുന്തുവർഗ്ഗക്കാർക്കും ഈ കഴിവുണ്ട്.
മനുഷ്യന്റെ കണ്ണുകൾ ഏകദേശം ഗോളാകൃതിയിലാണെങ്കിൽ മൂങ്ങാക്കണ്ണുകൾ ട്യൂബുലാർ ആകൃതിയിലാണ്. മികച്ച ‘ടെലിസ്കോപിക് വിഷൻ’ പ്രാപ്യമാക്കാനുള്ള ഒരു ടെക്നിക്കാണിത്. ഇവയുടെ നേത്രങ്ങൾ തലയോട്ടിയിലെ പ്രത്യേക കൺകുഴിയിൽ (Sclerotic rings) അനക്കമില്ലാത്ത രീതിയിലാണ് യോജിപ്പിച്ചിരിക്കുന്നത്. അതുകൊണ്ടു തന്നെ മൂങ്ങാക്കണ്ണുകൾക്ക് ചലനശേഷി ഇല്ല. എവിടെ നോക്കിയാലും അവയുടെ കണ്ണുകൾ ഒരേ ദിശയിൽ മുന്നിലേക്കു തന്നെയിരിക്കും. മറ്റു ദിശകളിലേക്ക് ദർശനം കിട്ടാൻ തല ആ ദിശയിലേക്കു തന്നെ തിരിക്കേണ്ടി വരും. മൂങ്ങകൾക്ക് 360° തല തിരിക്കാമെന്ന വിശ്വാസം ശരിയല്ല. സാധാരണ സ്ഥാനത്തു നിന്നും 270° വലത്തോട്ടോ ഇടത്തോട്ടോ തിരിയ്ക്കാനാണ് മൂങ്ങയ്ക്ക് കഴിയുക. അതുപോലെ തന്നെ 90° വീതം മുകളിലോട്ടും താഴോട്ടും ചലിപ്പിക്കാനുമാകും.

ചില സാഹചര്യങ്ങളിൽ കാഴ്ചയേക്കാളേറെ മൂങ്ങകകളെ നിശാവേട്ടയിൽ സഹായിക്കുന്നത് ശ്രവണസിദ്ധിയാണ്. സാറ്റലൈറ്റ് ഡിഷ് കണക്കെയുള്ള അവയുടെ മുഖം തന്നെ കേൾവിക്കായി ഡിസൈൻ ചെയ്തതാണ്. വലിയ കൂമന്മാർക്കെല്ലാം മുഖത്തിന് അതിരുവരച്ചതുപോലൊരു ഭാഗമുണ്ട്. കുറിയതും ബലമേറിയതുമായ തൂവലുകളുമാലാണിത് രൂപപ്പെട്ടിരിക്കുന്നത്. ഇതിനുൾവശത്താകട്ടെ അല്പം കുഴിഞ്ഞതും മൃദുലമേറിയതുമായ രോമങ്ങളുണ്ട്. ഈ ഭാഗത്തെ മുഖതാലം (Facial disk) എന്നൊക്കെ വിളിക്കാം. ശബ്ദ തരംഗങ്ങളെയെല്ലാം ഒരു ഫണലിലെന്ന പോലെ ചെവികളിലേക്ക് കേന്ദ്രീകരിക്കാൻ മുഖതാലം സഹായിക്കുന്നു. മിക്ക ജാതി മൂങ്ങകളുടേയും ചെവിയാകട്ടെ പ്രതിസാമ്യമില്ലാത്തതുമാണ്. ഇതുകൊണ്ടു തന്നെ ശബ്ദതരംഗങ്ങൾ ഇരുചെവികളിലുമെത്തുന്നതിനു തമ്മിൽ ഒരു ചെറിയ സമയവ്യത്യാസം ഉണ്ടാകും. ഈ വ്യത്യാസം കണക്കുകൂട്ടി ഇരയുടെ സ്ഥാനം സൂക്ഷ്മമായി കണ്ടെത്താൻ കൂമന്മാർക്കാകുന്നു. മനുഷ്യനേക്കാൾ പത്തിരട്ടി പ്രതികരണശേഷിയുള്ളതാണ് മൂങ്ങയുടെ കർണ്ണങ്ങൾ. ഒരടിയോളം മഞ്ഞിനടിയിലുള്ള ഇരയെ കണ്ടെത്താൻ പോലും മഞ്ഞുമൂങ്ങകളുടെ കേൾവിക്ക് കഴിയുന്നു.

ഒരു ഫാൽക്കനിൽ നിന്നോ പരുന്തിൽ നിന്നോ ഏറെ വ്യത്യസ്തമായിരിക്കും മൂങ്ങയുടെ വേട്ടതന്ത്രങ്ങൾ. ഇരുട്ടിന്റെ മറവിൽ, നിഗൂഢമായ നീക്കത്തിനൊടുവിൽ ഇരയെ കൈപ്പിടിയിൽ ഒതുക്കുമ്പോൾ മാത്രമാകും ഇര പോലും മൂങ്ങയുടെ സാന്നിദ്ധ്യം അറിയുക. ഇത്തരം ഇരപിടുത്തതിന് നിശബ്തമായ പറക്കൽ എത്ര അനിവാര്യമാണെന്ന് പറയേണ്ടതില്ലല്ലോ… മൂങ്ങയുടെ ചില ശാരീരിക പ്രത്യേകതകളാണ് നിശബ്ദ പറക്കൽ സാധ്യമാക്കുന്നത്. മൂങ്ങയുടെ ചിറകൾക്ക് അവയുടെ ശരീരത്തെ അപേക്ഷിച്ചു വലുപ്പക്കൂടുതൽ ഉണ്ട്. തന്മൂലം അല്പ പക്ഷചലനത്തിലൂടെ തന്നെ മതിയായ ലിഫ്റ്റ് കൂമന്മാർക്ക് ലഭിക്കുന്നു. എത്രമാത്രം ചിറകടി ഒഴിവാക്കുന്നുവോ അത്രയും നിശബ്തത കൈവരിക്കാനുമാകുന്നു. മാർദ്ദവമേറിയ മൂങ്ങാത്തൂവലുകളുടെ അഗ്രത്തെ തൊങ്ങലുകൾ ‘എയർ ടർബുലൻസ്’ പരമാവധി കുറയ്ക്കും. മാത്രമല്ല, ഇവയുടെ ചിറകിലുള്ള ‘വെൽവെറ്റ് ഘടന’ ശബ്ദ തരംഗങ്ങൾ ആഗീരണം ചെയ്യുന്ന തരത്തിലുമാണത്രേ…!


ആവാസവ്യവസ്ഥയിലുണ്ടാകുന്ന മാറ്റങ്ങൾ പോലെ തന്നെ വേട്ടയാടലും കള്ളക്കടത്തും ഇന്ത്യൻ വന്യജീവികളെ സാരമായി ബാധിക്കുന്നു. അന്ധവിശ്വാസങ്ങൾ ഒട്ടനവധിയെന്നതിനാൽ രാജ്യമാകമാനം മൂങ്ങകളുടെ വിപണനം സജീവമാണ്. ദീപാവലി-ദസറ ആഘോഷക്കാലം മൂങ്ങകളെ സംബന്ധിച്ച് ഏറ്റവും മോശം സമയമാണ്. നൂറുകണക്കിന് മൂങ്ങകളാണ് ഈ ആഘോഷവേളയുടെ മറവിൽ കുരുതിക്കളത്തിലെത്തുന്നത്. ഐശ്വര്യം, സമ്പത്ത്, ബിസിനസ് വിജയം എന്നിവയ്ക്കായി ഉത്തരേന്ത്യയിൽ മൂങ്ങകളെ ബലി നൽകുന്നു. ഒരേ സമയം ലക്ഷ്മീദേവിയുടെ വിശിഷ്ടവാഹനമായി ആദരിക്കുകയും, എന്നാൽ ദുർമന്ത്രവാദങ്ങളിൽ നിഷ്ടൂരമായി അവയുടെ കഴുത്തറുക്കുകയും ചെയ്യുന്നു. ഉത്തർപ്രദേശ്, ബംഗാൾ, മധ്യപ്രദേശ്, ആന്ധ്ര, ഗുജറാത്ത്, രാജസ്ഥാൻ, ബീഹാർ, ഡൽഹി എന്നിവടങ്ങളിലാണ് ഇത്തരം ചെയ്തികൾ ഏറ്റവും അധികം റിപ്പോർട്ട് ചെയ്യപ്പെടുന്നത്. മൂങ്ങയുടെ തലയോട്ടി, തൂവലുകൾ, നഖങ്ങൾ, ഹൃദയം, കരൾ, വൃക്ക, കണ്ണുകൾ, കൊക്ക്, മുട്ടത്തോട്, മാംസം, എല്ലുകൾ, കൊഴുപ്പ് തുടങ്ങിയവയെല്ലാം ദുർമന്ത്രവാദത്തിന് ഉപയോഗിക്കുന്നു. ഇത്തരം വിശ്വാസങ്ങൾ കേരളത്തിൽ കുറവെങ്കിലും വെള്ളിമൂങ്ങയുൾപ്പടെ ഉള്ള മൂങ്ങകളുടെ കള്ളക്കടത്ത് കേരളത്തിലും നടക്കുന്നുണ്ട്. 1972-ലെ ഇന്ത്യൻ വൈൽഡ്-ലൈഫ് പ്രൊട്ടക്ഷൻ ആക്ട് പ്രകാരം ഇന്ത്യയിൽ സ്വാഭാവികമായി കാണപ്പെടുന്ന എല്ലായിനം മൂങ്ങകളുടേയും വേട്ടയാടലും, വിപണനവും നിരോധിച്ചിട്ടുള്ളതാണ്. കൂടാതെ, ഷെഡ്യുൾ-1 ൽ ഉൾപ്പെടുത്തിയിരിക്കുന്ന മൂങ്ങകളെ വീട്ടിൽ വളർത്താൻ ശ്രമിക്കുന്നതു പോലും ഗൗരവകരമായ കുറ്റമാണ്. പക്ഷിനിരീക്ഷകർ എന്ന നിലയിൽ ഇത്തരം പ്രവർത്തനങ്ങൾ നടക്കുന്നതായറിഞ്ഞാൽ ഉടനടി പോലീസിനെയോ ഫോറസ്ററ് ഡിപ്പാർട്മെന്റിനെയോ അറിയിക്കാം. മാത്രമല്ല, മൂങ്ങയുടെ കൂട്, വിശ്രമസ്ഥലം എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ അപകടകരമാംവിധം ഷെയർ ചെയ്യാതിരിക്കാനും ശ്രദ്ധിക്കുമല്ലോ…
ഇപ്പോഴുള്ള മൂങ്ങകളെ രണ്ടു ഫാമിലികളിലായി തരം തിരിച്ചിട്ടുണ്ട്. വെള്ളിമൂങ്ങകൾ, പുൽമൂങ്ങകൾ, റിപ്ലിമൂങ്ങകൾ എന്നിവ ഉൾപ്പെടുന്ന Tytonidae ഫാമിലിയും മറ്റു സാധാരണ മൂങ്ങകളും നത്തുകളും ഉൾപ്പെടുന്ന Strigidae ഫാമിലിയും. ഹൃദയാകൃതിയിലുള്ള മുഖം Tytonidae-യുടെ പ്രത്യേകതയാണ്. നൂറ്റാണ്ടുകൾക്ക് മുൻപ് വംശനാശം വന്നുപോയ ഫോസിൽ മൂങ്ങകളെ ഉൾപെടുത്താനായി വേറെ നാലു ഫാമിലികളുമുണ്ട്. മൂങ്ങാവർഗ്ഗക്കാരെ സൂചിപ്പിക്കാൻ owl എന്നും owlet (നത്ത്) എന്നും പറയാറുണ്ട്. ഈ തരംതിരിവിന് ശാസ്ത്രീയമായ വിശദീകരണം ഒന്നുമില്ല. ചിലയിടങ്ങളിൽ മൂങ്ങാക്കുഞ്ഞുങ്ങളെ owlet എന്നാണ് വിളിക്കുന്നത്. അതുപോലെ തന്നെ Strigidae ഫാമിലിയിലെ ചില ചെറിയ മൂങ്ങകളെ സൂചിപ്പിക്കാനും owlet എന്നുപയോഗിക്കുന്നു. വ്യത്യസ്ത മൂങ്ങാജാതികൾക്കിടയിൽ തന്നെ ചില സ്വഭാവവ്യത്യാസങ്ങളുണ്ട്. ചിലയിനം മൂങ്ങകൾ രാത്രിയിൽ മാത്രം പുറത്തിറങ്ങുമ്പോൾ ചിലർ പകൽ സമയത്തും ആക്റ്റീവാണ്. ഇത്തരം വ്യത്യാസങ്ങളെക്കുറിച്ച് രസകരമായ ഒരു വിവരം വായിച്ചിട്ടുണ്ട്, എന്നാൽ ഇതിന്റെ ആധികാരികതയെക്കുറിച്ച് ഉറപ്പൊന്നും ഇല്ല കേട്ടോ. മഞ്ഞനിറത്തിലുള്ള കൃഷ്ണമണിയുള്ള മൂങ്ങകൾ പകൽവേട്ടക്കാരും (Daytime hunters), ഇരുണ്ട നിറത്തിലുള്ള കൃഷ്ണമണിയുള്ള മൂങ്ങകൾ രാത്രിവേട്ടക്കാരും (Nocturnal hunters), ഓറഞ്ച് കൃഷ്ണമണിയുള്ള മൂങ്ങകൾ സൂര്യോദയത്തിനു മുൻപും പ്രദോഷത്തിലും വേട്ടക്കിറങ്ങുന്നവരുമാണത്രേ (Crepuscular hunters)…
ഒറ്റനോട്ടത്തിൽ ഒരേപോലെ തോന്നിക്കുന്ന മൂങ്ങകളെ തിരിച്ചറിയാൻ അവയുടെ ശാരീരികപ്രത്യേകതകളും, ശബ്ദവും, സ്ഥലവും ഒക്കെ ശ്രദ്ധിക്കേണ്ടിവരും. ആ സമയത്ത് ആവശ്യമായി വന്നേക്കാവുന്ന ചില സൂചകപദങ്ങളാണ് താഴെ കൊടുത്തിരിക്കുന്നത്.
മൂങ്ങകളേക്കുറിച്ച് ഒരേകദേശ ആമുഖം പറയുവാൻ കഴിഞ്ഞെന്നു കരുതുന്നു. ഇനി കേരളത്തിലെ മൂങ്ങകളേപ്പറ്റി നോക്കാം. ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ കണ്ടുവരുന്ന 38 -ഓളം ഇനം മൂങ്ങകളിൽ, 15 സ്പീഷ്യസുകളെ കേരളത്തിൽ നിന്നും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
- Barn Owl – വെള്ളിമൂങ്ങ Tyto alba stertens
- Eastern Grass Owl – പുൽമൂങ്ങ Tyto capensis longimembris
- Ceylon Bay Owl – റിപ്ലി മൂങ്ങ Phodilus assimilis
- Jungle Owlet – ചെമ്പൻ നത്ത് Glaucidium radiatum radiatum
- Spotted Owlet – പുള്ളിനത്ത് Athene brama brama
- Indian Scops-Owl – ചെവിയൻ നത്ത് Otus bakkamoena bakkamoena
- Oriental Scops-Owl – സൈരന്ധ്രി നത്ത് Otus sunia
- Pallid Scops-Owl – തവിടൻ നത്ത് Otus brucei brucei
- Brown Hawk Owl – പുള്ളു നത്ത് Ninox scutulata hirsula
- Brown Fish Owl – മീൻ കൂമൻ Ketupa zeylonensis leschenault
- Mottled Wood Owl – കാലൻ കോഴി Strix ocellata ocellata
- Brown Wood Owl – കൊല്ലിക്കുറവൻ Strix leptogrammica indranee
- Short-eared Owl – പൂച്ച മൂങ്ങ Asio flammeus flammeus
- Spot-bellied Eagle-Owl – കാട്ടുമൂങ്ങ Bubo nipalensis nipalensis
- Indian Eagle-Owl – കൊമ്പൻ മൂങ്ങ Bubo bengalensis
കേരളത്തിലെ മൂങ്ങകൾ (Text) by Kausthubh K N is licensed under a Creative Commons Attribution 4.0 International License.