പ്രകൃതിസ്നേഹവും ഫോട്ടോഗ്രഫിയും ജീവിതരീതിയുടെ ഭാഗമാക്കിയ ഒരാൾക്ക് ജീവിതത്തെ പഠിക്കുവാനും അതിന്റെ സങ്കീർണ്ണമെന്ന് നാം കരുതുന്ന, ലളിതമായ പാഠങ്ങൾ പകരുവാനും പ്രകൃതിയോളം പോന്ന മറ്റൊരു മഹാഗുരുവില്ലല്ലോ. ഒരു കേവലബിന്ദുവിൽ നിന്ന് ഗരിമയോടെ മാത്രം വീക്ഷിക്കുന്നതിനാലാവും പലപ്പോഴും നമ്മുടെ കാഴ്ചയ്ക്ക് പ്രകൃതിയോളം വിശാലമായ ദർശനം കിട്ടാതെ പോകുന്നത്. പ്രപഞ്ചത്തിനു മുന്നിൽ വിനീതരാവുന്നതോടെ ആ പാഠങ്ങളുൾക്കൊള്ളാൻ നാം തയാറെടുക്കുകയാണ്. വിനീതരാവുക…
പ്രകൃതിയുടെ നിയമം പോലെ പുതുവർഷത്തിനു വേണ്ടി പോയവർഷം വഴിമാറുന്നതിന് രണ്ടുദിവസം മാത്രം ബാക്കിയുള്ളപ്പോൾ എനിക്കുണ്ടായ ഒരനുഭവം നിങ്ങളുമായി പങ്കുവെയ്ക്കട്ടെ.
ഒരു പക്ഷിനിരീക്ഷണ യാത്രയ്ക്കിടെ എറണാകുളത്തെ പുതുവൈപ്പ് തീരത്ത് പോയതായിരുന്നു ഞാൻ. ഉച്ചയ്ക്ക് രണ്ടുമണിയോടെ ഏകനായി അവിടെച്ചെന്ന ഞാൻ കണ്ടത് മുന്നൂറിൽപരം കടൽക്കാക്കകൾ (Gulls) ആ തീരത്ത് വിശ്രമിക്കുന്ന മനോഹര ദൃശ്യമാണ്.
സാമാന്യം വലുപ്പമുള്ള ,ബഹളം വെയ്ക്കാൻ ഇഷ്ടപ്പെടുന്ന ഈ പക്ഷികളെ കണ്ടുനിൽക്കാൻ വളരെ കൗതുകമാണ്. കൺകുളിർക്കെ കാണുന്നതിനൊപ്പം തന്നെ ക്യാമറ ഉപയോഗിച്ച് നിരവധി ചിത്രങ്ങളും ഞാൻ പകർത്തി. തുടർന്ന് പക്ഷികൾക്ക് ശല്യമാകാത്ത വിധം ഇഴഞ്ഞിഴഞ്ഞ് ഞാൻ അവയുടെ അടുത്തെത്താൻ ശ്രമിച്ചു. എന്നാൽ, ഞങ്ങൾ തമ്മിലെ ദൂരം കുറഞ്ഞു വരവെ കടൽകാക്കകളുടെ കൂട്ടം എന്നെ തിരിച്ചറിഞ്ഞു. ഒരാരവത്തോടെ അവ പറന്നുപൊങ്ങി ദൂരെപ്പോയി നിലയുറപ്പിച്ചു. ഒരു പക്ഷി ഒഴികെ…
ആ ചെറിയ കടൽകാക്ക(black headed gull) നിശ്ചലമായി വിശ്രമിക്കുകയാണെന്ന് തോന്നി. ഉച്ചതിരിഞ്ഞ നേരത്ത്, ചുട്ടുപഴുത്ത ആ കടൽതീരത്ത് ഒരനക്കം പോലുമില്ലാത്ത ആ പക്ഷിയെ സ്വാഭാവികമായും ഞാൻ ശ്രദ്ധിച്ചു. ഇതിലും നല്ല അവസരം കിട്ടാനില്ല എന്ന് വിചാരിച്ചുകൊണ്ട് നല്ല ചിത്രങ്ങൾക്കായി ഞാൻ പതിയെ ആ പക്ഷിയുടെ അടുത്തെത്തി.
ഞങ്ങൾക്കിടയിലെ അകലം മീറ്ററുകളിൽ നിന്ന് ഇഞ്ചുകൾ ആയി കുറഞ്ഞിട്ടും ഒന്നു ചിറകടിക്കാൻ പോലും കൂട്ടാക്കാതെ ആ പക്ഷി അവിടെ ഇരുന്നു.
കാര്യമായ എന്തോ പ്രശ്നം അതിനുണ്ടെന്ന് ഞാൻ അനുമാനിച്ചു. ഒന്നുകിൽ അതിന്റെ കാഴ്ച നഷ്ടപ്പെട്ടിരിക്കാം. അല്ലെങ്കിൽ എന്തെങ്കിലും മുറിവ് അതിനെ ചലനങ്ങളെ കീഴടക്കിയിരിക്കാം. കാരണം എന്റെ ശബ്ദം അത് കേൾക്കുന്നുണ്ട്. തലതിരിച്ചു നോക്കുന്നുമുണ്ട്.
ഇത്രയും അടുത്ത് ഒരു കടൽ പക്ഷിയെ കണ്ടപ്പോൾ എനിക്ക് കുറച്ചൊന്നുമല്ല സന്തോഷം തോന്നിയത്. അത് പറന്നു പോകില്ല എന്ന് മനസ്സിലാക്കിയ നിമിഷം ഞാൻ മനസ്സുകൊണ്ട് തുള്ളിച്ചാടി. ഒരുപാട് ചിത്രങ്ങൾ ഞാൻ പകർത്തി. എന്തിനേറെ ഭൂഖണ്ഡങ്ങൾ താണ്ടിവന്ന ആ സഞ്ചാരിയുടെ ഓട്ടോഗ്രാഫ് കണക്കെ ഒരു സെൽഫി പോലും എടുത്തു.
പക്ഷേ ആഹ്ലാദം പെട്ടെന്നസ്തമിച്ചു. ആ പക്ഷിയുടെ ദൈന്യത മനസ്സിലായപ്പോൾ എന്റെയുള്ളിലെ ജന്തുസ്നേഹി ഉണർന്നു. എന്തെങ്കിലും ചെയ്തേ തീരൂ എന്ന് ഞാൻ ചിന്തിച്ചു. ഈ അവസ്ഥ തുടർന്നാൽ പക്ഷി ഒന്നുകിൽ ഉഗ്രമായ വെയിലേറ്റ് പൊള്ളിപ്പിടയും. അതുമല്ലെങ്കിൽ തിരയിൽ പെടും.
ജീവൻ മരണത്തിന് കീഴടങ്ങുന്ന സാഹചര്യങ്ങൾ കൺമുന്നിൽ അരങ്ങേറുമ്പോൾ വികാരങ്ങളാണ് മനസ്സിനെ നിയന്ത്രിക്കുക. ആ അവസ്ഥ എത്ര പ്രായോഗികമായ യുക്തിയെയും പിന്നിലേക്ക് തള്ളുന്നു. നിസ്സഹായനായ ആ കടൽ പക്ഷിയെ കണ്ടപ്പോൾ എന്നെയും നിയന്ത്രിച്ചത് വികാരങ്ങളാണ്. മറ്റൊരു ജീവിയോട് മനുഷ്യന് മാത്രം തോന്നുന്ന ഒരനുകമ്പ.
പലവഴികളും ആലോചിച്ചു. ഇതിനെ രക്ഷിക്കണം, ഒരു സുരക്ഷിതമായ സ്ഥലത്തേക്ക് എടുത്തുവെച്ചാലോ? അല്ലെങ്കിൽ എടുത്ത് മറ്റു പക്ഷികളുടെ ഒപ്പം വെക്കാം. അതുമല്ലെങ്കിൽ പേടിപ്പിച്ച് ഇതിനെ പറത്തി വിട്ടാലോ ?
പക്ഷേ കാഴ്ചയിൽ നിന്നുതന്നെ ഒരു കാര്യം വ്യക്തമായിരുന്നു. പറക്കാൻ പോയിട്ട് രണ്ടു കാലിൽ നിവർന്നു നിൽക്കാൻ പോലും ആ സാധു പക്ഷിയ്ക്ക് ത്രാണിയില്ലായിരുന്നു.
സമയം കടന്നുപോകവെ മറ്റൊരു കൂട്ടർ അവിടെ എത്തുന്നതും ഞാൻ ശ്രദ്ധിച്ചു, ചക്കിപ്പരുന്തുകളും ബലിക്കാക്കകളും മാനത്ത് വട്ടമിടുന്നു. മരണത്തിന്റെ സാമീപ്യമറിഞ്ഞാവണം, പേനക്കാക്കകൾ എന്റെ ചുറ്റും വന്നിരുന്നു കഴിഞ്ഞു.
സഹതാപം എന്നെയുലച്ച ഒരു നിമിഷത്തിൽ രണ്ടും കൽപ്പിച്ച് ആ പക്ഷിയെ ഞാൻ ശ്രദ്ധയോടെ എടുത്തുയർത്തി. കാറ്റിനു നേരെ പിടിച്ചിട്ടു പോലും അത് പറക്കാൻ ശ്രമിച്ചില്ല.
നിറഞ്ഞ വേദനയോടെ ആ പക്ഷിയുടെ കണ്ണിലേക്ക് ഞാൻ നോക്കി.
ആ കണ്ണിൽ ഞാൻ എന്നെത്തന്നെ കണ്ടു…
ആ നിമിഷം ഞാൻ തിരിച്ചറിഞ്ഞു. ജീവിതം മുന്നോട്ടു പോകേണ്ടതുണ്ട്. അവിടെ മരണമെന്നത് ജനനമെന്ന അവസ്ഥയെക്കാൾ മുകളിലോ താഴെയോ അല്ല.
ജീവന്റെ പാഠം ഗുരുമുഖത്തു നിന്നെന്ന പോലെ അറിഞ്ഞിരിക്കുന്നു.
ഇനിയെന്തെന്നറിയാതെ നിൽക്കവേ ഗുരുതുല്യനായ നമീർ സാർ ഫോണിലൂടെ ആശ്വാസം പകർന്നു. “the Species is more important than the individual, leave it to Nature”.
ഒരു മൃഗസ്നേഹിയും ഒരു പ്രകൃതിസ്നേഹിയും തമ്മിലുള്ള അടിസ്ഥാന വ്യത്യാസം ആണ് ഞാൻ ആ സന്ദർഭത്തിൽ ഓർത്തത്. മൃഗസ്നേഹി തന്റെ മാത്രം വികാരങ്ങളെ മാനിച്ച് പ്രവർത്തിക്കുന്നു. യഥാർത്ഥ പ്രകൃതിസ്നേഹിയാകട്ടെ സഹജീവി സ്നേഹത്തോടൊപ്പം പ്രകൃതി നിയമത്തെയും ബഹുമാനിക്കുന്നു.
സംശയങ്ങൾ നീങ്ങിയിരിക്കുന്നു.
ഈ പക്ഷിയുടെ ദൈന്യതയും മരണവും തമ്മിലുള്ള ദൂരം എന്റെ സാമീപ്യം കൊണ്ട് കൂടുന്നതേയുള്ളൂ എന്ന് ഞാൻ മനസ്സിലാക്കി.
ഞാൻ നടന്നുനീങ്ങിയാൽ മരണം അതിനെ പുൽകും. അത് മറ്റൊരു ജീവന്റെ നിലനിൽപിന് ആശ്വാസമാകും.
എന്റെ വികാരം ഒരു ജീവന്റെ വേദനയെ അധികരിപ്പിക്കരുത് എന്ന് സ്വയം മനസ്സിലാക്കിയ ഞാൻ കയ്യിൽ കരുതിയിരുന്ന വെള്ളത്തിൽ അൽപം അതിന്റെ ദേഹത്ത് ഒഴിച്ചു കൊടുത്തു. ഒരു ലോകസഞ്ചാരിക്ക് മറ്റൊരു പഥികന്റെ പ്രണാമം. ആ പക്ഷിക്കും എന്റെ മനസാക്ഷിക്കും ഒരു ആശ്വാസത്തിന് വേണ്ടി മാത്രം. ക്യാമറയും മറ്റു സാമഗ്രികളുമെടുത്ത് ഞാൻ തിരികെ നടന്നു.
കുറച്ചുമാറിയ ശേഷം ഞാൻ അവസാനമായി ഒന്നു തിരിഞ്ഞുനോക്കി. ഒരു ചക്കിപ്പരുന്ത് ചാട്ടുളി പോലെ പറന്നിറങ്ങി ആ പക്ഷിയെ ആഞ്ഞുകൊത്തുന്നതാണ് കണ്ടത്. ഇത് പ്രതീക്ഷിച്ചെന്നപോലെ കടൽകാക്ക അതേറ്റുവാങ്ങി. ആ പക്ഷി ഒരുമാത്ര തലതിരിച്ച് എന്നെ നോക്കി. അതെന്നോട് മൗനമായി വിട പറയുന്നത് പോലെ തോന്നി. ‘നന്ദി… എന്റെ ജീവിതത്തിൽ നിന്ന് നടന്നകന്നതിന്.. അന്ത്യജലത്തിനും… ഇനിയീ വേദനയും നിസ്സഹായതയും നിമിഷ മാത്രയിൽ ഒടുങ്ങുമല്ലോ..’ ആ ക്ഷണം ഒരു ബലിക്കാക്കയും പരുന്തിനൊപ്പം ചേർന്നു.
ആ കടൽത്തീരത്തു കൂടി തിരികെ നടന്ന ദൂരമത്രയും രണ്ടാമതൊന്നു തിരിഞ്ഞു നോക്കാതിരിക്കാൻ ഞാൻ പണിപ്പെട്ടു. പിന്നിലെവിടെയോ ഒരു കടൽ പക്ഷിയുടെ പ്രാണവേദനയെ കടലിന്റെ ഇരമ്പം മറച്ചു കളഞ്ഞിരിക്കുന്നു. ആഞ്ഞുവീശുന്ന കാറ്റിനൊപ്പം തിരിച്ചറിവിന്റെ തിരമാലകൾ എന്റെ മനസ്സിനെയും തഴുകുന്നുണ്ടായിരുന്നു.
ഇപ്പോൾ ആ ചിത്രങ്ങൾ കാണുമ്പോൾ പഠിച്ച പാഠങ്ങളാണ് മനസ്സിൽ നിറയുന്നത്.
ജീവന്റെ ഗതിചക്രത്തെ കുറിച്ച്…. പ്രകൃതിക്കു മുന്നിൽ വികാരങ്ങളെ നിയന്ത്രിക്കുന്നതിനെ കുറിച്ച്…
പ്രകൃതിയെ അതിന്റെ സ്വാഭാവികതയ്ക്ക് വിട്ടുകൊടുക്കുന്നതിനെക്കുറിച്
അതുതന്നെയാണ് യഥാർത്ഥ പ്രകൃതി സംരക്ഷണവും. അതറിയാൻ നാമിനിയും വിനീതരാവുക.
(2018 ഫെബ്രുവരി ലക്കം കൂട് മാസികയിൽ പ്രസിദ്ധീകരിച്ച കുറിപ്പ്, എഴുതിയത് സന്ദീപ് കെ ദാസ്)
Really heart touching words… since I know you for few years, being my inspiration to serious bird watching, Sandeep i feel with you beyond the lines you picturazied the situation with the warmth of life and your passion towards bird watching. You have a great gift of letters…keep it up and expecting more…
Never saw this angle..leaving it to nature and let nature decide the best way