ദേശീയ നിശാശലഭ വാരാചരണം

ദേശീയ നിശാശലഭ വാരാചരണം

nationalmothweek.org

ദേശീയ നിശാശലഭ വാരം ലോകവ്യാപകമായി പൊതുജനങ്ങളുടെ സഹായത്താൽ നടത്തപ്പെടുന്ന ഒരു നിശാശലഭ പ്രൊജക്റ്റാണ്. നിശാശലഭങ്ങൾ ചിത്രശലഭങ്ങളുടെ കുടുംബത്തിൽപ്പെട്ടവരാണെങ്കിലും അവയെക്കുറിച്ച് ശാസ്ത്രലോകത്തിനും പൊതുജനങ്ങൾക്കുമുള്ള അറിവ് വളരെ പരിമിതമാണ്. ഈ ഒരു സാഹചര്യത്തിലാണ് എല്ലാ വർഷവും ജൂലൈ അവസാനവാരം നിശാശലഭ നിരീക്ഷണത്തിനും അവയെക്കുറിച്ചുള്ള അറിവ് പങ്കുവെക്കുന്നതിനുമായി ഈ വാരാചരണം നടത്തുന്നത്. നിശാശലഭങ്ങളെക്കുറിച്ചും അവയുടെ പ്രാധാന്യത്തെക്കുറിച്ചും  ബോധവൽക്കരണം നടത്താനുദ്ദേശിച്ചു നടത്തുന്ന ഈ പരിപാടിയിൽ പ്രത്യേകിച്ച് യോഗ്യതകളൊന്നുമില്ലാതെ ആർക്കും പങ്കെടുക്കാം; നിശാശലഭങ്ങളെ നിരീക്ഷിക്കുകയൂം ഈ നിരീക്ഷണങ്ങളോ ചിത്രങ്ങളോ പൊതുസഞ്ചയത്തിൽപ്പെട്ട ഏതെങ്കിലും വെബ്പോർട്ടലുകളിൽ ചേർക്കുകയും മാത്രമാണ് ചെയ്യേണ്ടത്. ഈ നിരീക്ഷണങ്ങൾ നിശാശലഭങ്ങളുടെ വൈവിദ്ധ്യത്തെക്കുറിച്ചും അവയുടെ വിതരണത്തെക്കുറിച്ചുമുള്ള അറിവുകൾ നല്കാൻ കഴിയുന്ന ശക്തമായ വിവരങ്ങളായി മാറുന്നു. 2012 ൽ തുടങ്ങിയ ഈ പരിപാടിയിൽ ഓരോ വർഷവും പ്രാതിനിധ്യം വർദ്ധിച്ചുവരുന്നുണ്ട്, ഈ വർഷം ഇന്ത്യയുടെ പലഭാഗത്തുനിന്നുമായി 60 ൽ അധികം പരിപാടികൾ രെജിസ്റ്റർ ചെയ്തുകഴിഞ്ഞിട്ടുണ്ട്.

ഇന്ത്യയിൽ പരിപാടികൾ നടക്കുന്ന വിവിധയിടങ്ങൾ. Data from National Moth Week 2019; Map © Google

www.nationalmothweek.org എന്ന വെബ്‌സൈറ്റിൽ ഈ പരിപാടിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. രാത്രിയിൽ വീട്ടിലോ പാർക്കിലോ വരുന്ന നിശാശലഭങ്ങളെ നിരീക്ഷിക്കുന്നത് മുതൽ നിശാശലഭങ്ങളെക്കുറിച്ചുള്ള ചെറിയ പൊതു പരിപാടികൾ വരെ ഏതു രീതിയിലുള്ള പരിപാടികളും ഇതിൽ രെജിസ്റ്റർ ചെയ്യാവുന്നതാണ്. ഇത് സാധ്യമല്ലെങ്കിൽ നിങ്ങളെടുത്ത നിശാശലഭങ്ങളുടെ ചിത്രങ്ങളും വിവരങ്ങളും പങ്കുവെച്ചും ഈ പരിപാടിയുടെ ഭാഗമാകാൻ സാധിക്കും.

Moth Watching Event at Kasaragod, Kerala, India. Photo by Rayan Pradeep

നിശാശലഭങ്ങൾ

ശല്കങ്ങളോടുകൂടിയ ചിറകുകളുള്ള ചിത്രശലഭങ്ങളും നിശാശലഭങ്ങളും ലെപിടോപ്റ്റെറ (Lepidoptera) എന്ന കുടുംബത്തിൽപ്പെട്ട ഷഡ്പദങ്ങളാണ്. പക്ഷെ പൊതുവിൽ രാത്രിയിൽ വരുന്നതിനാലും സൗന്ദര്യം കുറവായതിനാലും ചിലത് അലർജി ഉണ്ടാക്കുന്നതിനാലും നിശാശലഭങ്ങളോട് പലരും വലിയതാല്പര്യം കാണിക്കാറില്ല. ശാസ്‌ത്രലോകത്തിന്റെ കാര്യവും ഇതിൽനിന്നും വ്യത്യസ്തമല്ല. ലോകത്തിലാകമാനം ഒന്നരലക്ഷത്തിലധികം വ്യത്യസ്ത നിശാശലഭങ്ങളുണ്ടാവാം എന്നാണ് നിഗമനം, പക്ഷെ ഇതിൽ പലതിനെയും ഇനിയും തിരിച്ചറിയേണ്ടതുണ്ട്. പതിനായിരത്തിലധികം നിശാശലഭങ്ങൾ ഉണ്ടാവാമെന്ന് അനുമാനിക്കപ്പെടുന്ന ഇന്ത്യയിൽ ഇതുവരെ അയ്യായിരത്തോളം ഇനങ്ങൾ മാത്രമേ രേഖപെടുത്തപ്പെട്ടിട്ടുള്ളൂ. ഇതിൽ നിന്ന് തന്നെ നിശാശലഭങ്ങളെക്കുറിച്ചുള്ള നമ്മുടെ അറിവിന്റെ പരിമിതികൾ മനസ്സിലാക്കാം. വിവിധയിനങ്ങളെ തിരിച്ചറിയുകയും അവയുടെ ജീവിതചക്രം പഠിച്ചാലും മാത്രമേ അവയുടെ പ്രകൃതിയിലുള്ള പ്രാധാന്യത്തെക്കുറിച്ചുള്ള വ്യക്തമായ ഒരു ചിത്രം നമുക്ക് ലഭിക്കുകയുള്ളൂ. അതുകൊണ്ട് നിങ്ങളുടെ ഓരോ നിരീക്ഷണവും പ്രധാനമാണ്, ചിലപ്പോൾ ഒരു പ്രത്യേക നിശാശലഭത്തിന്റെ കണ്ടെത്തലിനോ, നിശാശലഭത്തിന്റെ  വിതരണത്തെ ക്കുറിച്ചുള്ള പുതിയ അറിവിനോ അത് സഹായിച്ചേക്കാം.

നിശാശലഭങ്ങളുടെ പ്രാധാന്യം

ജൈവവൈവിദ്ധ്യത്തിലെ ഒരു പ്രധാനകണ്ണിയാണ് നിശാശലഭങ്ങൾ. നിശാശലഭങ്ങളും അവയുടെ പുഴുക്കളും പക്ഷികളുടെയും ചിലന്തികളുടെയും പല്ലികളുടെയും തവളകളുടെയും വവ്വാലുകളുടെയും ആഹാരമാണ്. രാത്രിയിലും പകലും വിരിയുന്ന പല പൂക്കളുടെയും പ്രധാന പരാഗണ സഹായികളാണ് ഇവർ. ചില ചെടികളുടെ കൃഷിക്ക് നിശാശലഭങ്ങളുടെ പരാഗണസഹായം അത്യാവശ്യമാണ്.  ഈ ശലഭങ്ങളുടെ പുഴുക്കൾ മിക്കവാറും ചെടികളുടെ ഇലകൾ തിന്നാണ് വളരുന്നത്, ഇത് പല കളകളുടെയും പ്രകൃത്യാലുള്ള നിയന്ത്രണത്തിന് സഹായകരമാണ്. 

നിശാശലഭങ്ങളുടെ എണ്ണം ഒരിടത്തെ ജൈവവൈവിധ്യത്തെ കൂടുതൽ അറിയുന്നതിന് ഉപകരിക്കുന്ന ഒരു പ്രധാന സൂചകമാണ്. ജീവദൈർഘ്യം കുറവായതിനാലും ജീവിതം പലഘട്ടങ്ങളിലൂടെ കടന്നുപോകുന്നതിനാലും പ്രകൃതിയിലുള്ള ചെറിയമാറ്റങ്ങൾ ഇവയുടെ എണ്ണത്തെ പെട്ടെന്ന് ബാധിക്കാറുണ്ട്. അതുകൊണ്ടുതന്നെ നിശാശലഭങ്ങളെ നിരീക്ഷിക്കൽ പ്രകൃതിയിലുണ്ടാവുന്ന മാറ്റങ്ങൾ വേഗത്തിൽ അറിയാൻ നമ്മെ സഹായിക്കുന്നു.

നമുക്ക് എന്തു ചെയ്യാൻ പറ്റും

മനുഷ്യനിർമ്മിതമായ കാലാവസ്ഥാ വ്യതിയാനം കാരണം ചില ശലഭങ്ങളുടെ എണ്ണം ചരുങ്ങുകയും ചിലവയുടെ ആവാസസ്ഥലങ്ങൾ നഷ്ടപ്പെടുകയും ചെയ്തിട്ടുണ്ട്. വ്യക്തമായ വിവരങ്ങളില്ലാത്തതുകൊണ്ട് എത്രയെണ്ണം എന്നേക്കുമായി നഷ്ടപ്പെട്ടുപോയിട്ടുണ്ടെന്ന് നമുക്കറിയില്ല. അവശേഷിക്കുന്നവയെ സംരക്ഷിക്കാൻ നിശാശലഭങ്ങളെക്കുറിച്ചു കൂടുതൽ അറിയേണ്ടതുണ്ട്, അത് എല്ലാവരുടെയും കടമയാണ്. അതിൽ ചെറിയൊരു പങ്കുവഹിക്കാൻ ഇപ്പോൾ വളരെ എളുപ്പവുമാണ്.

നിശാശലഭങ്ങളെക്കുറിച്ചുള്ള പഠനക്കൂട്ടായ്മകൾ സംഘടിപ്പിച്ചും നിങ്ങളുടെ ചുറ്റുമുള്ള നിശാശലഭങ്ങളെ നിരീക്ഷിച്ച് www.inaturalist.org , https://indiabiodiversity.org തുടങ്ങിയ ഡാറ്റാപോർട്ടലുകളിൽ അപ്ലോഡ് ചെയ്തും ക്യാമ്പയ്നന്റെ ഭാഗമാകാം.

നിശാശലഭങ്ങൾ നിങ്ങളുടെ കണ്ണിൽ കൂടുതൽ സുന്ദരന്മാരും സുന്ദരികളുമാവട്ടെ..


Images by Haneesh KM
Cover Image : Atlas moth by Subhash Pulikkal

Back to Top