മൂവാറ്റുപുഴ പഴയ പാലം: മൂന്ന് ആറുകൾ (തൊടുപുഴയാർ, കാളിയാർ, കോത(മംഗല)യാർ) സംഗമിച്ചാണ് മൂവാറ്റുപുഴയാറാകുന്നത്.
1914-ല്‍ ആണ് മൂവാറ്റുപുഴയാറിനുമേൽ കച്ചേരിത്താഴത്തുള്ള പഴയ പാലം പണി പൂര്‍ത്തിയായത്. ശ്രീമൂലം തിരുനാള്‍ മഹാരാജാവിന്റെ കാലത്ത് ബ്രിട്ടീഷ് എന്‍ജിനീയര്‍ ഡബ്ല്യൂ. എഛ്. എമറാള്‍ഡ് ആണ് നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്. തിരുവതാകൂറിലെ ആദ്യ കോൺക്രീറ്റ് പാലം. (ഇന്ത്യയിലെയും എന്ന് പറയപ്പെടുന്നു.) കമ്പിയും സിമന്റും ഇംഗ്ലണ്ടില്‍ നിന്നാണ് കൊണ്ടുവന്നത്. പാലത്തിന്റെ ബലം പരീക്ഷിക്കാന്‍ 12 ആനകളെ പാലത്തില്‍ നിര്‍ത്തി താഴെ എന്‍ജിനീയറും ഭാര്യയും നിന്നു എന്നാണ് ചരിത്രം……
“ഒരു ചാക്ക് സിമെൻറ്: അഞ്ചു രൂപ
ആകെ ചെലവ്: മൂന്നു ലക്ഷം
പണിതുടങ്ങിയത്:1913 ; പണി അവസാനിച്ചത്:1914”
മുവാറ്റുപുഴ ആറിന് കുറുകെ തിരുവതാംകൂര്‍ – കൊച്ചി രാജ്യങ്ങളെ ബന്ധിപ്പിക്കുന്ന പാലം നിര്‍മിക്കാന്‍ ‘ശ്രിമൂലം തിരുനാള്‍’ രാജാവാണ് മുന്‍കൈ എടുത്തത്. മൈസൂരില്‍ താമസിച്ചിരുന്ന ഡബ്ല്യൂ. എഛ്. എമറാള്‍ഡിനെ (W. H. Emaraald) പാലത്തിന്‍റെ നിര്‍മാണ ചുമതല ഏല്പിക്കുകയായിരുന്നു.1878 -ല്‍ നിര്‍മിച്ച ആലുവ -കോട്ടയം റോഡിന്‍റെ ഭാഗമായിട്ടാണ് പാലം നിര്‍മ്മിച്ചത്; പിന്നീട് ഈ പാത അങ്കമാലി – തിരുവനന്തപുരം ‘മെയിൻ സെൻട്രൽ’ (എം. സി.) റോഡിൻറെ ഭാഗമായി.
പരിക്ഷണ അടിസ്ഥാനത്തിലാണ് അർദ്ധ ചാപ ആകൃതിയിലുള്ള (സെമി ആർച്) പാലത്തിന്‍റെ രൂപരേഖ തയ്യാറാക്കി അദ്ദേഹം രാജാവിന് സമര്‍പിച്ചത്. രാജാവ് പാലത്തിനു അംഗികാരം നല്‍കി. 1913 -ല്‍ തന്നെ പാലത്തിന്‍റെ നിര്‍മാണവും തുടങ്ങി. തൃക്കളത്തൂരില്‍ നിന്നും വന്‍ പാറക്കല്ലുകള്‍ പൊട്ടിച്ചെടുത്ത് ആനകളുടെയും കാള വണ്ടികളുടെയും സഹായത്തോടെകൊണ്ട് വന്ന് മാപ്പിള ഖലാസികളെ ഉപയോഗിച്ചാണ് പാല നിര്‍മാണം പൂര്‍ത്തിയാക്കിയത്. ആധുനിക യന്ത്ര സാമഗ്രികള്‍ ഒന്നും ഇല്ലാത്ത കാല ഘട്ടത്തില്‍ ഉരുളന്‍ തടികളും കയറും മറ്റുമൊക്കെ ഉപയോഗിച്ച് കൂറ്റന്‍ പാറ കഷണങ്ങള്‍ അടുക്കി അടുക്കിയാണ് വര്‍ഷങ്ങള്‍ എടുത്ത് പാലം നിര്‍മാണം പൂര്‍ത്തിയാക്കിയത്. പാലത്തിന്‍റെ ഉത്ഘാടനം അനുബന്ധിച്ച് രസകരമായ ഒരു സംഭവം പഴമക്കാര്‍ പറയാറുണ്ട്. പാലത്തിലൂടെ യാത്ര ചെയ്യാന്‍ ഭയന്നിരുന്ന നാട്ടുകാരെ ബോധ്യപെടുത്താന്‍ എമറാള്‍ഡും കുടുംബവും പാലത്തിന്‍റെ അടിയില്‍ നിന്ന ശേഷം പാലത്തിലൂടെ 12 ആനകളെ നടത്തിയത്രേ… ഇതിനു ശേഷമാണ് ആളുകള്‍ പാലത്തിലൂടെ യാത്ര ചെയ്യാന്‍ തയ്യാറായത്.
തിരുവതാംകൂറിൽ അക്കാലത്തു അപ്രകാരമുള്ള ഉറപ്പുവരുത്തൽ പതിവായിരുന്നു എന്ന് തോന്നുന്നു. കല്ലട പുഴക്ക് കുറുകെ പുനലൂർ തൂക്കുപാലം (1877 ) പണികഴിപ്പിച്ച എഞ്ചിനീയർ ആൽബർട്ട് ഹെൻറി, പാലത്തിനു കീഴെ വള്ളത്തിൽ കുടുബ സമേതം നിലയുറപ്പിച്ചു, പാലത്തി ലൂടെ ആറ് ആനയെ നടത്തിച്ചു ഉറപ്പു തെളിയിച്ചു എന്ന് രേഖയുണ്ട്.
1914-ൽ ശ്രീമൂലം തിരുനാൾ മഹാരാജാവ് മൂവാറ്റുപുഴ പാലം തുറന്നു കൊടുക്കുന്നതുവരെ എം.സി. റോഡ് മൂവാറ്റുപുഴ ആറിൻറെ ഇരുകരകളിലുമായി രണ്ടു ഭാഗമായിരുന്നു. രാജഖജനാവിൽ നിന്ന് തൻറെ പ്രതീക്ഷക്കപ്പുറം നിർമ്മാണത്തിന് പണമിറ്ക്കേണ്ടി വന്നപ്പോൾ തെല്ലൊരു നീരസത്തോടെ ശ്രീമൂലം തിരുനാൾ കൊട്ടാരം സർവ്വാധികാര്യക്കാരായ ശങ്കരൻ തമ്പിയോട് മൂവാറ്റുപുഴയിൽ പാലം നിർമ്മിക്കുന്നത് സ്വർണ്ണംകൊണ്ടോ, വെള്ളികൊണ്ടോ എന്ന് ചോദിച്ച രസകരമായ സംഭവം ഉണ്ടായിട്ടുണ്ട്. ഐക്യകേരളത്തിൻറെ ഉദ്‌ഘാടന ദിനത്തിൽ ഉത്തര ദക്ഷിണ ഭാഗങ്ങളിൽ നിന്നാരംഭിച്ച രണ്ടു ദീപശിഖാവാഹക യാത്രകളും സംഗമിച്ചത് ഈ പാലത്തിൽ വച്ചായിരുന്നു.
ചരിത്രത്തിന്‍റെ ഭാഗമായ പാലത്തിനു സമാന്തരമായി മറ്റൊരു പാലം കൂടി വന്നെങ്കിലും പഴയ പാലത്തിന്‍റെ പ്രൌഡിക്ക് കുറവൊന്നും ഇല്ല. 2016-ൽ 1.65 കോടി രൂപയാണ് പഴയ പാലം നവീകരിക്കാന്‍ അനുവദിച്ചത്. അത് (പാലം നവീകരണം) വിജിലന്‍സ് കേസിലും ആയി.
Cover image By Kichuzzzz [CC BY-SA 3.0 (https://creativecommons.org/licenses/by-sa/3.0)], from Wikimedia Commons