വർഷങ്ങളായി എനിക്ക് പരിചയമുള്ള ഒരു പക്ഷിയാണ് കാലൻ കോഴി .ഇത്തവണയും എനിക്ക് അതിന്റെ ഒരു കുഞ്ഞിനെ കാണാൻ കഴിഞ്ഞു. മരങ്ങൾ നിറഞ്ഞ പ്രദേശങ്ങളിൽ ഒട്ടും അപൂർവമല്ലാത്ത രാത്രിഞ്ചരന്മാരാണ് കാലൻകോഴികൾ. ചില പ്രദേശങ്ങളിൽ തച്ചൻ കോഴി എന്നും അറിയപ്പെടുന്ന ഇവ മറ്റു മൂങ്ങ വർഗക്കാരെ പോലെ എലികളെ നശിപ്പിക്കുന്നതിൽ മുഖ്യ പങ്കു വഹിക്കുന്നു. തവളകൾ, ഓന്ത്, അരണ, ചെറിയ പാമ്പുകൾ തുടങ്ങിയവയും ഇവയുടെ ഭക്ഷണമാണ്. രാത്രി സഞ്ചാരത്തിന് ശേഷം പകൽ ഇരുളടഞ്ഞ കാവുകളിലെ മരങ്ങളിൽ ഒഴിഞ്ഞു മാറി ഇരിക്കുകയാണ് പതിവ്.ധാരാളം തവിട്ടു പുള്ളികളുള്ള മങ്ങിയ വെള്ള തൂവലുകൾ നേർത്തു മിനുത്തവയാണ്. രാത്രിയുടെ നിശബ്ദതയിൽ ഒച്ചയനക്കമില്ലാതെ ഇരകളെ പിടിക്കാൻ ഈ തൂവലുകൾ സഹായിക്കുന്നു, ഇര പിടിയന്മാരാണെങ്കിലും പരുന്തു വർഗങ്ങളെ പോലെ ഇരയെ കാലിൽ തൂക്കി എടുക്കാതെ കൊക്കിൽ കൊത്തി എടുത്തു കൊണ്ട് പോകുകയാണ് ചെയ്യുന്നത്. ചെറിയ ഇരകളെയൊക്കെ അപ്പാടെ വിഴുങ്ങും. വലുതാണെങ്കിൽ കാലുകൊണ്ട് ഇറുക്കി പിടിച്ചു കൊക്കുകൊണ്ടു കീറി മുറിച്ചു വിഴുങ്ങും.
ഇലകൾ പൊഴിഞ്ഞ പുളിമരത്തിൽ അനക്കമില്ലാതെ ഇരിക്കുന്ന കാലൻ കോഴികളെ കണ്ടു പിടിക്കാൻ നമുക്ക് പ്രയാസമാണ്. സന്ധ്യവരെ ഇങ്ങനെ മറഞ്ഞിരിക്കുന്ന കാലൻ കോഴികൾ ഒരു കൂവലോടെ പുറത്തിറങ്ങുകയായി. സദാ ഇണയോടൊപ്പം കഴിയുന്ന ഇവ ഇണയെ വിളിക്കാനാണ് ഈ കൂവൽ ശബ്ദം ഉയർത്തുന്നത്, അത് കേട്ട് ഇണ അടുത്തെത്തിയാൽ പിന്നെ രണ്ടു പേരും ചേർന്നുള്ള യുഗ്മ ഗാനമാണ് ”ചൂഹാ” ”ഹൂവൂ” എന്നൊക്കെ , രാത്രിയുടെ നിശ്ചലതയിൽ പെട്ടെന്നുയരുന്ന ഈ ശബ്ദം ഏതു ധൈര്യ ശാലിയെയും ഒന്ന് ഞെട്ടിക്കും.
നവംബർ മാസത്തോടെയാണ് കാലൻകോഴികൾ ഗൃഹസ്ഥാശ്രമം തുടങ്ങുന്നത്. വലിയ മരങ്ങളിലെ മാളങ്ങളാണ് ഇവയുടെ കൊട്ടാരം. ഇരുണ്ട മാളങ്ങളിൽ കൂടു വെക്കുന്നവയെ പോലെ ഇവയുടെയും മുട്ടയ്ക്ക് വെളുത്ത നിറമാണ്. 2, 3 മുട്ടകൾ കാണും. ജനുവരി ആദ്യത്തോടെ കുഞ്ഞുങ്ങൾ പുറത്തിറങ്ങും. മുതിർന്നവയുടേതിൽ നിന്നും വ്യത്യസ്തമായി വെളുത്ത പഞ്ഞി തൂവലുകൾ ഉള്ള കുഞ്ഞുങ്ങൾ നല്ല ഓമനത്തം ഉള്ളവയാണ് . പൂച്ച കുഞ്ഞു കരയുംപോലെ ”മ്യൂ മ്യൂ ”എന്ന് കരഞ്ഞുകൊണ്ടിരിക്കുന്ന കുഞ്ഞുങ്ങൾ ഏതാണ്ട് മൂന്നു മാസത്തോളം മുതിർന്നവയുടെ കൂടെ തന്നെയാവും .കാട്ടുനത്ത് പകലും കുഞ്ഞുങ്ങൾക്ക് ഇരതേടി കൊടുക്കുന്നത് കണ്ടിട്ടുണ്ടെങ്കിലും ഇവ പകൽ സമയം നിശ്ശബ്ദരാണ്. ഇടയ്ക്കു കാക്കകൾ, പൂത്താങ്കീരികൾ, കരിയിലക്കിളികൾ, ഓലഞ്ഞാലി, ഇവയൊക്കെ വല്ലാതെ ശല്യപ്പെടുത്തിയാൽ ഇരുന്നിടത്തുനിന്നും തല ചെരിച്ചു കൊക്കുകൾ കൂട്ടി ഉരസി ഒരു ”ടക് ടക് ” ശബ്ദം ഉണ്ടാക്കാറുണ്ട്. ശല്യം കൂടിയാൽ പറന്നു മാറുന്നതും കാണാം. ഇടയ്ക്കു പകലും ഒന്ന് കൂവി പറന്നു മാറിയത് കണ്ടിട്ടുണ്ട്, കാക്കകൾ വല്ലാതെ ശല്യമാക്കിയപ്പോൾ.
Mottled Wood Owl എന്ന് ഇംഗ്ലീഷിലും Strix ocellata എന്ന് ശാസ്ത്രീയ നാമത്തിലും അറിയപ്പെടുന്ന ഇവയെ പറ്റി പല അന്ധ വിശ്വാസങ്ങളും ഇന്നും മനുഷ്യർക്കിടയിൽ ഉണ്ട്. ഇവ കരഞ്ഞാൽ മരണ വാർത്ത കേൾക്കും എന്നതാണ് അവയിൽ പ്രധാനം. എന്നാൽ ശുദ്ധ പാവങ്ങളായ ഇവ വിളകൾ നശിപ്പിക്കുന്ന എലികളെയും മറ്റും പിടിച്ചു തിന്നു മനുഷ്യർക്ക് ചെയ്യുന്ന ഉപകാരം വളരെ വലുതാണ്.
One thought on “കാലൻ കോഴി , രാവിന്റെ രാജാവ്”