എന്നാൽ പിന്നീടങ്ങോട്ട് കാര്യങ്ങൾ മാറിമറിയുകയായിരുന്നു. സാമ്പത്തികരംഗത്തുണ്ടായ മുന്നേറ്റം ഡിജിറ്റൽ ക്യാമറകൾ ആദ്യമെത്തി. സോഷ്യൽ മീഡിയ അകലങ്ങളിലുള്ള മനുഷ്യരെ പൊടുന്നതെ ഒന്നിച്ചുകൂട്ടി. പക്ഷിനിരീക്ഷണരംഗത്തെ വിവരശേഖരണത്തിനായി ഭീമൻ പ്ലാറ്റ്ഫോമുകൾ രൂപപ്പെട്ടു. ഇവയിലൂടെ നിരീക്ഷണവും ജാതിനിർണയവും സുഗമമായി. ഇത് വലിയൊരു വഴിത്തിരിവായിരുന്നു. കൂടുതൽ ആൾക്കാർ ഈ രംഗത്തേയ്ക്കെത്തി. സോഷ്യൽ മീഡിയകളിൽ പക്ഷിനിരീക്ഷണ ഗ്രൂപ്പുകൾ സജീവമായി. ഓൺലൈനിൽ നിരീക്ഷണമത്സരങ്ങൾ നടക്കാൻ തുടങ്ങി. കുട്ടികൾ, യുവതീയുവാക്കൾ, വീട്ടമ്മമാർ, വൃദ്ധജനങ്ങൾ എന്നിങ്ങനെ എല്ലാ വിഭാഗങ്ങളിൽ നിന്നും ജനങ്ങൾ പറവകളുടെ നേരെ തിരിഞ്ഞു.ഇത്തരത്തിൽ പക്ഷിനിരീക്ഷണരംഗത്ത് പ്രവർത്തിക്കുന്ന ഒരു ഭീമൻ പ്ലാറ്റ്‌ഫോം ആണ് ഇബേർഡ്. 2002 ൽ പ്രവർത്തനം തുടങ്ങിയ ഇ-ബേർഡ് 2010 ജൂൺ മുതൽ ലോകം മുഴുവനും തങ്ങളുടെ പ്രവർത്തനശൃംഖല വ്യാപിപ്പിച്ചു. ഇന്ന് ലോകത്തെ ഏതൊരു പക്ഷിനിരീക്ഷകനും തങ്ങളുടെ നിരീക്ഷണഫലങ്ങൽ അതിൽ രേഖപ്പെടുത്താം. ഫോട്ടോകളും വീഡിയോകളും ഓഡിയോകളും അതിൽ ചേർക്കാം. മറ്റുള്ളവരുടെ നിരീക്ഷണവിവരങ്ങൾ വായിച്ചുമനസ്സിലാക്കാം. ചുരുക്കത്തിൽ പക്ഷിനിരീക്ഷണലോകം ഇ-ബേർഡ് കൈയടക്കി എന്ന് പറയാം. (http://ebird.org/content/india/)കേരളത്തിലെ ഒരു കടൽത്തീരത്ത് കണ്ട ഒരു പക്ഷിയുടെ ജാതിനിർണയം ഇ-ബേർഡിന്റെയും ഇന്റർനെറ്റ് സൗകര്യങ്ങളുടെയും സഹായത്തോടെ മൊറോക്കോയിൽ നിന്ന് നടത്തിയ കഥയാണ് താഴെ .
ഏഷ്യയുടെയും അമേരിക്കയുടെയും വടക്കൻ ഭാഗങ്ങളിലും യൂറോപ്പിലും സാധാരണയായി കാണാറുള്ള ഒരു പക്ഷിയാണ് കോമൺ ഗൾ അഥവാ മ്യൂ ഗൾ. മറ്റു പല സ്പീഷീസുകളിൽപ്പെട്ട കടൽകാക്കകളും ശിശിരകാലദേശാടകരായി ഇന്ത്യയിൽ എത്താറുണ്ടെങ്കിലും കോമൺ ഗൾ ഇന്ത്യയിലെത്തിയതായി വിരലിലെണ്ണാവുന്ന സന്ദർഭങ്ങളിൽ മാത്രമാണ് രേഖകളിലുള്ളത്. അതിൽ ഒന്നൊഴികെ എല്ലാം ഗുജറാത്ത്, ഹിമാചൽ, ഉത്തരപ്രദേശ്, ഡൽഹി, ഉത്തർഖണ്ഡ് എന്നീ സംസ്ഥാനങ്ങളിൽ നിന്നാണ്. രണ്ടു തവണ ഇവയെ ഗോവയിൽ നിന്നും കണ്ടിട്ടുണ്ട്. എന്നാൽ ഉപദ്വീപിൽ മറ്റൊരിടത്തും ഈ പക്ഷിയെ കണ്ടതായി രേഖകളില്ല എന്നത് ശ്രദ്ധേയമാണ്.
2016 സെപ്ടംബർ മുതൽ 2017 മാർച്ച് വരെ നീളുന്ന ശിശിരദേശാടനക്കാലത്ത് മലപ്പുറം ജില്ലയിലെ പൊന്നാനിക്കടപ്പുറത്ത് ( Latitude : 10.7677201, Longitude : 75.9259013) ധാരാളം കടൽക്കാക്കകൾ വന്നെത്തി. ഏറെയും വിഭാഗത്തിൽ പെട്ട ഹ്യൂഗ്ലീൻ, സ്റ്റെപ്പീ കടൽക്കാക്കകൾ. വിരളമായി ചെറിയ കടൽക്കാക്കകളും ഉണ്ടായിരുന്നു. അക്കാലത്ത് പലദിവസങ്ങളിലും രാവിലെയും വൈകുന്നേരങ്ങളിലും നട്ടുച്ചയ്ക്കുമൊക്കെ ഞാൻ പൊന്നാനി കടപ്പുറത്ത് നിരീക്ഷണത്തിനായി എത്തി. കൈയിലുള്ള ഡിജിറ്റൽ ക്യാമറയുടെ സഹായത്തോടെ ധാരാളം ഫോട്ടോഗ്രാഫുകൾ എടുത്തു. ചിത്രങ്ങൾ സോഷ്യൽ മീഡിയ ഗ്രൂപ്പുകളിൽ അപ്‌ലോഡ് ചെയ്ത് ചർച്ചയ്ക്ക് വിധേയമാക്കി. ഹ്യൂഗ്ലീൻ എന്ന് ഞാൻ നിർണയിച്ച പക്ഷികൾ സ്റ്റെപ്പീ കടൽക്കാക്കകളാണെന്ന് മനസ്സിലാക്കി. ഞാൻ മാത്രമല്ല, എല്ലാവരും ഇതൊക്കെത്തന്നെ ചെയ്തിരുന്നു. ദേശാടനക്കാലത്ത് നിരീക്ഷണവും ചർച്ചകളും കൂടുതൽ സജീവമാകും
2017 ഫെബ്രുവരി രണ്ടാം തീയതി വൈകുന്നേരം നിരീക്ഷണത്തിനായി കടപ്പുറത്തെത്തിയ പതിവുപോലെ കടൽക്കാക്കകളെ കണ്ടു. കടൽത്തീരത്തും തൊഴിലാളികൾ മീനുണക്കുന്ന ചാപ്പയ്ക്കരികിലും ഇരതേടി നടക്കുന്നുണ്ടായിരുന്നു. മീഞ്ചാപ്പയ്ക്കരികെ ഇരതേടുന്ന കടൽക്കാക്കകളിൽ വലുപ്പം തീരെ കുറഞ്ഞ ഒരു പക്ഷി സ്വാഭാവികമായും എന്റെ ശ്രദ്ധയിൽ പെട്ടു. ഒറ്റനോട്ടത്തിൽ ചെറിയ കടൽക്കാക്ക ( ബ്ലാക്ക് ഹെഡഡ് ഗൾ ) ആണെന്ന് തോന്നി. പതിവുപോലെ ചിത്രങ്ങൾ എടുത്തു. ഒരു ഹ്യൂഗ്ലീൻ കടൽക്കാക്കയും ഇപ്പറഞ്ഞ കുഞ്ഞൻകാക്കയും ഒന്നിച്ചു വന്ന ഫ്രെയിമും കിട്ടി. (ഇതുവരെ എല്ലാം ഓക്കെ)
അന്നത്തെ എന്റെ നിരീക്ഷണപ്പട്ടികയിൽ ഒരു അസുരക്കിളിയും ഉണ്ടായിരുന്നു. ജില്ലയിൽ ആദ്യമായിട്ടാണ് അവയെ കാണുന്നത്. ആ ഒരു സന്തോഷത്തിൽ ഞാൻ ഒരു അബദ്ധം കാണിച്ചു. അപലക്ഷണങ്ങൾ ഉണ്ടായിരുന്നിട്ടും ഈ പക്ഷിയെ ചെറിയ കടൽക്കാക്ക എന്ന് ജാതി തിരിച്ചു. സോഷ്യൽ മീഡിയയിൽ ചർച്ച ചെയ്യാമായിരുന്നു. പക്ഷേ ചെയ്തില്ല. എന്നും കടൽക്കാക്ക മാത്രം മതിയോ, ഇടയ്ക്കൊക്കെ ഒരു ഷ്രൈക്കും ചർച്ചയ്ക്കിടണ്ടേ എന്നാവാം ഞാൻ അന്ന് കരുതിയത്. തുടർന്ന് ഇ ബേർഡിൽ ഈ ലിസ്റ്റ് ചേർത്തു. അതോടൊപ്പം ഈ കുഞ്ഞിക്കടൽക്കാക്കയുടെ ഒരു ഫോട്ടോയും ഒന്നിച്ചുചേർത്തു.
http://ebird.org/ebird/india/view/checklist/S34566822
ഇ-ബേർഡിന് ഒരു റിവ്യുവിങ് സിസ്റ്റം ഉണ്ട്. ഇന്ന പ്രദേശത്ത് ഇന്നയിന്ന പക്ഷികളെയാണ് സാധാരണ കാണുന്നത് എന്ന് അവർക്കൊരു കണക്കുണ്ട് . പൊന്നാനി അങ്ങാടിയിൽ വെച്ച് ഞാനൊരു കോഴിവേഴാമ്പലിനെ കണ്ടു എന്ന് റിപ്പോർട്ട് ചെയ്താൽ ഇ-ബേർഡ് അത് അംഗീകരിക്കണമെങ്കിൽ തെളിവു വേണം. ഇത്തരം റിപ്പോർട്ടുകൾ അവർ പുനഃപരിശോധനയ്ക്കായി മാറ്റിവെയ്ക്കും. പരിശോധകൻ നിരീക്ഷകനുമായി ചർച്ച ചെയ്ത് റിപ്പോർട്ടിൽ തീരുമാനമെടുക്കും. അതുവരെ ആ റിപ്പോർട്ട് പബ്ലിക് ഡാറ്റ ആവില്ലെന്ന് സാരം. പക്ഷേ പൊന്നാനിയിൽ വെച്ച് കണ്ടതായി ഞാൻ റിപ്പോർട്ട് ചെയ്തത് ഒരു ചെറിയ കടൽക്കാക്ക ആയിരുന്നു. ദേശാടനക്കാലത്ത് സ്വാഭാവികമായും ഒരു കടൽത്തീരത്ത് ഉണ്ടാവുന്ന പക്ഷി. അതുകൊണ്ട് ഈ റിപ്പോർട്ട് റിവ്യൂ ലിസ്റ്റിലും എത്തിയില്ല
മാസങ്ങൾക്ക് ശേഷം മൊറക്കോ- പോർച്ചുഗീസ് പക്ഷിനിരീക്ഷകനും ഇ-ബേർഡ് പരിശോധകനുമായ ശ്രീ. പെഡ്രോ ഫെർണാണ്ടസ് ഈ പക്ഷിപ്പടം കാണുകയും ഇതൊരു മ്യൂ ഗൾ / കോമൺ ഗൾ ആണോ എന്ന് സംശയം പ്രകടിപ്പിക്കുകയും ചെയ്തു. തുടർന്ന് ഇന്ത്യയിലെ ഇ-ബേർഡ് റിവ്യൂവർമാർ ( Praveen Jayadevan )ഈ നിരീക്ഷണം സംശയാസ്പദമാക്കുകയും നിരീക്ഷകനെ (ലതായതെന്നെ) ഇ-മെയിൽ വഴി ബന്ധപ്പെട്ട് വിവരങ്ങൾ തിരക്കുകയും ചെയ്തു. ഞാനാവട്ടെ ഹാർഡ് ഡിസ്കിൽ തപ്പി പക്ഷിയുടെ വലിപ്പം , തലയുടെ ആകൃതി എന്നിവ വ്യക്തമാക്കുന്ന രണ്ട് ഫോട്ടോകൾ കൂടി ഇ-ബേർഡിലേയ്ക്ക് കുട്ടിച്ചേർത്തു. തുടർന്ന് ഇന്ത്യൻ റിവ്യൂവർമാർ ശ്രീ. പെഡ്രോയുമായി മെയിലിടപാടുകൾ നടത്തി പുതിയ ഫോട്ടോകൾ കൂടി പരിശോധിച്ച ശേഷം ശ്രീ. പെഡ്രോ ഉറപ്പിച്ചു. അതൊരു കോമൺഗൾ തന്നെ.
He Said
Strong bill,
Robust appearance,
Moulting pattern is also very typical of Common Gull like on this bird
Some Common Gulls can show (as does this bird) variable amounts of yellow on their legs.
The head is squarish
for me this is a Common Gull without doubts
ഇതൊരു ചെറിയ സംഗതി ആയിരുന്നില്ല. കേരളത്തിന്റെ പക്ഷിക്കണക്കിലേയ്ക്ക് ഒരു പക്ഷി കൂടി വന്നു ചേരുകയായിരുന്നു. പോരെങ്കിൽ നേരത്തെ പറഞ്ഞ പോലെ ഇന്ത്യയിൽ തന്നെ വിരളമായ ഒരു പക്ഷി. അതു പറന്നെത്തിയതാവട്ടെ ഒട്ടും പ്രതീക്ഷിക്കാത്ത വിധത്തിൽ. http://indianbirds.in/pdfs/IB_9_5_6_PraveenETAL_IndianRarities2.pdf
എന്റെ ഹാർഡ് ഡിസ്കിൽ ജീവപര്യന്തം തടവിനു വിധിച്ച പക്ഷിപ്പടങ്ങളിൽ ചിലത് ഒരു പൊതുവേദിയിലേയ്ക്ക് നൽകിയതാണ് ഈ നാടകത്തിനു കാരണമായത്. സത്യത്തിൽ ഞാൻ ഒരു ടൂൾ മാത്രം. ഞാനാ പടമെടുത്തിരുന്നില്ലെങ്കിൽ മറ്റൊരു സീസണിൽ മറ്റാരെങ്കിലും അവയെ കണ്ട് റിപ്പോർട്ട് ചെയ്യുമായിരുന്നു എന്നതാണ് സത്യം. ആഹ്ലാദവും (സ്വാഭാവികം) സങ്കടവും ( എന്റെ തെറ്റായ നിഗമനം ) ഒന്നിച്ചുള്ള അവസ്ഥ രസകരമാണ്.
ഇതോടെ പല പാഠങ്ങളും ഞാൻ പഠിച്ചു.
ലഭ്യമായ വിവരങ്ങൾ ഒരു പൊതുവേദിയിൽ ചർച്ച ചെയ്യുന്നത് തെറ്റായ നിഗമനങ്ങൾ ഒഴിവാക്കാൻ സഹായിക്കും. അല്ലെങ്കിൽ നിങ്ങൾ അത്രയ്ക്ക് സ്വയംപരാപ്തനാവണം.
നിങ്ങളുടെ കൈയിൽ മരവിച്ചുകിടക്കുന്ന, നിങ്ങൾ പോലുമുപയോഗിക്കാത്ത നിരീക്ഷണവിവരങ്ങൾ മറ്റുള്ളവർ ദുരുപയോഗിക്കുമോ എന്ന് പേടിക്കേണ്ട കാര്യമെന്താണ് ?
നിങ്ങളുടെ നിഗമനമൊക്കെ ശരി. എന്നാലും മറ്റൊരു സാധ്യത കൂടി തെരയാം
ചിത്രങ്ങൾ, വീഡിയോകൾ, ശബ്ദങ്ങൾ എന്നിവ ശേഖരിച്ചുപയോഗിക്കുന്നത് (ഒറ്റ വാക്കാണ്. പിരിച്ചെഴുതി അർത്ഥം മാറ്റരുത് ) വർധിപ്പിക്കുന്നത് നന്നായിരിക്കും .പക്ഷേ ഇക്കൊല്ലം കടൽക്കാക്കകൾ പൊന്നാനിയിൽ വിരളമായേ എത്തിയിട്ടുള്ളൂ. പോയപ്പോഴൊക്കെ നിരാശനായി മടങ്ങിപ്പോന്നു. വീണ്ടും ഞാൻ അവയെ കാത്തുനിൽക്കുന്നു.