കിളികളെന്നും ഉള്ളില്‍ കൗതുകം നിറച്ചിട്ടുണ്ട്. ആ ചിറകുകളും, കിളിക്കൊഞ്ചലും, അവരുടെ ജീവിതവും എല്ലാം ബഹുരസമാണ്.
എന്നാല്‍ ഇതിനെല്ലാം അപ്പുറം അവരുടെ മനോഹരമായ ജീവിതം കാണണമെങ്കില്‍ കൂട് കൂട്ടുന്നതും മുട്ടയിടുന്നതും, കുഞ്ഞിനെ വളർത്തുതന്നതും ശ്രദ്ധിക്കണം. നമുക്ക് ചുറ്റുമുള്ള വിവിധ പക്ഷികൾ കൂട് കൂട്ടുന്ന കാലമാണ് ഇത്.. അതിലേക്കു എന്റെ ഒരു അനുഭവം പങ്കുവെക്കാം..
വേനല്ക്കാലമല്ലേ..പക്ഷികൾക്കായുള്ള വെള്ളം വെക്കാന്‍ വേണ്ടിയാണു അന്ന് ഞാന്‍ പറമ്പിലേക്ക് നടന്നത്..പെട്ടന്ന് ഭയങ്കര ബഹളം. എന്താണെന്നു ഓടി ചെന്ന് നോക്കുമ്പോ ഒരു പച്ച നിറമുള്ള കിളി ഒരു അണ്ണാറക്കണ്ണനുമായി തല്ലുകൂടുന്നു. അണ്ണാറക്കണ്ണന്‍ ഒരു തെങ്ങുമ്മേല്‍ കയറുന്നു..ഇത് പിന്നാലെ വന്നു അതിനെ കൊത്താന്‍ നോക്കുന്നു..ആകെ ബഹളമയം..അങ്ങനെ സാഹസികമായി ആ പച്ചക്കിളി ആ അണ്ണാറക്കണ്ണനെ കൊത്തി താഴെ ഇടുന്നു. ഇതെന്താ ഇപ്പൊ ഇങ്ങനെയുണ്ടാകാന്‍ എന്ന് നോക്കിയപ്പോഴല്ലേ കണ്ടത്, കക്ഷി അണ്ണാറക്കണ്ണനെ താഴെ ഇട്ടിട് വേഗം പറന്നു ചെന്ന് ഒരു മരപ്പൊത്തിന്റെ മുന്നില്‍ അള്ളിപിടിച്ചു കാവല്‍ ഇരിക്കുന്നു.
കാര്യം പിടികിട്ടി..കൂട് കൂട്ടിയിരിക്കുന്നു..മുട്ടയിട്ടിട്ടുണ്ട്..അത് എടുക്കാന്‍ വന്ന അണ്ണാറക്കണ്ണനെ ഓടിച്ചുവിട്ടതാ. ചിന്നക്കുട്ടുറുവനാണ് താരം.. അപൂർവാമായൊരു പക്ഷിയെ കിട്ടിയില്ലെങ്കിലും കൂട് കൂട്ടാന്‍ എന്റെ വീട്ടില്‍ സ്ഥലം കണ്ടെത്തിയ ആ ഇണപക്ഷികളോട് എനിക്ക് വല്ലാത്ത ഇഷ്ടം തോന്നി..എന്നും മൂന്നും നാലും നേരം വന്നു നോക്കി..അവിടെ തന്നെയില്ലേ എന്ന്..എനിക്ക് നോക്കാന്‍ പറ്റിയില്ലെങ്കില്‍ ആ പണി ചെയ്യാന്‍ കുട്ടു തയ്യാറായി..അവനും ആ കുഞ്ഞികിളിയെ കാണാന്‍ മോഹിച്ചു..മാർച്ച് മാസം പുകുതിയോടെ ആണ് ആ ഇണകിളികളെ ഞാന്‍ കണ്ടത്.
ഞാനോ മറ്റാരെങ്കിലുമോ ആ പറമ്പില്‍ കിടന്നാല്‍ ഇവരെങ്ങിനെയോ അറിയും..അവര് ശബ്ധമുണ്ടാക്കാന്‍ തുടങ്ങും. ആദ്യത്തെ കുറച്ചു നാളുകളേ അണ്ണാറകണ്ണന്റെ ഭീഷണി ഉണ്ടായുള്ളൂ..പിന്നീടു അവര് പേടിച്ചു പിന്മാരിയോ എന്തോ..പക്ഷേ അതേ തെങ്ങില്‍ മരംകൊത്തി വന്നിരിക്കാറുണ്ട്..പ്രശ്നങ്ങളൊന്നും ഉണ്ടാക്കികണ്ടില്ല.
അങ്ങനെ നാളുകള്‍ കഴിഞ്ഞു. അമ്മകിളിയും അച്ഛന്‍ കിളിയും മാറി മാറി ഇരുന്നു, ആ മുട്ട വിരിഞ്ഞു. താഴെ നിന്ന് നോക്കിയാല്‍ കുഞ്ഞികിളിയുടെ കുഞ്ഞു കൊക്ക് പുറത്തേക്കു കണ്ടു. ആരെങ്കിലും ആ പരിസരത്തേക്കു വന്നാല്‍ അപ്പൊ വരും ഇണകിളികള്‍..വീട്ടിലെ കൊപ്പകായ അവര്‍ മതിയാവോളം ആസ്വദിച്ചു..കുഞ്ഞിനും കൊടുത്തു..വെള്ളവും കുടിച്ചു..ഇപ്പൊ രണ്ടാമത്തെ പ്രാവശ്യം മുട്ടയ്ട്ടുണ്ട്..വിരിയാറാവുന്നു എന്ന് തോന്നുന്നു..എത്ര ഭംഗിയായിട്ടാണ് അവര്‍ ആ പൊത്തുണ്ടാക്കിയിരിക്കുന്നത്. ഒരുമിച്ചു മുട്ടകൾക്കടയിരുന്നു..ഭക്ഷണം തേടിപിടിച്ചു കൊണ്ടുവന്ന്…അവര് കൂടുവെക്കാന്‍ സ്ഥലം കണ്ടെത്തുന്നതിനും പ്രത്യേകതകള്‍ ഉണ്ടാകും..വെള്ളവും പഴങ്ങളും ആവശ്യത്തിനു ലഭിക്കുന്ന സ്ഥലത്തായിരിക്കണം കൂടിനുള്ള ഇടം കണ്ടെത്തുന്നത്..അപകടങ്ങള്‍ ഒഴിവാക്കാന്‍ ഒരു നിശ്ചിത ഉയരത്തിനപ്പുറമേ കൂടുണ്ടാക്കുകയുള്ളൂ.
ആ രണ്ടു കിളികൾ ആ കുഞ്ഞുങ്ങളെ വളർത്താൻ കടന്നു പോകുന്ന സാഹചര്യങ്ങൾ..
മുട്ട വിരിയുന്നത് വരെ അത് കാത്തുസൂക്ഷിക്കാൻ പെടുന്ന പാട്..
ചിലപ്പോ ഒരു യാത്രക്ക് തരാന്‍ പറ്റാത്ത സന്തോഷം പോലും ആ കിളികൾക്ക് തരാന്‍ കഴിയുന്നു. ആ കൊപ്പകായയില്‍ കൊത്തി തിന്നുന്നത് കാണുമ്പോ, വെള്ളം കുടിക്കുന്നത് കാണുമ്പോ..ആ കുട്രൂ ശബ്ദം കേക്കുമ്പോ..ശബ്ദം കേട്ട് തല പുറത്തേക്കിട്ടു നോക്കുന്ന കുഞ്ഞികിളിയെ കാണുമ്പോ…എല്ലാം ഒരു രസമാണ്..
എപ്പോഴെങ്കിലും സമയം കിട്ടുമ്പോ ഇതുപോലെ ചുറ്റുമൊന്നു കണ്ണോടിച്ചു നോക്കൂ..മലകള്‍ താണ്ടണമെന്നില്ല..കാടുകള്‍ കയറണമെന്നുമില്ല..ചുറ്റുമുണ്ട് അവര്‍..വർണ ചിറകുമായി…