കൂട് മാസികയുടെ അറുപതാം ലക്കം പ്രസിദ്ധീകരിച്ചിരിക്കുന്നു. കഴിഞ്ഞ അഞ്ചാണ്ടുകള്‍, ഏറ്റവും പരിമിതമായ സാഹചര്യങ്ങളില്‍നിന്നുകൊണ്ട് ഏറ്റവും സത്യസന്ധമായി കേരളത്തിലെ പാരിസ്ഥിതിക വിഷയങ്ങളെ അഭിസംബോധന ചെയ്യാന്‍ കൂടിനായിട്ടുണ്ട്. പരിസ്ഥിതി വിജ്ഞാനം വിദ്യാര്‍ത്ഥികളിലേക്കും യുവതലമുറയിലേക്കും പകരുക എന്ന ഒട്ടും ചെറുതല്ലാത്ത പ്രവര്ത്തിലയിലാണ് കൂട് പ്രധാനമായും ഏര്പ്പെടട്ടിരുന്നത്.
അഞ്ച് ആണ്ടുകള്‍ ഒരു പ്രസിദ്ധീകരണത്തിന്റെ ചരിത്രപാതകളിൽ അത്ര വലിയൊരു കാലയളവല്ലായിരിക്കാം. പക്ഷേ, നിലനില്പ്പിളനായി ഒന്നാം വാര്‍ഷികത്തിനു മുന്‍പേ തന്നെ പൊരുതിത്തുടങ്ങേണ്ടി വന്ന, സാമ്പത്തിക താല്പ്പര്യങ്ങളില്പ്പെട്ടുപോകാത്ത, ഏറ്റവും പരിമിതമായ സാഹചര്യങ്ങളില്‍നിന്നും പിറവിയെടുക്കുന്ന കൂട് പോലൊരു പ്രസിദ്ധീകരണത്തെ സംബന്ധിച്ച് അഞ്ചാണ്ടുകളെന്നത് സുദീര്ഘപമാണ്. പരസ്യങ്ങളോ മറ്റു വരുമാന സ്രോതസ്സുകളോ ഇല്ലാതെ ഭാരിച്ച ചെലവു വരുന്ന ഇത്തരമൊരു പ്രസിദ്ധീകരണം മുന്നോട്ടുകൊണ്ടുപോവുക എന്നത് പ്രായോഗികമല്ല. നിരവധി സുമനസ്സുകള്‍ ഈ യാത്രയിൽ കൂടിന് കൈത്താങ്ങായിട്ടുണ്ട്. ഇപ്പോഴും കൂട് നിലനില്‍ക്കുന്നതിനു കാരണക്കാരായ അവരെയേവരേയും സ്നേഹത്തോടെ സ്മരിക്കുന്നു. പ്രകൃതിയെ ഇഷ്ടപ്പെടുന്ന മലയാളി വായനക്കാരാണ് കൂടിനെ ഇത്രകാലവും നിലനിര്‍ത്തിയത്. ഒപ്പം യാതൊരു പ്രതിഫലവും പ്രതീക്ഷിക്കാതെ സന്തോഷത്തോടെ കൂടിനായി ലേഖനങ്ങളും ചിത്രങ്ങളും നല്കുുന്ന പ്രകൃതിസ്നേഹികളും ഫോട്ടോഗ്രാഫര്‍മാരും. തുടര്‍ന്നും കൂടിനുവേണ്ടി നിങ്ങളുടെയെല്ലാം സ്നേഹത്തോടെയുള്ള കരുതൽ ഉണ്ടാകണം. കൂടുതല്‍ വിദ്യാര്‍ത്ഥി കളിലേക്കും ചെറുപ്പക്കാരിലേക്കും കൂടിന്റെ സന്ദേശം എത്തിക്കണം. ഓരോ വാക്കുകളും ചിത്രങ്ങളും പരിസ്ഥിതി സംരക്ഷണത്തിനായി ഏറ്റവും ആവശ്യമുള്ള ഒരു കടുംകാലത്തിലൂടെയാണ് നമ്മള് കടന്നുപൊയ്ക്കൊണ്ടിരിക്കുന്നത്. ജാഗ്രതയോടെ നില്ക്കുിന്ന ഒരു ന്യൂനപക്ഷമെങ്കിലും പ്രകൃതിക്കുവേണ്ടി ഇവിടെയുള്ളതാണ് ഇത്തരത്തിലെങ്കിലും എല്ലാവര്ക്കും ജീവിതം സാധ്യമാക്കുന്നത്.
പ്രകൃതിയോടിഷ്ടമുള്ള കുറച്ചുപേരെയെങ്കിലും ഉണ്ടാക്കിയെടുക്കാൻ കൂടിനായിട്ടുണ്ട്. ആ ഇഷ്ടമുണ്ടാക്കുക എന്നതുതന്നെയാണ് കൂടിന്റെ എക്കാലത്തെയും ലക്ഷ്യവും. ഇനിയും കൂടുതല്‍ കൂടുതൽ പ്രകൃതിസ്നേഹികളെ സൃഷ്ടിക്കുന്നതിന് കൂടിനെ നിങ്ങളുടെ ഹൃദയത്തില്‍ത്തന്നെ സൂക്ഷിക്കുമല്ലോ.
നമ്മുടെ പ്രകൃതിക്കുവേണ്ടിയുള്ള കൂട്ടായ്മയിൽ പങ്കാളിയാവുക.
ആറാം തീയതി കല്ലേറ്റുംകര ആർ.എം.എസ്സിൽ നിന്നും മെയ് ലക്കം എല്ലാ വരിക്കാർക്കും പോസ്റ്റ് ചെയ്തിട്ടുണ്ട്.