പ്രകൃതിയുടെയും പ്രകൃതി വിഭവങ്ങളുടെയും സംരക്ഷണം ലക്ഷ്യം വെച്ചു പ്രവർത്തിക്കുന്ന IUCN (International Union for Conservation of Nature) ന്റെ ചെംപട്ടിക അഥവാ റെഡ് ലിസ്റ്റ് ജൂലായ് 18 ന് പുതുക്കി പ്രസിദ്ധീകരിച്ചു. ഒട്ടും ആശാവഹമല്ല കാര്യങ്ങൾ. മൊത്തം കണക്കെടുത്ത സ്പീഷീസുകളുടെ എണ്ണം ഒരു ലക്ഷം കഴിഞ്ഞു എന്നത് ഈ വർഷം പുതുക്കിയ ലിസ്റ്റിന്റെ ഒരു പ്രത്യേകത ആണ്. മൊത്തം 105,732 സ്പീഷീസുകളുടെ കണക്കെടുത്തപ്പോൾ 28,000 സ്പീഷീസുകൾ വ്യാപക വംശനാശ ഭീഷണി നേരിടുന്നതായി കണ്ടെത്തി. പതിവുപോലെ മനുഷ്യന്റെ കൈകടത്തൽ തന്നെ ആണ് വില്ലൻ. ഇത്തവണത്തെ ലിസ്റ്റിൽ കഴിഞ്ഞ തവണത്തെ അപേക്ഷിച്ചു ഒരെണ്ണം പോലും സ്വന്തം സ്ഥാനത്തിന് പുരോഗതി കൈവരിക്കാൻ കഴിഞ്ഞിട്ടില്ല എന്നതും ഏറെ ആശങ്ക ഉണ്ടാക്കുന്നു. ഉദാഹരണത്തിന് Cercocebus torquatus എന്ന ചെന്തോപ്പി കുരങ്ങൻ വംശ നാശ ഭീഷണി നേരിടാൻ സാധ്യത ഉണ്ട് എന്ന നിലയിൽ നിന്നും Vulnerable, വംശ നാശ ഭീഷണി നേരിടുന്ന ജീവി എന്ന സ്ഥാനത്തിലേക്ക് പോയിട്ടുണ്ട്. വീട്ടി ഉൾപ്പെടെ അയ്യായിരത്തിൽ പരം സസ്യങ്ങളും 500 ഓളം ആഴക്കടൽ ജീവികളും വംശ നാശ ഭീഷണി നേരിടുന്ന സ്ഥാനത്തിൽ എത്തിയിട്ടുണ്ട്.
ഏകദേശം , 873 സ്പീഷീസുകൾ വംശ നാശം സംഭവിച്ചതായും, 73 സ്പീഷീസുകൾ വന്യതയിൽ നാശം സംഭവിച്ചതായും, 6,127 സ്പീഷീസുകൾ വംശ നാശത്തിന്റെ വക്കിൽ നില്കുന്നതായും പുതിയ കണക്കുകൾ പറയുന്നു.
എന്താണ് ചെമ്പട്ടിക
1964 ല്‍ തുടങ്ങിയ IUCN ചെമ്പട്ടിക ലോകത്തിലെ വംശ നാശ ഭീഷണി നേരിടുന്ന ജീവികളുടെ ഏറ്റവും ആധികാരികവും വിശദമായതുമായ വിവര സ്രോതസ്സ് ആണ്. കേവലം ഒരു പട്ടിക എന്നതിനപ്പുറം ജീവന്‍റെ ഒരു മര്‍ദ്ധമാപിനിയായി മാറിയിട്ടുണ്ട് ഇത്. ലോകത്തെമ്പാടും വിവിധ സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങളും NGO കളും എല്ലാം ജീവികളുടെ സംരക്ഷണ മാര്‍ഗ്ഗരേഖ ഉണ്ടാക്കാന്‍ ആധികാരികമായി ആശ്രയിക്കുന്നത് ഈ പട്ടിക ആണ്. ഒരു ജീവി വര്‍ഗ്ഗം അമിത ചൂഷണത്തിനും വെട്ടയാടലിനും ഇരയായി വംശ നാശത്തോട് അടുക്കുന്നുണ്ടോ, അല്ലെങ്കില്‍ വളരെ പതുക്കെ പ്രത്യുല്പാദനം നടക്കുന്ന ഒരു മത്സ്യ വര്‍ഗ്ഗത്തെ അമിതമായി വലയിട്ടു പിടിക്കുന്നുണ്ടോ എന്നൊക്കെ പറയുന്ന ആധികാരിക രേഖയാണ് IUCN ചെമ്പട്ടിക. 2020 അവസാനത്തോടെ 160,000 സ്പീഷീസുകളെ എങ്കിലും അപഗ്രഥിക്കുക എന്നതാണ് ഇതിന്റെ ഒരു പ്രഖ്യാപിത ലക്ഷ്യം.
അപഗ്രഥനം
സ്പീഷീസുകളെ ശാസ്ത്രീയ അളവ് കോൽ ഉപയോഗിച്ച് അപഗ്രഥിക്കുകയും അവയെ 8 വ്യത്യസ്ത തരമായി തിരിക്കുകയുമാണ് IUCN Redlist ചെയ്യുന്നത്. ലോകത്തെമ്പാടുമുള്ള 8000 ല്‍ അധികം ജൈവ വൈവിധ്യ വിദഗ്ദരുടെ ഒരു ശൃംഘലയാണ് അപഗ്രഥനം നടത്തൂന്നത്. വംശ നാശം സംഭവിച്ചവ (Extinct)യിൽ തുടങ്ങി, ആശങ്കപ്പെടേണ്ടതില്ല (Least Concern) എന്ന നില വരെ അവയുടെ സംരക്ഷണ ആവശ്യമനുസരിച്ചാണ് തരം തിരിവ്.
വംശനാശം സംഭവിച്ചവ (EXTINCT) : നിലവിലെ അറിവ് അനുസരിച്ച്, തിരിച്ചു വരാനാവാത്ത വിധം വംശ നാശം സംഭവിച്ചു കഴിഞ്ഞവ.
തീവ്ര വംശനാശത്തിന്‍റെ വക്കില്‍ നില്‍ക്കുന്നവ (Critically Endangered) : എണ്ണം വളരെ ശുഷ്കിച്ചവ അല്ലെങ്കില്‍ സംരക്ഷണം കൊണ്ട് മാത്രം നില നില്‍ക്കുന്നവ
വംശനാശ ഭീഷണി നേരിടുന്നവ (Endangered) : നിലവിലെ അറിവ് പ്രകാരം എപ്പോള്‍ വേണമെങ്കിലും വംശനാശ ഭീഷണി നേരിടുന്നവ.
വംശനാശ സാധ്യതയുള്ളവ (Vulnerable) : വലിയ രീതിയില്‍ എണ്ണകുറവ് കാരണം വംശ നാശ ഭീഷണിക്ക് വളരെ അടുത്ത് നില്‍ക്കുന്നവ.
വംശനാശ ഭീഷണിയിലേക്ക് അടുക്കുന്നവ (Near Threatened) : ജീവിക്കുന്ന പരിതസ്ഥിതില്‍ ഉള്ള ഭീഷണി നിമിത്തം എണ്ണം കുറഞ്ഞു തുടങ്ങുന്നവ.
ആശങ്കപ്പെടേണ്ട ആവശ്യമില്ലാത്തവ (Least Concern) : അപഗ്രഥനത്തിനു ശേഷം വെല്ലുവിളി ഉണ്ട് എന്ന ആശങ്കക്ക് സ്ഥാനം ഇല്ലാത്തവ അല്ലെങ്കില്‍ ഭീഷണി ഇല്ലാത്തവ.
നമ്മുടെ നില
ഇപ്പോഴെത്തെ നിലക്ക് ഇന്ത്യയില്‍ നിന്നും 6 സ്പീഷീസുകള്‍ തിരിച്ചു വരാത്ത രീതിയില്‍ എന്നന്നേക്കുമായി അപ്രത്യക്ഷമായി (Extinct) കഴിഞ്ഞു. അതില്‍ കേരളത്തില്‍ നിന്നുമുള്ള Cynometra beddomei എന്ന സസ്യവും ഉണ്ട് എന്നാലും അടുത്ത കാലത്തായി വടക്കന്‍ കേരളത്തിലും കര്‍ണാടകത്തില്‍ നിന്നുമായി ഇതിന്‍റെ ചില മരങ്ങള്‍ കണ്ടെത്തി എന്നത് ആശാവഹമാണ്. മാരകമായി വംശ നാശത്തിന്‍റെ വക്കില്‍ നില്‍ക്കുന്ന (Critically Endengered) 169 സ്പീഷീസുകള്‍ ഇന്ത്യയില്‍ നിന്നും ഉണ്ട്. അതില്‍ ഏറ്റവും കൂടുതല്‍ കേരളത്തില്‍ നിന്നും ആണ്, 35 എണ്ണം. ഇതില്‍ 24 സസ്യങ്ങളും, 4 ഉഭയ ജീവികള്‍ ഉള്‍പ്പെടെ 11 ജന്തു വര്‍ഗ്ഗങ്ങളും ഉണ്ട്.
വംശ നാശ ഭീഷണി നേരിടുന്ന (Endengered) ജീവികളില്‍ 392 എണ്ണം ഇന്ത്യയില്‍ നിന്നും ഉണ്ട് അതിലും ഏറ്റവും കൂടുതല്‍ കേരളത്തില്‍ നിന്നും ആണ്, 131 എണ്ണം. വംശ നാശ ഭീഷണി നേരിടാന്‍ സാധ്യതയുള്ള (Vulnerable) പട്ടികയിലും ഒന്നാം സ്ഥാനം കേരളത്തിന് തന്നെ 115 എണ്ണം, ഇന്ത്യയിലെ ആകെ 548 എണ്ണത്തില്‍ -100 സ്പീഷീസുകളുമായി തമിഴ് നാട് തൊട്ടു പുറകില്‍ ഉണ്ട്.
വികലമായ വികസന സങ്കല്പത്തില്‍ ഊന്നിയുള്ള വ്യാപക പരിസ്ഥിതി നാശവും അതിനോടൊപ്പം ഉള്ള കാലാവസ്ഥാ വ്യതിയാനവും വലിയ രീതിയില്‍ ജീവി വരഗ്ഗങ്ങളുടെ ഉണ്മൂലനതിനു കരണമായിട്ടുണ്ട്. ഇനി ഒരു തിരിച്ചു പോക്ക് ഇല്ലാത്ത വിധം വംശ നാശത്തിലേക്ക് അടുക്കുകയാണ് നാം…
22 ജൂലൈ 2019, മലയാള മനോരമ പഠിപ്പുരയിൽ പ്രസിദ്ധീകരിച്ചത്