കര്‍ണാടക ജില്ലയിലെ തുറമുഖ നഗരമായ മാംഗ്ലൂരില്‍ ഒരു അപൂര്‍വ്വജീവി കാട്ടില്‍ നിന്നുമെത്തിയെന്നും അവിടെയുള്ളരു ഭവനത്തിലെ വീട്ടുകാരെയെല്ലാം കടിച്ചു കൊല്ലപ്പെട്ടുത്തിയെന്നും പറഞ്ഞു കൊണ്ടൊരു സന്ദേശം സാമൂഹിക മാധ്യമങ്ങളില്‍ക്കൂടി പ്രചരിക്കുന്നത് ശ്രദ്ധിക്കുകയുണ്ടായി. ഒരു കുടുംബത്തിലെ നാലംഗങ്ങള്‍ അതിധാരുണമായി കൊല്ലപ്പെട്ടു കിടക്കുന്ന ചിത്രങ്ങളും ആക്രമിച്ച അപൂര്‍വ്വ ജീവിയുടേതെന്നു അവകാശപ്പെടുന്ന ഒരു ഹ്രസ്വവീഡിയോയും ഒപ്പം പ്രചരിക്കുന്നുണ്ട്. ഈ സന്ദേശത്തിന്റെ സത്യാവസ്ഥ പരിശോധിക്കാം.
പ്രചരിക്കുന്ന ചിത്രങ്ങളില്‍ കൊല്ലപ്പെട്ടു കിടക്കുന്നവരുടെ മുറിവുകള്‍ ശ്രദ്ധിച്ചാല്‍ അത് ഒരു മൃഗത്തിന്റെ ആക്രമണത്തില്‍ നിന്നല്ലായെന്നും കോടാലി പോലെയുള്ള മൂര്‍ച്ചയേറിയ ആയുധം കൊണ്ട് തലയ്ക്കു ആക്രമിച്ചു കൊണ്ടുള്ള മുറിവുകള്‍ ആണെന്നും വ്യക്തമാണ്. ശരീരത്തിന്റെ മറ്റ് ഭാഗങ്ങളില്‍ പ്രകടമായ മുറിവുകളുമില്ല. പരിശോധനയില്‍ നിന്നും ഉത്തര്‍ പ്രദേശിലെ ബിംഗിയ ഗ്രാമത്തില്‍ കഴിഞ്ഞ വർഷം നടന്ന ഒരു കൂട്ടക്കൊലയില്‍ നിന്നുള്ള ദൃശ്യങ്ങളാണ് ഇതെന്ന് മനസിലായി. കമലേഷ് ദേവി എന്ന വ്യക്തിയുടെ ഭവനത്തില്‍ മോഷണശ്രമത്തിനായി പ്രവേശിച്ചവര്‍ അവരെയും കുടുംബത്തിലെ മറ്റ് അംഗങ്ങളെയും നിഷ്ഠുരമായി കൊലചെയ്യുക ആയിരുന്നുവെന്നു പോലീസ് റിപ്പോര്‍ട്ട് നല്‍കിയതായി UttarPradesh..ORG News വാര്‍ത്ത നല്‍കിയിരുന്നു.
ഒപ്പമുള്ള വീഡിയോയില്‍ അപൂര്‍വ്വജീവി എന്ന് അടയാളപ്പെട്ടുത്തിയത് റാട്ടെല് അഥവാ തേന്‍-ബാഡ്ജർ എന്ന വിളിപ്പെരുള്ള ഒരിനം സസ്തനി മൃഗമാണ്, വീഡിയോയുടെ പിന്നണിയുള്ള സംഭാഷണങ്ങള്‍ തുളു ഭാഷയില്‍ ആയതിനാല്‍ കര്ണാടകയുള്ള ഒരു മൃഗശാലയില്‍ നിന്നുള്ള ദൃശമാണ് ഇതെന്ന് കരുതാം.
കരടിയുമായി സാദൃശ്യമുള്ളതിനാല്‍ തറക്കരടി എന്നൊരു മലയാളം പേരും ഇവയ്ക്കുണ്ട്.
പക്ഷേ, ജീവവര്ഗ്ഗീകരണ ശാസ്ത്രപ്രകാരം ഇവ നീര്‍നായകളും ധ്രുവപ്പൂച്ചകളും അംഗമായ മസ്റ്റെലൈഡ് ജന്തുകുടുംബത്തിലെ അംഗമാണ്. കരടികള്‍ യര്സിഡെയ എന്ന ജന്തു കുടുംബത്തിലെ അംഗവും.
തറക്കരടി എന്ന പേര് വന്നത് നിലത്ത് നോക്കി നടക്കുക ആണെന്ന് തോന്നിപ്പിക്കുന്ന ശരീരഘടനയുള്ളതിനാലാകും. അല്ലാത്തപക്ഷം മരം കയറാന്‍ സാമര്‍ത്ഥ്യമുള്ള ജീവികളാണ് ഇവ. ആഫ്രിക്ക ഭൂഖണ്ഡത്തിലും ദക്ഷിണ ഏഷ്യന്‍ രാജ്യങ്ങളിലും ഇവയെ കാണാവുന്നതാണ്. നമ്മുടെ രാജ്യത്തില്‍ പൊതുവേ വരണ്ട കാലാവസ്ഥയുള്ള ഭൂപ്രദേശങ്ങളിലാണ് ഇവ അധികമായി കാണുന്നത്.
മഴ കൂടുതലുള്ള പ്രദേശങ്ങളില്‍ അപൂര്‍വ്വമാണ്. കേരളത്തില്‍ സാധാരണ കണ്ടു വരുന്ന ഒരു ജീവിയല്ല ഇത്.
കര്‍ണാടകയില്‍ കാവേരി വന്യജീവി സംരക്ഷണകേന്ദ്രത്തില്‍ തറക്കരടികളെ കണ്ടെത്തിയിട്ടുണ്ട്. തേനിനോടുള്ള ഇവയുടെ പ്രിയത്തില് നിന്നാണ് ‘തേന്‍-ബാഡ്ജർ ‘ എന്ന പേര് ലഭിക്കുന്നത്. മരങ്ങളില്‍ കയറി തേനിച്ചക്കൂടുകളില് നിന്ന് തേന്‍ എടുക്കാറുണ്ട്, അതിന്റെ കൂടെ തേനീച്ചകളെയും ഭക്ഷിക്കും. സാധാരണ രാത്രി കാലങ്ങളിലാണ് ഇരതേടല്‍. ആമകള്‍, പാമ്പുകള്‍, പക്ഷികള്‍, തവളകള്‍ തുടങ്ങി ഇവയുടെ ഭക്ഷണവിഭവങ്ങള്‍ വൈവിധ്യം നിറഞ്ഞതാണ്, പഴങ്ങളും കിഴങ്ങുകളും പോലും ഭക്ഷണത്തില്‍ ഇടം പിടിക്കാവുന്നതാണ്.
സ്വതവേ പ്രകോപനം ഇല്ലാതെ ആക്രമിക്കുന്ന സ്വഭാവക്കാരല്ല തറക്കരടികള്‍. ഉത്തര ഇന്ത്യയിലെ പല പ്രദേശങ്ങളിലും മനുഷ്യാവാസയിടങ്ങളില് ഇവയെ കാണാവുന്നതാണ്. ശക്തി ഏറിയ നഖങ്ങളും വേഗത്തില്‍ പ്രതികരിക്കാവുന്ന ശരീരഘടനയും ആയതിനാല്‍ ആക്രമണം ഉണ്ടായാല്‍ ശക്തമായിരിക്കുകയും ചെയ്യും. പേവിഷബാധ അഥവാ റാബീസ് ഇവയില്‍ നിന്ന് മനുഷ്യരിലേക്ക് പകരുവാന്‍ ഇടയുണ്ട്, കെന്യ രാജ്യത്തില്‍ റാബീസിന്റെ പ്രധാന റിസർവോയറുകളില്‍ ഒന്നാണ് തറക്കരടികള്‍. പക്ഷേ, പേവിഷബാധയുടെ പ്രശ്നം വന്യജീവികളായ മിക്ക സസ്തനികളിൽ നിന്നും ഉണ്ടാകാറുണ്ട്. നിലത്ത് സ്വയം നിര്‍മ്മിക്കുന്ന കുഴികളിലാണ് ഇവയുടെ താമസം. ആ അവസരത്തില്‍ കിട്ടുന്ന എലികളെയും പാമ്പുകളെയും ഭക്ഷിക്കാറുണ്ട്, മൂര്‍ച്ചയുള്ള 32 പല്ലുകളും ഇവയ്ക്കുണ്ട്. കഠിനമായ മുറിവ് ഏല്പിക്കാവുന്നതാണ് ആക്രമിക്കുന്ന അവസരത്തില്‍. മലദ്വാരത്തിന്റെ ഇരു ഭാഗങ്ങളിലുമുള്ള ഗ്രന്ഥികളിൽ നിന്ന് രൂക്ഷമായ ദുർഗന്ധത്തോടു കൂടിയ മഞ്ഞ നിറത്തിലുള്ള സ്രവം പുറപ്പെടുവിക്കുന്നു. ഈ ദുർഗന്ധ ദ്രാവകം ശത്രുക്കളിൽ നിന്നു രക്ഷപ്പെടാൻ ഇവയെ സഹായിക്കുന്നുണ്ട്. സ്വയം രക്ഷയ്ക്കായി മനുഷ്യരെ ആക്രമിക്കാനും ഇവ മടിക്കാറില്ല.
ഗർഭകാലം ആറു മാസമാണ്. ഒരു പ്രസവത്തിൽ രണ്ട് കുഞ്ഞുങ്ങളുണ്ടാകുന്നു. കൂട്ടിൽ അടച്ചു വളർത്തുന്ന തറക്കരടിക്ക് 24 വർഷം വരെ ആയുസ്സുള്ളതായി കണക്കാക്കപ്പെട്ടിട്ടുണ്ട്. പ്രജനനകാലത്ത് കൂട്ടമായി കാണുമെങ്കിലും അല്ലാത്ത സമയങ്ങളില്‍ പലപ്പോഴും തറക്കരടികള്‍ ഒറ്റയ്ക്കുള്ള ജീവിതമാണ് നയിക്കുക. പൊതുവേ നല്ല ബുദ്ധിയുള്ള മൃഗങ്ങളാണ് ഇവ.
മരക്കമ്പുകള്‍ ക്കൊണ്ടുള്ള ലളിത ഉപകരണങ്ങള്‍ ഇരതേടാനും, ആക്രമിക്കാനും, വഴിയിലെ പ്രതിസന്ധികള്‍ മറികടക്കാനും ഉപയോഗിക്കുന്നത് ഡൊക്യുമെന്റ് ചെയ്തിട്ടുണ്ട്. ജോഹാന്‍ ക്രിസ്റ്റന്‍ ശ്രേബര് എന്ന ജന്തുശാസ്ത്രജ്ഞനാണ് 1776 ല്‍ സൌത്ത് ആഫ്രിക്കയില്‍ നിന്ന് കണ്ടെത്തിയ ഇവയ്ക്ക് മെല്ലിവോറ കാപെൻസിസ് എന്ന ശാസ്ത്രനാമം നല്‍കുന്നത്. ദീര്‍ഘദൂരം സഞ്ചരിക്കാന്‍ ശേഷിയുള്ളവരാണ് തറക്കരടികള്‍. ഒറ്റ രാത്രികൊണ്ട് 32 കിലോമീറ്ററോളം ദൂരം ഇവ സഞ്ചരിക്കാറുണ്ട്.
വേൾഡ് കൺസർവേഷൻ യൂണിയന്റെ ലിസ്റ്റ് പ്രകാരം വംശനാശ ഭീക്ഷണി നേരിടുന്ന ജീവിയല്ല തറക്കരടികളെങ്കിലും ഇന്ത്യയില്‍ വ്യാപകമായി കാണുന്ന ഇനം അല്ലാത്തതിനാല്‍ നമ്മുടെ രാജ്യത്തിന്റെ 1972 ലെ വന്യജീവിസംരക്ഷണ നിയമപ്രകാരം സംരക്ഷിക്കപ്പെട്ടുന്ന ജന്തുയിനമാണ്. ആയതിനാല്‍ തന്നെ ഇവയെ കൊല്ലുന്നതും ആക്രമിക്കുന്നതും നിയമവിരുദ്ധമാണ്. കേരളം പോലെയുള്ള അധികം മഴലഭിക്കുന്ന മേഖലകളില്‍ ഇന്ത്യയില്‍ ഇവയെ ദർശിക്കാറില്ല.
മാംഗ്ലൂരില്‍ കാട്ടില്‍ നിന്ന് കയറി മനുഷ്യരെ ആക്രമിച്ച അപൂര്‍വ്വ ജീവി എന്ന വിധത്തില്‍ പ്രചരിച്ച സന്ദേശത്തിന്റെ വസ്തുത ഇതാണ്. ഓണ്‍ലൈനായി ലഭിക്കുന്ന ലൈക്കിനും ഷെയറിനും വേണ്ടി ഇത്തരത്തില്‍ ഉള്ള വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് ഒട്ടും മാതൃകാപരമല്ല, കുറ്റകരമായ പ്രവര്‍ത്തനമാണ്.