കഴിഞ്ഞ ഒരാഴ്ചകൊണ്ട് ഇടുക്കി അണക്കെട്ടിനെപ്പറ്റി അറിയേണ്ടതെല്ലാം, രേഖാ ചിത്രം ഉൾപ്പടെ നിങ്ങൾ അറിഞ്ഞല്ലോ. ഇടുക്കിയിൽ അണക്കെട്ട് തുറക്കുന്നതും നോക്കി ഇരുന്ന മാധ്യമങ്ങളെല്ലാം സ്ഥലം വിട്ട സ്ഥിതിക്ക് അണക്കെട്ടിനെക്കുറിച്ച് ഞാൻ ചില കാര്യങ്ങൾ പറയാം. അല്പം നീണ്ടതാണ്, താല്പര്യമുളളവർ വായിച്ചാൽ മതി…
തുമ്മാരുകുടിയിൽ വീടിന് തൊട്ടു താഴെ ഒരു തോടുണ്ട്. അവിടെ മീൻ പിടിക്കുക എന്നതായിരുന്നു വലിയൊരു വിനോദം. ചൂണ്ടയിടുന്നത് തൊട്ട് കള്ളിപ്പാലയുടെ കറ വെള്ളത്തിൽ കലക്കി മീനുകളെ ബോധം കെടുത്തുന്നത് വരെയുള്ള തന്ത്രങ്ങൾ പ്രയോഗിക്കാറുണ്ട്. വെള്ളം കുറയുന്ന സമയത്ത് പാടത്തു നിന്നും മണ്ണും ചെളിയും എടുത്ത് തോടിന് കുറുകെ ഒരു ബണ്ടുണ്ടാക്കും, അപ്പോൾ താഴെ വെള്ളം ഇല്ലാതാകും, പരൽ മീനുകളെ പെറുക്കിയെടുക്കാം. പക്ഷെ അധികം സമയം കിട്ടില്ല, ബണ്ടിന്റെ മുന്നിൽ വെള്ളം നിറയും, അത് പൊട്ടി വരും. അതിന് മുൻപേ കിട്ടുന്നത് കിട്ടി. അതായിരുന്നു ആദ്യത്തെ അണക്കെട്ട്.
എൻജിനീയർമാർ പണിത അണക്കെട്ട് അടുത്ത് കാണുന്നത് ഇടമലയാറിൽ ആണ്. 1984 ൽ. അന്നത് പൂർത്തിയായിട്ടില്ല. കോതമംഗലത്ത് സിവിൽ എഞ്ചിനീറിങ്ങിൽ നാലാമത്തെ സെമസ്റ്ററിനു ശേഷം അഞ്ചാമത്തെ സെമസ്റ്ററിന് മുൻപ് ഏകദേശം നാലുമാസം അവധിയുണ്ട്. ഒന്നാം വർഷ പരീക്ഷയുടെ സപ്ലിമെന്ററി പരീക്ഷ എഴുതി അതിന്റെ റിസൾട്ടും വന്നാലേ അഞ്ചാം സെമസ്റ്റർ തുടങ്ങൂ. ഈ സമയത്താണ് കുട്ടികൾ പ്രാക്ടിക്കൽ ട്രൈനിങ്ങിന് പോകുന്നത്. എന്റെ ക്ലാസ്സ് മേറ്റ് മാത്യു ജോർജ്ജിന്റെ അമ്മാവൻ ഇലക്ട്രിസിറ്റി ബോർഡിലെ ഗവേഷണ വിഭാഗം ചീഫ് എൻജിനീയറാണ്. അദ്ദേഹത്തിന്റെ സഹായത്താൽ മാത്യുവിനും എനിക്കും ജലീലിനും ബോർഡിൽ ട്രെയിനിങ്ങിന് അവസരം ലഭിച്ചു. ഇടമലയാർ അണക്കെട്ട് പണിയുന്ന കാലമാണ്. ഇടമലയാറിൽ അന്ന് ബോർഡിന്റെ വലിയ ടൗൺഷിപ്പാണ്. ചായക്കട മുതൽ ചാരായക്കട വരെയുണ്ട്. അണക്കെട്ട് വരുമ്പോൾ വെള്ളത്താൽ മുങ്ങിപ്പോകുന്ന സ്ഥലങ്ങളുടെ ഹൈഡ്രോ ഗ്രാഫിക് സർവേയാണ് ഞങ്ങളുടെ ജോലി. കോഴിക്കോട്ടു നിന്നുള്ള ഒരു മജീദ് സാർ ആണ് സർവ്വേയുടെ ബോസ്. അദ്ദേഹത്തിൽ നിന്നാണ് അണക്കെട്ടിന്റെ അടിസ്ഥാന തത്വങ്ങൾ പഠിച്ചത്.
മനുഷ്യൻ അണകെട്ടി തുടങ്ങിയിട്ട് എത്ര കാലമായി എന്നാർക്കും അറിയില്ല, പക്ഷെ അയ്യായിരം വർഷം മുൻപ് കെട്ടിയ അണയുടെ ചരിത്രവും സാക്ഷ്യങ്ങളും ഇന്നുമുണ്ട്. ഇപ്പോഴത്തെ ജോർദാനിലെ അമ്മാൻ നഗരത്തിന് സമീപമുള്ള ജാവ അണക്കെട്ടാണ് (ക്രിസ്തുവിന് 3000 വർഷം മുൻപ്) ആദ്യത്തെ റെക്കോർഡ് ഉളളത്. എ ഡി രണ്ടാം നൂറ്റാണ്ടിൽ കരികാല ചോളൻ നിർമിച്ച കല്ലണ തമിഴ്നാട്ടിൽ ഇപ്പോഴുമുണ്ട്. മണ്ണുകൊണ്ടും കല്ലുകൊണ്ടും മരം കൊണ്ടും ഒക്കെയാണ് ആദ്യകാലത്ത് അണകെട്ടിയിരുന്നത്. ഇപ്പോൾ മണ്ണ് കൊണ്ടോ, കല്ല് കൊണ്ടോ, കോൺക്രീറ്റ് കൊണ്ടോ, സ്റ്റീൽ കൊണ്ടോ അണ കെട്ടാം. അണ കെട്ടുന്നതിന്റെ പ്രധാന പ്രശ്നം അണയുടെ പുറകിൽ ജലനിരപ്പ് ഉയരുമെന്നതാണ്. ജലനിരപ്പ് ഉയരുംതോറും അത് അണയിൽ മർദ്ദം ചെലുത്തും. അണ ശരിയായിട്ടല്ല ഡിസൈൻ ചെയ്തതെങ്കിൽ വെള്ളത്തിന്റെ തള്ളൽ അണയെ മറിച്ചിടും. ഇതിനെ പ്രതിരോധിക്കാൻ രണ്ടു മാർഗ്ഗങ്ങളുണ്ട്. ഒന്ന്, അണയുടെ വീതിയും ഭാരവും കൂട്ടുക. അണ വലുതാകുമ്പോൾ, അല്ലെങ്കിൽ കൂടുതൽ ഭാരമുള്ള എന്തെങ്കിലും വസ്തുകൊണ്ട് അണകെട്ടുമ്പോൾ, അതിൻറെ ഭാരം തന്നെ അതിന് ശക്തി നൽകുന്നു. അപ്പോൾ തള്ളിമറിച്ചിടാൻ വെള്ളത്തിന് സാധിക്കില്ല. വാസ്തവത്തിൽ എലമെന്ററിയാണ്. (അണയുടെ അടിയിൽ കൂടി വെള്ളം ലീക്ക് ചെയ്തുണ്ടാക്കുന്ന ഫോഴ്സ്, ഭൂമി കുലുങ്ങിയാലുള്ള ഫോഴ്സ്, മുകളിൽ ഒരു അണപൊട്ടി സുനാമി പോലെ വെള്ളം വന്നാലുള്ള ഫോഴ്സ് എന്നിങ്ങനെ വേറെയും സാധ്യതകളുണ്ട്, പക്ഷെ ഇതിപ്പോൾ ഒരു ഡാം ഡിസൈൻ കോഴ്സ് അല്ലാത്തതിനാൽ അടിസ്ഥാന കാര്യങ്ങളേ പറയുന്നുള്ളൂ).
ഡാമിനെക്കുറിച്ച് കൂടുതൽ പറഞ്ഞുതന്നത് ഞങ്ങളുടെ സിവിൽ ഡിപ്പാർട്ട്മെന്റ് മേധാവിയും എന്റെ സുഹൃത്ത് ബിനോയിയുടെ പിതാവുമായ ശ്രീ ഏലിയാസ് വർഗ്ഗീസ് ആണ്. (കേരളത്തിലെ തന്നെ ഏറ്റവും പ്രശസ്തനായ സ്ട്രക്ച്ചറൽ എൻജിനീയറായിരുന്നു ഏലിയാസ് സാർ. ഇപ്പോൾ പിതാവിന്റെ പാത പിന്തുടർന്ന് കോതമംഗലത്തെ സിവിൽ വിഭാഗത്തിന്റെ തലവനാണ് ബിനോയ്, ജലവിഭവത്തിന്റെ മാനേജ്മെന്റിൽ ബാംഗളൂരിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ നിന്നും ഡോക്ടറേറ്റും എടുത്തിട്ടുണ്ട്).
അണയുടെ ഉയരം കൂടുംതോറും ഹൈഡ്രോസ്റ്റാറ്റിക് പ്രഷറിനെ നേരിടാനാവശ്യമായ ഗ്രാവിറ്റി ഫോഴ്സിന്റെ അളവ് കൂടും. അതനുസരിച്ച് അണക്കെട്ടിന്റെ വലിപ്പം കൂട്ടണം. സാധാരണഗതിയിൽ മുകളിൽ വീതി കുറഞ്ഞ് അടിയിൽ വീതി കൂടിവരുന്ന ഒരു സ്ട്രക്ച്ചറാണ് അണക്കെട്ടിനുള്ളത്. നൂറുമീറ്റർ ഉയരമുള്ള അണക്കെട്ടിന് മുകൾഭാഗത്ത് പത്തുമീറ്ററാണ് വീതിയെങ്കിൽ താഴെ എത്തുമ്പോഴേക്കും ഏകദേശം നൂറു മീറ്ററോളം വീതി വരും. അത്രമാത്രം കോൺക്രീറ്റ് ഉണ്ടാക്കാൻ ചെലവ് ഏറെ കൂടും.
എന്നിട്ടും എന്തുകൊണ്ടാണ് എല്ലാവരും ആർച്ച് ഡാം ഉണ്ടാക്കാത്തത് ? ആർച്ച് ഡാമിന്റെ ഡിസൈൻ എഞ്ചിനീയറിങ്ങ് ആണെങ്കിലും നിർമ്മാണം ഒരു കലയാണ്. അതുകൊണ്ടാണ് ലോകത്തെ അണക്കെട്ടുകളിൽ ആയിരത്തിൽ ഒന്നുപോലും ആർച്ച് ഡാം ആകാത്തത്. അതുകൊണ്ടാണ് ഇടുക്കി ഡാം ഒരു സംഭവം ആകുന്നത്, കേരളത്തിലെ എല്ലാ സിവിൽ എൻജിനീയറിങ് വിദ്യാർത്ഥികളുടെയും പിൽഗ്രിമേജ് സെന്റർ ആകുന്നത്.
“നിങ്ങൾ ഇടുക്കി കാണാൻ പോകുമ്പോൾ അണക്കെട്ടിന്റെ മുകളിൽ നിന്നല്ല അത് കാണേണ്ടത്. താഴെ പോയിനിന്ന് മുകളിലേക്ക് നോക്കണം” എന്ന് പറഞ്ഞുവിട്ടത് ഏലിയാസ് സാറാണ്.
ഇടുക്കി കാണാനായി കോളേജിൽ നിന്നും പോയ ഞങ്ങൾ ആദ്യം കണ്ടത് ചെറുതോണി അണക്കെട്ടാണ്. കേരളത്തിലെ ഏറ്റവും വലിയ അണക്കെട്ട്. കണ്ടാൽ ഒരു ബഹുമാനമൊക്കെ തോന്നും. അഞ്ഞൂറ് മീറ്ററിൽ ഏറെ നീളം, നൂറ്റിമുപ്പത് മീറ്റർ ഉയരം, മുകളിൽ നിന്ന് നോക്കിയാൽ താഴേക്ക് വീതി കൂടിവരുന്ന അടിവശം. ഇന്ത്യയിലെ തന്നെ രണ്ടാമത്തെ വലിയ അണക്കെട്ടാണത്രെ. ഈ ചെറുതോണി അത്ര ചെറിയ തോണി അല്ല.
“ഇടുക്കി അണക്കെട്ടുണ്ടാക്കാൻ സിമന്റ് കൊണ്ടുപോകുന്നതാണ്”
എന്ന് പറഞ്ഞുതന്നത് അമ്മാവനാണ്. 1968 -ൽ ആണെന്നാണ് ഓർമ്മ. പിന്നേയും ഓരോ വർഷം അമ്മാവൻ അവധിക്ക് വരുമ്പോഴും അവിടെ പോകും. അപ്പോഴും ഓരോ അഞ്ചു മിനുട്ടിലും ഭീമൻ സിമന്റ് ലോറി കടന്നു പോകും. 1976 ലാണ് പ്രധാനമന്ത്രി വന്ന് ഉദ്ഘാടനം നടത്തിയത്. അപ്പോൾ വർഷങ്ങളോളം മിനുട്ട് വച്ച് സിമന്റ് കൊണ്ടുപോയി ഉണ്ടാക്കിയ ഇടുക്കി ഡാം എത്ര വലുതായിരിക്കണം ?
ആ അണക്കെട്ടാണ് 1984 ൽ ആദ്യമായി കാണാൻ പോകുന്നത്.
ഒരു ചെറിയ ബണ്ടിന്റെ മുകളിൽ ബസ് നിർത്തി.
“ഇതാണ് ഇടുക്കി അണക്കെട്ട്” സാർ പറഞ്ഞു.
“ങേ..!”
ഞങ്ങൾ ഒറ്റ സ്വരത്തിൽ പറഞ്ഞു, “ഇത് ചെറുതോണിയുടെ നാലിലൊന്നു പോലുമില്ലല്ലോ.”
“അതാണല്ലോ ആർച്ച് ഡാമിന്റെ പ്രത്യേകത”. സാർ പറഞ്ഞു.
ഏതാണെങ്കിലും ഏലിയാസ് സാറിന്റെ നിർദ്ദേശമനുസരിച്ച് ഞങ്ങൾ കുറച്ചു പേർ താഴേക്കിറങ്ങി.
പെരിയാറിൽ അണ കെട്ടിയപ്പോൾ അണയുടെ ഒരു വശത്ത് വെള്ളം പൊങ്ങിയല്ലോ, പക്ഷെ അണയുടെ മറുവശത്ത് പെരിയാർ പൂർണ്ണമായും ഇല്ലാതായി. ആ ആറിന്റെ മാറിൽ ചവുട്ടിനിന്ന് മുകളിലേക്ക് ഒന്ന് നോക്കണം. ഇടുക്കിയിലെ ആർച്ച് ഡാം സാധാരണ പോലെ ഒറ്റ ആർച്ച് അല്ല. ഇടതു നിന്നും വലത്തേക്കും താഴെ നിന്നും മുകളിലേക്കും ആർച്ച് ആണ്. അതിനാൽ താഴെ നിന്നും മുകളിലേക്ക് നോക്കുമ്പോൾ പത്തി വിടർത്തി നിൽക്കുന്ന ഒരു കൂറ്റൻ പാമ്പിനെപ്പോലെ തോന്നും. അപ്പോഴാണ് എന്തുകൊണ്ടാണ് ഇടുക്കി അണക്കെട്ട് ഒരു ലോകോത്തര എഞ്ചിനീയറിംഗ് വിസ്മയമാണ് എന്ന് നമുക്ക് മനസ്സിലാകുന്നത്. ഇടുക്കിയിൽ സ്പിൽവേ തുറക്കുന്നത് കാണാൻ പോയി നിൽക്കുന്നവരും ഇനി പോകുന്നവരും അണക്കെട്ടിന്റെ താഴെ പോയി ഒന്ന് കാണണം. (അങ്ങനെ പോകുന്നത് നിരോധിച്ചിട്ടില്ല എന്ന് കരുതുന്നു. ഇപ്പോൾ എന്തും നിരോധിക്കുന്നതാണല്ലോ ഫാഷൻ. ഏതു ഡാമിന്റെയും മുകളിൽ ഫോട്ടോ എടുക്കാൻ നിൽക്കുന്ന നിങ്ങളുടെ പടം വരെ ഒപ്പിയെടുക്കാൻ പറ്റുന്ന ഉപഗ്രഹങ്ങൾ ഇപ്പോൾ ലോകത്തുണ്ട്. അവയെടുത്ത പടങ്ങൾ ഇന്റർനെറ്റിൽ സൗജന്യമായി ലഭ്യമാണ്. നിങ്ങളുടെ കയ്യിലുള്ള മൊബൈൽ ഫോൺ കാണാൻ പറ്റുന്ന ചാര ഉപഗ്രഹങ്ങൾ വേറെയും ഉണ്ട്, ഏതെങ്കിലും രാജ്യത്തെ അണക്കെട്ടിൽ ശത്രു രാജ്യങ്ങൾക്ക് താല്പര്യം ഉണ്ടെങ്കിൽ അത്തരം ചിത്രങ്ങൾ അവർക്ക് ലഭ്യമാണ്. എന്നിട്ടും ലോകത്ത് പല അണക്കെട്ടുകളിലും ഫോട്ടോഗ്രാഫി നിരോധനമാണ്. ഇതൊക്കെ രണ്ടാം ലോകമഹായുദ്ധ കാലത്തെ ചിന്തകളുടെ ബാക്കിയാണ്).
ലോകത്ത് പലയിടത്തും ഇങ്ങനെ പ്ലാനിങ്ങില്ല. പാകിസ്താനിലെ 2010 -ലെ വെള്ളപ്പൊക്കത്തിലും തായ്ലൻഡിലെ 2011 -ലെ വെള്ളപ്പൊക്കത്തിലും പ്രധാന വില്ലൻ അണക്കെട്ടുകളായിരുന്നു. മഴയുടെ ആദ്യമാസങ്ങളിൽ വെള്ളം അമിതമായി സംഭരിച്ചുവെച്ചും, അവസാനം താഴെ വെള്ളം പൊങ്ങിയ കാലത്ത് തന്നെ അണക്കെട്ട് തുറന്നുവിട്ട് രാജ്യത്തിൻറെ മൂന്നിൽ രണ്ടു ഭാഗവും വെള്ളത്തിനടിയിലാക്കി. ഈ അനുഭവമുള്ളതുകൊണ്ടാണ് ഈ വർഷം ജൂണിൽ തന്നെ നമ്മുടെ അണക്കെട്ടുകളിൽ വെള്ളം ഉയരുന്നത് സൂക്ഷിക്കണമെന്നും നേരത്തെ തന്നെ തുറന്നുവിടണമെന്നും ഞാൻ പറഞ്ഞത്. അതാരും ശ്രദ്ധിച്ചില്ല. ജൂലൈ അവസാനം ആയപ്പോൾ പ്രതീക്ഷിച്ചതു പോലെ വെള്ളം പൊങ്ങി, പേടിയായി, കോലാഹലമായി. ഭാഗ്യത്തിന് ഇതുവരെ അണ തുറക്കേണ്ടി വന്നില്ല, പക്ഷെ ഇനിയും കാലവർഷം കനത്താൽ അണ തുറക്കേണ്ടി വരാം, അല്ലെങ്കിൽ നല്ല തുലാവർഷം വന്നാൽ ഒക്ടോബറിലോ നവംബറിലോ ഡാം തുറക്കേണ്ടി വരാം. അതുകൊണ്ട് ധൈര്യമായി ഇരിക്കാറായിട്ടില്ല.
ഈ അണക്കെട്ട് ഇടക്കൊക്കെ തുറക്കുക എന്ന് പറഞ്ഞാൽ അത്ര മോശം കാര്യമല്ല. വാസ്തവത്തിൽ പഴയ കാലത്തെപ്പോലെ അണകെട്ടി നദികളെ കൊല്ലുന്നതും ഇപ്പോൾ നല്ല പദ്ധതിയായിട്ടല്ല കാണുന്നത്. ഇടുക്കിയും ചെറുതോണിയും ഉണ്ടാക്കിയ കാലത്ത് അണക്കെട്ടിന് താഴെ നദി നൂറു ശതമാനവും മരിച്ചു. ഇക്കാലത്ത് ഓരോ നദിക്കും അതിന്റെ അടിസ്ഥാന പരിസ്ഥിതി ധർമ്മം നിറവേറ്റാനുള്ളത്രയും വെള്ളം (base environmental flow) നിലനിർത്തിയാണ് അണക്കെട്ടുകൾ പ്ലാൻ ചെയ്യുന്നത്. നദിയിലെ മൽസ്യങ്ങളുൾപ്പെടെയുള്ള ജീവജാലങ്ങൾക്ക് അണക്കെട്ട് മറികടക്കാനുള്ള ഫിഷ് ലാഡറും പുതിയ തലമുറ ഡാമിന്റെ ഡിസൈൻ പ്രത്യേകതകളാണ്. കേരളത്തിലും അണക്കെട്ടുകൾ നവീകരിക്കേണ്ടതും നമ്മുടെ മരിച്ച നദികളെ പുനരുജ്ജീവിപ്പിക്കേണ്ടതുമാണ്. അതിനുള്ള മിനിമം വെള്ളമെങ്കിലും നദിക്ക് വിട്ടുകൊടുക്കണം. അത് നടക്കുന്നത് വരെ എല്ലാ വർഷവും രണ്ടു ദിവസമെങ്കിലും അണക്കെട്ടിൽ നിന്നും ജലം തുറന്നുവിട്ട് ‘ഇവിടെയൊരു നദിയുണ്ടായിരുന്നു’ എന്നൊരോർമ്മയെങ്കിലും സമൂഹത്തിന് നൽകണം.
മുല്ലപ്പെരിയാറും ഇടുക്കിയും തമ്മിൽ മാത്രമല്ല, പെരിയാറിലേക്ക് ജലം വരുന്ന ഇടമലയാറിലെ അണക്കെട്ടിലെ ജലനിരപ്പും ഇടുക്കിയിലെ ജലനിരപ്പും ഒരുമിച്ച് വേണം നാം ചിന്തിക്കാൻ. ഇടുക്കി തുറക്കുന്ന അതേ സമയത്ത് ഇടമലയാറും തുറന്നാൽ മലയാറ്റൂരിന് താഴെ ജലപ്രളയമാകും. അത് പുഴയിൽ ഉയർന്ന വെള്ളമുള്ള സമയത്ത് ആകുകയും, വേലിയേറ്റത്തിന്റെ അളവ് കൂടിയിരിക്കുന്ന സമയത്ത് ആകുകയും കൂടി ചെയ്താൽ 99 ലെ വെള്ളപ്പൊക്കം കുട്ടിക്കളിയാകും. വിമാനത്താവളം തൊട്ട് ഉദ്യോഗമണ്ഡലിലെ ഫാക്ടറികളും പറവൂർ മുതൽ എറണാകുളം വരെയുള്ള അനേകം പ്രദേശങ്ങളും വെള്ളത്തിലാകും. ഇതൊന്നും പെരിയാറിലെ മാത്രം കാര്യമല്ല. കേരളത്തിലെ ഓരോ നദിയിലും ഇത്തരം ഇന്റഗ്രേറ്റഡ് പ്ലാനിംഗ് വേണം (ഡാം ബ്രേക്ക് അനാലിസിസ് പോലെയുള്ള ദുരന്ത ലഘൂകരണ സംവിധാനത്തെക്കുറിച്ച് മുൻപേ പറഞ്ഞിട്ടുള്ളത് കൊണ്ട് വീണ്ടും പറയുന്നില്ല).
ഈ കാലാവർഷക്കാലം നമ്മൾ തൊട്ടു- തൊട്ടില്ല എന്ന മട്ടിൽ രക്ഷപ്പെട്ടാലും ഇനി നമ്മൾ റിലാക്സ് ചെയ്യരുത്. കാലാവസ്ഥാവ്യതിയാനം മഴയുടെ തീവ്രത മാറ്റുകയാണ്, സമുദ്രനിരപ്പ് ഉയർത്തുകയും. വെള്ളപ്പൊക്കം ഇനിയൊരു പതിവ് പരിപാടിയായിരിക്കും. കാലാവസ്ഥാവ്യതിയാനത്തിന്റെ കാലത്ത് അണക്കെട്ടുകൾ എങ്ങനെയാണ് മാനേജ് ചെയ്യേണ്ടതെന്ന് ഇപ്പോഴേ ചിന്തിക്കണം.
വലിയ പുതിയ അണക്കെട്ടുകൾ ഉണ്ടാക്കുക എന്നത് ഇപ്പോൾ ലോകത്ത് ഫാഷൻ അല്ല. പല അണക്കെട്ടുകളും പൊളിച്ചു കളഞ്ഞു നദിയെ പുനരുജ്ജീവിപ്പിക്കുന്ന സ്ഥലങ്ങൾ വരെയുണ്ട്. ഇതൊക്കെ നമ്മൾ ശ്രദ്ധിക്കണം. നമ്മുടെ അണക്കെട്ടുകളെപ്പറ്റി പുനർ വിചിന്തനം ചെയ്യേണ്ട കാലമായി.
- കാലാവസ്ഥ വ്യതിയാനം മഴയുടെ രീതികൾ മാറ്റുകയാണ്. കൂടുതൽ മഴ ഉണ്ടാകുമോ എന്ന് പറയാൻ പറ്റില്ലെങ്കിലും കൂടുതൽ ശക്തമായ മഴ ഉണ്ടാകും. അണക്കപ്പുറവും ഇപ്പുറവും വെളളം പൊങ്ങും, അവ ഒത്തു ചേർന്നാൽ നദിയുടെ സ്വാഭാവിക തീരങ്ങൾക്കും അപ്പുറം വെള്ളം എത്തും. ആൾ നാശവും അർത്ഥനാശവും ഉറപ്പ്.
- സൗരോർജ്ജത്തിന്റെ ചെലവ് ഓരോ വർഷവും കുറഞ്ഞുവരികയാണ്. 2030 ആകുമ്പോഴേക്കും സൗരോർജ്ജ വൈദ്യുതി എന്നത് മിക്കവാറും ചിലവില്ലാത്ത സംഗതിയാകും. വൈദ്യുതിക്കുവേണ്ടി പുതിയ അണകൾ വേണ്ടിവരില്ലെന്ന് മാത്രമല്ല, അണക്കെട്ടിലെ വൈദ്യുതി പീക്ക് ഡിമാൻഡ് മാനേജ് ചെയ്യാൻ മാത്രമാകും. ചെറിയ പമ്പ് ആൻഡ് സ്റ്റോർ അണക്കെട്ടുകൾ മതിയാകും.
- കേരളത്തിൽ കൃഷിക്ക് വേണ്ടിയുള്ള ജലസേചനം ഇപ്പോൾ തന്നെ കാര്യക്ഷമമല്ല. കൃഷിക്കു വേണ്ടിയല്ല, ഇറിഗേഷൻ ഡിപ്പാർട്ട്മെന്റിനു വേണ്ടിയാണ് ഇപ്പോൾ പല ഇറിഗേഷൻ പദ്ധതികളും നടപ്പിലാക്കുന്നതും നിലനിൽക്കുന്നതും. ജലസേചനം വേണമെങ്കിൽ വലിയ അണയല്ലാതെ മാർഗ്ഗങ്ങൾ പലതുണ്ട്.
- സൂക്ഷിച്ചു സംരക്ഷിച്ചാൽ കേരളത്തിന്റെ ഭൂപ്രകൃതിയാകും നാളത്തെ കേരളത്തിലെ ഏറ്റവും വലിയ സമ്പത്ത്. ടൂറിസം ഏറ്റവും വലിയ വ്യവസായവും. നമ്മുടെ നദികൾ സ്വാഭാവികമായി ഒഴുകുന്നതും അതിന്റെ കരയും ജലവും പ്രകൃതിയോടിണങ്ങി നിൽക്കുന്നതും ആകും നമ്മുടെ പ്രകൃതിക്ക് നല്ലത്. നിലവിൽ നമ്മൾ നിർമ്മിച്ചിരിക്കുന്നതും, നിർമ്മിച്ച് കൊണ്ടിരിക്കുന്നതും പ്രകൃതിയെ എഞ്ചിനീയറിങ്ങ് ശക്തികൊണ്ട് വെല്ലുവിളിച്ചുള്ള ഭൂപ്രകൃതിയാണ്. മുകളിൽ കെട്ടിയിരിക്കുന്ന അണയുടെ ബലത്തിലാണ് താഴെ നദിക്കരയിൽ വീടും റിസോർട്ടും ഫാക്ടറിയും മാളും ഉണ്ടാക്കി നമ്മൾ സമ്പത്തുണ്ടാക്കുന്നത്. അതുകൊണ്ട് തന്നെയാണ് അണക്കെട്ട് തുറക്കുന്നു, നദി അതിൻറെ സ്വാഭാവിക അതിരുകൾ തേടി വരുന്നു എന്നൊക്കെ കേൾക്കുമ്പോൾ നമുക്ക് ഉറക്കം കെടുന്നത്. പ്രകൃതിയെ മെരുക്കിയും കൊന്നുമൊക്കെ നാം നമ്മുടെ അടുത്ത തലമുറക്ക് സമ്പത്തുണ്ടാക്കി കൊടുത്താൽ, വെള്ളപ്പൊക്കമായും, ഉരുൾ പൊട്ടലായും, കടൽ ക്ഷോഭമായും, കാട്ടുതീയായും, വരൾച്ചയായും പ്രകൃതി തിരിച്ചടിക്കുമ്പോൾ അതിനെ പ്രതിരോധിക്കാൻ നമ്മുടെ മക്കൾക്കും കൊച്ചുമക്കൾക്കും കഴിഞ്ഞെന്നുവരില്ല. അതുകൊണ്ട് അണകെട്ടി പുഴയെ കൊല്ലുന്നതും, ഞെരിച്ചു നിർത്തുന്നതും ഒന്നുമല്ല നാളത്തെ തലമുറ ആവശ്യപ്പെടുന്നത്, പ്രകൃതിയോടൊത്തു ജീവിക്കാൻ പറ്റിയ ഒരു ഭൂപ്രദേശമാണ്. അതവർക്ക് എങ്ങനെ കൊടുക്കാം എന്നാണ് നാം ചിന്തിക്കേണ്ടത്.
നമ്മുടെ നദികളിൽ വലിയ അണകൾ ഒന്നുമില്ലാത്ത കേരളം തന്നെയാണ് ഞാൻ സ്വപ്നം കാണുന്നത്. അതിന് കുറച്ചു സമയം എടുക്കും, പക്ഷെ നമ്മുടെ നദികളെ എങ്കിലും എല്ലാക്കാലവും ഒഴുകാൻ നാം അനുവദിക്കണം.
അണക്കെട്ട് പുരാണം ഇവിടെ സമാപിക്കുന്നു.
മുരളി തുമ്മാരുകുടി